Monday, August 26, 2019

*ശ്രീമദ് ഭാഗവതം 255*
വ്രജത്തിൽ ഇന്ദ്രപൂജ ചെയ്യാനായിട്ട് നന്ദഗോപർ ഒരുക്കങ്ങളൊക്കെ ചെയ്തു.

ഭഗവാൻ അച്ഛനോട് ചോദിച്ചു.
എന്തിനുള്ള ഒരുക്കങ്ങളാണിത്?

നന്ദഗോപർ പറഞ്ഞു
നമ്മള് ദേവന്മാർക്ക് അങ്ങട് ചെയ്യണം. ദേവന്മാർ നമുക്ക് വൃഷ്ടി ആയിട്ട് ഇങ്ങട് തരും. ഇന്ദ്രന്റെ മൂർത്തിരൂപമാണ് മേഘങ്ങൾ. വൃഷ്ടി നമുക്ക് തരുന്നത് ഭഗവാൻ ഇന്ദ്രനാണ്. അതുകൊണ്ട് ഇന്ദ്രന് ആരാധന ചെയ്യണം.

മീമാംസ സമ്പ്രദായത്തിൽ കർമ്മകാണ്ഡം ആണ് മുഖ്യം. കർമ്മങ്ങൾ സ്വയം ഫലങ്ങളെ തരും. എന്ത് ഫലത്തെ ഉദ്ദേശിച്ച് കർമ്മം ചെയ്തുവോ ആ ഫലം ആ കർമ്മത്തിൽ നിന്ന് കിട്ടുന്നു.  ഈശ്വരൻ കർമ്മഫലദാതാവ് മാത്രമാണ്.

വേദാന്ത ദർശനം ഇതിന് എതിരാണ്.

കർമ്മ കിം പരം
കർമ്മ തജ്ജഡം
കർത്തു: ആജ്ഞയാ പ്രാപ്യതേ ഫലം

വേദാന്തമതത്തിൽ കർമ്മം  ജഡം ആണ്. ജഡമായ കർമ്മത്തിന് സ്വയം ഫലങ്ങളെ തരാൻ കഴിയില്യ.  അതുകൊണ്ട് കർമ്മത്തിനല്ല, ഏത് ഭാവത്തോടെ കർമ്മം ചെയ്യുന്നു എന്നുള്ളതാണ് മുഖ്യം. എന്ത് ഫലം കൊടുക്കണം എന്നുള്ളത് ഈശ്വരനിൽ മാത്രം നിക്ഷിപ്തമാണ്. 

ഇവിടെ ഭഗവാൻ ഇന്ദ്രഗർവ്വഭംഗം ചെയ്യാൻ  തീരുമാനിച്ച്  നന്ദഗോപരോട് ചോദിച്ചു.

അച്ഛാ ഇന്ദ്രന് എന്തിനാണ് പൂജ കൊടുക്കണത്? ഈശ്വരൻ ഉണ്ടെങ്കിലും നമ്മൾ കർമ്മം ചെയ്താലേ ഫലം തരൂ.

അസ്തി ചേദീശ്വര: കശ്ചിത്
ഒരു ജോലി ചെയ്ത് കൂലി തരുന്ന ആൾക്ക് നമ്മൾ എത്ര ബഹുമാനം കൊടുക്കും? ഇനിയിപ്പോ ആരാധിക്കണമെങ്കിൽ തന്നെ നമുക്ക്  പ്രത്യക്ഷ ദേവതകളായ ബ്രാഹ്മണരുണ്ട്,  പശുക്കളുണ്ട്, ഈ ഗോവർദ്ധനാദ്രി ണ്ട്. ഇതിനെയൊക്കെ പൂജിക്കാം.

ഭഗവാന്റെ വാക്ക് കേട്ട് ഗർഗ്ഗപുരോഹിതൻ തുടങ്ങിയവരൊക്കെ അനുമോദിച്ചു. ഇന്ദ്രയാഗത്തിനെ നിർത്തി.
ഗോവർദ്ധനാദ്രിക്ക് പൂജ, പശുക്കൾക്ക് പൂജ ബ്രാഹ്മണർക്ക് പൂജ എന്നാക്കി.

ഇന്ദ്രന് അത്യധികം കോപം ഉണ്ടായി. തനിക്കുള്ള യാഗം മുടങ്ങിയതോടു കൂടെ സാക്ഷാൽ വിഷ്ണു ഭഗവാനാണെങ്കിലും ശരി മനുഷ്യനായിട്ട് അവതരിച്ചാൽ ഞങ്ങൾക്ക് ചോട്ടിലാണ്.
എനിക്ക് തരേണ്ട യാഗം മുടക്കി,

കൃഷ്ണം മർത്ത്യം,
മർത്ത്യനായ ഈ കൃഷ്ണനെ ആശ്രയിച്ച ഗോപന്മാർ എന്നെ അപമാനിച്ചു. ഞാനെന്റെ ശക്തി കാണിച്ചു കൊടുക്കണ്ട് എന്ന് പറഞ്ഞു.

അതിഭയങ്കരമായ മഴ പെയ്തു.
ആനതുമ്പിക്കൈ പോലെ മഴ വെള്ളം വീണത്രേ. അങ്ങനെ ഭയങ്കരമായി ഏഴു ദിവസം രാവും പകലും മഴ!

ഭഗവാൻ പറഞ്ഞു.
ആരും പേടിക്കണ്ടാ.
തന്റെ കൈ കൊണ്ട് ലീലയാടി ഗോവർദ്ധനാദ്രിയെ ഉയർത്തി.
വിരല് കൊണ്ട് ആ ഗോവർദ്ധനം പിടിച്ചു കൊണ്ട് ഗോപന്മാരേയും ഗോക്കളേയും ഒക്കെ അതിന്റെ കീഴിലേക്ക് വിളിച്ചു.

എല്ലാവരും ഇവിടെ നിന്നോളാ.

വളരെ ലാഘവത്തോടു കൂടെ അത് ഉയർത്തിപ്പിടിച്ച് ഇവരോടൊക്കെ തമാശ പറഞ്ഞ് വർത്തമാനം പറഞ്ഞ് എല്ലാവരേയും ആശ്വസിപ്പിച്ചുകൊണ്ട് അങ്ങനെ നില്ക്കാണ്.

ഈ ദിവ്യമായ ഈശ്വരത്വം കണ്ടിട്ട് ഗോപന്മാരൊക്കെ പതുക്കെ പതുക്കെ നന്ദഗോപരോട് ചോദിക്കാൻ തുടങ്ങി. എന്താ ഗർഗ്ഗപുരോഹിതൻ ഈ കുട്ടീടെ ജാതകം ഗണിച്ചു പറഞ്ഞത്? നാമകരണ സമയത്ത് അദ്ദേഹം എന്താണ് പറഞ്ഞത് എന്നൊക്കെ ഇപ്പോഴാണ് അന്വേഷണം.
ശ്രീനൊച്ചൂർജി
 *തുടരും. .*
Lakshmi prasad 

No comments: