Friday, December 01, 2017

യമധര്‍മ്മന്‍ നല്‍കാമെന്ന് പറഞ്ഞ മൂന്ന് വരങ്ങളെ നചികേതസ്സ് ചോദിക്കുന്നു. ആദ്യ വരത്തെ 10, 11 മന്ത്രങ്ങളിലും രണ്ടാംവരത്തെ 12 മുതല്‍ 19 ഉള്‍പ്പെടെയുള്ള മന്ത്രങ്ങളിലും വിവരിക്കുന്നു.
ശാന്തസങ്കല്‍പഃ സുമനാ യഥാസ്യാത്
വീതമന്യുര്‍ഗൗതമോമാഭി മുത്യോ
ത്വത്പ്രസൃഷ്ടം മാഭി വദേത് പ്രതീത
ഏതത് ത്രയാണാം പ്രഥമം വരം വൃണേ
തന്റെ അച്ഛന്‍ വേവലാതികളൊന്നുമില്ലാതെ ശാന്തനായിരിക്കണമെന്ന വരമാണ് നചികേതസ്സ് ആദ്യം ആവശ്യപ്പെടുന്നത്. യമലോകത്തില്‍ പോയ താന്‍ അവിടെ എന്തുചെയ്യുകയാവും തുടങ്ങിയ ചിന്തകളാല്‍ അച്ഛന്‍ ആകുലപ്പെടാതിരിക്കണം. അദ്ദേഹത്തിന്റെ മനസ്സ് പ്രസന്നമാകണം. തന്നോടുള്ള കോപം നീങ്ങണം അതിനൊക്കെ അനുഗ്രഹിക്കണം. യമലോകത്തില്‍ നിന്നും തിരിച്ച് ചെല്ലുന്ന തന്നെ അച്ഛന്‍ തിരിച്ചറിയണമെന്നും തന്റെ പുത്രനെന്ന ഓര്‍മ്മയോടുകൂടി സംസാരിക്കുകയും ചെയ്യണം. ഇതാണ് എനിക്ക് ആദ്യത്തെ വരമായി വേണ്ടതെന്ന് നചികേതസ്സ് ആവശ്യപ്പെട്ടു.
ഉത്തമപുത്രനെന്ന നിലയില്‍ അച്ഛന് ശാന്തിയും സമാധാനവും സന്തോഷവും ഉണ്ടാകേണ്ടത് തന്റെ കടമയെന്ന് കരുതിയാണ് ആദ്യവരം ചോദിക്കുന്നത്. മക്കള്‍ ദൂരെ എവിടെയെങ്കിലും പോയാല്‍ മാതാപിതാക്കള്‍ അവരുടെ ക്ഷേമത്തെ ആലോചിച്ച് വേവലാതിപ്പെടുക പതിവാണല്ലോ. നചികേതസ്സ് പോയത് യമലോകത്താണ്-അച്ഛന്റെ വേവലാതി കൂടും. പോരാത്തതിന് താന്‍ കോപംമൂലം അബദ്ധത്തില്‍ പറഞ്ഞ വാക്കിനെ തുടര്‍ന്നും കൂടിയാണ്. ശ്രദ്ധാലുവായ പുത്രനെയാണ് നചികേതസ്സില്‍ നമുക്ക് ഇവിടെ കാണാന്‍ കഴിയുക. തനിക്ക യമലോകത്തില്‍ നിന്നും തീര്‍ച്ചയായും തിരിച്ചുപോകേണ്ടതുണ്ടെന്നും നചികേതസ്സിന്റെ വാക്കുകളിലുണ്ട്. മരണത്തിന്റെ പിടിയില്‍ പെടേണ്ട ആളല്ല താനെന്ന സൂചനകൂടിയുണ്ട് ആദ്യ വരത്തില്‍.
സാധാരണ മൃത്യുവിന്റെ അടുത്തെത്തിയ ആള്‍ തിരിച്ചു ചെല്ലാറില്ല. ആരെങ്കിലും ഇനി തിരിച്ചുചെന്നാലും ബന്ധുക്കള്‍ക്ക് അയാളെ അറിയാനും കഴിയില്ല. മുമ്പത്തെപ്പോലെ സ്‌നേഹത്തോടെയോ ആദരവോടെയോ പെരുമാറുകയുമില്ല. ചിലപ്പോള്‍ പ്രേതത്തോടുള്ള ഭയമാകും. ചിലപ്പോള്‍ വരേണ്ടിയിരുന്നില്ല എന്ന തോന്നല്‍ പോലും ഉണ്ടാകും. അതിനാലാണ് തന്നെ അച്ഛന്‍ തിരിച്ചറിഞ്ഞ് സ്‌നേഹവാത്സല്യങ്ങളോടെ പെരുമാറാന്‍ അനുഗ്രഹിക്കണമെന്ന് യമനോട് പ്രാര്‍ത്ഥിക്കുന്നത്.
നചികേതസ്സ് ചോദിച്ച ആദ്യ വരം യമന്‍ സന്തോഷത്തോടെ കൊടുത്തു. അച്ഛന്‍ നചികേതസ്സിനെ തിരിച്ചറിയുകയും സന്തോഷിക്കുകയും ചെയ്യും. മരണ വക്ത്രത്തില്‍നിന്ന് തന്റെ മകന്‍ രക്ഷപ്പെട്ടത് അദ്ദേഹത്തിന് ആശ്വാസമാകും. മനസ്സിലെ വിഷമങ്ങല്ലാം തീര്‍ന്ന് രാത്രി സുഖമായി ഉറങ്ങും. കോപമെല്ലാം തീരും. കാലന്റെ കൈയില്‍നിന്നും രക്ഷപ്പെട്ടുവരുന്ന നചികേതസ്സിനെ സ്വീകരിക്കാന്‍ അച്ഛനായ ഔദ്ദാലകന് ഒരു മടിയും ഉണ്ടാകില്ല. ഈ മന്ത്രത്തില്‍ വാജശ്രവസ്സിന് ഉദ്ദാലകന്റെ വളര്‍ത്തുമകന്‍ എന്ന അര്‍ത്ഥത്തില്‍ ഔദ്ദാലകി എന്നും അരുണന്റെ മകന്‍ ആയതിനാല്‍ ആരുണി എന്നും വിശേഷിപ്പിച്ചിരിക്കുന്നു. കഴിഞ്ഞ മന്ത്രത്തില്‍ വരം ചോദിക്കുന്ന സ്ഥലത്ത് നചികേതസ്സ് ‘ഗൗതമന്‍’ എന്നാണ് പറഞ്ഞിരിക്കുന്നത്. വാജസ്രവസ്സ്, ഔദ്ദാലകി, ആരുണി, ഗൗതമന്‍ എന്ന പേരുകളില്‍ പറഞ്ഞിരിക്കുന്നത് നചികേതസ്സിന്റെ അച്ഛനെയാണ്. കാലന് കൊടുത്ത പുത്രന്‍ തിരിച്ചുവന്നതിനാല്‍ തന്റെ വാക്ക് തെറ്റിച്ചല്ലോ എന്ന് കരുതിയുള്ള കോപമോ തന്റെ മകനോട് മുന്‍പ് കോപിച്ച് യമന് കൊടുക്കുമെന്ന് പറഞ്ഞ ദേഷ്യമോ അച്ഛന് ഉണ്ടാകില്ലെന്ന് യമന്‍ ആഗ്രഹിക്കുന്നു.
ആദ്യ വരം സ്വീകരിച്ച നചികേതസ്സ് രണ്ടാം വരം ചോദിക്കുന്നു. സ്വര്‍ഗ്ഗലോകത്തിന്റെ മഹത്വത്തെ സ്തുതിച്ചശേഷം അവിടെയത്താനുള്ള അഗ്നിജ്ഞാനത്തെ വരമായി ചോദിക്കുന്നു.
സ്വര്‍ഗ്ഗേ ലോകേ നഭയം കിഞ്ചനാസ്തി
നത്രെ ത്വം ന ജരയാ ബിഭേതി
ഉഭേ തീര്‍ത്വാശനയാപിപാസേ
ശോകാതിഗോ മോദതേ സ്വര്‍ഗ്ഗലോകേ
സ്വര്‍ഗ്ഗലോകത്തില്‍ രോഗം മുതലായവയില്‍നിന്നുള്ള ഭയമില്ല. അമൃതപാനം ചെയ്തവരായതുകൊണ്ട് ദേവന്മാര്‍ക്ക് മരണമില്ല. അതിനാല്‍ യമന് അവിടെ ഒന്നും ചെയ്യാനാകില്ല. ജരാനരകളോ വാര്‍ദ്ധക്യമോ ഇല്ല. അവര്‍ക്ക് വിശപ്പും ദാഹവും ഇല്ല. യാതൊരു തരത്തിലുള്ള ദുഃഖങ്ങളുമില്ലാതെ സ്വര്‍ഗ്ഗത്തില്‍ എല്ലാവരും സുഖമായി വസിക്കുന്നു.
സനാതന സംസ്‌കാരത്തില്‍ ‘സ്വര്‍ഗ്ഗം’ എന്നത് ആത്യന്തികമായ സ്ഥാനമല്ല. എങ്കിലും മനുഷ്യലോകത്തേക്കാള്‍ ശ്രേഷ്ഠമാണ്. ഇവിടെ നേടിയ പുണ്യമൊക്കെ അനുഭവിക്കാനുള്ള സുകൃത സ്ഥലമാണ് സ്വര്‍ഗ്ഗം. യജ്ഞയാഗാദികളിലൂടെ ഈ സ്വര്‍ലോക പ്രാപ്തിയെയാണ് വൈദിക സമ്പ്രദായ പ്രകാരം ലക്ഷ്യമിടുന്നത്. യാഗശേഷം ഉണ്ടായ സംഭവവികാസങ്ങളാണല്ലോ നചികേതസ്സിനെ മൃത്യുലോകത്ത് എത്തിച്ചത്.
ഇനിയാണ് വരം ചോദിക്കല്‍-
സ ത്വമഗ്നിം സ്വര്‍ഗ്ഗ്യമധ്യേഷി മൃത്യോ
പ്രബ്രൂഹി തം ശ്രദ്ധധാനായ മഹ്യം
സ്വര്‍ഗ്ഗലോകാ അമൃതത്വം ഭജന്ത
ഏതദ്വിതീയേന വൃണേ വരണേ
സ്വര്‍ഗ്ഗലോകത്തിലെത്താന്‍ സഹായിക്കുന്ന അഗ്നിജ്ഞാനത്തെ തനിക്ക് ഉപദേശിച്ചുതരണമെന്നാണ് നചികേതസ്സ് രണ്ടാംവരത്തിലൂടെ ആവശ്യപ്പെടുന്നത്. അഗ്നിചയനത്തിലൂടെ മരണമില്ലാത്ത അവസ്ഥയെ പ്രാപിക്കാം, സ്വര്‍ലോകത്തെത്താം. ആ അഗ്നി അറിവിനെ നല്‍കണമേ മൃത്യുദേവാ അങ്ങേയ്ക്ക് ഇതിനെക്കുറിച്ച് നല്ല അറിവുള്ള ആളാണല്ലോ. ഇവിടെ അമൃതത്വം അഥവാ മരണമില്ലായ്മ എന്നത് മോക്ഷം എന്ന അര്‍ത്ഥത്തിലല്ല. ഭൂമിയിലെ വാസത്തേക്കാള്‍ നീണ്ടുനില്‍ക്കുന്നതിനാലാണ്. ദേവലോകത്തുള്ളവര്‍ക്ക് ജരാനരകളും മരണവും ഇല്ല. സുഖഭോഗങ്ങളുണ്ട് അനുഭവസ്ഥലമായ സ്വര്‍ഗ്ഗം ഇതിനാല്‍ ഏവര്‍ക്കും താല്‍പര്യമാണ്.


ജന്മഭൂമി: http://www.janmabhumidaily.com/news746249#ixzz503VK0ldp

No comments: