Tuesday, August 27, 2019

അപരോക്ഷാനുഭൂതി-66

    ഈ അന്വയവ്യതിരേകയുക്തി ഒന്നുകൂടി വിചാരം ചെയ്യാൻ വേണ്ടി അറുപത്തിനാലാം പദ്യത്തിൽ ആവർത്തിക്കുന്നു.

    ഘടനാമ്നായ യഥാപൃഥ്വീ
    പടനാമ്നാഹി തന്തവഃ
    ജഗന്നാമ്നാ ചിതാഭാതി 
    ജ്ഞേയം തത്തദഭാവതഃ   (64)

   കുടമെന്ന പേരോടുകൂടി എപ്രകാരമാണോ മണ്ണു വർത്തിക്കുന്നത്, വസ്ത്രം എന്ന പേരോടുകൂടി എപ്രകാരമാണോ നൂലുകൾ തന്നെ കാണപ്പെടുന്നത് അതുപോലെ ജഗത്തെന്ന  പേരോടുകൂടി ബോധം നിലകൊള്ളുന്നു. അറിയപ്പെടേണ്ട ആ സത്യത്തെ ആ പേരിനെ പുറംതള്ളി അറിയേണ്ടതാണ്.

ജ്ഞേയം തത്തദഭാവതഃ

    അറിയേണ്ട സത്യത്തെ ആ പേരിനെ പുറംതള്ളിയാണ് അറിയേണ്ടത്. അനേകം കാര്യങ്ങൾ കാണുന്നിടത്ത്  അവയുടെ ഉപാദാനകാരണം കണ്ടെത്താൻ കഴിഞ്ഞാൽ ആ കാരണം തന്നെ കുറേ പേരുകളോടുകൂടി വർത്തിക്കുന്നവയാണു കാര്യങ്ങളൊക്കെയെന്നു കാണാൻ കഴിയും. കുടം മുതലായ മൺപാത്രങ്ങളുടെയൊക്കെ ഉപാദാനകാരണം മണ്ണാണ്. അതുകൊണ്ട് കുടം കുടമെന്ന പേരോടുകൂടി വർത്തിക്കുന്നതു  മണ്ണു തന്നെയാണ്. വസ്ത്രത്തിന്റെ മൂലകാരണം നൂലുകളാണ്. അതുകൊണ്ട് വസ്ത്രം വസ്ത്രമെന്ന പേരോടുകൂടി വർത്തിക്കുന്നതു നൂലുകൾ തന്നെയാണ്. ഇവിടെയൊക്കെ കുടമെന്ന പേരും വസ്ത്രമെന്ന പേരും ഉപേക്ഷിച്ചാൽ പിന്നെയെന്തുണ്ടാകും. യഥാക്രമം മണ്ണും നൂലുമുണ്ടാകും. അതുപോലെ ജഗത്തിന്റെ മൂലകാരണം ബോധമാണ്.  അതുകൊണ്ട് ജഗത്തിന്റെ ഭാഗമായി കാണപ്പെടുന്ന ഏതു കാഴ്ചയും ഓരോ പേര് കൈക്കൊണ്ടു നിൽക്കുന്ന ബോധം തന്നെയാണ്. അപ്പോൾ ഓരോന്നിന്റേയും പേര് കൈവെടിഞ്ഞാൽ പിന്നെ ബോധം മാത്രം. ആകെക്കൂടി ജഗത്തെന്ന പേരു കൈവെടിഞ്ഞാൽ പിന്നെ ബോധം മാത്രം.  അതുകൊണ്ടാണ് ഈശോവാസ്യോപനിഷത്ത് ഈ ജഗത്തിനെ ത്യജിച്ചിട്ടു ഭുജിക്കൂ എന്നു പറഞ്ഞിരിക്കുന്നത്. പേരുകളെ ഒക്കെ ത്യജിച്ചിട്ടു അദ്വൈത ബോധത്തെ അനുഭവിക്കൂ എന്നു താല്പര്യം. ആധുനിക ശാസ്ത്രജ്ഞൻ കണ്ടെത്തുന്ന എല്ലാ കണ്ടുപിടിത്തങ്ങളുടെയും പൊരുളിത്രയേയുള്ളൂ. ഒരേ ബോധത്തെ പുതിയ പുതിയ പേരുകൾ നൽകി കണ്ടെത്തുന്നു എന്നു കാണേണ്ടതാണ്. തത്ത്വാന്വേഷികളിക്കാര്യം നല്ലപോലെ മനനം ചെയ്തുറപ്പിക്കേണ്ടതാണ്.

ഓം. വ്യാഖ്യാതാ പ്രൊഫസർ
ശ്രീ ബാലകൃഷ്ണൻ സാർ
അവർകൾ.
തുടരും.

No comments: