Thursday, August 22, 2019

Dr D Health Tips: 142

⚠️ കുട്ടികളുടെ സ്വഭാവം ആരുടെ കയ്യിൽ ??

ഒരു കുഞ്ഞിന്റെ മസ്‌തിഷ്‌ക വികസനവും സ്വഭാവവും തീരുമാനിക്കുന്നത്  മാതാപിതാക്കളും, കൂടെ താമസിക്കുന്നവരും ആണ്
എന്ന്‌ പല പഠനങ്ങളിലും തെളിയിച്ചിട്ടുണ്ട്.

മാതാപിതാക്കളെന്ന നിലയിലുള്ള നമ്മുടെ പങ്ക്‌ മസ്‌തിഷ്‌കത്തിന്റെ വികസനത്തിനു  മാത്രമല്ല , ‌ആരോഗ്യവും സഹാനുഭൂതി പ്രകടമാക്കാൻ പ്രാപ്‌തരായ മനുഷ്യജീവികളെ വാർത്തെടുക്കുക എന്നത് കൂടെയാണ്‌. കുഞ്ഞുങ്ങളെ ശൈശവം മുതൽ നല്ല സ്വഭാവം പരിശീലിപ്പിക്കുക എന്നത്‌ കഠിനാധ്വാനം തന്നെയാണ്‌. വിജയപ്രദമെന്നു തെളിഞ്ഞ 10 കാര്യങ്ങൾ വിവരിക്കാം.

1.സ്‌നേഹം പ്രകടിപ്പിക്കുന്നതിൽ പിശുക്കു കാണിക്കാതിരിക്കുക

സ്‌നേഹത്തോടെ നിത്യവും  പരിപാലിക്കുകയും പോഷിപ്പിക്കുകയും ചെയ്യുമ്പോൾ തഴച്ചുവളരുകയും പുഷ്ടിപ്പെടുകയും ചെയ്യുന്ന ഇളം ചെടികൾപോലെയാണ്‌ കുട്ടികൾ. മാതാപിതാക്കൾ തങ്ങളുടെ വാത്സല്യം വാക്കുകളിലൂടെയും ആശ്ലേഷം പോലെയുള്ള സ്‌നേഹ പ്രകടനങ്ങളിലൂടെയും കുട്ടികളുടെമേൽ ചൊരിയുമ്പോൾ മാനസികവും വൈകാരികവുമായ വളർച്ചയും ദൃഢതയും കൈവരിക്കാൻ അത്‌ ഒരു പ്രേരകമായി വർത്തിക്കും.

2.സുഹൃത്തായിരിക്കുക, കുട്ടികളുമായി ആശയവിനിമയം എന്നും ചെയ്യുക

മക്കളോടൊത്തു സമയം ചെലവഴിക്കുമ്പോൾ നിങ്ങൾക്കിടയിൽ ഒരു ഗാഢബന്ധം ഇതൾവിരിയുന്നു. കൂടാതെ, അത്‌ ആശയവിനിമയ പാടവം പരിപുഷ്ടിപ്പെടുത്തുന്നു. എന്തു കാര്യമുണ്ടെങ്കിലും അച്ഛനമ്മമാരോടു പറയാനുള്ള സ്വാതന്ത്ര്യവും അടുപ്പവും കുട്ടികള്‍ക്കുണ്ടാക്കി കൊടുക്കണം.

3.നിങ്ങളുടെ ദുസ്വഭാവങ്ങള്‍ ഒഴിവാക്കുക

പുതിയതെന്തും പരീക്ഷിച്ച് നോക്കാനുള്ള മനോഭാവമുള്ളവരാണ് കുട്ടികൾക്ക്. ഇന്ന് അനേകം കുട്ടികള്‍ പുകവലിക്കും, മദ്യത്തിനും, മയക്കുമരുന്നുകള്‍ക്കും അടിമപ്പെട്ടത്തിന്റെ പ്രധാന കാരണം വീട്ടിൽ മാതാപിതാക്കൾ ഇതിന്റെ ഭവിഷ്യത്തുകൾ മാതൃകയായി നിന്ന്‌ മനസിലാക്കി കൊടുക്കാത്തതാണ്.

4.അഭിനന്ദനം നൽകുക

കുട്ടി നല്ല കാര്യം ചെയ്താൽ അതിനെ അപ്പോൾ തന്നെ വേണ്ടവിധം അഭിനന്ദിക്കണം. സാധാരണ സ്വന്തം മുറി വൃത്തിയിൽ സൂക്ഷിക്കാൻ മടിയുള്ള കുട്ടി ഒരു ദിവസം അതു ഭംഗിയായി ചെയ്തിരിക്കുന്നതു കണ്ടാൽ ‘ഇന്നെങ്കിലും നിനക്കിതു ചെയ്യാൻ തോന്നിയല്ലോ...?’ എന്നു നെഗറ്റീവായി അഭിപ്രായം രേഖപ്പെടുത്തുന്നവരാണ് അധികവും. എന്നാൽ മറിച്ച്, ‘ആഹാ കൊള്ളാലോ, നിന്റെ മുറി. നല്ല  ഭംഗിയുണ്ട്. നന്നായി മോനേ....’ എന്നു തോളിൽ തട്ടി വളരെ പോസിറ്റീവായ അഭിനന്ദനമാണെങ്കിൽ കുട്ടി ആ ശീലം ആവർത്തിക്കാൻ ശ്രമിക്കും.

5.അളന്നു വിമർശിക്കുക 

അഭിനന്ദനവും വിമർശനവും കൃത്യമായ അളവിലും രീതിയിലുമാണ് കുട്ടികൾക്കു നൽകുന്നതെങ്കിൽ അവരുടെ സ്വാഭാവം നേർവഴിയാക്കാം. തെറ്റായ കാര്യങ്ങൾ പറയുകയോ ചെയ്യുകയോ ചെയ്താൽ അനിഷ്ടം വ്യക്തമാക്കാനും അങ്ങനെ ചെയ്യുന്നതിന്റെ ദോഷം ബോധ്യപ്പെടുത്താനും ശ്രമിക്കണം. പരീക്ഷയ്ക്കു മാർക്ക് കുറയുന്ന കുട്ടിയെ വിഷമിപ്പിക്കും വിധം ‘നിന്നെ എന്തിനു കൊള്ളാം’ എന്നതരത്തിലൊക്കെ വഴക്കു പറയുകയോ കളിയാക്കുകയോ ചെയ്യുന്നതു കൊണ്ടു കുട്ടിയുടെ ഉള്ള ആത്മവിശ്വാസം കൂടി പോകും. പകരം ‘ഈ പരീക്ഷയ്ക്ക് മാർക്ക് കുറഞ്ഞതിൽ അമ്മയ്ക്കും വിഷമമുണ്ട്. അൽപം കൂടി ശ്രമിച്ചാൽ തീർച്ചയായും നിനക്കു നല്ല മാർക്ക് വാങ്ങാൻ പറ്റുമെന്ന് അമ്മയ്ക്ക് ഉറപ്പുണ്ട്. അടുത്ത പരീക്ഷയ്ക്കു മോൾക്ക്/ മോന് അതിനു കഴിയും.’ ഈ വാക്കുകൾ കൂടുതൽ നന്നായി പഠിക്കാൻ പ്രചോദനമാകും.

6.ആവശ്യത്തിനുള്ള സ്വാതന്ത്ര്യം നൽകുക

നിയന്ത്രണങ്ങള്‍ ഏറുന്തോറും കുട്ടികളില്‍ വാശിയും കൂടുമെന്ന്‌ തെളിയിക്കപ്പെട്ടിട്ടുണ്ട്‌. തങ്ങളെ അടക്കി നിര്‍ത്തുന്നതായി തോന്നിയാൽ ചില കുട്ടികള്‍ മാതാപിതാക്കളിൽ നിന്ന് അകന്നു  പോവുകയും ചില ചീത്ത കൂട്ടുകെട്ടിൽ  വീഴാറുണ്ട്. അത് ഒഴിവാക്കുക.

7.കുട്ടികളുടെ സ്‌ട്രെസ് കുറയ്ക്കണം

ഇന്നത്തെ കുട്ടികള്‍ക്ക് പഠിക്കുന്ന സമയത്തുള്ള സമ്മര്‍ദ്ധം ചെറുതല്ല.
വിജയങ്ങള്‍ക്കായി കുട്ടിയില്‍ ഏറെ സമ്മര്‍ദ്ധമുണ്ടാക്കരുത്.കുട്ടിക്ക് ഒട്ടും താല്പര്യമില്ലാത്ത പ്രവര്‍ത്തനങ്ങള്‍ക്കായി നിര്‍ബന്ധിക്കരുത്. നിങ്ങളുടെ കുട്ടിയെ  അടുത്തെ വീട്ടിലെ കുട്ടിയുമായി താരമത്യപ്പെടുത്താതിരിയ്ക്കുക.

8.കുട്ടികള്‍ക്കു പോഷക ആഹാരം  കൊടുക്കുക

വളരുന്ന പ്രായമാണ് കുട്ടികളുടേത്. പച്ചക്കറികളും പഴ വർഗ്ഗങ്ങളും ശാരീരികവും മാനസികവുമായ വളര്‍ച്ചയ്ക്ക് അത്യാവശ്യമാണ്. ശരീരത്തിനുള്ള മിക്കവാറും പോഷകങ്ങള്‍ ഇതില്‍ നിന്നും ലഭ്യവുമാണ്. കുട്ടികള്‍ക്കു മാതൃകയായി മുതിര്‍ന്നവരും ഇവ കഴിച്ചു കാണിക്കുക.

9.ചീത്ത സ്പര്‍ശനത്തെക്കുറിച്ച് കുട്ടിയെ പഠിപ്പിക്കണം

കുട്ടികള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമം വര്‍ദ്ധിച്ചു വരുന്ന കാലഘട്ടമാണിത്. ചെറുപ്പത്തിലേ പീഡനത്തിന് ഇരയായ കുട്ടികൾ മാനസികമായി തളർന്നു പോകുന്നു. കുട്ടികളെ പീഡനങ്ങളില്‍ നിന്നും രക്ഷിയ്ക്കാന്‍ അവരെ കാര്യങ്ങള്‍ പറഞ്ഞു ബോധ്യപ്പെടുത്തുകയാണ് പ്രധാനമായും വേണ്ടത്. ഇത്തരം സംഭവങ്ങളുണ്ടായാല്‍ ഏതെല്ലാം വിധത്തില്‍ പ്രതികരിക്കണമെന്നും ഇതേക്കുറിച്ചു മുതിര്‍ന്നവരോടു പറയാന്‍ മടിക്കേണ്ടെന്നും കുട്ടികളെ പറഞ്ഞു ബോധ്യപ്പെടുത്തുക.

10.ചൊട്ടയിലെ ശീലം ചുടല വരെ

ഇത്‌ മുഴുവൻ അര്‍ത്ഥത്തിലും ശരിയാണ്‌. കാരണം ചെറുപ്പത്തില്‍ ലഭിക്കുന്ന ശീലങ്ങളായിരിയ്‌ക്കും ജീവിതാവസാനം വരെ കുട്ടികൾ പിന്‍തുടരുക. കുട്ടികളെ പഠിപ്പി‌ക്കേണ്ട അടിസ്ഥാനപരമായ ചില ശീലങ്ങള്‍, മര്യാദകള്‍ ഉണ്ട്‌. ഇവയെന്തൊക്കെയെന്നു നോക്കൂ,

-പ്ലീസ്‌ താങ്ക്യൂ എന്നു പറയാന്‍ അവരെ പഠിപ്പിയ്‌ക്കുക. എളിമയോടൊപ്പം അടിസ്ഥാന മര്യാദയും കൂടിയാണിത്‌.

-മുതിര്‍ന്നവര്‍ ബഹുമാനിക്കാനും സംസാരിയ്‌ക്കുമ്പോള്‍ ഇടയില്‍ കയറി സംസാരിയ്‌ക്കാതിരിയ്‌ക്കുകയെന്നത്‌ ഇവരെ പഠിപ്പിയ്‌ക്കേണ്ട മറ്റൊരു കാര്യമാണ്‌.ചെറുപ്പത്തില്‍ കുട്ടികളെ പഠിപ്പി‌ക്കേണ്ട പ്രധാന പാഠങ്ങളിലൊന്നാണ്‌ ബഹുമാനമെന്നത്‌.

-മോശം വാക്കുകളും കമന്റുകളും  ഉപയോഗിക്കരുതെന്ന് പറഞ്ഞു മനസിലാക്കുക.

⚠️ ഓർക്കുക: നിങ്ങളുടെ കുഞ്ഞിന് നിങ്ങൾ ഒരു മാതൃക അച്ഛനമ്മയായി ഇരിക്കുക..നിങ്ങൾ ചെയ്യുന്നതും പറയുന്നതുമായ കാര്യങ്ങളാണ് നിങ്ങളുടെ കുഞ്ഞുങ്ങളുടെ സ്വഭാവമായി മാറുന്നത്. നമ്മുടെ സ്വന്തം കുഞ്ഞുങ്ങളിൽ വിഷം കുത്തി വയ്ക്കാതിരിക്കുക..!!!

ഈ വിലപ്പെട്ട വിവരം നിങ്ങൾ സ്നേഹിക്കുന്നവർക്കായി ഷെയർ ചെയ്യൂ.
WhatsApp 

No comments: