Thursday, December 19, 2019

ഭാഗവതം പ്രഥമം 14 ന്റേ അവസാനത്തിൽ ദ്വാരകയിൽ നിന്ന് മടങ്ങിവരുന്ന അസ്വസ്ഥനായി കാണപ്പെടുന്ന അർജുനനോട് യുധിഷ്ഠിരന്റേ അന്വേഷണം  ചിന്തനീയമാണ് .

ചെയ്യേണ്ടത് ചെയ്യാതിരുന്നാലും ചെയ്യരുതാത്തത് ചെയ്താലും നമുക്ക് സമാധാനം ഉണ്ടാകില്ല ന്ന് കാണിക്കുന്നു.
ഒരുവന്റെ ഉള്ളിന്റെ ഉള്ളിലേക്ക് നോക്കുമ്പോൾ കാണുന്ന സത്യം , ദയ , അഹിംസ തുടങ്ങിയവ അനുസരിച്ചോ അല്ലെങ്കിൽ കുട്ടിക്കാലം മുതൽക്ക് പല തരത്തിലും പഠിച്ചു വെച്ചിട്ടുള്ള ശരിയും തെറ്റും അനുസരിച്ചോ ആവാം ചെയ്യേണ്ടതും ചെയ്യരുതാത്തതും തീരുമാനിക്കുന്നത് .

* ഇങ്ങോട്ട് യാചിച്ചവർക്ക് (തികച്ചും ആവശ്യം ഉള്ളവർക്ക് ) വേണ്ടത് കൊടുക്കാൻ പറ്റാതെ വരുന്നത്
* ആശയനുസരിച്ചു കൊടുക്കാമെന്നു വാക്ക് പറഞ്ഞിട്ട് കൊടുക്കാൻ സാധിക്കാതെ വരുന്നത്

* ശരണം പ്രാപിച്ച ബ്രാഹ്മണൻ , ബാലൻ , പശു , വൃദ്ധൻ(വർധക്യാവസ്ഥയിൽ ബുദ്ധിമുട്ടുന്നയാൾ) , രോഗിയായ വ്യക്തി , സ്ത്രീ (സ്വതവേ അബലാ - സംരക്ഷിക്കപ്പെടേണ്ടവൾ ആയതുകൊണ്ട്) , ഏതെങ്കിലും ഒരു പ്രാണി -  ഇവരേ ശരണം നൽകാതെ ഉപേക്ഷ കാണിക്കുന്നത്

* പ്രാപിക്കാൻ പാടില്ലാത്ത സ്ത്രീയെ പ്രാപിക്കുന്നത്
 പ്രാപിക്കാൻ യോഗ്യയായ സ്ത്രീയെ എന്തെങ്കിലും സംസ്കാരം പോരാത്തവൾ ന്ന് പറഞ്ഞു സ്വീകരിക്കാതിരിക്കുന്നത് 

* സാദരം ഒരുമിച്ചിരുത്തി ഭോജനം കൊടുക്കേണ്ടവരായ വൃദ്ധന്മാരെയോ ബാലകരെയോ വേണ്ടവിധം മാനിക്കാതെ ഒറ്റക്ക് ഭുജിക്കുന്നത്

*ചെയ്യാൻ യോഗ്യത ഇല്ലാത്ത നിന്ദിതമായ എന്തെങ്കിലും പ്രവൃത്തി ചെയ്യുന്നത്

ഇതെല്ലാം ധർമം അറിഞ്ഞു  നല്ല രീതിയിൽ ജീവിച്ചു വരുന്ന വ്യക്തിക്ക് അസ്വസ്ഥത ഉണ്ടാക്കുന്നതാണെന്ന് പറയുന്നു .

വേറെയും ചില കാര്യങ്ങൾ പറയുന്നുണ്ട്

* സ്വന്തം ഗൃഹത്തിൽ അല്ലാതെ ബന്ധുക്കളുടെയോ സുഹൃത്തുക്കളുടെയോ കൂടെ കുറേ കാലം നിൽകുമ്പോൾ ക്രമേണ അവജ്ഞ നേരിടാൻ സാധ്യത ഉണ്ട് , പല തരം പെരുമാറ്റങ്ങളിലൂടെയും കുത്തുവാക്കുകളിലൂടെയും ഒക്കെ - അതും വിഷമത്തിനു കാരണം ആവും .

* എവിടെയാണെങ്കിലും ആരിൽ നിന്നാണെങ്കിലും പ്രേമശൂന്യമായ വാക്കിനാലോ മറ്റു ഭാവങ്ങളാലോ നമ്മൾ അസ്വസ്ഥരാക്കപ്പെടാം.

* എന്തെങ്കിലും കഴിവുള്ള ഒരു വ്യക്തിയെ സംബന്ധിച്ച് അവനെക്കാൾ ഉയർന്നവനോട് തോൽക്കുന്നതിൽ വിഷമിക്കേണ്ടതില്ല. പക്ഷേ തനിക്കു സമൻ പോലും അല്ലാത്ത തന്നേക്കാൾ താഴ്ന്ന ഒരുവന്റെ അടുത്ത് എന്തെങ്കിലും സാഹചര്യങ്ങളാലോ സ്വന്തം അശ്രദ്ധയാലോ തോറ്റു പോകുന്നതും നമ്മളെ അലോസരപ്പെടുത്തും .

* ഏറ്റവും പ്രിയപ്പെട്ട ഏതെങ്കിലും വ്യക്തിയോട് പിരിഞ്ഞിരിക്കേണ്ടി വരുന്നതും ( മാനസികമായ അകൽച്ചയും അടുത്തില്ലാതെ വിട്ടു നിൽക്കേണ്ടി വരുന്നതും ആവാം) നമ്മളെ ശൂന്യതയിൽ എത്തിക്കും .

......

പണ്ടുള്ളവരുടെ നിരീക്ഷണവൈഭവം ..
മനുഷ്യമനസ്സിനെയും ജീവിതസാഹചര്യങ്ങളെയും സൂക്ഷ്മമായി പഠിച്ചു മനസ്സിലാക്കിയ കാര്യങ്ങൾ ..
ശ്രദ്ധിച്ച് മുന്നോട്ട് പോയാൽ മനോവിഷമങ്ങൾ വരാനുള്ള സാധ്യത കുറക്കാം . അഥവാ വിഷമം വന്നുപോയാൽ അതിന്റെ കാരണം മനസ്സിലാക്കി അതിനെ ഇല്ലാതാക്കാനും പറ്റും .
നമുക്ക് സ്വയം അങ്ങനെ ആകാനും മറ്റുള്ളവർക്ക് സാന്ത്വനം നല്കാനും കഴിയും .

Sriram
🙏🙏

No comments: