Friday, August 23, 2019

ദക്ഷിണാമൂർത്തി സ്തോത്രം-73

ശ്രവണാത്തദര്ഥ മനനാത്  അർത്ഥമെന്നാൽ അതിന്റെ ലക്ഷ്യാർത്ഥം ആണ് ഉദ്ദേശിക്കുന്നത്. പഞ്ചസാര മധുരിക്കും എന്നത് വാക്യാർത്ഥം പക്ഷേ എത്ര പറഞ്ഞാലും മധുരം അറിയാൻ സാധിക്കുമോ? ലക്ഷ്യാർത്ഥം വായിൽ ഇത്തിരി പഞ്ചസാര ഇട്ട് തരുന്നതാണ്.
ഇവിടെ ലക്ഷ്യാർത്ഥം സ്ഫൂർത്തി ശ്രദ്ധ ഏർപ്പെടണം എന്നതാണ്.

ശ്രവണാത്തദർത്ഥ മനനാദ്ധ്യാനാച്ച സംകീര്തനാത് . ആ അനുഭൂതി ആനന്ദമേർപ്പെടുമ്പോൾ അത് മറ്റുള്ളവരോട് പറയുന്നത് സങ്കീർത്തനം. ആ ആനന്ദത്തിനെ
സതതം കീർത്തയന്തോ മാം യതന്തശ്ച ദൃഢ വ്രതാഃ നമസ്യന്തശ്ച മാം ഭക്ത്യാ നിത്യ യുക്താ ഉപാസതേ.

ഒമ്പതാം അദ്ധ്യായത്തിൽ ഭഗവാൻ ഭഗവത് ഗീതയിൽ പറയുന്നു എപ്പോഴും എന്നെ കീർത്തിച്ചു കൊണ്ടിരിക്കുന്നു .നിരന്തരം ആ സ്ഥിതിയിൽ നിൽക്കാൻ അവർ യത്നം ചെയ്തു കൊണ്ടുമിരിക്കുന്നു. ദൃഢവ്രതാഃ അവർക്ക് ജീവിതത്തിൽ അത് തന്നെ വ്രതം. നമസ്യന്തശ്ച മാം ഭക്ത്യാ, ഭക്തിയോട് കൂടെ എന്നെ നമിച്ചു കൊണ്ടിരിക്കുന്നു. നിത്യയുക്താ ഉപാസതേ, അവർ നിത്യ യോഗികളാണ്. അവർക്ക് വിയോഗമേയില്ല. ഭഗവാനേ വിട്ട് പിരിയൽ എന്ന വിരഹ ഭാവമേയില്ല.

കീർത്തനമെന്നാൽ നാമ സങ്കീർത്തനം അല്ലെങ്കിൽ ഭജന പാടൽ മാത്രമല്ല. ഈ കീർത്തനങ്ങൾ പാടിയവരൊക്കെ എന്താണ് ചെയ്തിരിക്കുന്നത്? ത്യാഗരാജ സ്വാമികളും മറ്റും അവരുടെ ആനന്ദത്തിനെ കീർത്തന രൂപത്തിൽ പാടി. ഇനി പാടാനറിയില്ലെങ്കിലോ, ആ ആനന്ദത്തിനെ കുറിച്ച് പറഞ്ഞു കൊണ്ടേയിരിക്കും.

ശുക ബ്രഹ്മ മഹർഷി ഭാഗവതം പറയാൻ കാരണം തന്നെ പറയുന്നത് ഇങ്ങനെ, ആത്മാരാമാശ്ച മുനയോ നിർഗ്രന്ഥാ അപ്യുരുക്രമേ കുർവന്ത്യഹൈതുകീം ഭക്തിമിത്ഥംഭൂതഗുണോ ഹരിഃ
നിർഗ്രന്ഥാ അപി, അഹങ്കാര ഗ്രന്ഥി പോയി സ്വരൂപ സ്ഥിതിയിലിരുന്ന് കൊണ്ട് ഞാൻ ഈ ഭഗവത് ആനന്ദത്തിനെ വിളിച്ച് പറഞ്ഞു കൊണ്ടിരിക്കുന്നു. സങ്കീർത്തനം ചെയ്തു കൊണ്ടിരിക്കുന്നു. അത് നിത്യ യോഗമാണ്.

ഭഗവത് ഗീതയിലെ ഒമ്പതാം അദ്ധ്യായം രഹസ്യത്രയ അദ്ധ്യായത്തിൽ പെട്ടതാണ് .വളരെ മുഖ്യമായ അദ്ധ്യായമാണത്. പ്രധാനപ്പെട്ട പല ശ്ലോകങ്ങളും അതിനകത്താണ് അന്തർഭവിച്ചിരിക്കുന്നത്. അതിൽ ഭഗവാൻ പറയുന്നു നാം ഏത് സംബ്രദായത്തെ സ്വീകരിച്ചിരിക്കുന്നു അതിനനുസരിച്ച് സതതം കീർത്തയന്തോ മാം, നമ്മുടെ അനുഭൂതിയെ കുറിച്ച് പറഞ്ഞു കൊണ്ടേയിരിക്കണം. യതന്തശ്ച, ആ സ്ഥിതിയിൽ നിൽക്കാൻ ആന്തരികമായി പ്രയത്നിച്ച് കൊണ്ടേയിരിക്കണം. ദൃഢവ്രതാഃ , അതല്ലാതെ ഞങ്ങൾക്ക് വേറെ ജോലിയില്ല എന്ന് പറയുന്നതാണ് ദൃഢവ്രതം. നമസ്യന്തശ്ച, അഹങ്കാരം ഉദിക്കാൻ അനുവദിക്കാതിരിക്കലാണ് നമസ്യന്തശ്ച. മാം ഭക്ത്യാ നിത്യയുക്താ ഉപാസതേ അങ്ങനെ നിത്യ യുക്തരായിട്ട് സദാ ഉപാസനയിൽ ഇരിക്കുന്നു.

ആ സ്ഥിതിയിൽ ആര് ഇരിക്കുന്നുവോ അതായത് ശ്രവണാത്, തഥാ അർത്ഥ മനനാത്, ധ്യാനാച്ച, സങ്കീർത്തനാത് എന്നിവ സദാ അനുഷ്ഠിക്കുന്നവർക്ക് ഫലശ്രുതി പറയുകയാണ് സർവ്വാത്മത്വ മഹാ വിഭൂതി സഹിതം. ഗീതയിൽ പത്താമദ്ധ്യായമാണ് വിഭൂതി യോഗം. അനേകം വിഭൂതികളുടെ കൂട്ടത്തിൽ ഭഗവാൻ മഹാ വിഭൂതിയെ കുറിച്ച് പറയുന്നു. എന്താ മഹാ വിഭൂതി?

അഹമാത്മാ ഗുഡാകേശ സർവ്വഭൂതാശയസ്ഥിതഃ അഹമാദിശ്ച മദ്ധ്യം ച ഭൂതാനാമന്ത ഏവ ച.

ഇതിന് ശേഷമാണ് മറ്റു വിഭൂതികളെ കുറിച്ച് ഭഗവാൻ പറഞ്ഞ് തുടങ്ങുന്നത്.

Nochurji 🙏🙏
Malini dipu 

No comments: