Monday, March 19, 2018

ഒരിക്കൽ രമണാശ്രമത്തിൽ വളരെ രസകരമായ ഒരു സംഭവം നടന്നു.ശ്രീ രമണ ഭഗവാനെ വിരൂപാക്ഷഗുഹയിലോ മറ്റോ വച്ചു കണ്ട ഒരാൾ പിന്നീട് രമണാശ്രമത്തിൽ വച്ച് വീണ്ടുംഭഗവാനെ കാണാനിടയായി.തികച്ചും പരിഗ്രഹശൂന്യനായി ആശ്രമമോ മറ്റ് വസ്തുക്കളോ കൂടാതെ, മൗനിയായി ഭിക്ഷാംദേഹിയായിരുന്ന ഭഗവാനെ കണ്ട ശേഷം പിന്നീട് കാണുന്നത് ആശ്രമത്തിൽ സാമാന്യ സൗകര്യങ്ങളോടെ കട്ടിലിൽ ഇരുന്നു കൊണ്ട് ഭക്തന്മാരോട് അത്യാവശ്യം സംവദിക്കുകയും ഒക്കെ ചെയ്യുന്ന മഹർഷിയെയാണ്.ഇത് കണ്ട് മഹർഷിയുടെ ആന്തരിക സ്ഥിതിയെ കുറിച്ച് യാതൊരറിവുമില്ലാത്ത ആ വ്യക്തി ബഹ്യത്യാഗമാണ് മഹത്വം എന്ന് ധരിച്ച് ഭഗവാനോട് ഇങ്ങിനെ പറഞ്ഞു. " സ്വാമീ ! നിങ്ങൾ മലയിലായിരുന്നപ്പോൾ എത്ര മഹാനായിരുന്നു. എന്തൊരു ത്യാഗമായിരുന്നു. ഇപ്പോൾ നോക്കൂ, വസ്തുക്കളും,വ്യക്തികളും, സൗകര്യങ്ങളും നിങ്ങൾക്ക് ചുറ്റും കൂടിയിരിക്കുന്നു. നിങ്ങൾ നശിച്ചുപോയിരിക്കുന്നുവല്ലോ സ്വാമീ" എന്ന്. "നീങ്ക കെട്ടു പോയിട്ടീരേ" എന്നത് കേട്ടപ്പോൾ ഭഗവാൻ ചിരിച്ചു കൊണ്ട് പറഞ്ഞു. 'ആമാം നാൻ കെട്ടു പോയിട്ടേൻ അപ്പാ' എന്ന് സമ്മതിച്ചു.ഇത് കേട്ട ഭക്തന്മാർ ഭഗവാനോട് 'എന്താ ഭവാനെ അയാൾ പറയുന്നതിന് ഭഗവാൻ സമ്മതം മൂളുന്നത് ' എന്ന് ചോദിച്ചു. "അതെ ഓയ്! അയാൾ പറയുന്നത് ശരി തന്നെ. 'യാൻ കെട്ട് തൻ നിലൈയിൽ നിറ്റൽ തലൈ' "ഞാൻ നശിച്ചാലല്ലേ സ്വസ്ഥനാവുകയുള്ളൂ. അയാൾ പറഞ്ഞത് സത്യം തന്നെ". ഭവാന്റെ എല്ലാ ഉപദേശങ്ങളിലും അഹങ്കാരക്ഷയമാണ് മോക്ഷം എന്നത് ധ്വനിക്കും. അഹങ്കാരത്തിനെ നിലനിർത്തിക്കൊണ്ടുള്ള യാതൊരനുഭൂതിയും നിത്യമാവുകയില്ല. "ത്രിപുടി മുടിഞ്ഞ് തെളിഞ്ഞിടുന്ന ദീപം കപടയതിക്ക് കരസ്ഥമാകുവീലെന്നുപനിഷദുക്തി രഹസ്യമോർത്തിടേണം" എന്ന ശ്രീനാരായണ ഗുരു വചനം ഇതേ ആശയത്തിനെ ധ്വനിപ്പിക്കുന്നു.
"ഓം നമോ ഭഗവതേ വാസുദേവായ"
ഗുരുകൃപയാൽ.........

No comments: