Tuesday, March 20, 2018

പരമമായ സത്യത്തിന്റെ സാക്ഷാത്കാരത്തിന് സത്യം പറയുന്ന ശീലം വളര്‍ത്തിയെടുക്കേണ്ടതുണ്ട്. സത്യം പറയുന്നതില്‍ നിഷ്ഠപാലിക്കുന്നവര്‍ക്ക് ആന്തരിക അലോസരങ്ങള്‍ കുറയും. വളരുന്ന തലമുറയ്ക്ക് സത്യത്തിന്റെ മഹത്വത്തെക്കുറിച്ചും, അതു സമ്മാനിക്കുന്ന ശാന്തിയെക്കുറിച്ചും പറഞ്ഞു കൊടുക്കാന്‍ മുതിര്‍ന്നവര്‍ ഉത്സാഹിക്കണം. ' യഥാഭൂത കഥനം സത്യം'  (എപ്രകാരം സംഭവിച്ചുവോ അപ്രകാരം പറയുക ) എന്ന സമീപനം പ്രായോഗികമാക്കാന്‍ ഓരോരുത്തരും മനസ്സിരുത്തണം. 
എല്ലാ സത്യങ്ങളും എല്ലാ അവസരങ്ങളിലും വിളിച്ചു പറയേണ്ട കാര്യമില്ല.  ' ഞാനുള്ള സത്യം വിളിച്ചു പറഞ്ഞു പോവും , അതാണെന്റെ ദൗര്‍ബ്ബല്യം'  എന്നു പറയുന്നവരുണ്ട്. ഇവര്‍ക്ക് ഇത് ദൗര്‍ബ്ബല്യമാണെന്ന് ബോധമുണ്ടല്ലോ! സത്യങ്ങള്‍ അസ്ഥാനത്ത് വിളിച്ചു പറഞ്ഞ് മറ്റുള്ളവര്‍ക്ക് ദ്രോഹം ചെയ്യുന്ന രീതി തിരുത്തുന്നത് സത്യാചരണത്തിന്റെ ഭാഗമായിക്കരുതണം. 
'ഭൂത ഹിത കഥനം സത്യം' ഭൂതഹിതം  ഏവരുടേയും നന്മയ്ക്കും, ശ്രേയസ്സിന്നും ഉതകുന്നത് പറയുമ്പോഴും നാം സത്യഭാഷണം അനുസരിക്കുന്നുവെന്നാണിവിടെ അര്‍ത്ഥം. കവിതകളും, കഥകളും, നോവലുകളും, ഒക്കെ എപ്പോഴും സംഭവിച്ചത് അതേപടി ചിത്രീകരിക്കുകയല്ല ചെയ്യുന്നത്. സദുദ്ദേശ്യ രചനകളില്‍ കല്‍പിത കഥകള്‍ക്കൊപ്പം മൂല്യങ്ങള്‍ പകരാനും രചയിതാക്കള്‍ ശ്രദ്ധിക്കും. കള്ളങ്ങളെന്ന് അവയെ തള്ളിക്കളഞ്ഞുകൂടാ. പ്രഭാഷണ വേളകളിലൊക്കെ ഹിതോപദേശങ്ങള്‍ നല്‍കാന്‍ ചില അനുഭവങ്ങളിലെ സ്വകാര്യത മറച്ചു വെച്ചു കൊണ്ട് ദേശ കാലങ്ങള്‍ മാറ്റിപ്പറയുന്ന പതിവ് പ്രഭാഷകര്‍ പഠിക്കാറുണ്ട്. ഉദ്ദേശ്യ ശുദ്ധി മുന്‍നിര്‍ത്തി  അത് തെറ്റെന്ന് വിലയിരുത്താന്‍ സാധിക്കില്ല. 
വ്യവഹാരങ്ങളില്‍ എപ്പോഴും മറ്റുള്ളവരുടെ ആത്യന്തിക ശ്രേയസ്സ് ലക്ഷ്യമാക്കിയിട്ടേ സംസാരിക്കൂ എന്ന് തീരുമാനിക്കാനും ഇടയ്ക്കിടെ വ്യവഹാരങ്ങള്‍ പുനഃപരിശോധന നടത്തി അതുറപ്പാക്കാനും നമുക്കു കഴിയണം. അവശ്യം വേണ്ടുന്ന അനൗപചാരിക സംവാദങ്ങള്‍ക്കും, നര്‍മ്മഭാഷണങ്ങള്‍ക്കും അപ്പുറത്ത്  അനാവശ്യമായ വിടുവായത്തം നിയന്ത്രിക്കാന്‍ ഇതു കൊണ്ടു കഴിയും.  എന്റെ സങ്കുചിതമായ സ്വാര്‍ത്ഥത്തിന് വേണ്ടി കാര്യങ്ങളെ വളച്ചൊടിക്കില്ലെന്നും മറ്റുള്ളവര്‍ക്ക് അതൃപ്തി നല്‍കുന്ന മേനിപറച്ചിലിന് മുതിരില്ലെന്നും ആലോചിച്ചുറപ്പിക്കേണ്ടതുണ്ട്.  ഇതൊക്കെ സത്യം പറയുന്നതുമായി ബന്ധപ്പെട്ട പാഠങ്ങളാകുന്നു.
അടുത്തതായി സത്യഭാഷണ ശീലത്തിന്റെ കുറച്ചു കൂടി സൂക്ഷ്മമായ തലം പരിഗണിക്കാം.  ' യഥാഭൂത കഥനം സത്യം'  എന്ന വാസ്തവ വദന സമീപനത്തിനപ്പുറം  സത്യത്തിന്റെ മറ്റൊരു നിര്‍വ്വചനം മനനം ചെയ്യാം. 'ത്രികാലാബാധിതം യത് തത് സത്' ( മൂന്നു കാലങ്ങളിലും ചോദ്യം ചെയ്യപ്പെടാത്തതായി പരിലസിക്കുന്നതെന്തോ അത് സത്യം.) ഈ സത്യനിര്‍വ്വചനമനുസരിച്ച് അനുഭവ ലോകത്തെക്കുറിച്ച് ഒന്നും പറയുന്നത് സത്യപ്രസ്താവനയാവില്ല. 'വസ്ത്രം ഉണ്ടെ 'ന്ന വാചകം സത്യത്തിന്റെ പ്രസ്താവിച്ച നിര്‍വ്വചനത്തിന് അനുസൃതമാവില്ല. വസ്ത്രം നൂലാണ്, നൂല് പഞ്ഞിയാണ് എന്ന പ്രകാരത്തില്‍ സത്യാന്വേഷണം, ഭൗതിക ശാസ്ത്രമനുസരിച്ചുപോലും ദ്രവ്യം ഊര്‍ജ്ജ സ്പന്ദനമാണെന്ന കണ്ടത്തലിലെത്തിച്ചേരുമല്ലോ?. ആദ്ധ്യാത്മിക വിശകലനത്തില്‍ ഊര്‍ജ്ജത്തിനും കാരണമായ ചൈതന്യമാണ് സത്യം . ഇവിടെ സത്യനിഷ്ഠയുടെ ഭാഗമായി' മൗനം പാലിക്കുന്നത് പ്രസക്തമാവുന്നു.  
' പേശാതിരുന്തും പഴക് ' ( മിണ്ടാതിരുന്നും ശീലിക്കൂ ) എന്ന തമിഴ് മൊഴി ആത്യന്തിക സത്യാര്‍ത്ഥികള്‍ക്ക് ഉത്തമ സാധനാനിര്‍ദ്ദേശമാണെന്ന് കണക്കാക്കാം. ഈ മൗനത്തിന് ധ്യാനാത്മകത ഉറപ്പാക്കണം. ഒന്നൊന്നായി എണ്ണി എണ്ണി മുന്നേറുമ്പോള്‍ ദൃക് ( കാണുന്ന ആള്‍) മാത്രം അവശേഷിക്കുമെന്ന സത്യാവസ്ഥ ദൈവദശകത്തില്‍ വ്യക്തമാക്കപ്പെട്ടിട്ടുണ്ട്.
ജീവിതത്തില്‍ പല തലങ്ങളിലും  ഇങ്ങിനെ സത്യഭാഷണ നിഷ്ഠ പ്രയോഗത്തില്‍ വരുത്തിയാല്‍ ബാഹ്യലോക വ്യവഹാരത്തില്‍ എല്ലാം സത്യ വിസ്ഫൂര്‍ത്തിയായി ബോധിച്ചു കിട്ടും. ആത്മസത്താ ധ്യാനവും സാര്‍ത്ഥകവും, സഫലവും ആകും.
ഇപ്രകാരം തന്നെ അഹിംസയും, ബ്രഹ്മചര്യവും യഥാക്രമം ചിത്‌സ്വരൂപിയും, ആനന്ദസ്വരൂപിയും ആണെന്ന വാസ്തവ സാക്ഷാത്കാര പാതയില്‍ ചര്‍ച്ച ചെയ്യപ്പെടേണ്ടതുണ്ട്...swami adhyatmananda

No comments: