Thursday, August 22, 2019

ഏവർക്കും ശ്രീകൃഷ്ണ ജയന്തി ആശംസകൾ...
പൂർണ്ണാവതാരമൂർത്തി മുകുന്ദൻ ഏവരേയും തന്നിലേക്ക് ആകർഷിച്ച് അനുഗ്രഹിക്കാൻ സർവ്വഥാ , സർവ്വദാ തത്പരനായിരിപ്പതെന്തു സമാശ്വാസം !!!

കൃഷ്ണൻ വസുദേവാത്മജ
ശ്രീശൻ
മുക്തൻ ഗോകുലവന്ദ്യൻ

ഭൂതാത്മകനാം സത്യം
നീരദ
വർണ്ണൻ മന്മഥശ്രേഷ്ഠൻ

പർവ്വതധാരീ ഗോപൻ
കാളിയ
മർദ്ദന നർത്തന ധീരൻ

വൃന്ദാവന ഹൃദി രാസവി-
ലോലൻ
ഗോപീഹൃദയാനന്ദൻ

സംസാരാർത്തി ഹരേശൻ
വിമലൻ
അദ്വൈതാമൃത സാരം

മുരളീഗാന സമർത്ഥൻ
ഭവ്യൻ
അക്രൂര പ്രിയ ദേവൻ

ചാണൂരാദി ഭയങ്കര
ശൂരർക്കു-
ത്തമനാം പ്രതിയോഗി

കംസനിഷൂദനനാശ്രിത
രക്ഷകനാ
ത്മാരാമനവേദ്യൻ

ആസുര ചിന്തകളൊക്കെ
ഹനിക്കും
രാധാമാധവ യോഗി

ഭീഷ്മക പുത്രീ കാന്തൻ
കരുണാ
മൂർത്തിയനശ്വര സാക്ഷി

ദ്വാരകവാസീ ശാന്തൻ
യാദവ
നാഥൻ ശ്രുതി പദഗമ്യൻ

സാധക ബന്ധുവനന്തൻ
പാണ്ഡവ
സാരഥി ചിന്മയ രൂപൻ

പാർത്ഥനു ഭഗവദ് ഗീതാ
ജ്ഞാനം
സമുചിതമുപദേശിപ്പോൻ

സൗഹൃദ സംഗമ രസികൻ
വിശ്രുത
സച്ചിദ്ബ്രഹ്മസ്വരൂപൻ

ഭുവനത്രയസൃതി കാരണ
കാരണ
മായാധീശനഗാധൻ

സദ്ഗുരു നാഥൻ സകല
കലേശൻ
നാരദവന്ദ്യനമേയൻ

കൃഷ്ണാ ശ്രീധര ശൗരേ
കണ്ണാ
ദേവകീ പുത്രാ പാഹി

തൃപ്പദപദ്മമതാ -
ശ്രയമെന്നും
ജ്ഞാന വരം നീ നൽകൂ

*ശ്രീകൃഷ്ണാർപ്പണമസ്തു*

പ്രേമാദരപൂർവ്വം
സ്വാമി അദ്ധ്യാത്മാനന്ദ
23rd Aug '19

No comments: