Saturday, February 17, 2018

" ഈശ്വര വിശ്വാസിയും നിരീശ്വര വിശ്വാസിയും "

ഈശ്വര വാദികളും നിരീശ്വര വാദികളും, രണ്ടും വിശ്വാസികള്‍ തന്നെ, ഒരേ തലത്തില്‍ ആണ്. നിരീശ്വര വാദികള്‍ കുറച്ചു കൂടി യുക്തിയെ അവലംബിക്കുന്നു എന്നതിനാല്‍ പ്രശംസനീയരാണ്, കാരണം അവര്‍ ഒന്നും കണ്ണടച്ചു വിഴുങ്ങുന്നവരല്ല, വിശ്വസിക്കുന്നവരല്ല. യുക്തി യുക്തമായി ചിന്തിച്ചു സ്വീകരിക്കുന്നവരാണ്. എന്തിനെയും യുക്തികൊണ്ട് നിഷേധിക്കുന്നതിനാല്‍ ശരിയായ യുക്തിവാദി കൂടുതല്‍ വേഗം തന്നിലെ സത്യത്തില്‍ എത്തിച്ചേരും. അദ്വൈത തത്വബോധം നിഷേധത്തിലാണ് ശരിയായും ബോധിക്കപ്പെടുന്നത് [നേതി നേതി].

ഇവര്‍ രണ്ടു പേരും ഒരേ തലം എന്ന് പറയാന്‍ കാരണം എന്തെന്നാല്‍ !!...

ഭൌതിക തലം, ആത്മീയ തലം എന്ന് രണ്ടായി 'പറയാം'. ഈ ഭൌതീക തലത്തില്‍ തന്നെ ദൈവീകതലത്തെയും ഉള്‍പ്പെടുത്താം. അങ്ങിനെ മൂന്നുണ്ടെങ്കിലും രണ്ടായി എടുക്കാം. ഭൌതീകതലത്തില്‍ മാത്രമാണ് ഉണ്ടെന്നും ഇല്ലെന്നും ഉള്ള രണ്ടു ചിന്തകള്‍ വ്യവഹരിക്കുന്നത്. അത് സത്യത്തിലേക്കുള്ള വഴികള്‍ മാത്രം.

ആത്മീയ തലം എന്നത് ഈ ഉണ്ട്, ഇല്ല എന്നാ രണ്ടു ചിന്തകള്‍ക്കും അതീതമാണ്. അത് സ്വന്തം അസ്തിത്വ സത്യമാണ്. അതിനെ ഒരു യുക്തികൊണ്ടും വിശ്വാസം കൊണ്ടും സ്ഥാപിക്കേണ്ട കാര്യമില്ല. അത് എല്ലാ യുക്തിക്കും വിശ്വാസങ്ങള്‍ക്കും അപ്പുറമായ സത്യം മാത്രം. അവിടെ ചോദ്യങ്ങള്‍ക്ക്, വിപരീത ഭാവനകള്‍ക്ക് പ്രശസ്തിയെ ഇല്ല. ചോദ്യങ്ങള്‍ അല്ലെങ്കില്‍ വിശ്വാസങ്ങള്‍ വരുന്നു എങ്കില്‍, അത് ഭൌതീക തലത്തില്‍ മാത്രമായി തീരുന്നു.

ആ പരമാര്‍ത്ഥ തലത്തില്‍ പിന്നെ വേറൊരു ഭൌതീകം എന്നോതോന്നു ഉണ്ടോ എന്നാ സംശയം പോലും ഭൌതീക തലത്തില്‍ ചിന്തിക്കുന്നവന് മാത്രം. അതുകൊണ്ടാണ് അദ്വൈത സിദ്ധി എല്ലാത്തിന്റെയും നിഷേധത്തില്‍ ബോധിക്കപ്പെടുന്നത്. യുക്തിയാല്‍ എല്ലാത്തിനെയും നിഷേധിച്ചു സ്വയം തന്റെ സത്യം ബോധിക്കേണ്ടത് കൊണ്ട് യുക്തി മാര്‍ഗത്തില്‍ ചരിക്കുന്ന യഥാര്‍ത്ഥ യുക്തി വാദി ശരിയായി ചിന്തിച്ചാല്‍, അതിനുള്ള സംസ്ക്കാരം അവനില്‍ ഉണ്ടെങ്കില്‍, തീര്‍ച്ചയായും അവന്‍ ലക്ഷ്യത്തില്‍ മറ്റുള്ളവരെ അപേക്ഷിച്ചു വേഗം എത്തിച്ചേരും.

അങ്ങിനെ സത്യത്തെ ബോധിച്ചവനില്‍ പിന്നെ സംസ്ക്കാരപരമായ ഈശ്വര വിശ്വാസം നില നിന്നത് കൊണ്ടോ നിരീശ്വര വിശ്വാസം നില നിന്നത് കൊണ്ടോ അവനില്‍ യഥാര്‍ത്ഥ സത്യബോധത്തിലുള്ള ദൃഡതക്ക് കോട്ടം സംഭവിക്കുന്നില്ല.

അദ്വൈത പരമാര്‍ത്ഥം ബോധിക്കാത്തതിനാല്‍ ഈ രണ്ടു വിശ്വാസികള്‍ക്കും പരസ്പരം അംഗീകരിക്കാന്‍ സാധിക്കാതെ പോകുന്നു. പരമാര്‍ത്ഥം ബോധിച്ചവനോ ?!, ഇവ ഏതെങ്കിലും തന്നില്‍ നിലനില്‍ക്കുന്നത് കൊണ്ട് സത്യവിരോധവും അവനില്‍ ഉണ്ടാകുന്നില്ല്ല.

No comments: