Saturday, February 17, 2018

" സര്‍വ്വാത്മഭാവം, അദ്വൈതം " 

ആദ്യം ആത്മാവ് എന്നാ വാക്ക് കൊണ്ട് എന്തിനെയാണ് സൂചിപ്പിക്കുന്നത് ?, സ്വന്തം പരമാര്‍ത്ഥ സ്വരൂപം തന്നെ. അസ്ഥിത്വം [ഉണ്മ], ബോധം എന്നിങ്ങനെ എല്ലാം ഇതിനെ പറയുന്നു. ഈ വാക്കു കൊണ്ട് തന്നില്‍ നിന്നും ഭിന്നമായ ഒരു വിഷയം എന്നാ രീതിയില്‍ നമ്മള്‍ ചിന്തിച്ചു പോകരുത്. 

അദ്വൈതം, അതിന്റെ ബോധം വളരെ സരളമാണ്. ഈ ഉള്ളിലും പുറത്തുമായി ഉള്ള അനുഭവപ്രപഞ്ചം [എല്ലാം ആത്യന്തികമായി അവനവനില്‍ തന്നെ] പരമാത്മ സ്വരൂപമല്ലാതെ മറ്റൊന്നുമല്ല. സര്‍വ്വം ഖലു ഇദം ബ്രഹ്മ, നാരായണമിദം സര്‍വ്വം എന്നൊക്കെ കൊണ്ട് പരയുനതു ഇത്രമാത്രം. ഇത് തന്നെ ആണ് സത്യം, ഇതിലപ്പുറം ഒരു അദ്വൈതവും ആര്‍ക്കും പറയാനില്ല.

ഒരുദാഹരണത്തിലൂടെ ഇതിനെ മനസ്സിലാക്കാം. സ്വപ്നത്തില്‍ ഉണ്ടാകുന്ന സ്വപ്നം കാണുന്ന വ്യക്തിയും, സ്വപ്ന പ്രപഞ്ചവും മറ്റു അവിടുത്തെ അനുഭവങ്ങളും എല്ലാം " ഒരേ ഒരു മനസ്സ് " തന്നെ ആണ്. മനസ്സ് അല്ലാതെ അതൊന്നും മറ്റൊന്നല്ലാത്തത് പോലെ ഇവിടെ 'ഞാനും ഈ പ്രപഞ്ചാനുഭവവും" എല്ലാം സത്യവസ്തുവായ പരമാത്മാവ്‌ തന്നെ.

ഇത്രയേ ഉള്ളൂ, പക്ഷെ ഇത് ബോധിക്കാതെ ഈ പ്രപഞ്ചത്തെ സത്യഭിന്നമായി സത്യം എന്ന് കാണുന്നത് മിഥ്യ. അവിടെ ഇത് ഇങ്ങനെ സത്യമായി 'ബോധിക്കുന്നത് ' തന്നെ ആണ് ആത്മീയതയുടെ പരിസമാപ്തി, മുക്തി.

വളരെ സരളം, പക്ഷെ ഇത്രയേ ഉള്ളോ എന്ന് സംശയം !!.

ഇപ്പറഞ്ഞ സത്യത്തില്‍, അതിന്റെ ബോധത്തിനു തടസ്സമായിരിക്കുന്നത് അജ്ഞാനം സംശയം വിപര്യയം എന്നീ മൂന്നു ദോഷങ്ങള്‍ ആണ്. സംശയങ്ങളും, പല പല വ്യക്തികളുടെ ആത്മീയ ജീവിതം കണ്ട് കൊണ്ടുള്ള, അല്ലെങ്കില്‍ തെറ്റായി അറിഞ്ഞിട്ടുള്ള കാര്യങ്ങള്‍ കൊണ്ടും മറ്റുമുള്ള സങ്കല്‍പ്പങ്ങളും അതെ തുടര്‍ന്നുള്ള പ്രതീക്ഷകളും ആണ് മാറേണ്ടതായിട്ടുള്ളത്. സത്യം നിത്യമായി നമുക്ക് ഏവര്‍ക്കും അനുഭവമായി ഇരിക്കുന്നു.

ഈ സംശയങ്ങള്‍ ധ്യാനം ഉപാസന തുടങ്ങി മറ്റു കര്‍മ്മങ്ങള്‍ കൊണ്ടോ ഇല്ലാതാവില്ല. അവയെല്ലാം മനസ്സിന്റെ ഇത് ബോധിക്കാനുള്ള ദോഷം കുറക്കാന്‍ ആകാം. പക്ഷെ അറിവില്ലായ്മ എന്നത് അറിവിനാല്‍ മാത്രമേ ഇല്ലാതാകൂ. അറിവ്, ബോധം ഒരു കര്‍മ്മത്തിന്റെയും കാരണമല്ല എന്ന് ആര്‍ക്കും അറിയാവുന്നതാണ്.

ഈ ബോധം ഒരുവന് സ്വയം ബാഹ്യമല്ലാതെ ഉള്ളിലോ, അല്ലെങ്കില്‍ പുറത്ത് നിന്നോ [രണ്ടും ശബ്ടാത്മകമാണ്] സ്വയം ഉള്ളില്‍ തെളിയുന്ന വ്യക്തത ആണ്. എങ്ങിനെ തെളിയുന്നു എന്നത് അവരവരുടെ യോഗ്യതയ്ക്ക് അനുസരിച്ചു.

ഈ സംശയ ദോഷങ്ങള്‍ മാറുന്നതിനാണ് ഗുരു വാക്യങ്ങള്‍, അതായത് ശാസ്ത്ര ശ്രവണം. ഗുരു, ശാസ്ത്രത്തിലൂടെ ഒരു വ്യക്തിയുടെ ഈ ദോഷങ്ങള്‍ അറിഞ്ഞു ശാസ്ത്രീയമായി പല പ്രകരണങ്ങളിലൂടെ അവനെ ഗ്രഹിപ്പിച്ചു അവനിലെ സംശയ ദോഷങ്ങള്‍ അകറ്റി ഈ സര്‍വ്വത്മബോധത്തെ ഉണര്‍ത്തുന്നു. ശിഷ്യന്‍ ഈ തത്വത്തെ അജ്ഞാന സംശയ വിപര്യയങ്ങള്‍ അകന്നു പരമാത്മ സ്വരൂപമല്ലാതെ മറ്റൊന്നുമല്ല എന്ന് ബോധിക്കുന്നു, കൃതകൃത്യനാകുന്നു.

അദ്വൈതം ഗ്രഹിക്കാന്‍, ശാസ്ത്രീയമായ [systematic] രീതിയില്‍ ശ്രീ ശങ്കരന്‍ ഭാഷ്യത്തെ രചിച്ചിരിക്കുന്നു. " ശ്രീ കൈവല്യാനന്ദ സ്വാമിജിയുടെ" ഈ ഭാഷ്യങ്ങള്‍ക്ക് നല്‍കിയ ക്ലാസുകള്‍ മലയാളികള്‍ക്കായി കിട്ടിയ ഒരു അനുഗ്രഹം തന്നെ ആണ്. ഭാഷ്യത്തെ ഏവര്‍ക്കും എളുപ്പം മനസ്സിലാകും വിധം, തത്വത്തെ ബോധിക്കുക എന്നതില്‍ നിന്നും വിട്ടകലാതെ ഉള്ള ഈ ക്ലാസ്സുകളിലെ ചര്‍ച്ചകള്‍ നമുക്കേവര്‍ക്കും ഗുരുക്രുപയാല്‍ ശ്രവിക്കാന്‍ സാധ്യമായി തത്വത്തെ ബോധിക്കുമാറാകട്ടെ എന്നാ പ്രാര്‍ത്ഥനയോടെ.. 

No comments: