Saturday, August 24, 2019

ണ്ണിക്കണ്ണന് ഇന്ന് പിറന്നാള്‍. മയില്‍പ്പീലിയും ഓടക്കുഴലും മഞ്ഞപ്പട്ടുമണിഞ്ഞ് കുഞ്ഞുകൃഷ്ണ ഭഗവാന്മാര്‍ ഇന്ന് നിരത്തുകളില്‍ അണിനിരക്കും. അഷ്ടമിരോഹിണി ദിനമായ ഇന്ന് പുലര്‍ച്ചമുതല്‍ വീടുകളും ക്ഷേത്രങ്ങളും ഭക്തിസാന്ദ്രമാകും. അസുരന്മാരെ ഉന്മൂലനം ചെയ്യാന്‍ ജന്മമെടുത്ത ശ്രീകൃഷ്ണ ഭഗവാന്റെ നാമം കേരളക്കര ഏറ്റുപാടും. ബാലഗോകുലത്തിന്റെ നേതൃത്വത്തിലുള്ള ശോഭായാത്രകള്‍ക്ക് നാടും നഗരവും ഒരുങ്ങികഴിഞ്ഞു. ബാലഗോകുലം സ്ഥാപകനും മാര്‍ഗദര്‍ശിയുമായ എം.എ കൃഷ്ണന്‍ സംസാരിക്കുന്നു.  
അതിരുകളില്ലാത്ത സൗഹൃദം, മതിലുകളില്ലാത്ത മനസ്സ് എന്ന സന്ദേശം എന്തുകൊണ്ടാണ് ബാലഗോകുലം ശ്രീകൃഷ്ണ ജയന്തി സന്ദേശമായി ഉയര്‍ത്തിക്കാണിക്കുന്നത്?
ഇങ്ങനെയൊരു സന്ദേശം വ്യക്തിപരമായി തെരഞ്ഞെടുത്തതല്ല. ഇത് സംഘടനയുടെ സൃഷ്ടിയാണ്. ശ്രീകൃഷ്ണ ജയന്തിയും അതിനോടനുബന്ധിച്ച് നടത്തുന്ന ശോഭായാത്രയും വര്‍ഷങ്ങള്‍ക്കുമുമ്പേ തുടങ്ങിവെച്ചതാണ്. അന്ന് എന്നോടൊപ്പം പ്രവര്‍ത്തിച്ച സഹപ്രവര്‍ത്തകരുടെ സഹകരണം എനിക്ക് ധാരാളമായി ലഭിച്ചിട്ടുണ്ട്. അന്നത്തെ സാഹചര്യമാണ് ശോഭായാത്രകള്‍ സംഘടിപ്പിക്കാനുണ്ടായ കാരണമായത്. ഇന്നും സമാനമായ സാഹചര്യങ്ങള്‍ സമൂഹത്തില്‍ ഉണ്ടായിരിക്കും. അതിനോടനുബന്ധിച്ചായിരിക്കും 'അതിരുകളില്ലാത്ത സൗഹൃദം, മതിലുകളില്ലാത്ത മനസ്സ്' എന്ന സന്ദേശവും ഉയര്‍ന്നുവന്നത്.
ബാലമനസ്സുകളില്‍ മതേതര മൂല്യങ്ങള്‍ പകര്‍ന്നുനല്‍കാന്‍ എന്തൊക്കെ കാര്യങ്ങളാണ് ബാലഗോകുലം ചെയ്യുന്നത്?
ബാലമനസ്സുകളില്‍ മതേതരം നട്ടുവളര്‍ത്തണമെന്ന് ആരുപറയുന്നു? മതേതരം എന്നുപറഞ്ഞാല്‍ 'മതത്തെ സ്പര്‍ശിക്കാത്തതോ, മതത്തില്‍നിന്ന് വ്യത്യസ്തമായതോ' എന്നാണ്. മനുഷ്യന്‍ സ്വാഭാവികമായി ഒരു ആദ്ധ്യാത്മിക ജീവിയാണ്. മനുഷ്യന്റെ ആത്മസംതൃപ്തിക്കുവേണ്ടി അവന്‍ ഭഗവാനോട് പ്രാര്‍ത്ഥിക്കുന്നു. പ്രാര്‍ത്ഥനകൊണ്ടുണ്ടാകുന്ന സന്തോഷമാണ് ആവശ്യം. മതേതരം എന്ന വാക്കുതന്നെ നിഷേധാത്മകമാണ്. അത് നന്മകളും ഈശ്വരനും തമ്മിലുള്ള ബന്ധത്തെ വിച്ഛേദിക്കുകയാണ് ചെയ്യുന്നത്. 'മതേതരം' ഒരു രാഷ്ട്രീയ സൃഷ്ടി മാത്രമാണ്; ഭാരതീയ പാരമ്പര്യ സൃഷ്ടിയല്ല. ബാലഗോകുലം കുട്ടികളില്‍ മതേതര ചിന്തയല്ല, മറിച്ച് മതങ്ങള്‍ക്കപ്പുറത്തുള്ള ഈശ്വരചൈതന്യ ചിന്തയാണ് ഉണര്‍ത്തിക്കൊണ്ടിരിക്കുന്നത്.
ശ്രീകൃഷ്ണ ജയന്തി ആഘോഷം ദുര്‍വ്യാഖ്യാനം ചെയ്യപ്പെടുന്നുണ്ടല്ലോ. സമൂഹമനസ്സുകളില്‍ ഇതു തെറ്റിദ്ധാരണകളും സ്പര്‍ധയും വളര്‍ത്താന്‍ സാധ്യതയില്ലേ? 
ഭഗവാന്‍ ശ്രീകൃഷ്ണന്‍ പാരമ്പര്യമനുസരിച്ച്, കേരളത്തിന്റെ അല്ലെങ്കില്‍ ഭാരതത്തിന്റെ ആദരണീയ വ്യക്തിത്വമാണ്. കൃഷ്ണനെ ആദരിക്കുന്നത്, സമൂഹത്തിന്റെ, കുടുംബാംഗങ്ങളുടെ, രാഷ്ട്രത്തിന്റെ മുന്നേറ്റത്തിനത്യാവശ്യമാണ്. എന്നാല്‍ മാത്രമേ ഭാരതം പോലുള്ള ഒരു രാഷ്ട്രത്തിന് അഭിവൃദ്ധിയോടും സധൈര്യമായിട്ടും മുന്നേറാന്‍ സാധിക്കുകയുള്ളൂ. പുരാണത്തില്‍ ഏകദേശം പതിനഞ്ചോളം ബാലലീലകള്‍ കാണാം. ഇത്തരം ബാലലീലകള്‍ പരിശോധിക്കുമ്പോള്‍ നന്നേ ചെറുപ്പത്തിലേ കൃഷ്ണന്‍ തന്റെ വൈഭവംകൊണ്ട് എല്ലാ പ്രതിബന്ധങ്ങളെയും തരണം ചെയ്ത്, പ്രബുദ്ധത പ്രകടിപ്പിച്ചിട്ടുണ്ടെന്ന് കാണാം. അങ്ങനെയുള്ള വ്യക്തിത്വത്തെക്കുറിച്ചറിയുക, അഭിമാനംകൊള്ളുക, ആനന്ദിക്കുക എന്നിവയൊക്കെ ചെയ്യുമ്പോള്‍ ആത്മവിശ്വാസമുള്ള പുതുതലമുറ രൂപംകൊള്ളും. ദുരാരോപണങ്ങള്‍ ഉന്നയിക്കുന്നവര്‍ ശ്രീകൃഷ്ണന്റെ വ്യക്തിത്വത്തെ അറിയാത്തവരോ, രാഷ്ട്രത്തിന്റെ സനാതന പൈതൃകത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്നവരോ ആണ്. അവര്‍ സമൂഹത്തിന്റെ പരമ്പരാഗതമായ ധാര്‍മിക മൂല്യങ്ങളെ നിര്‍വീര്യമാക്കാന്‍ കരുതിക്കൂട്ടി രംഗത്തുവന്നവരാണ്. അവര്‍ക്കെതിരെയുള്ള ബോധവല്‍ക്കരണം കൂടിയാണ് ശോഭായാത്രകള്‍.
ശ്രീകൃഷ്ണ ജയന്തി നിരോധിക്കണമെന്ന് ആവശ്യപ്പെട്ടു ചിലര്‍ രംഗത്തുവരികയും സര്‍ക്കാര്‍ അതിന് ഒത്താശ ചെയ്തുകൊടുക്കുകയും ചെയ്തിട്ടുണ്ടല്ലോ. 
പാരമ്പര്യമൂല്യങ്ങള്‍ക്ക് വിരുദ്ധമായ ചില 'ഇസ'ങ്ങള്‍, പാശ്ചാത്യമായ ചിന്താഗതികള്‍ എന്നിവയുടെയൊക്കെ ഫലമായാണ് ഇത്തരം പ്രവണതകള്‍ ഉയര്‍ന്നുവരുന്നത്. അതുകൊണ്ടുതന്നെയാണ് ശ്രീകൃഷ്ണ സന്ദേശങ്ങള്‍ പുതിയതലമുറ ഉള്‍ക്കൊള്ളണമെന്ന് പറയുന്നത്. ഭരണാധികാരികള്‍ ധര്‍മ്മത്തെ തകര്‍ക്കാന്‍ വാളോങ്ങി വരുന്നതിന്റെ ഏറ്റവും നല്ല ഉദാഹരണം കൃഷ്ണന്റെ ജനനം തന്നെയാണല്ലോ. കംസന്‍, കുഞ്ഞായ കൃഷ്ണനെ നശിപ്പിക്കാന്‍ പതിനെട്ടടവും പയറ്റി പരാജയപ്പെട്ട് സ്വയം നാശമടഞ്ഞ ചരിത്രവും നമുക്കറിയാവുന്നതാണ്.
കുഞ്ഞുങ്ങളെ വേഷം കെട്ടിച്ച് റോഡിലൂടെ നടത്തുന്നത് ബാലപീഡനമാണെന്ന് ചിലര്‍ അഭിപ്രായപ്പെടുകയുണ്ടായി. പീഡനത്തിനെതിരെ കേസെടുക്കണമെന്നാണ് അവര്‍ വാദിച്ചത്?
ബാലഗോകുലം ഒരൊറ്റ കുട്ടിയെപ്പോലും ശോഭായാത്രക്കുവേണ്ടി പ്രേരിപ്പിക്കുകയോ വലിച്ചിഴച്ച് കൊണ്ടുപോകുകയോ ചെയ്യാറില്ല. അച്ഛനമ്മമാര്‍ തന്നെയാണ് കുട്ടികളെ കൃഷ്ണവേഷമോ അനുബന്ധ വേഷങ്ങളോ കെട്ടിക്കാന്‍ മുന്നോട്ടുവരുന്നത്. അവര്‍ പൂര്‍ണതൃപ്തരുമാണ്. തന്റെ കുഞ്ഞ് കൃഷ്ണനെപ്പോലെ ഒരു 'ഹീറോ' ആയി വളരണമെന്ന് അവര്‍ ആഗ്രഹിക്കുന്നുണ്ടാകാം.
മുസ്ലിം ക്രിസ്ത്യന്‍ കുട്ടികള്‍ക്കും ശ്രീകൃഷ്ണ ജയന്തിയില്‍ പങ്കാളികളാകാന്‍ ബാലഗോകുലം അവസരം ഒരുക്കുന്നുണ്ടോ?
എല്ലാവിധത്തിലുള്ള പശ്ചാത്തലവും അനുവദിക്കുന്നു എന്നതുകൊണ്ടാണ് ശ്രീകൃഷ്ണ ജയന്തി വീടുകളിലോ അമ്പലങ്ങളിലോ മാത്രം ഒതുക്കാതെ പൊതു ഇടങ്ങളില്‍ വച്ച് ആഘോഷിക്കുന്നത്. തെരുവീഥികളിലെ ബന്ധുജനങ്ങള്‍, പരിചിതര്‍, സുപരിചിതര്‍ എന്നിവരുടെ കൂട്ടായ്മയാണ് സ്വാഗതസംഘം പോലും രൂപീകരിക്കുന്നത്. അല്ലാതെ ക്രിസ്ത്യാനിയേയോ, മുസ്ലിമിനെയോ മാറ്റിനിര്‍ത്തിയുള്ള ഒരു ആഘോഷമല്ല ശ്രീകൃഷ്ണ ജയന്തി. കുട്ടികള്‍ക്കിടയില്‍ യാതൊരു വിവേചനവും ഇല്ലാതെ സ്‌നേഹഭാവത്തില്‍ വളരണമെന്നാണ് ബാലഗോകുലം ആഗ്രഹിക്കുന്നത്. ശ്രീകൃഷ്ണ ജയന്തി ഒരു മതവിഭാഗത്തിന്റെ ആഘോഷമല്ല; ബാലികാബാലന്മാരുടെ വസന്തോത്സവമാണ്.
കാലഘട്ടങ്ങള്‍ക്കനുസരിച്ചും പൈതൃകങ്ങള്‍ നിലനിര്‍ത്തിക്കൊണ്ടും ദീര്‍ഘവീക്ഷണത്തോടെ മാറ്റങ്ങള്‍ ആസൂത്രണം ചെയ്യാന്‍ പദ്ധതിയുണ്ടോ?
മഥുരാപുരി, വൃന്ദാവനം, അയോധ്യ തുടങ്ങി പ്രധാന സ്ഥലങ്ങളിലൊക്കെ ശ്രീകൃഷ്ണ ജയന്തി ആഘോഷിക്കുന്നുണ്ടെങ്കിലും, കേരളത്തിലെപ്പോലെ വളരെ കൃത്യതയോടെ വിപുലമായ സംവിധാനങ്ങളോടെ ആഘോഷിക്കുന്ന സമ്പ്രദായം എവിടെയുമില്ല. കേരളത്തില്‍ കുറച്ചുകൂടി സാമൂഹിക ബോധം ഉണ്ടാക്കാനുള്ള ബാലഗോകുലത്തിന്റെ പ്രതിബദ്ധതയുടെ ഭാഗം കൂടിയാണിത്. കേരളീയ സമൂഹത്തെ ധാര്‍മികതയില്‍നിന്ന് വളരെയധികം വഴിതെറ്റിക്കുന്ന 'ഇസ'ത്തിന്റെ മായാശക്തി ഇവിടെ ശക്തമാണ്. അതുകൊണ്ട് സമൂഹത്തെ ബോധവല്‍ക്കരിക്കേണ്ടത് ആവശ്യമാണ്. അത്തരം പ്രവര്‍ത്തനങ്ങളില്‍ ബാലഗോകുലം നിരന്തരം ശ്രദ്ധപുലര്‍ത്തുന്നതിനാലാണ് ശ്രീകൃഷ്ണ ജയന്തി പോലുളള ആഘോഷങ്ങള്‍ക്കൊക്കെ വന്‍ പൊതുജന സ്വീകാര്യത ലഭിക്കുന്നത്.
ശോഭായാത്രകളെ അലങ്കോലപ്പെടുത്താന്‍ പലരും രംഗത്തുവന്നിരുന്നു. മാതാപിതാക്കള്‍ കുട്ടികളെ അയക്കാന്‍ വിസമ്മതം പ്രകടിപ്പിച്ചാല്‍ എങ്ങനെ പ്രതിരോധിക്കും?
ഭഗവാന്‍ കൃഷ്ണന്‍ ജനിക്കുന്നതിനുമുമ്പ് അദ്ദേഹത്തെ വധിക്കാന്‍ ആളുകള്‍ തയ്യാറായി. ജനിച്ചതിനുശേഷവും അതുതന്നെ തുടര്‍ന്നിട്ടുണ്ട്. ഗോക്കളെ മേച്ചുനടക്കുന്ന സമയങ്ങളില്‍ കൃഷ്ണനും, കൂട്ടുകാരും പശുക്കളുമൊത്ത് വനപ്രദേശങ്ങളില്‍ സ്വതന്ത്രമായി വിഹരിക്കാറുണ്ടായിരുന്നു. ഈ സമയത്ത് കൃഷ്ണനേയും കൂട്ടരേയും വധിക്കാന്‍ എത്രയോ ആസുരശക്തികള്‍ ശ്രമിച്ചിട്ടുണ്ട്. ഇതിനെയൊക്കെ ബുദ്ധികൊണ്ടും കൗശലംകൊണ്ടും നേരിട്ട് സമാധാന അന്തരീക്ഷം സംജാതമാക്കിയ നയതന്ത്രജ്ഞനാണ് ശ്രീകൃഷ്ണന്‍. കേവലം ശാരീരിക ശക്തി എന്നതിലുപരി ഭഗവാന്റെ മാനസികമായും ബുദ്ധിപരവുമായ ക്രിയാത്മകതയാണ് ഇതിനൊക്കെ പിന്നില്‍. കൃഷ്ണഭക്തനായ ഒരാള്‍ക്ക് തന്റെ ജീവിതത്തെ വൈഭവധാരിയാക്കാനും, ജീവിത പ്രശ്‌നങ്ങളെയും കൈകാര്യം ചെയ്യാനും ഉള്ള ആത്മവിശ്വാസമുണ്ടാകും. അതിനാല്‍ ഈ പുണ്യദിനത്തില്‍ അത്തരം അനാവശ്യ ഉത്കണ്ഠകളൊക്കെ മാറ്റിവയ്‌ക്കേണ്ടതാണ്.
ആധുനിക കാലഘട്ടത്തില്‍ ബാലഗോകുലത്തിന്റെ പ്രസക്തി?
സമൂഹമിന്ന് ഒട്ടേറെ വൈദേശിക ചിന്താഗതികൊണ്ടും ദേശാഭിമാനത്തെ നശിപ്പിച്ചുകൊണ്ടും മലീമസമായിരിക്കുകയാണ്. അത്തരമൊരു സമൂഹത്തില്‍ ബാലഗോകുലം അത്യന്താപേക്ഷിതമാണ്. ധര്‍മം, പാരമ്പര്യം, ദേശാഭിമാനം, പൗരാണിക മഹത്വം എന്നിവ മനസ്സിലാക്കിക്കൊണ്ടാണു ഭാരതീയര്‍ വളരേണ്ടത്. ഈ ലക്ഷ്യം മുന്നില്‍ കണ്ടുകൊണ്ടാണ് ബാലഗോകുലം രൂപപ്പെട്ടത്. പൗരന്‍ ഭാവിജീവിതം കരുപ്പിടിപ്പിക്കേണ്ടത് കേവലം പാശ്ചാത്യ രാജ്യങ്ങളിലേക്ക് മാത്രം ഉറ്റുനോക്കിക്കൊണ്ടല്ല. സ്വന്തം നാടിന്റെ അഭിമാനം തട്ടിയുണര്‍ത്തിക്കൊണ്ട് ആത്മവീര്യത്തോടെ ഉയരുന്നതിനും നിലനിര്‍ത്തുന്നതിനും സമ്പന്നമാക്കുന്നതിനും കഴിവുള്ളവരായിരിക്കണം നമ്മുടെ പൗരന്മാര്‍. അതുകൊണ്ട് ബാലഗോകുലത്തിന് സംഘടനാ ഭാവംകൊടുത്ത് ലോകവ്യാപകമായി പ്രചരിപ്പിക്കാന്‍ കൂട്ടായ ശ്രമങ്ങള്‍ നടന്നുവരികയാണ്.
ഈ ശ്രീകൃഷ്ണ ജയന്തിയ്ക്ക് കേരളത്തിലെ ബാലികാബാലന്മാര്‍ക്ക് നല്‍കുന്ന സന്ദേശമെന്താണ്?
ഏതുവിധ പ്രതിബന്ധങ്ങളെയും തരണം ചെയ്ത് സ്വജീവിതംകൊണ്ട് മഹത്തായ സന്ദേശം നല്‍കിയ ഭഗവാന്‍ ശ്രീകൃഷ്ണനെപ്പോലെ ഓരോ കുട്ടിയും വളര്‍ന്നുവരണമെന്നാണ് എനിക്ക് നല്‍കാനുള്ള പ്രധാന സന്ദേശം. ഏവര്‍ക്കും ആശ്രയമായി, അഭയമായി, ആനന്ദമായി, സംരക്ഷണമായി ശത്രുവിന് പേടിസ്വപ്‌നമായി മാറിയ ശ്രീകൃഷ്ണനെപ്പോലെ നമ്മുടെ കുഞ്ഞുങ്ങളും വളര്‍ന്നുവരണം.

No comments: