Saturday, February 17, 2018

ഓം ശ്രീഭുവനേശ്വര്യൈ നമ:

ഇത് ശാര്‍ങ്ങക്കാവ് ശ്രീ ഭുവനേശ്വരി ക്ഷേത്രം. പരശുരാമന്‍ സ്ഥാപിച്ച അറുപത്തിനാല് ഗ്രാമങ്ങളില്‍ ഒന്നാണെന്ന് വിശ്വസിക്കപ്പെടുന്ന മധ്യതിരുവിതാംകൂറിലെ വെണ്മണി ഗ്രാമത്തില്‍ ശാര്‍ങ്ങമലയുടെ താഴ്വാരത്തില്‍ അച്ഛന്‍കൊവിലാറിന്റെ വടക്കേ തീരത്ത് എട്ടു ഏക്കറിലധികം വരുന്ന കാവിനുള്ളില്‍ ഇഷ്ട്ടവരദായിനിയായ ശാര്‍ങ്ങക്കാവിലമ്മ വാണരുളുന്നു..!

ക്ഷേത്രമൊ ശ്രീകോവിലോ ഇല്ല എന്നതാണ് ഈ കാവിന്റെ പ്രത്യേകത. ദേവിയുടെ തിരുമക്കളായ നൂറുകണക്കിന് വാനരന്മാരുടെ വിഹാരരംഗമാണ് വൃക്ഷസമൃദ്ധമായ കാവ്.

നെല്‍വയലുകളും തെങ്ങിന്‍തോപ്പുകളും നിറഞ്ഞ ഈ ഗ്രാമത്തിന്റെ സമൃദ്ധി അച്ഛന്‍കോവിലാറിന്റെ വരദാനമാണ്. ശാര്‍ങ്ങക്കാവിലമ്മയുടെ പാദങ്ങളില്‍ നമസ്ക്കരിക്കാനെന്നപോലെ, പടിഞ്ഞാറോട്ടൊഴുകുന്ന അച്ഛന്‍കൊവിലാര്‍ ഇവിടെ വില്ലിന്റെ ആകൃതിയില്‍ ഒരു കിലോമീറ്റര്‍ ദൂരം വടക്കോട്ടൊഴുകി വീണ്ടും തെക്കോട്ടൊഴുകുന്നതുകൊണ്ടാവാം ശാര്‍ങ്ങക്കാവ് എന്ന് പേരുണ്ടായതെന്ന് കരുത്തുന്നു. മഹാവിഷ്ണുവിന്റെ വില്ലിന്റെ പേരാണല്ലോ ശാര്‍ങ്ങം..!

മദ്ധ്യതിരുവിതാംകൂറിലെ ഏറ്റവും വലിയ വിഷു ഉത്സവം നടക്കുന്നത് ഈ കാവിലാണ്. വൃചികമാസത്തില്‍ പന്ത്രണ്ടുദിവസത്തെ ചിറപ്പ് ഇവിടെ ഉത്സവമാണെങ്കിലും വസന്ത കാല ഉത്സവമായ മേടത്തിലെ വിഷു ഉത്സവമാണ് പ്രധാനം.

സാധാരണ ക്ഷേത്രങ്ങളിലെ പോലെ മൂര്‍ത്തിക്ക് വിഷുക്കണിയോരുക്കല്‍ ഇവിടെയില്ല .തലേദിവസം രാത്രിയില്‍ പണിതീര്‍ത്തു ആറിന്റെ മറുകരയില്‍ ഒരുക്കിവെയ്ക്കുന്ന കെട്ടുകാഴ്ചയായ 'കണിക്കുതിര' യാണ് ഇവിടെ ദേവിയ്ക്ക് വിഷുക്കണി.

ക്ഷേത്രത്തിനു ചുറ്റുമുള്ള അഞ്ചു നായര്‍ കരയോഗങ്ങളും ഹിന്ദു സംഘടനകളും യുവജനസംഘടനകളും ഒരുക്കുന്ന കെട്ടുകാഴ്ചകള്‍ കാണാന്‍ നാനാദേശത്തുനിന്നും പതിനായിരങ്ങള്‍ അന്നേദിവസം അങ്ങോട്ടൊഴുകിഎത്തുന്നു. അച്ചൻകോവിലാറിന്റെ മറുകരയിൽ നിന്നുള്ള കെട്ടു കാഴ്ചകൾ ചങ്ങാടവള്ളങ്ങളിൽ കയറ്റി കൊണ്ടുവരുന്ന കാഴ്ച നയനാനന്ദകരമാണ് .

തേര്, കുതിര, കെട്ടുകാളകൾ, എടുപ്പ് കുതിര തുടങ്ങി നിരവധി കെട്ടുകാഴ്ചകൾ ഇവിടെയുണ്ടെങ്കിലും ഏറ്റവും പ്രത്യേകതയുള്ളത് ശാര്‍ങ്ങക്കാവിലെ വേലത്തേരാണ്. മുഖാമുഖമായി നിർത്തുന്ന വീതിയുള്ള വേലത്തേരുകളുടെ തട്ടിൽ നിന്നും, യുദ്ധം ചെയ്യുന്നതിന് സമാനമായ വേലകളി ശാര്‍ങ്ങക്കാവിലെ മാത്രം പ്രത്യേകതയാണ്..

ഒരു കാര്‍ഷിക സംസ്കൃതിയുടെ ഓര്‍മ്മയുണര്‍ത്തുന്നതാണ് ഈ ഉത്സവം .ദ്രാവിഡസംസ്കാരത്തിന് ബുദ്ധ സംസ്കാരവുമായുള്ള സഹവര്‍ത്തിത്വത്തിലൂടെയോ സ്വാധീനത്തിലൂടെയോ ലഭിച്ചതാവണം മദ്ധ്യതിരുവിതാംകൂറിലെ ക്ഷേത്രങ്ങളിലെ കെട്ടുകാഴ്ചകള്‍.

മീനക്കൊയ്തു കഴിഞ്ഞു സമൃദ്ധമായ കേരളീയ ഗ്രാമങ്ങള്‍ പത്താമുദയത്തിനു വിളവിറക്കുന്നതിനു മുന്‍പുള്ള ഇടവേളയില്‍ ആഘോഷിക്കുന്ന കാര്‍ഷികൊത്സവം എന്ന സങ്കല്പ്പമാകും വിഷുവിനു കൂടുതല്‍ ചേരുന്നതെന്ന് തോന്നുന്നു. വിഷുവിനെ വരവേല്‍ക്കാന്‍ ഇവിടെ പ്രകൃതിപോലും അണിഞ്ഞൊരുങ്ങുന്നുണ്ടല്ലോ..!

വിശാലമായ മൈതാനത്തു വിഷുവിനു ദിവസങ്ങള്‍ക്കു മുന്‍പേ തുടങ്ങുന്ന കാര്‍ഷികവിളകളുടെയും ഗൃഹോപകരണങ്ങലുടെയും മറ്റും വില്പന വിഷു കഴിഞ്ഞാലും ദിവസങ്ങളോളം നീണ്ടുനിക്കുന്നു .
കുളനട -കൊല്ലകടവ് പാതയില്‍ കുളനട നിന്ന് അഞ്ചു കിലോമീറ്ററും ചെങ്ങന്നൂര്‍നിന്ന് പത്രണ്ട് കിലോമീറ്ററും അകലെയാണ് ശാര്‍ങ്ങക്കാവ്.

ഓം ശ്രീഭുവനേശ്വര്യൈ നമ:

No comments: