Saturday, March 17, 2018

യജ്ഞകല്‍പ്പന- വിരാട്പുരുഷന്‍ (ബ്രഹ്മം) സഖാവായ ശരീരപുരുഷ (ജീവ)ന്റെ ഉടലുണ്ടാക്കിയത് വിരാട്ശരീര (ബ്രഹ്മാണ്ഡം)ത്തിന്റെ രചനാവിധിയനുസരിച്ചാണ്. മാനുഷദേഹം ബ്രഹ്മാണ്ഡത്തിന്റെ ചെറിയ പ്രതികൃതിയാണ്. പരാവരജ്ഞരായ ഋഷികള്‍ ഈ രചനാസാമ്യം ദര്‍ശിച്ചിട്ട് അതിനെ അനുകരിച്ച്, രണ്ടിന്റെയും പ്രതിനിധി എന്ന വണ്ണം യജ്ഞങ്ങള്‍ നിര്‍മ്മിച്ചു. ഭൂഗോളഖഗോളങ്ങളുടെ ചിത്രങ്ങള്‍ വഴിയ്ക്ക് യഥാര്‍ത്ഥമായവയുടെ ബോധമുണ്ടാക്കുംപോലെ, ബ്രഹ്മാണ്ഡഭൂപടത്തില്‍ പട്ടണം, ജില്ല, പ്രദേശം, ദേശം, മഹാദേശം മുതലായവയും, ഖഗോളചിത്രത്തില്‍ നക്ഷത്രം, ഗ്രഹം, സൂര്യാദികള്‍, അവയുടെ ഗതിയും, ഋതു, മാസം, വര്‍ഷം മുതലായവയും കാലമാനങ്ങള്‍ക്കും തമ്മിലുള്ള ബന്ധം കാണിച്ച് ഭൂഗോളഖഗോളശാസ്ത്രത്തിന്റെ മുറപോലുള്ള പരിജ്ഞാനം നല്‍കുംപോലെ, ബ്രഹ്മാണ്ഡത്തിന്റെയും പിണ്ഡ (ശരീരം) ത്തിന്റെയും ദേശകാലാധിഷ്ഠിതമായ രചനാക്രമവും ഗതിവിധിയും മനസ്സിലാക്കിത്തരുവാന്‍ വേണ്ടി, അഗ്നിഹോത്രം, ദര്‍ശപൗര്‍ണ്ണമാസം, ചാതുര്‍മ്മാസ്യം മുതലായ യജ്ഞങ്ങള്‍ നടപ്പില്‍ വരുത്തി.
ഇതാണ് യജ്ഞത്തിനു കല്‍പ്പമെന്നു പേരുവരുവാന്‍ ഹേതു. കല്‍പ്പനാത് കല്‍പ്പ:- ഒന്നിന്റെ സ്ഥാനത്ത് മറ്റൊന്ന് സങ്കല്‍പ്പിച്ചതാണ് കല്‍പ്പം. കല്‍പ്പസൂത്രങ്ങള്‍ യജ്ഞത്തിന്റെ വ്യാഖ്യാനമാകുന്നു. ഏതു കര്‍മ്മം ചെയ്യാന്‍ തുടങ്ങുമ്പോഴും, ആരംഭത്തിന് സങ്കല്‍പ്പവാക്യം ചൊല്ലാറു പതിവാണല്ലോ. പിണ്ഡപുരുഷന്‍ ബ്രഹ്മാണ്ഡപുരുഷന്റെ പ്രതിനിധി രൂപേണ കര്‍മ്മത്തിലേര്‍പ്പെടുന്നു എന്നു സങ്കല്‍പ്പിക്കയാണ് അതിന്റെ താല്‍പ്പര്യം.
ഈ സാമ്യതയെ ആശ്രയിച്ച് യജ്ഞകല്‍പ്പന നടന്ന കാലത്ത്, യജ്ഞീയമായ ഓരോ പദാര്‍ത്ഥവും ഓരോ ക്രിയയും ആധിദൈവികവും, ആധ്യാത്മികവുമായ ഓരോ പദാര്‍ത്ഥത്തേയും, ഓരോ ക്രിയയേയും പ്രതിനിധാനം ചെയ്യുന്നു. ആരംഭകാലത്തു കല്‍പ്പിതമായ അഗ്നിഹോത്രം, ദര്‍ശപൗര്‍ണ്ണമാസം, ചാതുര്‍മ്മാസ്യം മുതലായ യജ്ഞങ്ങളില്‍ കാലം ചെല്ലുന്തോറും ഒട്ടേറെ മാറ്റങ്ങള്‍ ഉണ്ടാകാന്‍ ഇടയായെങ്കിലും, അവയിലെ സാമഗ്രികളും കര്‍മ്മങ്ങളും ആധിദൈവികവും ആധ്യാത്മികവുമായ ജഗത്തിലെ പദാര്‍ത്ഥങ്ങളും ക്രിയകളുമായി പ്രത്യക്ഷമായ സാദൃശ്യം പുലര്‍ത്തുന്നുണ്ട്. പ്രാചീനമായ പാരമ്പര്യത്തിന്റെ അവശേഷമെന്ന നിലയില്‍ ഇതിന്റെ സങ്കേതം ബ്രാഹ്മണഗ്രന്ഥങ്ങളില്‍ കാണുന്നു.          
മുണ്ഡകോപനിഷത്ത്, മഹാഭാരതം, വായുപുരാണം എന്നിവയിലെ പരാമര്‍ശങ്ങളെ അടിസ്ഥാനമാക്കി കൃതയുഗത്തിന്റെയും ത്രേതായുഗത്തിന്റെയും സന്ധിയിലാണ് യജ്ഞങ്ങള്‍ ആവിര്‍ഭവിച്ചത് എന്നു വേദബന്ധു പറയുന്നു. ഒരു തരത്തില്‍ നിന്നു പല തരത്തിലേക്കുള്ള യാഗപരിണാമത്തെ വേദബന്ധു ഇപ്രകാരം വിവരിക്കുന്നു- ആരംഭത്തില്‍ വെറും ഏകാഗ്നിസാധ്യമായിരുന്ന (യജുര്‍വേദം കൊണ്ടു നിര്‍വഹിക്കുന്ന) അഗ്നിഹോത്രാദിയായ ഹോമങ്ങള്‍ നടന്നിരുന്നു. പിന്നീട് ഐലപുരൂരവസ്സിന്റെ കാലത്ത് ത്രേതാഗ്നിസാധ്യമായ (ഗാര്‍ഹപത്യം, ദക്ഷിണം, ആഹവനീയം എന്ന മൂന്ന് അഗ്നികള്‍ കൊണ്ടു ചെയ്യുന്ന) ദ്വിവേദസമ്പന്നമായ (യജുര്‍വേദവും ഋഗ്വേദവും) ദര്‍ശപൗര്‍ണ്ണമാസാദിയും, ത്രിവേദസമ്പന്നമായ (യജുര്‍വേദം, ഋഗ്വേദം, സാമവേദം ഇവ കൊണ്ടു നിര്‍വഹിക്കുന്ന) ജ്യോതിഷ്‌ടോമാദിയുമായ യജ്ഞങ്ങള്‍ കല്‍പ്പിതമായി. തദനന്തരം പഞ്ചാഗ്നിസാധ്യമായ (ആഹവനീയം, ഗാര്‍ഹപത്യം, ദക്ഷിണാഗ്നി, ആവസ്ഥ്യം, സഭ്യം എന്ന അഞ്ചു ശ്രൗതസ്മാര്‍ത്തവിഹിതമായ അഗ്നി കൊണ്ടു നടക്കുന്ന) ക്രിയാകലാപം പ്രചരിച്ചു. 
പ്രാരംഭികയജ്ഞങ്ങള്‍ ഈടുറ്റ വൈജ്ഞാനികതയെ ആധാരമാക്കി കല്‍പിതമായിരുന്നതിനാല്‍ അവയ്ക്ക് ആധിദൈവികലോകവുമായി സാക്ഷാല്‍ സംബന്ധമുണ്ടായിരുന്നു. അഗ്നിഹോത്രത്തിന് അഹോരാത്രത്തോടും, ദര്‍ശപൗര്‍ണ്ണമാസത്തിന് കൃഷ്ണശുക്‌ളപക്ഷങ്ങളോടും ചാതുര്‍മ്മാസ്യത്തിന് മൂന്ന് ഋതുക്കളോടും വേഴ്ച്ച ഉണ്ടായിരുന്നു. അഗ്നിഹോത്രവും ദര്‍ശപൗര്‍ണ്ണമാസവും ചാതുര്‍മാസ്യവും മാത്രമായിരുന്നു പ്രാചീനയജ്ഞങ്ങള്‍. ബാക്കി യജ്ഞങ്ങള്‍ കാലക്രമത്തില്‍ വിസ്താരം നേടി ബഹുരൂപമായി പ്രചരിച്ച കര്‍മ്മകാണ്ഡ പ്രപഞ്ചമാകുന്നു.
 യജ്ഞരഹസ്യം- യാജ്ഞികപ്രക്രിയ അനുസരിച്ച് വേദാര്‍ത്ഥം സുഗ്രഹമാകണമെങ്കില്‍ വേദപ്രതിപാദിതമായ യജ്ഞത്തിന്റെ ആദിമസ്വരൂപം അറിഞ്ഞിരിക്കണം. വേദത്തില്‍ വിവരിക്കുന്ന യജ്ഞം സൃഷ്ടികര്‍മ്മമാകുന്നു.  ഈ യജ്ഞം ഒന്നാമത് പ്രജാപതിയായ പരമാത്മാവ് ചെയ്തു. തത്ഫലമായി ദേവതകള്‍ (ദിവ്യശക്തികള്‍) രൂപം കൊണ്ടു.  അവയില്‍ പരമാത്മാവു വ്യാപിച്ചു. അപ്പോള്‍ ആ ദേവതകള്‍ യജ്ഞം തുടര്‍ന്നു. അപ്പോള്‍ അവര്‍ മഹിമ ഉള്ളവരായി അനുഭവപ്പെട്ടു. ദേവതകളുടെ യജ്ഞം കണ്ട് മനുഷ്യര്‍ മഹിമ ഇച്ഛിച്ചുകൊണ്ട് ദേവതകളെ അനുകരിച്ചു യജ്ഞം ചെയ്തു. ഇതാണ് യജ്ഞസംസ്ഥയുടെ പ്രാരംഭകഥയിലെ അനുക്രമം.
 ഇതു കല്‍പം തോറും യഥാപൂര്‍വം തുടരുന്നു. അതിനാല്‍ ഈ നിയമത്തിന് ഋതം എന്നു പേരിട്ടു. പ്രവാഹരൂപേണ നിത്യമാണ് സൃഷ്ടി. സൃഷ്ടി കഴിഞ്ഞു പ്രളയം, പ്രളയം കഴിഞ്ഞു സൃഷ്ടി എന്ന ചക്രഗതിയാണ് ഋതനിയമം. ഈ ചക്രഗതിയുടെ ആദിയും അന്തവും കേവലം വ്യാവഹാരികമായ സൗകര്യാര്‍ത്ഥം അനുമാനിക്കാമെന്നല്ലാതെ നിര്‍ണ്ണയിക്കാനാവില്ല. 
അനുമാനസിദ്ധമായ സര്‍വപ്രഥമാവസ്ഥയില്‍, നാമരൂപാത്മകമായ ജഗത്ത് ഇല്ലാതിരുന്നപ്പോള്‍ ബ്രഹ്മമുണ്ടായിരുന്നു. അന്നു വ്യക്ത ജഗത്ത് ഇല്ലാതിരുന്നതിനാല്‍ വാഗ്‌വ്യവഹാരം സംഭവമായിരുന്നില്ല. അതുകൊണ്ട് അന്നുണ്ടായിരുന്നത് വ്യക്തമെന്നോ അവ്യക്തമെന്നോ പറയാനാവാത്ത പ്രസുപ്തകല്‍പ്പമായ അവസ്ഥ ആയിരുന്നു. അന്ന് അന്തരീക്ഷം ഇല്ലായിരുന്നു. അതിനപ്പുറം ആകാശമണ്ഡലം ഉണ്ടായിരുന്നില്ല. അതുകൊണ്ട് എന്ത്, എന്തിനെ, എവിടെ, പൊതിഞ്ഞിരുന്നു? ആശ്രയമെന്തായിരുന്നു? ആഴമേറിയ ഗംഭീരസലിലരൂപമായ മൂലപ്രകൃതി എവിടെ ആയിരുന്നു? പകലെന്നും രാത്രിയെന്നും തിരിച്ചറിയുന്ന ചിഹ്നവും ഇല്ലായിരുന്നു. പിന്നെയോ? വായുവിനെ ആശ്രയിക്കാതെ സ്പന്ദിക്കുന്ന ഏകബ്രഹ്മം സ്വധയോടൊന്നിച്ച് വര്‍ത്തിച്ചു. അതല്ലാതെ ഒന്നുമേ ഇല്ലായിരുന്നു...vamanan

No comments: