Wednesday, March 14, 2018

പല ആകൃതിയിലുള്ള പാത്രങ്ങള്‍, തവികള്‍ എന്നിങ്ങനെ നിരവധി ഉപകരണങ്ങള്‍ യാഗത്തിനു വേണം. ഇരുപത്തിയെട്ടു തരം സാധനങ്ങളുടെ ചിത്രങ്ങള്‍ ആമ്‌നായമഥനത്തില്‍ കാണാം. അത്തരം ചിത്രങ്ങള്‍, നിര്‍മ്മിക്കാനുപയോഗിക്കേണ്ട വൃക്ഷങ്ങള്‍ ഏവ, സാങ്കേതിക പദങ്ങളുടെയും മറ്റും വിശദീകരണങ്ങള്‍ എന്നിവ കൈതപ്രം വാസുദേവന്‍ നമ്പൂതിരി തന്റെ പുസ്തകത്തില്‍ കൊടുത്തിട്ടുണ്ട്.  പാലുള്ള പശുവും ആടും, കറുത്ത കുതിര, വെളുത്ത കുതിര, കഴുത, സോമലതയുടെ കെട്ടുകൊണ്ടുവരാന്‍ കാളവണ്ടിയും വണ്ടിക്കാളകളും, ബലിമൃഗങ്ങള്‍ മുതലായവയും വേണം. 
ആകെ പതിനേഴ് ഋത്വിക്കുകള്‍ (പുരോഹിതര്‍) വേണമത്രേ.  യജുര്‍വേദികളായ അധ്വര്യുഗണം (4), ത്രിവേദികളായ ബ്രഹ്മഗണം (4), ഋഗ്വേദികളായ ഹോതൃഗണം (4), സാമവേദികളായ ഉദ്ഗാതൃഗണം (4), പണ്ഡിതനായ സദസ്യന്‍ (1) എന്ന് അവരെ അഞ്ചായി ഗണിച്ചിരിക്കുന്നു. ഇവരില്‍ ആദ്യഗണത്തില്‍ അധ്വര്യു ആണ് പ്രധാന ഋത്വിക്ക്. ഇദ്ദേഹത്തിന് വേദം, വേദാര്‍ത്ഥം, ആശാരിപ്പണി, കംഭകാരപ്പണി, ക്ഷൗരപ്പണി എന്നിവ അറിയണം. മരം, മണ്ണ് എന്നിവ കൊണ്ടുള്ള പാത്രങ്ങള്‍ ഇദ്ദേഹം തയ്യാറാക്കണം. അതുപോലെ യജമാനനെ ക്ഷൗരം ചെയ്യേണ്ടതും അധ്വര്യുവാണത്രേ. ഇദ്ദേഹത്തെ സഹായിക്കുവാന്‍ പ്രതിപ്രസ്ഥാതന്‍, നേഷ്ടന്‍, ഉന്നേതന്‍ എന്ന മൂന്ന് ഋത്വിക്കുകള്‍ വേറെ ഉണ്ട്.
രണ്ടാമത്തെ ഗണത്തില്‍ ബ്രഹ്മന്‍ എന്ന പ്രധാനഋത്വിക്കും ബ്രാഹ്മണാച്ഛംസി, ആഗ്നീദ്ധ്രന്‍, പോതന്‍ എന്ന മൂന്നു സഹായികളും മൂന്നാമത്തേതില്‍ ഹോതനും മൈത്രാവരുണന്‍, അച്ഛാവാകന്‍, ഗ്രാവസ്‌തോതന്‍ എന്ന മൂന്നു സഹായികളും നാലാം ഗണത്തില്‍ ഉദ്ഗാതനും പ്രസ്‌തോതന്‍, പ്രതിഹാരി, സുബ്രഹ്മണ്യന്‍ എന്ന നാലുപേരും ആണ് ഉണ്ടാവുക. ഇവരുടെ ദക്ഷിണയും നിശ്ചയിച്ചിട്ടുണ്ട്. മേല്‍പ്പറഞ്ഞ ക്രമത്തില്‍ പ്രധാനിക്ക് പൂര്‍ണ്ണം, പിന്നെ അര്‍ധം (പകുതി), പിന്നെ തൃതീയാ (മൂന്നിലൊന്ന്), പിന്നെ പാദീ (നാലിലൊന്ന്). ഇവര്‍ ചെയ്യേണ്ട കര്‍മ്മങ്ങളും നിശ്ചിതങ്ങളാണ്. 
സ്വര്‍ഗകാമോ യജേത (സ്വര്‍ഗത്തെ ആഗ്രഹിക്കുന്നവന്‍ യാഗം ചെയ്യുക) എന്നാണ് വേദവാണി. അതനുസരിച്ച് സ്വര്‍ഗകാമ: ശ്യേനചിതിം ചേഷ്യേ (ഞാന്‍ സ്വര്‍ഗത്തെ ആഗ്രഹിച്ചുകൊണ്ട് ശ്യേനചിതിയെ പടുക്കാന്‍ പോകുന്നു) എന്ന് യജമാനന്‍ മൂന്നുതവണ പതുക്കെയും മൂന്നു തവണ ഉറക്കെയും ചൊല്ലുന്നു. ഈ ചടങ്ങ് മൂന്നാം ദിവസം ആണ്. പതിനൊന്നുതരം ചിതികളുണ്ടത്രെ. ശ്യേനചിതികള്‍ തന്നെ മൂന്നു തരം- പീഠന്‍, പഞ്ചപത്രിക, ഷഡ്പത്രിക. ഇവയില്‍ ഷഡ്പത്രിക ആണത്രേ സാധാരണം.            
ഏര്‍ക്കര നല്‍കുന്ന യാഗക്രിയകളുടെ അടുക്കിനെ കുറച്ചുകൂടി സ്പഷ്ടമാക്കുന്ന ഒരു വിവരണം കൈതപ്രം നല്‍കുന്നുണ്ട്. അതനുസരിച്ച് ഒന്നാം ദിവസം പടിഞ്ഞാറേ ശാലയില്‍ യജമാനനും ഋത്വിക്കുകളും മൂന്നഗ്നികളുമായി പ്രവേശിക്കുന്നു. തുടര്‍ന്ന് ഉഖ (മണ്ണുരുളി) നിര്‍മ്മാണം (സങ്കീര്‍ണ്ണമാണ് ഈ ചടങ്ങും), വായുവിന് മൃഗബലി, അരണി കടഞ്ഞ് തീ ഉണ്ടാക്കല്‍, ദീക്ഷാഹോമം, യജമാനന്‍ ദീക്ഷ ആരംഭിക്കുന്നു. രണ്ടാം ദിവസം പ്രവര്‍ഗ്യത്തിനുള്ള മഹാവീരം എന്ന പാത്രം തയ്യാറാക്കല്‍. മൂന്നാം ദിവസം യൂപം ഒരുക്കല്‍. നാലാം ദിവസം പടിഞ്ഞാറെ ശാലയില്‍ കിഴക്കേ അഗ്നി മാറ്റി അവിടെ 105 ഇഷ്ടിക കൊണ്ട് ചിതിനിര്‍മ്മാണം, ഉഖയില്‍ അഗ്നി ഉണ്ടാക്കല്‍, സോമ വാങ്ങിക്കൊണ്ടു വരല്‍, ആദ്യത്തെ പ്രവര്‍ഗ്യം (അശ്വിനീദേവന്മാര്‍ക്ക് ചൂടുപാല്‍ സമര്‍പ്പിക്കല്‍. ഇതിന് മഹാവീരം എന്ന പാത്രം ഉപയോഗിക്കുന്നു. ഈ പാത്രം കനലു കൊണ്ട് പൊതിഞ്ഞ് ചുട്ടുപഴുപ്പിക്കുന്നു. അതില്‍ നെയ്യൊഴിക്കുന്നു. പശുവിനെയും ആടിനേയും കറന്ന് ആ പാല്‍ മഹാവീരത്തിലെ തിളയ്ക്കുന്ന നെയ്യില്‍ ഒഴിക്കുന്നു. അപ്പോള്‍ അഗ്നിഗോളം അന്തരീക്ഷത്തിലേക്കുയരും. സ്ത്രീകള്‍ ഇത് കാണാന്‍ പാടില്ലത്രേ.), ഉപസത് ( അഗ്നി, സോമന്‍, വിഷ്ണു എന്നിവര്‍ക്ക് നെയ് ഹോമിക്കല്‍. ഇത് ഇനിയുള്ള ആറു ദിവസം തുടരും), ചിതിയുടെ സ്ഥാനത്ത് ഉഴുതുമറിച്ച് പല വസ്തുക്കള്‍ നിക്ഷേപിച്ച് അതിനു മുകളില്‍ ചിതിയുടെ ഒന്നാം പടവ് നടത്തുന്നു.
അഞ്ചു മുതല്‍ ഏഴു വരെയുള്ള ദിവസങ്ങളില്‍ ചിതിയുടെ രണ്ട്, മൂന്ന്, നാല് പടവുകള്‍ പൂര്‍ത്തിയാക്കുന്നു. എട്ടാം ദിവസം അഞ്ചാം പടവു പടുക്കുന്നു, ചിതിയെ ശാന്തമാക്കാന്‍ ക്ഷീരധാര (പാലഭിഷേകം). ഒമ്പതാം ദിവസം അവസാനത്തെ പ്രവര്‍ഗ്യം, ഉപസത്, പ്രവര്‍ഗ്യസാധനങ്ങള്‍ ചിതിയുടെ മുകളില്‍ വെയ്ക്കല്‍, ചിതിയില്‍ അഗ്നിസ്ഥാപനം, വസോര്‍ധാര (ഇടമുറിയാതെ നെയ്യു കൊണ്ടു ഹോമം. പത്തു മുതല്‍ പന്ത്രണ്ടു വരെയുള്ള ദിവസങ്ങളില്‍ രാപകലില്ലാതെ തുടര്‍ച്ചയായ കര്‍മ്മങ്ങള്‍, സുത്യം (സോമ ഇടിച്ചുപിഴിയല്‍), ഒന്നാം സ്തുതി, സദസ്സിലെ ധിഷ്ണ്യ (ഹോമകുണ്ഡം)ങ്ങളില്‍ അഗ്നി ജ്വലിപ്പിക്കല്‍, പതിനൊന്നാം ദിവസം പശുബലി, സോമഹോമം, സോമപാനം, പ്രാതസ്സവനം (നാല് സ്തുതി, അഞ്ചു ശസ്ത്രം), ഇടയില്‍ സോമഹവനപാനങ്ങള്‍, യജമാനനെ അക്കിത്തിരി ആയി വാഴിക്കല്‍, പിന്നെ തുടര്‍ച്ചയായി സ്തുതിശസ്ത്രങ്ങളും സോമഹവനപാനാദികളും, പന്ത്രണ്ടാം ദിവസം രാവിലെ അവഭൃഥസ്‌നാനം, പശുബലി, കാട്ടുതീ എന്ന സങ്കല്‍പത്തില്‍ യാഗശാല കത്തിക്കല്‍, യജമാനന്‍ മൂന്ന് അഗ്നികളുമായി ഇല്ലത്തേക്കു മടങ്ങുന്നു. 
ചുരുക്കിപ്പറഞ്ഞാല്‍ ആദ്യത്തെ മൂന്നു ദിവസങ്ങള്‍ യാഗത്തിനു വേണ്ട തയ്യാറെടുപ്പാണ് (ദീക്ഷയെടുക്കല്‍, യാഗത്തിനു വേണ്ട സാധനസാമഗ്രികളും സ്ഥലവും ഒരുക്കല്‍). അടുത്ത അഞ്ചു ദിവസം കൊണ്ട് ശ്യേനചിതി പടുത്തുണ്ടാക്കുന്നു. ജനിച്ച കുഞ്ഞിനെന്ന പോലെ അഗ്നിപൂരിതമായ ചിതിയെ പാലഭിഷേകം ചെയ്തു ശാന്തമാക്കുന്നു എന്നു കൈതപ്രം പറയുന്നു. ഒമ്പതാം ദിവസം ചിതിയില്‍ അഗ്നി ഉണ്ടാക്കി നെയ്യ്ധാര, പത്താം ദിവസം മുതല്‍ സോമ പിഴിഞ്ഞ് നീരെടുത്ത് 29 സ്തുതിശസ്ത്രങ്ങള്‍ ചൊല്ലി സോമഹവനവും സോമപാനവും, പന്ത്രണ്ടാം ദിവസം അവഭൃഥസ്‌നാനത്തോടെ സമാപനം.
ഈ നിരന്തരവും സങ്കീര്‍ണ്ണവുമായ കര്‍മ്മങ്ങളിലൂടെ നമുക്ക് കണ്ണുകൊണ്ട് കാണാന്‍ കഴിയാത്ത പ്രകൃതിയുടെ നിയാമകരായ ദേവകള്‍ പ്രസാദിക്കും. യജമാനനും കുടുംബത്തിനും ലോകത്തിന്നൊട്ടാകയും ധനധാന്യ ഐശ്വര്യസമൃദ്ധികള്‍ ഉണ്ടാവും എന്ന് കൈതപ്രം ചൂണ്ടിക്കാട്ടുന്നു...vamanan

No comments: