Monday, August 26, 2019

വിധിപ്രകാരം പ്രദക്ഷിണം

Monday 26 August 2019 3:00 am IST
അരയാലിന് ഏഴ്, വിഷ്ണുവിനും ദേവിക്കും നാല് ശിവന് മൂന്ന്, സൂര്യന് രണ്ട്, ഗണപതിക്ക് ഒന്ന് എന്ന ക്രമത്തിലാവണം പ്രദക്ഷിണം.

പ്രാര്‍ഥനാമന്ത്രങ്ങളോടെ ഭഗവത്‌രൂപം മനസ്സില്‍ ധ്യാനിച്ച് കൈകള്‍ ഇളക്കാതെ അടിവെച്ച് അടിവെച്ചു വേണം ക്ഷേത്രപ്രദക്ഷിണം നടത്താന്‍. പ്രദക്ഷിണത്തിലെ 'പ്ര'  എന്ന അക്ഷരം സര്‍വഭയനാശനത്തേയും 'ദ' മോക്ഷദായകത്തേയും ' ക്ഷി ' രോഗനാശകത്തേയും 'ണം' ഐശ്വര്യപ്രദം എന്നതിനേയും സൂചിപ്പിക്കുന്നു. 
അരയാലിന് ഏഴ്, വിഷ്ണുവിനും ദേവിക്കും നാല് ശിവന് മൂന്ന്, സൂര്യന് രണ്ട്, ഗണപതിക്ക് ഒന്ന് എന്ന ക്രമത്തിലാവണം പ്രദക്ഷിണം. മറ്റൊരു വിധിപ്രകാരം ഗണപതിക്ക് ഒന്ന് ആദിത്യനും ഭദ്രകാളിക്കും രണ്ട്, ശിവന് മൂന്ന് വിഷ്ണുവിന് നാല്,  ശാസ്താവിന് അഞ്ച്, സുബ്രഹ്മണ്യന് ആറ് ദുര്‍ഗയ്ക്കും ആല്‍മരത്തിനും ഏഴ് എന്നിങ്ങനെയാണ് പ്രദക്ഷിണവിധി. ഉദയം മുതല്‍ അസ്തമയം വരെ നിര്‍ത്താതെ പ്രദക്ഷിണം ചെയ്താല്‍ ആഗ്രഹസാഫല്യമുണ്ടാകുമെന്നാണ് വിശ്വാസം. ഇക്കൂട്ടത്തില്‍ ഏറെ കഠിനപ്രയത്‌നത്താല്‍ ചെയ്യേണ്ടതാണ് ശയനപ്രദക്ഷിണം. അതിതീവ്രമായ ദോഷങ്ങള്‍ പരിഹരിക്കാന്‍ ഇത് നല്ലതത്രേ. ദോഷങ്ങള്‍ എത്രമാത്രമുണ്ടോ, അതിനനസുരിച്ച് പ്രദക്ഷിണങ്ങളുടെ എണ്ണം കൂട്ടുന്നത് നല്ലതാണ്. 
ഉച്ചയ്ക്ക് പ്രദക്ഷിണം നടത്തിയാല്‍ സര്‍വാഭീഷ്ടസിദ്ധിയും വൈകുന്നേരം ചെയ്യുന്നവര്‍ക്ക് സര്‍വപാപപരിഹാരവും അര്‍ധരാത്രിയില്‍ ചെയ്താല്‍ മോക്ഷവും ലഭിക്കും. പ്രദക്ഷിണം ഓരോ തവണ വെയ്ക്കുമ്പോഴും നാം ദേവത്വത്തിലേക്ക് ഉയരുന്നുവെന്നാണ് പുരാണപണ്ഡിതരുടെ വാദം. ശിവക്ഷേത്രം വലം വെയ്ക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. 
ശ്രീകോവിലില്‍ നിന്ന് തീര്‍ഥം ഒഴുകിപ്പോകുന്ന ഓവുചാല്‍ വരെ ബലിക്കല്ലുകള്‍ക്കു പുറത്തുകൂടി പ്രദക്ഷിണം വയ്ക്കണം. അതിനു ശേഷം താഴികക്കുടം നോക്കി പ്രണമിച്ച ശേഷം അപ്രദക്ഷിണമായി ബലിക്കല്ലുകള്‍ക്ക് അകത്തു കൂടെ തിരിച്ചു നടന്ന്് വീണ്ടും ഓവിന് സമീപമെത്തി തിരികെ ക്ഷേത്രനടയിലെത്തണം. അപ്പോഴാണ് ഒരു പ്രദക്ഷിണം പൂര്‍ത്തിയാകുന്നത്. തന്ത്രശാസ്ത്രത്തില്‍ എല്ലാ ദേവന്മാര്‍ക്കും ഉപരിയായി വര്‍ത്തിക്കുന്ന ദേവനാണ് ശിവന്‍. പ്രദക്ഷിണത്തിനു ശേഷം സാഷ്ടാംഗം നമസ്‌ക്കരിക്കണം. പ്രദക്ഷിണം, ദര്‍ശനം, വന്ദനം, നമസ്‌ക്കാരം എന്നിവ കഴിഞ്ഞുവേണം തീര്‍ഥവും പ്രസാദവും സ്വീകരിക്കാന്‍. 
തീര്‍ഥം തരുമ്പോള്‍ വലം കൈയില്‍ വാങ്ങി വിരല്‍ ചുയില്‍ തൊടാതെ വേണം നാക്കിലേക്കിറ്റിക്കുവാന്‍. കൈ ചുണ്ടില്‍ തൊട്ടാല്‍ എച്ചിലാകുമെന്നാണ് വിശ്വാസം.

No comments: