Monday, March 19, 2018

ദേവതകള്‍ ഈ പ്രാജാപത്യയജ്ഞം പരത്തിയപ്പോള്‍ അവര്‍ക്ക് പ്രയോജനം എന്തായിരുന്നു?. അളവ് എന്തായിരുന്നു?. നിദാനമെന്തായിരുന്നു?. നെയ്യ് എന്തായിരുന്നു?. പരിധി എന്തായിരുന്നു?. ഛന്ദസ്സ് ഏതായിരുന്നു?. പ്രഉഗം ഏതായിരുന്നു?. ഉക്ഥം ഏതായിരുന്നു?. എന്നീ പ്രശ്‌നങ്ങള്‍ക്ക് ഋക്ക് സമാധാനം നല്‍കുന്നു- ഈ യജ്ഞത്തിന് ഏഴു പരിധികളുണ്ട്. ഇരുപത്തൊന്ന് സമിത്തുകള്‍ ഉണ്ട്. ഇങ്ങനെ ദേവതകള്‍ യജ്ഞം പരത്തി. തദ്വാരാ വിരാട്പുരുഷനായ വിശ്വത്തെ (കാണപ്പെടുന്നതിനെ = പശുവിനെ) കെട്ടിഉറപ്പിച്ചു. 
യജ്ഞത്തിന്റെ അര്‍ത്ഥം ഇതാകുന്നു. പ്രജാപതി ഈ വിരാഡ്യജ്ഞം കൊണ്ട് സൃഷ്ടി നടത്തി. ദേവതകള്‍ ഈ സൃഷ്ടിയജ്ഞത്തെ യഥാപൂര്‍വം, പ്രവാഹരൂപേണ, സ്ഥായി ആക്കി നിര്‍ത്തുന്നു. ദേവതകള്‍ നിരന്തരം യജ്ഞം കൊണ്ട് യജ്ഞപുരുഷനായ പ്രജാപതിയെ പൂജിക്കുന്നു. ഈ യജ്ഞമാണ് സനാതനധര്‍മ്മം. അങ്ങനെ ദേവതകള്‍ മഹിമ ഉള്ളവരായിട്ട് അവര്‍ക്കു മുമ്പ് സാധകരായ ദേവന്മാരിരിക്കുന്ന സ്വര്‍ഗത്തില്‍ എത്തിയിരിക്കുന്നു. 
 ഈ ഋക്കില്‍ നിന്നും അഞ്ചു തത്ത്വങ്ങള്‍ സിദ്ധിക്കുന്നു:
(1). യജ്ഞം പ്രജാപതിയുടെ പൂജയാണ്. 
(2). സൃഷ്ടി പ്രവാഹരൂപേണ നിത്യമാണ്. എന്തുകൊണ്ടെന്നാല്‍ ഈ കല്‍പത്തിലെ ആദിദേവതകള്‍ക്കു മുമ്പും ദേവതകള്‍ യജ്ഞം ചെയ്തിരുന്നു. 
(3). യജ്ഞത്തിന്റെ ഫലം സ്വര്‍ഗപ്രാപ്തി ആകുന്നു. 
(4). യജ്ഞം സനാതന ധര്‍മ്മമാകുന്നു. 
(5). ദേവതകള്‍ സ്വന്തം നിലയിലല്ല, പ്രജാപതിയുടെ ഇച്ഛ അനുസരിച്ച് യജമാനര്‍ ആയതിനാലാണ് മഹിമ ഉള്ളവരായത്. 
മനുഷ്യര്‍ ദേവതകളോടൊത്ത് യജ്ഞം ചെയ്യുന്നു-  പ്രജാപതി സ്വയം യജ്ഞം ചെയ്യുന്നു. ദേവതകള്‍ പ്രാജാപത്യയജ്ഞം തുടരുന്നു. ഇങ്ങനെ പ്രജാപതിയെ ദേവതകള്‍ പൂജിച്ചു. ഇതുകണ്ട് ലോകത്തില്‍ മനുഷ്യര്‍ യജ്ഞം ചെയ്യാന്‍ തുടങ്ങി. പൂര്‍വകല്‍പ്പത്തില്‍ യജ്ഞം ചെയ്ത ദേവതകള്‍ മഹിമാശാലികള്‍ ആയതുപോലെ, ഈ കല്‍പ്പത്തിലും ദേവതകള്‍ യജ്ഞം കൊണ്ടു മഹിമ നേടുന്നു. ഇതു മഹിമാപ്രാപ്തിക്കുള്ള സനാതന നിയമമാകുന്നു. അതിനാല്‍, ഏതൊരുവന്‍ അപ്രകാരം വിശ്വം സൃഷ്ടിക്കുന്ന പ്രജാപതിയുടെ യജ്ഞങ്ങള്‍ തന്നെയാണ് തന്റേതും എന്നു കരുതി അവയെ അനുകരിച്ച് അതുപോലെ യജ്ഞങ്ങള്‍ ചെയ്യുന്നുവോ അവനും (ദേവതകളെപ്പോലെ) അഭ്യുദയം നേടുന്നു. 
ഈ ബ്രാഹ്മണ വചനത്തില്‍ നിന്ന് ലോകം ആരംഭത്തില്‍ ചെയ്തുവന്ന യജ്ഞത്തിന്റെ സ്വരൂപം വിശദമാക്കുന്നു:
(1) മനുഷ്യന്‍ ചെയ്യുന്ന യജ്ഞം പ്രജാപതി ചെയ്യുന്ന യജ്ഞം ആണെന്ന് ആരോപിച്ചിരിക്കണം. എപ്രകാരം ദേവതകള്‍ പ്രജാപതിക്കു വേണ്ടി യജ്ഞം ചെയ്യുന്നുവോ അപ്രകാരം പ്രജാപതിക്കും ദേവതകള്‍ക്കും വേണ്ടി  ആ യജ്ഞത്തെ യഥാതഥാ അനുകരിച്ച് നമ്മളും യജ്ഞം ചെയ്യണം.
(2) അങ്ങനെ ചെയ്യുന്ന യജ്ഞം കൊണ്ട് ദേവതകളെപ്പോലെ നമ്മളും അഭ്യുദയം നേടും. 
 ഈ പ്രതിപാദനത്തില്‍ നിന്ന് യജ്ഞത്തിന്റെ നേരായ സ്വരൂപം ഇങ്ങനെ നിര്‍ണ്ണയിക്കാം:
(1) ഈ വിരാട് ജഗത്തിന്റെ സര്‍ഗത്തിനും പാലനത്തിനും വേണ്ടി ചെയ്യുന്ന കര്‍മ്മം ഒരു യജ്ഞമാകുന്നു.
(2) ഈ യജ്ഞത്തിന്റെ സാക്ഷാത്തായ കര്‍ത്താവ് പ്രജാപതിയാകുന്നു.
(3) വിരാടിന്റെ അന്തരാത്മാവായി ഇരുന്നുകൊണ്ട് പ്രജകളെ സൃഷ്ടിക്കുന്ന പരമാത്മാവിന്റെ വിരാട് രൂപമാണ് പ്രജാപതി. ഈ രൂപത്തില്‍ വിരാട്, പ്രജാപതിയുടെ ശരീരവും, വിരാടിന്റെ ഓരോ അംഗവും പ്രജാപതിയുടെ അംഗവുമാകുന്നു. 
(4) പ്രജാപതിയുടെ ഈ യജ്ഞത്തിന്റെ ഫലം പ്രജോത്പത്തി ആകുന്നു. അപ്പോള്‍ നമ്മുടെ യജനീയദേവന്‍ പ്രജാപതി തന്നെയാണ്. വിശിഷ്ടരൂപത്തില്‍ വര്‍ണ്ണിച്ച പ്രജാപതിയുടെ ആ രൂപത്തില്‍ ദ്യൗ ശിരസ്സും സൂര്യന്‍ നേത്രവും പൃഥ്വി പാദവും എന്നുള്ളതായ രൂപകം കൊണ്ട് അല്ലാ ദിവ്യശക്തികളിലും പ്രജാപതിയുടെ ശക്തിയും മഹിമയും കാണിച്ചു. അതിനാല്‍ ദ്യൗ മുതലായവയും മനുഷ്യരുടെ യജ്ഞീയദേവതകളാണ്. എന്നാല്‍ ഇവ പ്രജാപതിയില്‍ നിന്നു ഭിന്നമല്ല. സമഷ്ടിരൂപത്തില്‍ പ്രജാപതി എന്നും വ്യഷ്ടിരൂപത്തില്‍ സൂര്യന്‍, വായു, അഗ്നി മുതലായ പേരുകളിലും വ്യവഹരിക്കുന്നു എന്നേ ഉള്ളൂ. സ്ഥൂലദൃഷ്ടികള്‍ക്ക് ഇവ വേറെ വേറെ ദേവതകളായി പ്രതീതമാകുന്നു. തത്ത്വവേത്താക്കള്‍ വേറെ വേറെ രൂപങ്ങളില്‍ ഒരു പരമാത്മാവിനെ ദര്‍ശിക്കുന്നു.
പ്രജാപതി ഏതൊക്കെ ശക്തികള്‍ വഴിക്ക് നമ്മുടെ ജനനവും പാലനവും നിര്‍വഹിക്കുന്നുവോ, ആ ശക്തികള്‍ പൂര്‍ണ്ണബലവതികളാണ്. എന്നാല്‍ എപ്പോഴെല്ലാം പ്രതികൂലമായ അവസ്ഥകള്‍ നിമിത്തം അവയില്‍ ദുര്‍ബലതയോ പ്രതികൂലതയോ ഉണ്ടാകുന്നുവോ അപ്പോഴെല്ലാം അതിന്റെ സംശോധനം പ്രജാപതി തന്റെ സ്വാഭാവികമായ യജ്ഞം കൊണ്ടു സാധിക്കുന്നു. ഇതേ ലക്ഷ്യത്തോടെ നാമും നമ്മുടെ യജ്ഞം ചെയ്യുമ്പോള്‍ തദ്വാരാ ആ ശക്തികളുടെ ദുര്‍ബലതയും പ്രതികൂലതയും ദൂരീകരിക്കണമെന്ന് അഭിലഷിക്കുന്നു. ഇപ്രകാരം പ്രജാപതിയുടെ വിരാഡ്യജ്ഞത്തില്‍ നാം നമ്മുടെ ക്ഷുദ്രമായ യജ്ഞത്തെ സംയോജിപ്പിച്ചിട്ട്, പ്രജാപതിയെ പൂജിക്കയാണ് ചെയ്യുന്നത്. അതേ സമയം പ്രജാപതിയോടുള്ള കൃതജ്ഞത പ്രകാശിപ്പിക്കുകയും ചെയ്യുന്നുണ്ട്.
യജ്ഞം മുഖ്യമായും അഗ്നിയിലാണ് നാം ചെയ്യുന്നത്. ഹോമദ്രവ്യങ്ങളുടെ അണുക്കളെ വേര്‍പെടുത്തി വിശ്വം മുഴുവന്‍ നിറയ്ക്കുവാനുള്ള ശക്തി അഗ്നിയിലേ ഉള്ളൂ. അഗ്നിയില്‍ ഹോമിച്ച ദ്രവ്യം ഒന്നാമത് വായുവില്‍ സംസ്‌കരിക്കപ്പെടുന്നു. പിന്നീട് വായു വൃഷ്ടിജലത്തെ സംസ്‌കരിക്കുന്നു. സംസ്‌കൃതമായ ഈ ജലം നദിയിലും ഊറ്റുകുഴികളിലും കൂടെ നമ്മുടെ വ്യവഹാരത്തിനു ലഭിക്കുന്നു. ഇതില്‍ നിന്നു സസ്യം, ധാന്യം, ഫലമൂലങ്ങള്‍ മുതലായവ ഉണ്ടായിട്ട് നമുക്ക് സ്വാസ്ഥ്യപ്രദം ആയിത്തീരുന്നു. ഇങ്ങനെ അഗ്നിയില്‍ ചെയ്ത ഹോമം നമുക്ക് ഉപകാരം ചെയ്യുന്നു. അതിനര്‍ത്ഥം ജീവനം തരുന്ന ദിവ്യശക്തികളായ എല്ലാ ദേവതകളിലും ആ ഹോമദ്രവ്യം വിതരിതമാകുന്നു എന്നും അവ അതു ഭക്ഷിക്കുന്നു എന്നും ആകുന്നു. അതിന്നാലാണ് അഗ്നിയെ വിരാടിന്റെ മുഖം എന്ന് ഋക്ക് ഓതിയത്. അഗ്നിയില്‍ അല്ലാതെ മറ്റൊന്നിലും ചെയ്യുന്ന യജ്ഞത്തിന് ഈ ഫലം തരാന്‍ സാമര്‍ത്ഥ്യം ഇല്ല. .
vamanan.

No comments: