ക്ഷേത്രവും ക്ഷേത്രജ്ഞനും
Tuesday 17 December 2019 6:27 am IST
ഒരു സുഭാഷിതം ഇങ്ങനെ:
ക്ഷേത്രേ പാപസ്യകരണം ദൃഢം ഭവതി ഭൂസുരാഃ
പുണ്യക്ഷേത്ര നിവാസേ ഹിപാപമണ്വപി നാചരേത്
അര്‍ഥം: പുണ്യക്ഷേത്രത്തില്‍ പാപകര്‍മം ചെയ്യുന്നവന്‍ പാപത്തെ വീണ്ടും ശക്തിപ്പെടുത്തുകയാണ്. അതിനാല്‍ പുണ്യക്ഷേത്രത്തില്‍ വസിക്കുമ്പോള്‍, ഏറ്റവും ചെറുതായിരുന്നാല്‍ പോലും, ഏറ്റവും നിസ്സാരമായിരുന്നാല്‍ പോലും പാപം ചെയ്യരുത്.
മതപരമോ ആത്മീയമോ ആയ ആരാധനാലയമാണ് ക്ഷേത്രം. കല,ദര്‍ശനം,മതം എല്ലാമടങ്ങുന്ന ആര്‍ഷണകേന്ദ്രം കൂടിയാണിത്. സംസ്‌ക്കാരത്തിന്റെ പ്രധാന സഗുണോപാസനാ ഭൂമികയെന്നും നമുക്ക് ക്ഷേത്രത്തെ വിശേഷിപ്പിക്കാം. ഹിന്ദുക്ഷേത്രം ഹൈന്ദവ ധര്‍മത്തിന്റെയും ദര്‍ശനത്തിന്റെയും ഉല്‍പന്നമാണ്. വടക്ക് ഹിമാലയം മുതല്‍ തെക്ക് കന്യാകുമാരിവരേയും പടിഞ്ഞാറ് സിന്ധു നദീതടം മുതല്‍ കിഴക്ക് ബ്രഹ്മപുത്രാതടം വരേയും വ്യാപിച്ചിരിക്കുന്ന വിശാലമായ ഭൂവിഭാഗം വലതും ചെറുതുമായ ആയിരമായിരം ക്ഷേത്രങ്ങളുടെ കേളീനിലയനമാണ്.
സനാതന ധര്‍മത്തിന്റെ അടിസ്ഥാന പ്രമാണങ്ങളിലൊന്ന് വിഗ്രഹാരാധന. അനാദിയും അമൂര്‍ത്തവുമായ അഖണ്ഡബ്രഹ്മത്തെ ഉപാസിക്കാന്‍ സാധാരണക്കാര്‍ക്ക് ബുദ്ധിമുട്ടേറും. സരൂപാരാധനയും സഗുണോപാസനയും വിധിക്കുന്നത് സാരൂപ്യ സാലോക്യ സായൂജ്യത്തിനു വേണ്ടിയും. സത്യവും ശുദ്ധവുമായ ഈശ്വരാന്വേഷണമാണ് ഭക്തി. എട്ടു വിധത്തിലുള്ള പ്രതിഷ്ഠാ വിഗ്രഹങ്ങളാല്‍ നമ്മുടെ ക്ഷേത്രങ്ങള്‍ മൂര്‍ത്തീഭാവം കൈകൊള്ളുന്നു.
ശൈലീ ദാരുമയീ ലൗഹീലേപ്യാ ലേഖ്യാ ച സൈകതീ
മനോമയീ മണിമയീ പ്രതിമാഷ്ടവിധാ സ്മൃതാ
വിശാലമാനുഷ്യകമാണ് സനാതന ധര്‍മം വിളംബരം ചെയ്യുന്നത്. ക്ഷേത്രങ്ങള്‍ വെടിപ്പായി പണികഴിപ്പിച്ച് ഉത്സവാദികളും മറ്റും ചിട്ടയായും ക്രമമായും നടത്തേണ്ടതിന്റെ ആവശ്യകത ശ്രീകൃഷ്ണന്‍ ഭാഗവത പുരാണത്തില്‍ ഉദ്ധവരോട് വിശദീകരിക്കുന്നുണ്ട്.
ഭക്തനും ഭഗവാനുമിടയ്ക്ക് ഇണക്കുബന്ധം സ്ഥാപിച്ചെടുക്കാന്‍ പൗരോഹിത്യത്തിന്റെ പ്രതിനിധി ഉണ്ടാവും. മേല്‍ശാന്തി, കീഴ്ശാന്തി, മുട്ടുശാന്തി, പുറ പ്പെടാ ശാന്തി ഇവരൊക്കെയും ഈ വകുപ്പില്‍ പെടും. ഊരാണ്മ(യ്മ) യും കാരായ്മ(ണ്മ)യും വേറെയും. ഭക്തനും ഭഗവാനും പുരോഹിതനും ചേര്‍ന്ന സമഭുജത്രികോണമാവണം ക്ഷേത്രം.
പ്രദക്ഷിണം,വന്ദനം,നമസ്‌ക്കാരം എന്നീ ഉപചാരങ്ങളില്‍ കൂടിയാണ് ഭക്തന്‍ ക്ഷേത്രത്തില്‍ ചെന്ന് ക്ഷേത്രജ്ഞനെ ഉപാസിക്കുന്നത്. നമസ്‌ക്കാരത്തിനു ശേഷം ചെയ്യേണ്ട ഉപചാരമാണ് വഴിപാട്. ഈശ്വര സന്നിധിയില്‍ ചെയ്യുന്ന ത്യാഗം തന്നെ വഴിപാട്. കാര്യസിദ്ധ്യാര്‍ഥമാണ് പലരും ക്ഷേത്രത്തില്‍ വഴിപാടു നടത്തുന്നത്. കൈയില്‍ ഒന്നുമില്ലാതെ, രാജാവിനെയോ, ദേവതകളെയോ, ഗുരുവിനെയോ കാണാന്‍ പോകരുതെന്നാണ് പ്രമാണം. രാജാവിന് തിരുമുല്‍ക്കാഴ്ചയും ദേവതയ്ക്കു വഴിപാടും ഗുരുവിന് ദക്ഷിണയും കരുതണം. ഈ വഴിപാടില്‍ കൈയിട്ടു വാരുന്നത് മഹാപാപം തന്നെ.
കുരുക്ഷേത്രത്തില്‍ വെച്ച് അര്‍ജുനനന്‍ ഭഗവാനോട് പറഞ്ഞു; '....പാപം ചരതി പുരുഷഃ'. വേണ്ടെന്നു വച്ചിട്ടും മനസ്സ് പാപചിന്തകളില്‍ പെടുന്നു. മനുഷ്യന് പാപ വാസനയേറും. പാപാത്മാവാകാതിരിക്കാന്‍ അര്‍ജുനനോട് രണ്ടു കാര്യങ്ങളുപദേശിച്ചു ശ്രീകൃഷ്ണന്‍. ഒന്ന് അഭ്യാസം, രണ്ട് വൈരാഗ്യം. ലോകം പാപികളുടെ പറുദീസയായി മാറിക്കൊണ്ടിരിക്കുന്നു. ഒരു പാപകര്‍മവും പുണ്യക്ഷേത്രത്തിലുണ്ടാവരുത്. അതു ഭഗവാന്‍ പൊറുക്കുകയില്ല. ശിക്ഷ കഠിനമാകും. തീര്‍ച്ച.
പാപഭീതി, സംഘനീതി, ദൈവ പ്രീതി. ക്ഷേത്രവും ക്ഷേത്രജ്ഞനും തമ്മിലുണ്ടാവേണ്ടത് ഈ നൈതികസമസ്യയാവണം. വിശ്വാസം രൂഢിയാവണം. നിര്‍മാണം, ധാരണം, പാലനം, പോഷണം എന്നീ പടവുകളിലൂടെ വിശ്വാസം അനന്യഭക്തിയായി രൂപപ്പെടണം. ഇതിനു സഹായിക്കുന്നത് ക്ഷേത്രം തന്നെ. അന്നദാനവും ആനയുമില്ലെങ്കില്‍ അമ്പലത്തിലാളില്ലാത്ത ദുരവസ്ഥ സനാതന ധര്‍മത്തിനു ഭൂഷണമല്ല.
No comments:
Post a Comment