Saturday, February 17, 2018

പ്രകൃതിയൊരുക്കുന്ന കണിക്കൊന്നയാകുന്ന സുവർണ്ണ കിങ്ങിണികൾ അണിഞ്ഞ്.... വെള്ളരിയും, മത്തനും കായിച്ചു മറിഞ്ഞ് ഐശ്വര്യത്തിന്റെ ഒരു വർഷം കൂടി എത്തിക്കഴിഞ്ഞു..! മീനച്ചൂടിന് അറുതിവരുത്താന്‍ മേടമഴയ്ക്കായി ഒരു കാത്തിരിപ്പ്... എങ്കിലും, പ്രതീക്ഷയോടെ, കൊന്നമരത്തിലിരുന്ന് വിഷുപ്പക്ഷി പാടുന്നു... 'വിത്തും കൈക്കോട്ടും...............!!!

കേരളത്തിലെ കർഷകർക്ക് വിഷു വിളവെടുപ്പിന്റെയും വിത്തിറക്കലിന്റെയും സമയമാണ്..! അതുകൊണ്ട് തന്നെയാകണം പ്രകൃതി വിഭവങ്ങളുടെ സമൃദ്ധിയൊരുക്കി കണിക്കാഴ്ചയോടെ വിഷുപ്പുലരി ആരംഭിക്കുന്നത്..! ജ്യോതി ശാസ്ത്രജ്ഞർക്കും വിഷു വളരെ പ്രാധാന്യമുള്ള ദിവസമാണ്. സമദിനരാത്രങ്ങളുടെ പുണ്യ ദിനമായി വിഷുവിനെ അവര് കണക്കാക്കുന്നു ..! സൂര്യൻ മേടം ഒന്നിന് മധ്യരേഖയില്‍ വരുന്നു എന്ന പ്രത്യേകതയും അതിലുണ്ട്.

വിഷ്ണു പുരാണത്തില്‍ "വിഷുവത്ത്" എന്ന പദ സൂചനയോടെ വിഷുവിനെ കുറിച്ച് പറയുമ്പോൾ വിഷു പൌരാണികമായ ആചാര ആഘോഷങ്ങളിൽ ഉള്‍ക്കൊള്ളുന്നു എന്ന് നിസ്സംശയം പറയാം. രാവും - പകലും തുല്യമായ ദിനം എന്നാണു വിഷ്ണു പുരാണം വിഷുവിനെ പറയുന്നത്. അതിപ്രാചീന കാലം മുതലേ കേരളീയർ വിഷു ആഘോഷിച്ചിരുന്നു എന്ന് കേരളചരിത്രത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

മഹോദയപുരം ആസ്ഥാനമാക്കി കേരളം ഭരിച്ചിരുന്ന കുലശേഖര ചക്രവർത്തിമാർ വിഷു ആഘോഷിച്ചിരുന്നു എന്ന് ചരിത്ര രേഖകള്‍ സാക്ഷ്യപ്പെടുത്തുന്നു. രാക്ഷസ രാജാവായ രാവണന്റെ ആജ്ഞ പ്രകാരം നേരെ കിഴക്ക് ഉദിക്കാതെ അല്പ്പം ചരിഞ്ഞ് ഉദിച്ചു വന്ന സൂര്യന്‍ രാവണ വധത്തിനു ശേഷം സന്തോഷത്തോടെ നേരെ കിഴക്കുദിച്ച സുദിനം എന്ന് വിഷുവിനെ പറയുമ്പോള്‍ അത് നന്മയുടെയും സന്തോഷത്തിന്റെയും ദിനമായി ഐതിഹ്യങ്ങൾ പോലും വിഷുവിനെ വ്യാഖ്യാനിക്കുന്നുഎന്ന് മനസിലാക്കാം. മഹാവിഷ്ണു നരകാസുരനെ വധിച്ച ദിനമായിട്ടും വിഷുവിനെ അറിയപ്പെടുന്നു.

എല്ലാ ഹൈന്ദവ ഭവനങ്ങളിലും വിഷു ആഹ്ലാദത്തിന്റെ ദിനമാണ്. കണി കാണാനും, കോടി ഉടുക്കാനും, കൈനീട്ടം വാങ്ങാനും കുഞ്ഞുങ്ങള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പുണ്യദിനം. ഈ വിഷുദിനം പ്രകൃതീശ്വരിയെ തനിമയോടെ സ്വാംശീകരിക്കാനും നന്മയുടെ വസന്തം വിരിയിക്കാനും കഴിയട്ടെ എന്ന് ആശംസിക്കുന്നു.

വിഷുദിന ആശംസകള്‍.

No comments: