Sunday, August 25, 2019

പുണ്യപാപങ്ങളുണ്ടാകുന്നത് ജീവാത്മാവിന്

Sunday 25 August 2019 3:00 am IST

ജ്യോതിരാദി അധികരണം തുടരുന്നു.
സൂത്രം പ്രാണവതാ ശബ്ദാത്

ഇന്ദ്രിയങ്ങളോട് കൂടിയ ജീവാത്മാവിനോടാണ് സംബന്ധം. അങ്ങനെ ശ്രുതിയുള്ളതിനാലാണ്.
ബ്രഹ്മം പ്രാണധാരിയായ ജീവനോടു കൂടി പ്രവേശിച്ചു എന്ന ശ്രുതിവാക്യമുള്ളതിനാല്‍ അത് ദോഷമില്ല.
അധിഷ്ഠാന ദേവതകളാണ് ഇന്ദ്രിയങ്ങളിലൂടെ പ്രവര്‍ത്തിക്കുന്നത് എന്ന് വന്നാല്‍ ഭോക്തൃത്വം ആ ദേവതകള്‍ക്കാവില്ലേ എന്ന് സംശയമുണ്ടാകാം. അതിനുള്ള മറുപടിയാണ് ഈ സൂത്രത്തില്‍.
ഭൂത ജാലങ്ങളെ സൃഷ്ടിച്ചതിന് ശേഷം പരമാത്മാവ് ജീവാത്മാവിനോട് കൂടി ദേഹത്തില്‍ പ്രവേശിച്ചുവെന്നാണ് ശ്രുതി പറയുന്നത്. അധിഷ്ഠാന ദേവതകള്‍ക്കാണ് ഭോക്തൃത്വമെങ്കില്‍ ഒരു ദേഹത്തില്‍ അനേകം ഫലഭോക്താക്കളുണ്ടാകണം. അത് ശരിയാവില്ല. അതിനാല്‍ ഇന്ദ്രിയങ്ങളോടുകൂടി ദേഹത്തില്‍ പ്രവേശിച്ച ജീവാത്മാവിനാണ് പുണ്യപാപങ്ങളുണ്ടാകുന്നത്. ജീവന് സ്വാമിയുടെ സ്ഥാനവും ഇന്ദ്രിയങ്ങള്‍ക്ക് ഭൃത്യരുടെ സ്ഥാനവുമാണ്. ഇന്ദ്രിയങ്ങള്‍ ചെയ്യുന്നത് ജീവന് വേണ്ടിയാണ്.  ഇതിനെ സഹായിക്കലാണ് അധിഷ്ഠാന ദേവതകള്‍ ചെയ്യുന്നത്.
തത്വങ്ങളിലെല്ലാം ബ്രഹ്മമാണ് അധിഷ്ഠാതാവെങ്കില്‍ ഒരോ ശരീരത്തിലുമിരിക്കുന്നത് ബ്രഹ്മമാണ് ജീവാത്മാവായിരിക്കില്ല എന്ന് സംശയിക്കാനും ഇടയുണ്ട്. ഇതിനും ഉള്ള മറുപടിയാണ് സൂത്രം. പരമാത്മാവ് ജീവാത്മാവിനോട് കൂടി തത്വങ്ങളില്‍ പ്രവേശിച്ചു എന്ന ഛാന്ദോഗ്യ ശ്രുതി പറയുന്നുണ്ട്. ഐതരേയത്തില്‍ പരമാത്മാവ് ജീവാത്മാവിന് സമ്പര്‍ക്കം കൊടുക്കാന്‍ ശരീരങ്ങളില്‍ പ്രവേശിച്ചു എന്നുണ്ട്.
മുണ്ഡകത്തിലും ശ്വേതാശ്വതരത്തിലും ജീവേശ്വരന്‍മാരെ ശരീരത്തിലെ രണ്ട് കിളികളായി പറയുന്നു. കഠോപനിഷത്തില്‍ ഹൃദയഗുഹയില്‍ വസിക്കുന്ന പരമാത്മാവിനേയും ജീവാത്മാവിനേയും പറക്കുന്നു. അതിനാല്‍ ശരീരത്തില്‍ അവ രണ്ടുമുണ്ട്. പരമാത്മാവ് ദേഹവുമായി ബന്ധപ്പെടാതെ ഇരിക്കുന്നു. ജീവന്‍ ഉപാധികളുമായി ചേര്‍ന്ന് കര്‍മ്മഫലം അനുഭവിക്കുന്നു. അതിനാല്‍
ശരീരത്തിന്റെ അധിഷ്ഠാതവായി ജീവനെ കരുതുന്നതാണ് ഉചിതം.
സൂത്രം  തസ്യ ച നിത്യത്വാത്
ജീവാത്മാവിന് തന്നെയാണ് ഭോക്തൃത്വം. എന്തെന്നാല്‍ അത് നിത്യമാണ്.
ജീവാത്മാവിന് നിത്യത്വമുള്ളതിനാല്‍ ഉല്‍പത്തി ചെയ്യാത്തത് തെറ്റല്ല.
അധിഷ്ഠാന ദേവതകള്‍ക്ക്  ഫലഭോക്തൃത്വമില്ല എന്നതിന് വീണ്ടും കാരണം പറയുന്നു. ഈ ദേവതകള്‍ ശരീരത്തില്‍ നിത്യമല്ല. ഇന്ദ്രിയങ്ങള്‍ക്ക് വൈകല്യമുണ്ടായാല്‍ ദേവതകളുടെ സ്ഥാനവും പോകും. എന്നാല്‍ ജീവന്‍ ദേഹമുള്ള കാലത്തോളം നിലനില്‍ക്കും. അതിനാല്‍ ഭോക്താവ് ജീവനാണ്.
ദേവതമാരുടെ ശരിയായ അവസ്ഥ ഉന്നതമാണ്. അവര്‍ക്ക് നാശമുള്ളതും നിസ്സാരവുമായ ദേഹങ്ങളിലെ സുഖം അനുഭവിക്കേണ്ടതില്ല. അതു കൂടാതെ ഇന്ദ്രിയങ്ങള്‍ ചെയ്യുന്ന പാപകര്‍മ്മങ്ങളുടെ ഫലം അവരെ ബാധിക്കുകയുമില്ല എന്ന് ബൃഹദാരണ്യ കത്തില്‍  ശ്രുതി വാക്യമുണ്ട്.
ശ്രുതിയില്‍ തത്വങ്ങളുടെ ഉല്‍പത്തിയ്ക്ക് മുമ്പോ അതിന് ശേഷമോ ജീവാത്മാവിന്റെ ഉല്‍പ്പത്തിയെ പറയുന്നില്ല. അപ്പോള്‍ പിന്നെയെങ്ങനെ പരമാത്മാവ് ശരീരത്തില്‍ പ്രവേശിച്ചു എന്ന് പറയുന്നത് എന്ന സംശയത്തേയും തീര്‍ക്കുന്നു. ജീവന്‍ നിത്യമായതിനാല്‍ അതിന്റെ ഉല്‍പത്തിയെ പറയേണ്ടതില്ല.
ശരീര ഉല്‍പ്പത്തിയെ പറഞ്ഞപ്പോള്‍ ചിലയിടത്ത് ഗൗണമായി ജീവന്റെ ഉല്‍പത്തി സൂചിപ്പിച്ചിട്ടുണ്ട്. പക്ഷേ എപ്പോഴെന്ന് പറഞ്ഞിട്ടില്ല. പഞ്ചഭൂതങ്ങള്‍ ഉണ്ടാകുന്നതിന് മുമ്പോ ശേഷമോ എന്ന് വ്യക്തമാക്കിയിട്ടില്ല. അതിനാല്‍ ജീവന്റെ ഉല്‍പ്പത്തിയെ പറഞ്ഞിട്ടില്ല എന്നത് ദോഷമായി കരുതേണ്ട.

No comments: