Sunday, March 18, 2018

തൈത്തിരീയോപനിഷത്ത്-22
ബ്രഹ്മാനന്ദവല്ലി
ആറാം അനുവാകം
അസന്നേവ സഭവതി അസദ് 
ബ്രഹ്മേതി വേദ  ചേത്
അസ്തി ബ്രഹ്മേതി ചേദ് വേദ, സന്തമേനം തതോ വിദുരിതി
തസൈ്യഷ ഏവ ശാരീര 
ആത്മാ യഃപുര്‍വ്വസ്യ
ബ്രഹ്മം ഇല്ലെന്ന് വിചാരിക്കുന്നയാള്‍ അസത്തായിത്തീരുന്നു. ബ്രഹ്മം ഉണ്ടെന്ന് അറിയുന്നയാള്‍ സത്തായിത്തീരുന്നു. അതിനാല്‍ ഇവനെ സത്തെന്ന് അഥവാ ഉള്ളവനെന്ന് സാധുക്കള്‍ അറിയുന്നു. മുന്‍പു പറഞ്ഞ വിജ്ഞാനമയന്റെ ആത്മാവാണ് ഈ ആനന്ദമയന്‍.
പഞ്ചകോശങ്ങളെ വിവരിച്ചതിനുശേഷം അവയ്ക്ക് അതീതമായ ബ്രഹ്മത്തെ വ്യക്തമാക്കാനാണ് ഇവിടം മുതലുള്ള മന്ത്രങ്ങളെ ഉപയോഗിക്കുന്നത്. ബ്രഹ്മം പ്രത്യക്ഷമല്ലാത്തതിനാല്‍ അഥവാ ഇന്ദ്രിയങ്ങളെക്കൊണ്ട് അറിയാന്‍ സാധിക്കാത്തതിനാല്‍ ബ്രഹ്മം ഇല്ലെന്ന് വാദിക്കുന്നവരുണ്ട്. ലോകായതികന്മാര്‍  ഇതില്‍ വളരെ പ്രധാനപ്പെട്ടവരാണ്. ഇവര്‍ നാസ്തികരാണ്. പഞ്ചകോശങ്ങളെ നിലനിര്‍ത്തി പ്രവര്‍ത്തിപ്പിക്കുന്ന ആത്മാവിനെ നിഷേധിക്കുന്ന ഇക്കൂട്ടര്‍ അവരെ തന്നെയാണ് നിഷേധിക്കുന്നത്. ബ്രഹ്മം അസത്തെന്നു പറയുന്ന അവരും അസത്ത് തന്നെ. അവരുടെ ജീവിതത്തിന് മഹത്തായ ഒരു ലക്ഷ്യം പോലുമില്ല. സദാചാര മൂല്യങ്ങളെ പരിഗണിക്കുകയില്ല.
ധാര്‍മ്മിക മൂല്യങ്ങള്‍ക്ക് അടിസ്ഥാനം ബ്രഹ്മത്തെ മാനിക്കുന്നതാണ്. ബ്രഹ്മത്തെ അറിയുന്നവര്‍ സത്ത് ആയിത്തീരുന്നു. ബ്രഹ്മമാണ് എല്ലാറ്റിനും ആധാരം എന്ന് ഇവര്‍ മനസ്സിലാക്കുന്നു. ഇവരുടെ ജീവിതത്തിന് ലക്ഷ്യമുണ്ട്, സാഫല്യവും. സദാചാരത്തിലൂടെ പരമത്തിലെത്താനായി യത്‌നിക്കുകയും ചെയ്യും. ബ്രഹ്മത്തെ അറിഞ്ഞാല്‍ ആ പരമപദത്തില്‍ എത്തിച്ചേരും. ബ്രഹ്മത്തെ നിഷേധിക്കുന്ന നാസ്തികര്‍ക്ക് അവിദ്യമൂലം ബന്ധനവും ബ്രഹ്മത്തെ അറിയുന്ന ആസ്തികര്‍ക്ക് വിദ്യമൂലം മോക്ഷവും ലഭിക്കും.
അഥാതോളനു പ്രശ്‌നാഃ 
ഉതാവിദ്വാനമും
ലോകം പ്രേത്യ കശ്ചന ഗച്ഛതീ...
ആഹോ വിദ്വാനമും ലോകം 
പ്രേത്യ
കശ്ചിത് സമശ്‌നതാ.....ഉ
അതിനാല്‍ ഇനി ആചാര്യന്‍ പറഞ്ഞതിനെപ്പറ്റി ശിഷ്യന് ഉണ്ടായ സംശയത്തെ തുടര്‍ന്ന് ചോദ്യങ്ങള്‍ ചോദിക്കുന്നു. ബ്രഹ്മത്തെക്കുറിച്ച് അറിയാത്തയാള്‍ മരണശേഷം ആ ലോകത്തെ പ്രാപിക്കുമോ? അതുപോലെ ബ്രഹ്മത്തെക്കുറിച്ച് അറിഞ്ഞയാള്‍ ആ ലോകത്തെ പ്രാപിക്കുമോ?
ഇവിടെ ആ ലോകം എന്നത് ബ്രഹ്മലോകത്തെക്കുറിച്ചാണ് സൂചിപ്പിക്കുന്നത്. അറിവുള്ള ആളുടേയും അറിവില്ലാത്തവന്റേയും ആത്മാവ് ബ്രഹ്മം തന്നെയെങ്കില്‍ അജ്ഞാനിക്കും മരണശേഷം ബ്രഹ്മത്തില്‍ എത്താമല്ലോ? അജ്ഞാനി ബ്രഹ്മത്തില്‍ എത്തിയില്ലെങ്കില്‍ ജ്ഞാനിക്കും അങ്ങനെ സംഭവിക്കാമല്ലോ. ഇനി രണ്ടുപേരും ബ്രഹ്മത്തില്‍ എത്തിച്ചേരുന്നില്ല എങ്കില്‍ എല്ലാറ്റിനും കാരണഭൂതമായ ബ്രഹ്മം വാസ്തവത്തില്‍ ഉള്ളതാണോ? അതോ ഇല്ലാത്തതോ? ഇങ്ങനെ ശിഷ്യന് ഉണ്ടാകുന്ന സംശയങ്ങളേയും ചോദ്യങ്ങളേയുമാണ് അനുപ്രശ്‌നഃ എന്നതുകൊണ്ട് ഉദ്ദേശിച്ചത്.
 പരബ്രഹ്മത്തില്‍നിന്നും സകലതും ഉണ്ടായതു മുതല്‍ക്കാണ് ആചാര്യന്‍ ഇതിനുള്ള മറുപടി നല്‍കുന്നത്. പ്രപഞ്ചസൃഷ്ടിയെ ഇവിടെ വിശദീകരിക്കുന്നു. ഇതിലൂടെ ബ്രഹ്മത്തിന്റെ അസ്തിത്വത്തെ സ്ഥാപിക്കുകയും ചെയ്യുന്നു.

No comments: