Saturday, February 17, 2018

" വിശ്വസാക്ഷീ "

അദ്വൈതത്തില്‍ വിശ്വസാക്ഷീ, വിശ്വ ആധാരം എന്നൊക്കെ പറഞ്ഞാല്‍ അങ്ങിനെ വിശ്വത്തെ സാക്ഷീകരിച്ച് കൊണ്ട് ഒരു സാക്ഷ്യമായിരിക്കുന്ന, ആധാരമായിരിക്കുന്ന ഒന്ന് എന്നല്ല. അവിടെ സാക്ഷീകരിക്കാന്‍ മറ്റൊന്നില്ല. താനുള്‍പ്പെടുന്ന പ്രപഞ്ചത്തിന്റെ [പ്രപഞ്ചം ഓരോര്‍ത്തരുടെയും വ്യക്തി പ്രപഞ്ചം തന്നെ] ഒരു വികാര പരിണാമങ്ങള്‍ തുടങ്ങിയവ, സാക്ഷിയെ എങ്ങിനെ സാക്ഷ്യപ്പെടുന്നത് ബാധിക്കുന്നില്ലയോ അത് പോലെ, പരമാത്മാവിനെ ബാധിക്കുന്നില്ല എന്ന് മാത്രം.

സ്വതവേ ജീവന്‍ [ ഞാന്‍ ] പലപ്പോഴും പുറത്തുള്ള കാര്യങ്ങളെ സാക്ഷീകരിച്ച് നില്‍ക്കുന്നു. അവിടെ പിന്നെയും മനസ്സ് കൊണ്ട് വേര്‍തിരിവ് ഉണ്ടാക്കാന്‍ ശ്രമിച്ചു തന്റെ വികാര വിചാരങ്ങളെയും, പുറത്തും ഉള്ളതിനെയും സാക്ഷിയായി ഇരിക്കുക എന്നത് മനസ്സിന്റെ തന്നെ ഒരു " താല്‍ക്കാലിക പ്രകൃയ " മാത്രം. അത് നിത്യമല്ല, സത്യവുമല്ല. മനസ്സിനെ മനസ്സ് കൊണ്ട് തന്നെ അങ്ങിനെ ചില സമയങ്ങളില്‍ പരിശീലിപ്പിക്കുന്നു എന്നാ സാധന വിട്ടു അതിനു വലിയ പ്രാധാന്യം ഇല്ല. മനസ്സു തന്നെ സ്വയം മറ്റു പല സ്ഥലത്തും പല തരത്തില്‍ സമാധാനം കണ്ടെത്താന്‍ ശ്രമിക്കുന്നതിനു തുല്യം മാത്രമാണ് ഈ മനസ്സിന്റെ സാക്ഷീഭാവവും മറ്റും. അത് നിരന്തരവും സാധ്യം അല്ല. ഈ പ്രക്രിയക്കെല്ലാം അതിന്റെതായ ഗുണം ഉണ്ട്, പക്ഷെ ഈ പ്രചാരത്തിലുള്ള സാക്ഷീഭാവത്തെ അല്ല ഗുരുക്കന്മാര്‍ പരമമായ സാക്ഷീഭവം എന്നത് കൊണ്ട് ഉപദേശിച്ചത്.

" പരമാര്‍ത്ഥ സത്യം ബോധിച്ചവന്‍റെ സത്യത്തെ, ആത്മാവിനെ ഒന്നും ബാധിക്കുന്നില്ല എന്നാ ബോധസ്ഥിതിയെ ആണ് വിശ്വസാക്ഷീഭാവം എന്നത് കൊണ്ട് കാണിക്കുന്നത്. അതായത് ബാധിക്കാനോ, സാക്ഷീകരിക്കാനോ മാത്രമായി മറ്റൊന്നും ഇല്ല എന്ന്. ഇതാണ് പരമാര്‍ത്ഥ സത്യം ".

മാനസീക പ്രക്രിയകളെല്ലാം ഉപാസന എന്നാ രീതിയില്‍ ആവശ്യവുമാണ്, അതിന്റെ ഗുണവും ഉണ്ട് . തത്വത്തെ മനസ്സ് കൊണ്ട് ഉണ്ടാക്കുന്ന ഇത്തരം താല്‍ക്കാലിക പ്രക്രിയ ആയി മനസ്സിലാക്കാതെ, ഈ സാക്ഷീ തത്വത്തെ ഗുരുക്കന്മാര്‍ മുന്‍ പറഞ്ഞ പരമാര്‍ത്ഥ സത്യമായി നാം ബോധിക്കണം. മാനസീക പ്രക്രിയകളെല്ലാം ഉപാസന എന്നാ രീതിയില്‍ ആവശ്യവുമാണ്, അതിന്റെ ഗുണവും ഉണ്ട്.

ആത്മാവ്, സ്വസ്വരൂപം 'സ്വതവേ' ഒന്നും ഭിന്നമായി ഇല്ലാത്തതിനാല്‍ ഒന്നിനാലും ബാധിക്കപ്പെടാത്ത വിശ്വസാക്ഷീ ഭാവത്തിലാണ്, അതിനെ ഇനിയും ഒരു സാക്ഷീ ഭാവത്തിലേക്ക് കൊണ്ട് വരേണ്ട ആവശ്യം ഇല്ല. അതിനുള്ള പരിശ്രമങ്ങളെല്ലാം അജ്നാനകാര്യവുമാണ്. നമ്മുടെ പരമാര്‍ത്ഥ സ്വരൂപത്തിന്റെ ഈ സാക്ഷീഭാവത്തെ, സര്‍വ്വാധാരതയെ, സര്‍വ്വ വ്യാപകത്വത്തെ "സ്വയം ബോധിക്കുക" എന്ന് മാത്രമാണ് അദ്വൈതത്തില്‍ പറയുന്ന ജീവന്മുക്തി

No comments: