Thursday, December 19, 2019

സാത്വിക ഗുണങ്ങള്‍ വളര്‍ത്തുക

Thursday 19 December 2019 5:01 am IST
ദൈവാസുര സമ്പദ് വിഭാഗയോഗം
ഓരോ മനുഷ്യനും ആവശ്യമുള്ള ഗുണവിശേഷങ്ങള്‍  കൃഷ്ണന്‍ വിവരിക്കുന്നു: 
നിര്‍ഭയത്വം, മനഃശുദ്ധി, ധ്യാനപരിശീലനം, ഇന്ദ്രിയനിയന്ത്രണം, മുതിര്‍ന്നവരോടുള്ള ആദരവ്, വേദപഠനം, സേവനം, പരസഹായം, നിശ്ചയദാര്‍ഢ്യം, അഹിംസ, സത്യസന്ധത, വാക്ശുദ്ധി, ദേഷ്യമില്ലായ്മ, കര്‍മനിരതത്വം, അഹങ്കാരമില്ലായ്മ, ക്ഷമ, ക്ഷമിക്കുവാനുള്ള മനസ്സ്, പരിശുദ്ധി, ശത്രുതയില്ലായ്മ, എന്നീ ഇൗശ്വരഗുണങ്ങളുള്ള വ്യക്തികളാണ ് ഈശ്വരീയ ഗുണമുള്ളവരായി സാത്വികരായി വിവരിക്കപ്പെടുന്നത്. ഇത് മോചനത്തിന് കാരണമായിത്തീരുന്നു. 
ആസുരീകഗുണം (ദോഷം)  ഉള്ളവര്‍ സ്വാര്‍ഥത, വെറുപ്പ്, ദേഷ്യം, അഹംഭാവം, അജ്ഞത, പാരുഷ്യം എന്നിവയുടെ മൂര്‍ത്തിമദ്ഭാവമായിരിക്കും. ഇത് ബന്ധനത്തിന് കാരണമായി തീരുന്നു. ഇവര്‍ രണ്ടാമത്തെ വിഭാഗത്തില്‍ പെടുന്നു. ശരിയും തെറ്റും ഇവര്‍ക്ക് അജ്ഞാതമാണ്. ആസുരിക സ്വഭാവദോഷമുള്ളവര്‍ക്ക് സത്യം, ധര്‍മം, ഈശ്വരഭക്തി എന്നുള്ളതൊന്നുമുണ്ടാകില്ല. അവര്‍ ധാര്‍ഷ്ട്യത്തോടെ പറയും മനുഷ്യന്റെ ആവശ്യം മാത്രമാണ് ഈ ലോകത്തില്‍ 
പ്രാധാന്യമായിട്ടുള്ളത്. വൈരുധ്യാധിഷ്ഠിത ഭൗതികവാദത്തില്‍ നിന്നാണിതെല്ലാം ഉത്ഭവിക്കുന്നത്. നശീകരണമനോഭാവം,അത്യാഗ്രഹം, മൂഢമായ മുദ്രാവാക്യം, അജ്ഞത, ദുഃസ്വഭാവം, അഹങ്കാരം, ധാര്‍ഷ്ട്യം, വെറുപ്പ്, ആഡംബരപ്രിയത്വം, അത്യഗ്രഹം, ദേഷ്യം, ഞാന്‍, എന്റെ, എനിക്ക്, എന്നതില്‍ മാത്രമുള്ള ശ്രദ്ധ, അധികാരവെറി, പ്രദര്‍ശനാത്മക പ്രവര്‍ത്തനങ്ങള്‍ നിരീശ്വരവാദം, ക്രൂരത ഇതെല്ലാം താമസികദോഷം അഥവാ ആസുരിക സ്വഭാവമുള്ളവരുടെ ദോഷവിശേഷങ്ങളാണ്. നരകത്തിലേക്ക് പ്രയാണം ചെയ്യുന്നവര്‍ അത്യഗ്രഹം, ദേഷ്യം, പിശുക്ക് ഈ മൂന്ന് വാതിലുകളിലൂടെ പ്രയാണം ചെയ്തവരായിരിക്കും. ഈ താമസിക ദോഷമുള്ളവര്‍ നന്മയിലേക്ക് തിരിയുകയില്ല.  നമ്മുടെ ജീവിതത്തില്‍ മേല്‍വിവരിച്ച തമോദോഷങ്ങളുണ്ടാകാതിരിക്കാനും സാത്വികഗുണങ്ങളുണ്ടാക്കാനും ശ്രദ്ധിക്കണം. അതാണ് ഭഗവദ്ഗീത നിത്യജീവിതത്തില്‍ പ്രായോഗികമാക്കാന്‍  ആഗ്രഹിക്കുന്നവരുടെ മാര്‍ഗവും ലക്ഷ്യവും.  
('ഭഗവത്ഗീതാ സന്ദേശം നിത്യജീവിതത്തില്‍' എന്ന പുസ്തകത്തില്‍ നിന്ന്.

No comments: