Saturday, March 17, 2018

ഭൂതപൃഥഗ്ഭാവം
ഭൂതങ്ങളുടെ-മനുഷ്യാദി ശരീരങ്ങളുടെ വ്യത്യസ്ത-ദേവ-മനുഷ്യ-മൃഗ-പക്ഷി ലതാ-ജലാകാശ ജീവികളുടെ ഭിന്ന-ഭിന്നരൂപങ്ങള്‍. അതാണ് പൃഥഗ് ഭാവം എന്ന് പറഞ്ഞത്. നമ്മുടെ ഭൗതിക നേത്രങ്ങള്‍ക്ക് ഈ വിഭിന്നരൂപങ്ങള്‍ കാണുവാനുള്ള കഴിവു മാത്രമേയുള്ളൂ. അവ യഥാര്‍ത്ഥത്തില്‍ വിവിധ  തരത്തില്‍ പ്രകടീകൃതമായി, ഭഗവന്മായയുടെ-പ്രകൃതിയുടെ-ശക്തിയില്‍ സ്ഥിതി ചെയ്യുന്നു-ഏകസ്ഥം-(ഒന്നില്‍മാത്രം സ്ഥിതിചെയ്യുന്നത്?)
അനുപത്യതി-സര്‍വ്വദാ അനുസന്ധാനം ചെയ്യണം-ചിന്തിച്ചുറപ്പിക്കണം ഭിന്നരൂപത്തില്‍ കാണുന്നവയെല്ലാം യഥാര്‍ത്ഥത്തില്‍ അഭിന്നാവസ്ഥയിലാണ്-ഇത് ഒരേ സമയം ഭിന്നവും അഭിന്നവും ആയ അവസ്ഥയാണ്. നമ്മള്‍ ഭവനം പണിയുവാന്‍ വേണ്ടി ആദ്യം അടിത്തറ പണിയുന്നു. കല്ലുകള്‍കൊണ്ട്, വീടിന്റെ വിസ്താരത്തിന് അനുസരിച്ച വലുപ്പത്തില്‍ കെട്ടി, അതില്‍ മണ്ണ് നിറയ്ക്കുന്നു. അതിനെ നമ്മള്‍ അടിത്തറ എന്നുപറയുന്നു. മുമ്പ് അത് മണ്ണായിരുന്നു, ഇപ്പോഴും മണ്ണുതന്നെ. പക്ഷേ, പുറത്തുള്ള മണ്ണില്‍ വ്യത്യസ്ത രൂപത്തില്‍-തറയുടെ രൂപത്തില്‍ സ്ഥിതിചെയ്യുന്നു.
തത ഏവ ച വിസ്താരം
ഇങ്ങനെ ഒരു ആത്മാവില്‍ നിന്നുതന്നെയാണ് ശരീരങ്ങളുടെ വ്യത്യസ്ത രൂപത്തില്‍ ഉണ്ടാവുന്നത് എന്ന് മനസ്സിലാക്കണം. എപ്പോഴാണോ ഈ അവബോധം ഹൃദയത്തില്‍ ഉറപ്പിക്കാന്‍ കഴിയുന്നത്, അപ്പോള്‍ തന്നെ, സൂര്യന്‍ ഉദിക്കുന്ന നിമിഷം തന്നെ ഇടവേളയില്ലാതെ ഇരുട്ടുനീങ്ങുന്നതുപോലെ, ഭഗവാന്റെ ശക്തിരൂപയായ പ്രകൃതിയില്‍ സ്ഥിതിചെയ്യുന്നതായും പ്രളയകാലത്തില്‍, ശരീരങ്ങള്‍ അതേ പ്രകൃതിയില്‍ തന്നെ ലയിക്കുന്നതായും കാണാന്‍ കഴിയും. മാത്രമല്ല,
''ബ്രഹ്മ സമ്പദ്യതേതദാ''
നദീജലത്തിലെ തിരമാലകള്‍ നദീജലത്തില്‍തന്നെ ലയിക്കുന്നതുപോലെ, ജീവാത്മാവ് ബ്രഹ്മനദിയില്‍ ലയിക്കുന്നതായി അനുഭവിക്കുമാറാകും.
ശരീരസ്ഥനായ പരമാത്മാവിന്റെ 
അവസ്ഥ (13-31)
പരമാത്മാവ് പ്രപഞ്ചത്തിലെ സര്‍വ്വവസ്തുക്കളിലും വ്യാപിച്ചു നില്‍ക്കുകയാണല്ലോ. അപ്പോള്‍ സര്‍ശരീരികളുടെ ഹൃദയത്തിലും പ്രവേശിക്കുന്നു. കര്‍ത്തൃത്വം-ഞാനാണ് എല്ലാം ചെയ്യുന്നത് എന്ന ഭാവം, ഭോക്തൃത്വം-ഞാനാണ് കര്‍മ്മത്തിന്റെ ഫലം അനുഭവിക്കുന്നത് എന്ന ഭാവം പരമാത്മാവിനും ഉണ്ടാവുകയില്ലേ? ഗംഗാജലം പരമപവിത്രമാണ്; സംശയമില്ല. പക്ഷേ, നാം മാലിന്യം നിറഞ്ഞ കൈകള്‍കൊണ്ട് കോരിയെടുക്കുകയും അഭക്ഷ്യ ഭക്ഷണം കൊണ്ടു ദുഷിച്ച ഉദരത്തില്‍ എത്തിക്കുകയും ചെയ്താല്‍, കൈകളുടെയും വയറിന്റെയും ദോഷം ഗംഗാജലത്തിന്റെ പരിശുദ്ധിയെ നശിപ്പിക്കുകയില്ലെ.അതുപോലെ ശരീരങ്ങളുടെ ഭൗതികതാ മാലിന്യം പരമാത്മാവിനും ബാധിക്കുകയില്ലേ? ഇല്ല എന്നു പറയുന്നു.
പരമാത്മാ ശരീരസ്ഥഃ അഹ അവ്യയഃ
പരമാത്മാവ്, സര്‍വശരീരങ്ങളിലും വര്‍ത്തിക്കുന്നു. എങ്കിലും ആ ശരീരങ്ങളുടെ പ്രവര്‍ത്തനം മൂലം എന്തെങ്കിലും കുറവോ ആധിക്യമോ സംഭവിക്കുന്നില്ല. അതാണ് ''അവ്യയ'' എന്ന പദത്തിന്റെ അര്‍ത്ഥം. എന്തുകൊണ്ടാണ് ആധിക്യവും ന്യൂനതയും സംഭവിക്കാത്തത്? പറയുന്നു.
അനാദിത്വാത്
അനാദി എന്നാല്‍-തുടക്കം, ആരംഭം-എന്നര്‍ത്ഥം. ആദി അഥവാ ജന്മം എന്നര്‍ത്ഥം പരമാത്മാവിന് ആരംഭം- തുടക്കം ഇല്ല. അതുകൊണ്ടുതന്നെ അന്തവും-നാശവും-ഇല്ല. പരമാത്മാവ് എപ്പോഴും, കാലം, ദേശം, അവസ്ഥ എന്ന മൂന്ന് അതിര്‍ത്തികളും ഇല്ലാതെ നിലനില്‍ക്കുന്നു. അതുകൊണ്ടാണ് ജന്മം,തുടക്കം ഇവ ഇല്ല എന്ന് പറഞ്ഞതും. അതുകൊണ്ടുതന്നെ ശരീരങ്ങള്‍ക്കു ഉണ്ടാവുന്ന-അസ്തി, ജായതേ, വര്‍ധതേ, വിപരിണമതേ, ക്ഷീയതേ, നശ്യതി-(ഉണ്ട്, ജനിക്കുന്നു, വളരുന്നു, മാറ്റം വരുന്നു, ക്ഷയിക്കുന്നു, നശിക്കുന്നു) എന്നീ ആറുതരം വികാരങ്ങളും പരമാത്മാവിന് ഇല്ല. ശരീരം പ്രവര്‍ത്തിക്കുമ്പോഴും പരമാത്മാവ് ഒന്നും ചെയ്യുന്നില്ല. അതുകൊണ്ടുതന്നെ ഒരു കര്‍മ്മത്തിന്റെ ഫലം പരമാത്മാവിനെ ബാധിക്കുന്നില്ല. അതുകൊണ്ട് പരമാത്മാവിന് സ്വരൂപത്തില്‍ ഒരു വ്യയവും-മാറ്റവും സംഭവിക്കുന്നില്ല..janmabhumi

No comments: