കുണ്ഡലിനീ ശക്തിയുടെ രൂപങ്ങള്‍
Wednesday 18 December 2019 4:32 am IST
ശ്രൂയതേ പ്രഥമാഭ്യാസേ
നാദോ നാനാവിധോ മഹാന്‍
തതോ ള ഭ്യാസേ വര്‍ധമാനേ
ശ്രൂയതേ സൂക്ഷ്മ സൂക്ഷ്മകഃ 4 84
അഭ്യാസം (നാദാനുസന്ധാനം) തുടങ്ങുന്ന സമയത്ത് പലതരത്തിലുള്ള വലിയ ശബ്ദങ്ങള്‍ കേള്‍ക്കും. പിന്നീട് അഭ്യാസം പുരോഗമിക്കുമ്പോള്‍ സൂക്ഷ്മമായ ശബ്ദങ്ങള്‍ കേള്‍ക്കാന്‍ തുടങ്ങും.
നാദാനുസന്ധാനത്തിന്റെ പ്രാധാന്യം ധാരാളമായി പറഞ്ഞു കഴിഞ്ഞു. പക്ഷെ അഭ്യാസം ശ്രദ്ധ ഇവ ഇല്ലെങ്കില്‍ ഒരു കാര്യവുമില്ല. 'ക്രിയാ കേവലം ഉത്തരം' എന്നു പണ്ടുള്ളവര്‍ പറയും.
'ഷണ്‍മുഖീ മുദ്ര'യില്‍, അതായത് മുഖത്തെ സപ്തദ്വാരങ്ങളും അടച്ച് അന്തര്‍നാദത്തെ ശ്രദ്ധിക്കുമ്പോള്‍ ബാഹ്യശബ്ദങ്ങള്‍ നമ്മെ അലോസരപ്പെടുത്തും. അവയില്‍ ശ്രദ്ധിച്ചാല്‍ അതിനുള്ളില്‍ മറ്റൊരു സൂക്ഷ്മ ശബ്ദം അറിയാം. ഇങ്ങിനെ കൂടുതല്‍ സൂക്ഷ്മങ്ങളെ അറിയണം. ക്രമത്തില്‍ ഇവ അപ്രത്യക്ഷമാവും. ഒരു നാദം മാത്രം ശേഷിക്കും. അപ്പോള്‍ മനസ്സിലെ വൃത്തികള്‍ നിലയ്ക്കും. ശബ്ദമുഖരിതമായ പട്ടണത്തിലെ വഴിയോരങ്ങളില്‍ ഉറങ്ങുന്നവര്‍ പോലും വല്ല ശബ്ദവും അറിയുന്നുണ്ടോ?. നമുക്കും അതു തന്നെ അനുഭവം.
ശബ്ദത്തിന് വൈഖരി, മധ്യമാ, പശ്യന്തി, പരാ എന്നീ നാലു ഘട്ടങ്ങള്‍ ഉള്ളതായി മന്ത്രശാസ്ത്രം പറയുന്നു. ലളിതാസഹസ്രനാമത്തിലും 'പരാ പ്രത്യക്ചിതീരൂപാ' എന്നിങ്ങനെ പറയുന്നു. ഈ നാലും കുണ്ഡലിനീ ശക്തിയുടെ രൂപങ്ങള്‍ തന്നെ. വൈഖരിയാണ് പ്രത്യക്ഷമായ ശബ്ദം, പുറത്തു കേള്‍ക്കുന്ന മന്ത്രം. അത് സ്ഥൂലമായ മനസ്സിനെ അടക്കും. സ്ഥൂല ശരീരതലത്തില്‍ നിന്നും (സ്വയംഭൂ ലിംഗം) സൂക്ഷ്മത്തിലേക്കു നയിക്കും. സൂക്ഷ്മ ശരീരത്തിലുള്ള (ബാണ ലിംഗം) ബോധം ഉണരും. ഇവിടെയാണ് മന്ത്രത്തിന്റെ സൂക്ഷ്മരൂപമായ മധ്യമാ ശബ്ദം. അതിലും സൂക്ഷ്മമായ കാരണ ശരീരത്തിലാണ് (ഇതര ലിംഗം) പശ്യന്തീ നാദം. പിന്നെ അത് പരാബിന്ദുവിലേക്കും പരാനാദത്തിലേക്കും ചെല്ലും.
സ്ഥൂലവും സൂക്ഷ്മവുമായ ഇത്തരം ശബ്ദങ്ങളുടെ ഘടനയും ചേര്‍ച്ചയും സംബന്ധിച്ച ജ്ഞാനമാണ് മന്ത്രശാസ്ത്രം പകര്‍ന്നു തരുന്നത്. മന്ത്രമില്ലെങ്കില്‍ തന്ത്രവുമില്ല.
'അമന്ത്രം അക്ഷരംനാസ്തി'( മന്ത്രമല്ലാത്ത അക്ഷരമില്ല.). നാ, രാ, യ, ണ. ഇവ ഒറ്റക്കു നിന്നാല്‍ അക്ഷരങ്ങള്‍ മാത്രം. അവയെ ഘടിപ്പിച്ച് മന്ത്രമാക്കാനറിയുന്നവനാണ് ഇല്ലാത്തത് (യോജക: തത്ര ദുര്‍ലഭ:). അവരെയാണ് മന്ത്രദ്രഷ്ടാക്കള്‍, യോജകന്മാര്‍ എന്നു പറയുന്നത്,
മന്ത്രത്തിന്റെ യഥാര്‍ഥ രൂപം അനുഭവ ത്തിലൂടെ അറിയുന്നവനാണ് മന്ത സിദ്ധി നേടിയവന്‍. സൃഷ്ടിയെയും സംഹാരത്തെയും സ്വാധീനിക്കാന്‍ സിദ്ധനു കഴിയും. പക്ഷെ സിദ്ധികളുടെ ദുരുപയോഗം മാര്‍ഗ്ഗതടസ്സമുണ്ടാക്കുമെന്നു കുടി ഇവിടെ പറഞ്ഞു വെക്കാം. എന്നാല്‍ വേണ്ടവണ്ണമുപയോഗിച്ചാല്‍ അത് പൂര്‍ണമായ പ്രത്യാഹാരത്തിലേക്ക് (ഇന്ദ്രിയ നിയന്ത്രണത്തിലേക്ക്) വഴി തുറക്കും. ധാരണാ ധ്യാന സമാധികളിലേക്കുള്ള രാജപാത മുന്നില്‍ ഉണ്ട്.
ആദൗ ജലധി ജീമൂത
ഭേരീ ഝര്‍ഝര സംഭവാ:
മധ്യേ മര്‍ദ്ദള ശംഖോത്ഥാ
ഘണ്ടാകാഹളജാസ്തഥാ. 4 85
ആദ്യം സമുദ്ര നാദം, മേഘനാദം, ഭേരീ നാദം (ബാന്റ് വാദ്യം, ദുന്ദുഭി ) എന്നിവയും പിന്നീട് മദ്ദളം, ശംഖ്, മുതലായവയുടെ ശബ്ദവും കേള്‍ക്കാം.
പ്രാണായാമത്തിലൂടെ വായു ബ്രഹ്മരന്ധ്രത്തില്‍ പ്രവേശിക്കുന്ന സമയത്തെയാണ് 'ആദൗ' എന്നു പറഞ്ഞത്. അപ്പോഴാണ് ബഹളമയമായ ശബ്ദം കേള്‍ക്കുന്നത്. സമുദ്രത്തിന്റെയും മേഘത്തിന്റെയും ശബ്ദഘോഷങ്ങള്‍. ബ്രഹ്മരന്ധ്രത്തില്‍ പ്രാണന്‍ സ്ഥിരത നേടുമ്പോഴാണ് 'മധ്യേ'എന്ന അവസ്ഥ. അപ്പോഴാണ് മദ്ദളത്തിന്റെയും ശംഖിന്റെയും ഒച്ച. കുറച്ചു കൂടി സൂക്ഷ്മവും സുന്ദരവുമായ ശബ്ദങ്ങള്‍.
അന്തേ തു കിങ്കിണീ വംശ
വീണാ ഭ്രമര നിസ്വനാഃ
ഇതി നാനാവിധാ നാദാഃ
ശ്രൂയന്തേ ദേഹമധ്യഗാഃ 4 86
അവസാനം കിങ്ങിണി, ഓടക്കുഴല്‍, വീണ, വണ്ട് എന്നിവയുടെ ശബ്ദം കേള്‍ക്കാം. ഇങ്ങിനെ നാനാതരം ശബ്ദങ്ങള്‍ ദേഹത്തിന്റെ ഉള്ളില്‍നിന്നു കേള്‍ക്കു മാറാകും.
'അന്തേ' എന്നാല്‍ പ്രാണന്‍ പ്രാപ്യസ്ഥാനത്ത് പൂര്‍ണസ്ഥിരത നേടുമ്പോഴുള്ള അവസ്ഥ തന്നെ. കൂടുതല്‍ ഇഷ്ടമായ ശബ്ദവിശേഷങ്ങള്‍ നിറഞ്ഞതാണിവിടം. യോഗേശ്വരനായ ശ്രീകൃഷ്ണന്റെ കയ്യില്‍ സദാ ഓടക്കുഴല്‍ ഇരിക്കുന്നതിന്റെ രഹസ്യമാണ് ഇവിടെ തെളിഞ്ഞു വരുന്നത്.
(കൊച്ചി പതഞ്ജലി യോഗ ട്രെയിനിംഗ് ആന്റ് റിസര്‍ച്ച് സെന്റര്‍ അധ്യക്ഷനാണ് ലേഖകന്‍)
No comments:
Post a Comment