Friday, March 16, 2018

വേദാര്‍ത്ഥത്തിന്റെ ത്രിവിധ പ്രക്രിയ- നരേന്ദ്രഭൂഷണ്‍ പറയുന്നു- വേദാര്‍ത്ഥത്തിന് ആധ്യാത്മികം, ആധിഭൗതികം, ആധിദൈവികം എന്ന മൂന്ന് അര്‍ത്ഥതലങ്ങളുണ്ട്. സ്‌കന്ദസ്വാമി, വേങ്കടമാധവന്‍, സായണന്‍ (1315 എ. ഡി-1387എ. ഡി) തുടങ്ങിയ ആചാര്യന്മാര്‍ മുഖ്യമായും യജ്ഞപരമായി (ആധിഭൗതികം) വേദാര്‍ത്ഥം പറഞ്ഞുവരവേ ഇടയ്ക്കിടെ ആധിദൈവികവും ആധ്യാത്മികവുമായ പ്രക്രിയയില്‍ ചില മന്ത്രങ്ങളുടെ അര്‍ത്ഥം പറഞ്ഞിട്ടുണ്ട്.  
ആധിദൈവികാര്‍ത്ഥത്തില്‍ വിഷ്ണു സൂര്യനാകും. ആധ്യാത്മികാര്‍ത്ഥത്തില്‍ ഇന്ദ്രന്‍ പരമാത്മാവോ ജീവാത്മാവോ ആകും. ആധിഭൗതികാര്‍ത്ഥത്തില്‍ അഗ്നി അഗ്നി മാത്രമാണ്. ഭൗതികാര്‍ത്ഥത്തില്‍ യാജ്ഞികാര്‍ത്ഥവും വരും. ഇദം വിഷ്ണുവിചക്രമേ എന്ന ഋഗ്വേദീയമന്ത്രത്തിന്റെ അര്‍ത്ഥം മഹാഭാഷ്യത്തിനു ടീക എഴുതിയ ഭര്‍ത്തൃഹരി വിശദമാക്കുമ്പോള്‍ വിഷ്ണുവിന് സൂര്യന്‍ (അധിദൈവതാര്‍ത്ഥം), പരമാത്മാവ് (ആധ്യാത്മികാര്‍ത്ഥം), ചഷാലം അഥവാ യജ്ഞയൂപത്തിന്റെ അടപ്പ് (അധിയജ്ഞാര്‍ത്ഥം) എന്ന് മൂന്ന് തരം അര്‍ത്ഥങ്ങള്‍ വരുമെന്നു പറയുന്നുണ്ട്. 
 ക്രമേണ ഈ തരത്തില്‍ അര്‍ത്ഥം കല്‍പ്പിക്കുന്നത് ഇല്ലാതെയാകുകയും സായണാചാര്യര്‍ പറഞ്ഞ, യാഗത്തിന് ഉപയോഗിക്കേണ്ട, അര്‍ത്ഥം മാത്രം പ്രചാരത്തില്‍ വരികയും ചെയ്തു. പില്‍ക്കാലത്ത് ഈ മൂന്നുതരം അര്‍ത്ഥങ്ങളും എടുക്കുന്ന രീതിയെ പുനരുദ്ധരിച്ചത് ദയാനന്ദസരസ്വതിയും അരവിന്ദഘോഷുമാണ്.
കുഞ്ചുണ്ണിരാജ ഇതേപ്പറ്റി ഇപ്രകാരം പരാമര്‍ശിക്കുന്നു- ഋഗ്വേദത്തിന് ആധിഭൗതികം, ആധിദൈവതം, ആധ്യാത്മികം എന്നു മൂന്നു തരത്തില്‍ വ്യാഖ്യാനങ്ങള്‍ പണ്ടുതന്നെ ഉണ്ടായിരുന്നു. വേദത്തിന് അര്‍ത്ഥമേ ഇല്ല എന്ന വാദഗതി കൂടി യാസ്‌കന്‍ ചര്‍ച്ച ചെയ്യുന്നുണ്ട്. യാജ്ഞികമായ വിനിയോഗമാണ് ബ്രാഹ്മണങ്ങളിലും ശ്രൗതസൂത്രങ്ങളിലും കാണുക. ബൃഹദ്ദേവതയാണ് മറ്റൊരു വ്യാഖ്യാനം. പഞ്ചജനങ്ങളെപ്പറ്റി യാസ്‌കന്‍, ശാകടായനന്‍, ഔപമന്യവന്‍ എന്നിവരുടെ അഭിപ്രായങ്ങള്‍ക്ക് ഐകരൂപ്യമില്ല. ആധുനികകാലത്ത് ദയാനന്ദസരസ്വതി ഏകദേവതാസിദ്ധാന്തം സമര്‍ത്ഥിക്കുന്നു. ആദ്ധ്യാത്മികമായ രഹസ്യാര്‍ത്ഥമാണ് അരവിന്ദഘോഷ് കല്‍പ്പിക്കുന്നത്. കാമധേനുവിനെപ്പോലെ വിദ്യാര്‍ത്ഥികളുടെ കഴിവനുസരിച്ച് പലപല നിലയ്ക്കും അര്‍ത്ഥം നല്‍കുന്ന ഒന്നത്രേ ഋഗ്വേദമന്ത്രങ്ങള്‍.
ഏര്‍ക്കരയും ഈ മൂന്നു തരം അര്‍ത്ഥങ്ങളെപ്പറ്റി പറയുന്നുണ്ട്. ആര്യസമാജ പക്ഷമനുസരിച്ച് പില്‍ക്കാലത്ത് ഈ ത്രിവിധാര്‍ത്ഥ പ്രക്രിയ ഇല്ലാതെയാകുകയും സായണാചാര്യര്‍ പറഞ്ഞ അര്‍ത്ഥം മാത്രം പ്രചരിക്കുകയും അത് ജന്തുഹിംസ മുതലായ ഹീനകര്‍മ്മങ്ങള്‍ യാഗകര്‍മ്മത്തില്‍ കൂട്ടിച്ചേര്‍ക്കാന്‍ യാജ്ഞികരെ സഹായിക്കുകയും ചെയ്തു എന്നാണ്. ഇവിടെ ഏര്‍ക്കരയുടെ സമീപനം ശ്രദ്ധേയമായ തരത്തില്‍ വ്യത്യസ്തമാണ്.
അദ്ദേഹം പറയുന്നത് ഇതാണ്- അര്‍ത്ഥജ്ഞാനം കൂടാതെ വേദമന്ത്രം ഉച്ചരിക്കുന്നതു നിന്ദ്യമാണെന്നും വ്യര്‍ത്ഥമാണെന്നും ചിലര്‍ പറയുന്നു. ഈ വാദത്തിനനുസരിച്ച് ചില പ്രമാണങ്ങളും അവര്‍ ഉദ്ധരിക്കുന്നു. ഈ പ്രമാണങ്ങള്‍ക്കു നിന്ദയിലല്ല താല്‍പ്പര്യം. പിന്നെയോ? അര്‍ത്ഥജ്ഞാനത്തിന്റെ മാഹാത്മ്യത്തിലാണ് താല്‍പ്പര്യം. വേദങ്ങളിലും പുരാണങ്ങളിലും കാവ്യനാടകാദികളിലും ഇതേമാതിരി പ്രയോഗങ്ങള്‍ ധാരാളം കാണാം. 
 സോമം മന്യതേ പപിവാന്‍ (8. 3. 8. 3) എന്ന ഋക്കില്‍ ഇപ്പോള്‍ സോമപാനത്തിനുപയോഗിക്കുന്ന ലതാരൂപമായ സോമദ്രവ്യം ഇടിച്ചുപിഴിഞ്ഞ ശേഷം ഭക്ഷിക്കുവാന്‍ സോമപാനം ചെയ്യുന്നു എന്നഭിമാനിക്കുന്നു. അതു ശരിയല്ല എന്നു പറഞ്ഞിട്ടുണ്ട്. ഇതിന്നു നിഷേധത്തിലല്ല താല്‍പ്പര്യം എന്നു സായണന്‍ പറയുന്നു. അപശവേ വൈഗോ അശ്വേഭ്യ: എന്ന വേദവാക്യത്തിന് ഗോവും അശ്വവും അല്ലാത്തതൊന്നും പശുക്കളാവില്ല എന്ന നിഷേധത്തിന് വിധേയവസ്തുവിന്റെ പ്രാശസ്ത്യത്തിലാണ് താല്‍പ്പര്യം എന്നു ശാസ്ത്രസിദ്ധമായിട്ടുള്ളതാണ്. അതുപോലെയാണ് സോമഭക്ഷണകാര്യവും എന്നാണ് സായണന്‍ പറയുന്നത്. 
എന്നാല്‍ എന്തിനെയാണ് പ്രശംസിക്കുന്നത് എന്ന ചോദ്യം പൊന്തിവരും. സാക്ഷാല്‍ ചന്ദ്രന്റെ (സോമന്‍) രശ്മിപാനം ചെയ്യണം. അതുമാത്രമേ ശരിയായ സോമപാനം ആവൂ എന്നാണ് വിവക്ഷ. ഈ നിന്ദ കൊണ്ട് ലളിതമായ വിധത്തില്‍ മൂന്നു വിധത്തിലുള്ള അര്‍ത്ഥം സൂചിപ്പിക്കുന്നുണ്ട്. ഭൗതികമായ അര്‍ത്ഥം ലതാരൂപമായ സോമപാനം തന്നെയാണ്. മനുഷ്യര്‍ക്ക് അതുമാത്രമല്ലേ സാധ്യമാവുകയുള്ളൂ?.
അതിനേക്കാള്‍ ഉത്തമമാണ് ചന്ദ്രരശ്മിപാനം. അത് ദേവന്മാര്‍ക്കു മാത്രമേ സുസാധ്യമാവൂ. (ആധിദൈവികമായ അര്‍ത്ഥം). കറുത്തപക്ഷത്തില്‍ ചന്ദ്രരശ്മി ദിവസം പ്രതി കുറഞ്ഞുവരുന്നത് ദേവ•ന്മാര്‍ അതു ഭക്ഷിക്കുന്നതു കൊണ്ടാണ് (കൗഷീതകി ബ്രാഹ്മണം). ഇതിനേക്കാള്‍ ഉത്തമമായ പാനം സ്പഷ്ടമാണ്. അതാണ് ആദ്ധ്യാത്മികാര്‍ത്ഥത്തിലുള്ള സോമപാനം. ഉമയാ സഹ വര്‍ത്തമാനസ്സോമ:- പ്രകൃതിയോടു കൂടിയ പുരുഷന്‍ സൃഷ്ടിസ്ഥിതിസംഹാരങ്ങളെക്കൊണ്ട് ക്രീഡിക്കുന്നവനാണ്. ആ പുരുഷനെപ്പറ്റിയുള്ള ജ്ഞാനമാണ് സാക്ഷാല്‍ സോമപാനം- എന്ന് ഏര്‍ക്കര വിശദമാക്കുന്നു.
ആര്യസമാജ പ്രവര്‍ത്തകനായ വേദബന്ധു തന്റെ ഋഗ്വേദപ്രവേശികയില്‍ ഈ യജ്ഞം (യാഗം) എന്ന സ്ഥാപനം (യജ്ഞസംസ്ഥ) എന്തിനാണ്, യജ്ഞകല്‍പന എന്താണ്, യജ്ഞരഹസ്യം എന്താണ്, പ്രാജാപത്യയജ്ഞം-ദേവതകളുടെ യജ്ഞം- മനുഷ്യരുടെ യജ്ഞം എന്നിവ എന്താണ്, യാജ്ഞികപ്രക്രിയ എന്താണ് എന്നിവ വിസ്തരിക്കുന്നുണ്ട്. അവയെ അദ്ദേഹത്തിന്റെ വാക്കുകളില്‍കൂടിത്തന്നെ നമുക്ക് മനസ്സിലാക്കാന്‍ ആദ്യം ശ്രമിക്കാം.
യജ്ഞസംസ്ഥ എന്തിന്?- സര്‍ഗാരംഭത്തില്‍ സത്വഗുണവിശിഷ്ടരും യോഗശക്തിസമ്പന്നരും പരാവരജ്ഞരുമായ ഋഷിമാര്‍ തങ്ങളുടെ മാനസികമായ സാമര്‍ത്ഥ്യം കൊണ്ട് ചരാചരജഗത്തിലെ പരമാണു തൊട്ട് പരമമായ മഹത്തത്ത്വം വരെ എല്ലാ പദാര്‍ത്ഥങ്ങളും, ഹസ്താമലകവത്, പ്രത്യക്ഷമായ് അറിഞ്ഞിരുന്നു. ഒരു വസ്തു പോലും അവര്‍ക്ക് അപ്രത്യക്ഷമായിരുന്നില്ല. ഉത്തരോത്തരം സത്വഗുണം കുറഞ്ഞും രജസ്തമോഗുണങ്ങള്‍ കൂടിയും വന്ന്, കാമക്രോധമാത്സര്യാദിയായ ഉദ്വേഗങ്ങള്‍ ഉണ്ടായി. 
അങ്ങനെ അവയുടെ പിടിയില്‍ അകപ്പെട്ട പ്രജ സുഖവിശേഷമിച്ഛിച്ചിട്ട്, പ്രാജാപത്യ നിയമങ്ങള്‍ ഉപേക്ഷിക്കുവാനും, കൃത്രിമമായ ജീവിതമുറകള്‍ അനുസരിക്കാനുമിടയായി. മാനസികശക്തികളുടെ അഭ്യാസം ദിവ്യപന്ഥാവില്‍ നിന്നു മാറുകയും, പുതിയ വഴികളിലൂടെ മുന്നേറുകയുമായിരുന്നു ഫലം. അങ്ങനെ മനസ്സിന്റെ ദിവ്യശക്തി ക്ഷീണിച്ചു. തന്മൂലം സൂക്ഷ്മവും, ദൂരസ്ഥവും, വ്യവഹിതവുമായ പദാര്‍ത്ഥങ്ങള്‍ അജ്ഞേയമായി വന്നു. അതിനാല്‍ ബ്രഹ്മാണ്ഡവും പിണ്ഡവും (അദ്ധ്യാത്മവും ശരീരവും) എങ്ങനെ രചിതമാണെന്ന ബോധം നശിച്ചു. അപ്പോള്‍ ആധിഭൗതികവും ആധ്യാത്മികവും ആയ പ്രക്രിയ അനുസരിച്ച് വേദാര്‍ത്ഥം ദുരൂഹമായിത്തീര്‍ന്നു.
അക്കാലത്തു ശേഷിച്ച ഋഷിമാര്‍ ബ്രഹ്മാണ്ഡത്തിന്റേയും അധ്യാത്മത്തിന്റേയും രചനാജ്ഞാനം നല്‍കുവാനും അതിനെ ആശ്രയിച്ച വേദാര്‍ത്ഥം രക്ഷിക്കുവാനും വേണ്ടി, യജ്ഞരൂപമായ രൂപകം, ബാഹ്യേന്ദ്രിയങ്ങള്‍ക്കു വിഷയമാകത്തക്കവണ്ണം, ആവിഷ്‌കരിച്ചു. തദ്വാരാ അന്തരിന്ദ്രിയത്തിനു നവമായ ഗ്രഹണസാമര്‍ത്ഥ്യം പ്രചോദിപ്പിക്കുവാന്‍ ഉതകുന്ന മാതിരി, കല്‍പ്പിതമായ മാതൃക കാണിച്ച്, ദൈവതവും അദ്ധ്യാത്മവും വിശദമാക്കുകയാണ് യജ്ഞസംസ്ഥയുടെ പ്രയോജനം..vamanan

No comments: