Saturday, February 17, 2018

" ഉപാധികളുടെ പരിമിതി "

ആത്മാവിനെ, പരമാര്‍ത്ഥ സ്വരൂപത്തെ കുറിച്ചു ഒന്നും തന്നെ അറിയാത്തപ്പോള്‍ പരിമിതങ്ങളായ ശരീര മനോ ബുദ്ധികളാകുന്ന ഉപാധികളില്‍ പരിപൂര്‍ണമായി അഭിമാനിച്ചു കഴിയുന്നു. അവിടെ സുഖ ദുഖങ്ങളെ പരമാര്‍ത്ഥമായി അനുഭവിച്ചു സംസാരം അവനെ ബന്ധിക്കുന്നു. 

ഇനി, ആത്മാവിനെ കുറിച്ചു കേട്ടോ, വായിച്ചോ മറ്റോ അറിഞ്ഞു. പരമാര്‍ത്ഥ സ്വരൂപം / ആത്മാവ് നിത്യനാണ്‌, നിസംഗനാണ്, നിര്‍മോഹമാണ്, നിശ്ചലമാണ് എന്നൊക്കെ.

അവിടെയും വീണ്ടും അബദ്ധം സംഭവിക്കുന്നത്‌ എങ്ങിനെ എന്നാല്‍, ഈ ആത്മാവിന്റെ നിത്യ ഗുണങ്ങളെ വീണ്ടും ഒരുവന്‍ തന്റെ പരിമിതങ്ങളായ ശരീര മനോ ബുദ്ധികളാകുന്ന ഉപാധികളില്‍ ആരോപിക്കാന്‍ ശ്രമിക്കുന്നു. ഉപാധികളില്‍ ഈ ഗുണങ്ങള്‍ നേടിയെടുക്കാന്‍ വിഫലമായ ശ്രമം നടത്തുന്നു.

അവിടെ, ഈ ഉപാധികള്‍ ഒരിക്കലും അതിന്റെ പരിമിതിയെ വിട്ടു അപരിമേയമായ നിത്യമായ ആത്മഗുണങ്ങളെ [ആത്മാവ് നിത്യനാണ്‌, നിസംഗനാണ്, നിര്‍മോഹമാണ്, നിശ്ചലമാണ് എന്നൊക്കെ] പൂര്‍ണമായി സ്വീകരിക്കാന്‍ സാധ്യമല്ല എന്ന് തിരിച്ചറിവ് അജ്ഞതയാല്‍ ഉണ്ടാകുന്നില്ല. ഇത് അറിയാതെ ആത്മീയത എന്നാ പേരില്‍ പരിശ്രമം തുടരുന്നു. ചിലര്‍ അതിന്റെ സാധ്യമില്ലായ്മയില്‍ ക്ഷീണിതനായി കിട്ടാത്ത മുന്തിരി എന്നാ പോലെ ആത്മീയതയില്‍ നിന്നും പിന്തിരിയുന്നു. ചിലര്‍ മരണം വരെ അത് ആഗ്രഹിച്ചു, പ്രതീക്ഷിച്ചു പരിശ്രമിക്കുന്നു. ചിലര്‍ ഈ ഗുണങ്ങളെല്ലാം തനിക്കു ഉണ്ട് എന്ന് മറ്റുള്ളവരെ കാണിക്കാന്‍ മാത്രം ശ്രമിച്ചു കപട നാട്യം ആടുന്നു. ഇവിടെയും മുന്നേ പോലെ സുഖ ദുഖങ്ങളെ പരമാര്‍ത്ഥമായി അനുഭവിച്ചു സംസാരം അവനെ ബന്ധിക്കുന്നു.

ഇങ്ങനെ ജീവന്‍ അജ്ഞാനങ്ങളില്‍ നിന്നും മറ്റു പല അജ്ഞാന അഭിമാനങ്ങളിലേക്ക് യാത്ര തുടരുന്നു !!.

ഉപാധികളുടെ പ്രകൃതിയെ, പരിമിതികളെയും, സത്യമായ ആത്മാവിന്റെ പരമാര്‍ത്ഥികതയും വേറിട്ട്‌ അംഗീകരിക്കാന്‍ ശ്രമിക്കണം. ഉപാധികളുടെ സ്വാത്വിക ഗുണങ്ങള്‍ വളര്‍ത്തി ആത്മനിശ്ചയം, പരമാര്‍ത്ഥ സ്വരൂപ നിശ്ചയം നേടുവാനുള്ള ശ്രമമാകട്ടെ ആത്മീയത. അല്ലാതെ ആത്മാവിനു ഒരു പുതിയ മുക്തി, മറ്റു അനുഭൂതി ആനന്ദ അനുഭവങ്ങള്‍ തുടങ്ങി പ്രതീക്ഷിക്കുന്നതും, താല്‍ക്കാലികമായി നെടുന്നതും മറ്റും ആത്മജ്ഞാനമല്ല. മനസ്സിന്‍റെ അത്തരം താല്‍ക്കാലിക ഭാവങ്ങളില്‍ നിന്നും, അജ്ഞതകളില്‍ നിന്നും ശരിയായ ആത്മജ്ഞാനത്താല്‍ സ്വയം മുക്തമാകണം.

" സര്‍വ്വം ജ്ഞാനേ പരസമാപ്യതെ "

No comments: