Friday, August 23, 2019

കൃഷ്ണബോധം: കാഴ്ചയുടെ സാകല്യം
----------------------------------

ജീവിതത്തെ അതിന്റെ സമ്പൂർണ സാകല്യത്തിൽ ദർശിക്കുന്നവനാണ് കൃഷ്ണൻ. അവന്റെ ബോധപൂർണതയ്ക്ക് ഒന്നിനെയും ഉപേക്ഷിക്കേണ്ടി വരുന്നില്ല. എല്ലാറ്റിനെയും അതിന്റെ സമഗ്രതയിൽ ആശ്ലേഷിച്ചറിയുന്ന ആനന്ദവാഹകനായി അവൻ നൃത്തം തുടരുന്നു. ഒരിക്കലും നിലയ്ക്കാത്ത പ്രവാഹമാണ് കൃഷ്ണത്വത്തിന്റെ ബോധധാര. അതുകൊണ്ടാണ് ബുദ്ധൻ അവസാനിക്കുന്നിടത്താണ് കൃഷ്ണൻ ആരംഭിക്കുന്നതെന്നു ഗുരുക്കന്മാർ തെളിച്ചു പറഞ്ഞത്.

കൃഷ്ണബോധത്തിലേക്ക് ഉയരുമ്പോൾ മാത്രമാണ് ഏതൊരു അവധൂത ഹൃദയവും, ജീവിതഗതിയുടെ സംഭവപരമ്പരകൾക്കു മേലെ ഒരു കുസൃതിച്ചിരിയോടെ കാഴ്ച കണ്ടിരിയ്ക്കുന്നത്. ദൈവികതയുടെ മഹാലീലയെ ആത്മാവിൽ അനുഭവിയ്ക്കുമ്പോൾ പൊള്ളയായ ഓടക്കുഴലിലൂടെ ആനന്ദനിശ്വാസത്താൽ ദിവ്യനാദമുതിർക്കുന്നു.

ഒരിക്കൽ ഒരു ഗ്രാമത്തിൽ വലിയ വെള്ളപ്പൊക്കമുണ്ടായി. നിരവധി പേർക്ക് ജീവഹാനി സംഭവിക്കുകയും വലിയ നാശനഷ്ടങ്ങൾ ഉണ്ടാവുകയും ചെയ്തു. എന്നാൽ, വ്യത്യസ്ത വിശ്വാസവിഭാഗങ്ങൾ താമസിച്ചിരുന്ന ആ ഗ്രാമം പ്രളയത്തിന്റെ കാരണത്തെ കുറിച്ച് വിവിധ നിഗമനങ്ങളിൽ എത്തിച്ചേർന്നു.

ദൈവവിരുദ്ധമായ ചില കർമങ്ങൾ ചെയ്ത ഗ്രാമവാസികൾക്കുള്ള ശിക്ഷയായി പ്രളയത്തെ ഒരു വിഭാഗം കണ്ടു. സ്ത്രീകൾ കോവിലിൽ പ്രവേശിച്ചതിന്റെയും, ദൈവത്തിനു ഇഷ്ടമല്ലാത്ത മാംസാഹാരം കഴിക്കുന്നതിന്റെയും പേരിലാണെന്ന് വരെ ആളുകൾ വിശ്വസിച്ചു.

മറ്റൊരു വിഭാഗം ഇത് ദൈവത്തിന്റെ പരീക്ഷണമായി കണ്ടു. സമ്പത്ത് കൊണ്ട് മറ്റുള്ളവരെ മുഴുവൻ വേലി കെട്ടിത്തിരിച്ചവർക്കുള്ള ശക്തമായ അടിയും പരീക്ഷണവുമായി അവർ കരുതി.

അമ്പലത്തിൽ വെള്ളം കയറിയപ്പോൾ, ഇതര വിശ്വാസികൾ അവിടെ ദൈവമില്ലെന്ന് പ്രചരിപ്പിച്ചു. പിന്നീട് മോസ്കിലും ചർച്ചിലും വെള്ളം കയറി നിറഞ്ഞപ്പോൾ, അവിടെയും ദൈവമില്ലെന്ന് മറ്റു വിശ്വാസികൾ പ്രഖ്യാപിച്ചു. എന്നാൽ, ദൈവമുണ്ടായിരുന്നെങ്കിൽ എങ്ങനെയാണ് ഇത് പോലെ ദുരിതം വിതയ്ക്കുന്ന ഒരു പ്രളയമുണ്ടാവുക എന്ന് പ്രചരിപ്പിച്ച് യുക്തിവാദികൾ എല്ലാ വിശ്വാസികളെയും ചോദ്യം ചെയ്തു.

ജീവിതവഴിയിൽ കടന്നുവരുന്ന സംഭവഗതികളോട് വിവിധ വിശ്വാസങ്ങളിലും ബോധതലത്തിലുമുള്ള സാധാരണ മനസുകൾ പ്രതികരിക്കുന്ന രീതിയാണിത്. അവരവരുടെ കാഴ്ചയ്ക്കും കാഴ്ചപ്പാടിനുമനുസരിച്ച് കാര്യങ്ങളെ കാണുന്നവരാണ് സാമാന്യബോധത്തിൽ ജീവിക്കുന്നവർ.

എന്നാൽ, കൃഷ്ണബോധത്തിന്റെ കാഴ്ച അതിവിശാലവും സമഗ്രവുമാണ്. കാഴ്ചയുടെ സാകല്യമാണത്. വിശ്വാസികളുടെ വ്യാജധാരണകൾക്കോ, യുക്തിയുടെ വിശകലനങ്ങൾക്കോ വഴങ്ങാത്ത വസ്തുതയുടെ സൂക്ഷ്മ യാഥാർഥ്യത്തിലേക്കാണ് കൃഷ്ണബോധം കൊണ്ടുപോകുന്നത്.

സമഗ്രസമ്പൂർണതയോടെ പ്രവഹിക്കുന്ന പ്രപഞ്ചഗതിയുടെ താളക്രമത്തിലെ ഒരു ചെറുചലനമായി, മഹാലീലയുടെ ഒരു കുഞ്ഞുകുതിപ്പായി, വലിയ കളികളുടെ ചെറിയ കാര്യങ്ങൾ മാത്രമായി എല്ലാം ഒരു കുസൃതിച്ചിരിയോടെ കണ്ടുരസിക്കുന്നു കൃഷ്ണബോധം. പ്രാപഞ്ചികതയിൽ അനശ്വരതയുടെ താളലയം തീർക്കുന്ന ഒരായിരം സ്വരധാരയിൽ ഒരു സ്വരബിന്ദുവായി, സംഭവങ്ങളഖിലവും ആസ്വദിച്ചു ശ്രവിക്കാനാകുന്നു.

ഈ പ്രപഞ്ചഗതിയിൽ ഒന്നും വെറുതെ സംഭവിക്കുന്നില്ല. വെറുതെയായി ഒന്നും സൃഷ്ടിക്കപ്പെട്ടിട്ടുമില്ല (റബ്ബനാ മാ ഖലഖ്ത ഹാദാ ബാഥ്വില:). സകലത്തിനും അതിന്റെതായ നിയോഗദൗത്യമുണ്ട്. ആ സാകല്യബോധത്തിൽ, സർവ സംസാരഗതിയെയും സാക്ഷീഭാവത്തിൽ സ്വസ്ഥതയോടെ വീക്ഷിക്കുന്നു.

എന്നാൽ, സംഭവങ്ങളെ മാറിനിന്നു കാണുന്ന ബുദ്ധബോധത്തിന്റെ നിർമ്മമതയും നിസ്സംഗതയും അവസാനിക്കുന്നിടത്താണ് കൃഷ്ണബോധത്തിന്റെ കാഴ്ചയും കർമവും തുടങ്ങുന്നത്. ഈ മഹാലീലയിൽ
ഇറങ്ങിക്കളിക്കുകയും, നിറഞ്ഞു നിന്ന് കളിപ്പിക്കുകയും ചെയ്യുമ്പോൾ തന്നെ, കളിയെ കളിയായി കണ്ട് ഒരു കുഞ്ഞു കുസൃതിച്ചിരിയുമായി അവൻ ആനന്ദനൃത്തം തുടരുന്നു.

ഇന്ന് ലോകത്ത്, പല ഭാഷകളിലായി കോടിക്കണക്കിനു പ്രേക്ഷകരുള്ള ഏറ്റവും വലിയ റിയാലിറ്റി ഷോകളിൽ ഒന്നാണ് ബിഗ് ബോസ്. ദൈനംദിന ജീവിതത്തെ പൂർണമായും ക്യാമറകൾ പകർത്തുന്ന ഒരു വലിയ കളി ആണത്. ജീവിതം തന്നെയാണ് ഒരു കളിയായി, ഗെയിമായി, വിനോദമായി ദൃശ്യവൽക്കരിക്കുന്നത്. ജീവിതമെന്ന വലിയ കളിയെ മാതൃകയാക്കിയ ചെറിയ കളിയാണ് യഥാർത്ഥത്തിൽ ബിഗ് ബോസ്. അല്ലെങ്കിൽ ബിഗ് ബോസ് വീട്ടിൽ നടക്കുന്ന ചെറിയ കളി തന്നെയാണ് ഭൂമിയെന്ന വലിയ വീട്ടിൽ നടക്കുന്ന വലിയ കളിയും.

ജീവിതമെന്ന മഹാകളിയെ ബോധ്യപ്പെടുത്തി, കളിയെ കളിയായി കണ്ട് കളിക്കണമെന്ന് കണ്ണിറുക്കി കാണിക്കുന്ന കുസൃതിക്കുഞ്ഞിന്റെ നിഷ്കളങ്കതയാണ് കൃഷ്ണബോധം. ആധ്യാത്മിക തിരിച്ചറിവിന്റെ ആകാശവഴികളിൽ നിന്ന് മാത്രമേ ഈ പ്രകാശബോധത്തിന്റെ കാഴ്ച ലഭിക്കുകയുള്ളൂ. പങ്കുവയ്ക്കാൻ കഴിയാത്ത ഈ ബോധപ്രവാഹത്തിൽ നിന്നാണ് ദിവ്യമായ സർഗ്ഗാത്മകതയെല്ലാം പൂവിരിയുന്നത്.

 സംഗീതവും നൃത്തവുമെല്ലാം ഇതേ ആനന്ദബോധത്തിന്റെ വൈവിധ്യമാർന്ന പ്രകാശനങ്ങളാണ്. ആനന്ദനൃത്തം ചെയ്യുന്ന ശ്രീകൃഷ്ണന്റെ ഓടക്കുഴൽ തന്നെയാണ് വൃത്തനൃത്തം തുടരുന്ന റൂമിയുടെ പുല്ലാങ്കുഴലും. ജീവിതമെന്ന മഹാലീലയെ അറിഞ്ഞുകളിക്കാൻ പ്രാപ്തമാക്കുന്ന, കൃഷ്ണബോധത്തിലേക്ക് കാഴ്ച ഉയർത്തുന്ന പ്രണയമാർഗ്ഗത്തിലേക്ക് റൂമി ഇങ്ങനെ വഴി കാണിക്കുന്നു:

' തേടുക നീ; ഇതുവരെ നിന്റെ
പ്രണയഭാജനത്തെ കണ്ടെത്തിയില്ലെങ്കിൽ
ആനന്ദനൃത്തം തുടരുക നീ;
നിന്റെ പ്രണയവുമായി സംഗമിച്ചെങ്കിൽ.'

No comments: