Saturday, August 24, 2019

⚜ *എങ്ങനെയാണ് കോമരം തുള്ളുന്നത്*?⚜



  *കാവുകളിലും ഭഗവതിക്ഷേത്രങ്ങളിലും നടത്തുന്ന പൂജയും ചടങ്ങുമാണിത്. ഉത്സവത്തോട് അനുബന്ധിച്ച് നടത്തുന്ന കര്‍മ്മങ്ങള്‍ക്കിടയില്‍ ദേവിയുടെ അനുഗ്രഹമുണ്ടായി തുള്ളുന്ന ചടങ്ങാണിത്‌. ചുവന്ന പട്ടുടുത്ത് തലയില്‍ പട്ടുതുണി കെട്ടി, ഉടവാളുമേന്തിയാണ് കോമരം തുള്ളുന്നത്. ദേവിയുടെ കല്പനകളും അനുഗ്രഹവും കൊമാരത്തിലൂടെ ഉണ്ടാകും. കല്പന കേള്‍ക്കുന്നതിന് ഭക്തജനങ്ങള്‍ നേരത്തെ വ്രതാനുഷ്ഠാനങ്ങളോടെ കാത്ത് നില്‍ക്കും*

*മലബാര്‍, മധ്യതിരുവിതാംകൂര്‍ എന്നീ പ്രദേശങ്ങളില്‍ നടത്തപ്പെടുന്ന അനുഷ്ഠാനപരമായ ചടങ്ങാണ് കോമരംതുള്ളല്‍ അഥവാ വെളിച്ചപ്പാടുതുള്ളല്‍. കോമരം എന്നാല്‍ വെളിച്ചപ്പാട് എന്നാണ്. കോമരം നടത്തുന്ന തുള്ളലായതിനാല്‍ ഈ പേരുണ്ടായി. ഭഗവതീ ക്ഷേത്രങ്ങളിലാണ് ഇത് നടത്തപ്പെടുന്നത്*.

*വസൂരിരോഗവിമുക്തമായ കുടുംബങ്ങള്‍ വീടുകളിലും നടത്താറുണ്ട്. അമ്പലങ്ങളില്‍ കോമരം തുള്ളുന്നതിനു നിയുക്തരാകുന്നവര്‍ പൂജയ്ക്കുശേഷമാണ് തുള്ളുന്നത്. അമ്പലമതിലുകളില്‍ വിളക്കുകള്‍ കത്തിച്ചുവയ്ക്കും. വെളിച്ചപ്പാട് കുളി കഴിഞ്ഞ് വെള്ളത്തുണി ധരിച്ച് അതിനു മുകളിലായി മൂന്ന് മീറ്റര്‍ നീളത്തില്‍ ചുവന്ന തുണി ഇടത്തേ തോളിലൂടെ വലത്തേ കൈക്കു താഴെവരെ വിലങ്ങനെ ധരിച്ചിരിക്കും. അരയില്‍ കിലുങ്ങുന്ന അരമണിയും കഴുത്തില്‍ തെച്ചിപ്പൂമാലയും ഇടതുകൈയില്‍ കങ്കണവും ഇട്ടിരിക്കും. വലതുകൈകൊണ്ട് വാളും ഇടതുകൈകൊണ്ട് ചിലമ്പും പിടിച്ചു നീളത്തിലുള്ള തലമുടി നെറ്റിയിലും പിറകിലുമായി വിരിച്ചിട്ടു ക്ഷേത്രത്തിനു ചുറ്റും പ്രദക്ഷിണംവച്ചു നടയിലെത്തുന്ന കോമരം വാദ്യഘോഷങ്ങളുടെ പശ്ചാത്തലത്തില്‍ തുള്ളിച്ചാടുന്നു. ഭഗവതിയെ തന്നില്‍ ആവാഹിച്ച് കോമരം ഭക്തരുടെ ഭാവികാര്യങ്ങള്‍ പ്രവചിക്കുകയും ചിലപ്പോള്‍ കോമരം വാളുകൊണ്ട് തന്റെതന്നെ ശിരസ്സില്‍ വെട്ടാറുമുണ്ട്. അവസാനം ഭക്തന്മാര്‍ക്ക് അനുഗ്രഹാശിസ്സുകള്‍ നല്‍കുന്നു*.

*രണ്ടിനം കോമരങ്ങളുണ്ട്. ആചാരപ്പെട്ട സ്ഥിരമായ കോമരങ്ങളാണ് ഒന്നാമത്തെ വിഭാഗം. തമ്പുരാക്കന്മാരില്‍നിന്നോ ഇടപ്രഭുക്കന്മാരില്‍നിന്നോ ആചാരം വാങ്ങുന്നവരാണ് ഇക്കൂട്ടര്‍. ആചാരപ്പെട്ടു കഴിഞ്ഞാല്‍ മദ്യമോ മത്സ്യമാംസാദികളോ ഉപയോഗിക്കാന്‍ പാടില്ല. തീയര്‍, വാണിയര്‍, കമ്മാളര്‍ എന്നീ സമുദായങ്ങള്‍ക്ക് ഇത്തരത്തിലുള്ള കോമരങ്ങള്‍ ഉണ്ട്. സവര്‍ണരുടെ കാവുകളിലും ക്ഷേത്രങ്ങളിലും മറ്റും പാട്ടുത്സവം, തീയാട്ട് എന്നിവ നടത്തുമ്പോള്‍ കോമരം ഇളകിത്തുള്ളുന്ന തെയ്യംപാടികള്‍, തീയ്യാടികള്‍, കുറുപ്പന്മാര്‍ എന്നിവരാണ് രണ്ടാമത്തെ വിഭാഗം. ഇവര്‍ പ്രത്യേകം ആചാരപ്പെട്ടവരല്ല. കോമരംതുള്ളലിനു പരിശീലനം ആവശ്യമാണ്, കൊട്ടുന്ന വാദ്യത്തിന്റെ താളത്തിനനുസരിച്ചാണ് കോമരം തുള്ളേണ്ടത്. ചെണ്ടയാണ് പ്രധാനവാദ്യം. വടക്കേ മലബാറില്‍ പൂരവേലയോടനുബന്ധിച്ച് അവര്‍ണരുടെ കാവില്‍നിന്ന് കോമരം പുറപ്പെട്ട് ഊരുചുറ്റുന്ന പരിപാടിയുണ്ട്. 'ഏളത്ത്' എന്നാണ് ചടങ്ങിന് പേര്. എഴുന്നള്ളത്ത് ലോപിച്ചാണ് 'ഏളത്ത്' ആയത്*.

*ഒരുപാടു കോമരങ്ങളെ  കൊടുങ്ങല്ലൂർ കാവുതീണ്ടലിന് കാണാറുണ്ട്  കേരളത്തിലെ ഏറ്റവും പ്രമുഖമായ കൊടുങ്ങല്ലൂരിലെ കാളി ക്ഷേത്രമായ , ശ്രീ കുരുംബ അമ്മ കാവിലെ മീനമാസത്തിലെ ഭരണിയുടെ പ്രാധന ചടങ്ങായ ” അശ്വതി നാളിലെ കാവുതീണ്ടൽ” ചടങ്ങ് നടന്നു . തിരുവോണനാളിലെ കോഴിക്കല്ലു മൂടൽ ചടങ്ങോടെ ആരംഭിക്കുന്ന ഭരണിയുത്സവത്തിൻറെ ഏറ്റവും ഭക്തി നിർഭരമായ ചടങ്ങാണ് കാവുതീണ്ടൽ* . 

*ഭരണി നാളിന് തൊട്ടുമുമ്പുള്ള ദിവസം*.
*കടത്തനാടിന് വടക്കുനിന്നും വരുന്ന കോമരകൂട്ടം വാളും ചിലമ്പും അരമണിയും കിലുക്കി ഉറഞ്ഞുതുള്ളി ക്ഷേത്രത്തിന് വലം വച്ച് , ഉന്മദത്തോടെ ഭക്തിയും* *ലഹരിയും കലർന്ന ശരണം വിളികൾ , ‘ അമ്മയെ ശരണം ദേവി ശരണം ” ഭക്തിയുടെ , കണ്ണീരിൻറെ നിലവിളികളാൽ , മുഖരിതമാകുന്ന ദേവി സന്നിധി* . *കൈയിലെ മുളവടികൊണ്ട് ക്ഷേത്രത്തിൻറെ മേൽക്കൂരയുടെ ചെമ്പോലയിൽ അടിച്ചുകൊണ്ടു കോമരങ്ങൾ പ്രദിക്ഷണം വയ്ക്കുന്ന കാഴ്ച , ഭക്തിയുടെയും ആചാരത്തിൻറെയും ദ്രാവിഡത്തനിമയുടെ സങ്കലനമായേ കാണാനെ കഴിയൂ .ഇത് കൊടുങ്ങല്ലൂരിൽ മാത്രം*.

*തിരുമാന്ധാംകുന്ന് പൂരത്തിന്റെ ഏറെ ആകര്‍ഷകമായ കാഴ്ചയാണ് കൊട്ടിയിറക്കമെന്ന ആറാട്ടെഴുന്നള്ളിപ്പ്. ഉറഞ്ഞുതുള്ളുന്ന കോമരങ്ങളാണ് എഴുന്നള്ളിപ്പിന്റെ പ്രധാന കാഴ്ച*. 

*ജീവിതം മുഴുവന്‍ ദൈവപ്രീതിക്കായി സമര്‍പ്പിക്കുന്ന കോമരങ്ങള്‍ ഉത്സവംകഴിഞ്ഞുള്ള ആറുമാസം ഉപജീവനത്തിനായി ബുദ്ധിമുട്ടാറുണ്ട്. കോമരങ്ങള്‍ക്ക് ദേവസ്വംബോര്‍ഡ് വക പെന്‍ഷനോ മറ്റാനുകൂല്യങ്ങളോ ഏര്‍പ്പെടുത്താറില്ല എന്നൊരു സത്യാവസ്ഥ കൂടി നമ്മൾ അറിയണം*.

*മീന മാസത്തിലെ അശ്വതി നാളിലാണ് കൊടുങ്ങല്ലൂർ ഭഗവതി ക്ഷേത്രത്തിലെ ചരിത്രപ്രസിദ്ധമായ കാവുതീണ്ടൽ ചടങ്ങ്* *നടക്കുന്നത്. ദാരിക വധത്തിന് ശേഷം ഉഗ്രരൂപിണിയായ ഭദ്രകാളിയുടെ പ്രതിരൂപങ്ങളായാണ് പതിനായിരകണക്കിന് വരുന്ന കോമരങ്ങൾ ഉറഞ്ഞു തുള്ളി കാവുതീണ്ടുക*. *കീഴ്ജാതിക്കെതിരെ അയിത്താചരണം* *കൊടികുത്തിയ കാലത്തും ആചാരത്തിനുപരി* 
*സമത്വത്തിന്റെ നേർക്കാഴ്ചയായി* *കൊടുങ്ങല്ലൂർ ഭരണിയിലെ കാവുതീണ്ടൽ ഇന്നും ഒളിമങ്ങാത്ത സംഗമമായി തുടരുകയാണ്*

*ദുഷ്ടനായ ദാരികാസുരനിൽ നിന്ന് സമസ്തലോകത്തെയും രക്ഷിക്കാൻ പരമശിവന്റെ തൃക്കണ്ണിൽ നിന്നാണ് ഭദ്രകാളി ജനിക്കുന്നത്. ദാരികനിഗ്രഹത്തിനു ശേഷവും കോപം ശമിക്കാത്ത ദേവിയെ ശാന്തയാക്കാൻ വേണ്ടി ശിവഗണങ്ങൾ ദേവീസ്തുതികളും ബലിയുമായി നൃത്തമാടിയെന്നും അപ്പോൾ കോപം ശമിച്ച് ദേവി സന്തുഷ്ടയായെന്നുമാണ് കഥ. ആ സംഭവത്തിന്റെ പ്രതീകാത്മകമായ അനുഷ്ഠാനമാണ് കൊടുങ്ങല്ലൂർ ഭരണി എന്നാണ് ഐതിഹ്യം. വെളിച്ചപ്പാടന്മാരുടെ ഉത്സവമാണിത്*. 


*കാരിക്കോട്ടമ്മ*

No comments: