നിമിത്തകാരണത്തിൻറെ പേരിലാണ് നാമെപ്പോഴും പ്രശ്നങ്ങൾ ഉണ്ടാക്കുന്നത്. അറിയേണ്ടത് യഥാർത്ഥകാരണമാണ്. ഉദാഹരണത്തിന് ഒരാൾ മൃഗങ്ങളുടെ ഉപദ്രവംകൊണ്ടോ വാഹനാപകടംകൊണ്ടോ രോഗംകൊണ്ടോ മരണപ്പെട്ടു എന്നത് നിമിത്ത കാരണമാണ്. അയാൾ മരിക്കാനുള്ള സമയമായി എന്നതാണ് യഥാർത്ഥ കാരണം. ശരിക്കുള്ള കാരണം അറിയുമ്പോഴാണ് നമ്മുടെ മനസ്സ് അടങ്ങുവാൻ തുടങ്ങുന്നത്. അതറിയാതിരിക്കുന്നിടത്തോളം കാലം മനസ്സ് നിമിത്ത കാരണങ്ങളിൽപ്പെട്ട് ദുഃഖിച്ചുകൊണ്ടിരിക്കും. ശരീരവും മനസ്സും നിമിത്തകാരണമാണ്. അവയിലൂടെ രോഗദുരിതങ്ങളാകുന്ന പ്രാരബ്ധങ്ങളെ അനുഭവിക്കുന്നു എന്നതാണ് യഥാർത്ഥ കാരണം. മറ്റുള്ളവരാൽ നാം ദുരിതം അനുഭവിക്കുന്നു മറ്റുള്ളവർ നമ്മെ ദുഃഖിപ്പിക്കുന്നു എന്നത് നിമിത്ത കാരണം എന്നറിയുമ്പോൾ നമുക്ക് സകലതിനെയും വിദ്വേഷമോ ദുഃഖമോ നിരാശയോ കൂടാതെ ഉൾക്കൊള്ളാനാകും. അങ്ങനെ സകലതിനെയും ഉൾക്കൊള്ളുന്നൊരാൾക്കു മാത്രമേ സ്വരൂപമായ ആത്മസത്യത്തിൻറെ പ്രകാശം അനുഭവിച്ചറിയാനാകുന്നുള്ളൂ.
നിമിത്ത കാരണങ്ങളെക്കുറിച്ചുള്ള അറിവാണ് ഭൗതികവിദ്യയായ അപരാവിദ്യയൊക്കെയും. അവ താല്കാലികമായ പ്രശ്നങ്ങളെയും താല്കാലികമായ പരിഹാരങ്ങളെയും മാത്രം കണ്ടെത്തുന്നു. എന്നതിനാൽ അവയെല്ലാം "ഉണ്ടായി മാറുന്ന അറിവാ"ണ്! ശരീരവും മനസ്സും കൊണ്ട് വീണ്ടും വീണ്ടും ഉണ്ടായിമാറുന്ന സുഖദുഃഖങ്ങളിൽ കറങ്ങിക്കൊണ്ടിരിക്കുന്നു. "ഉണ്ടായിമാറുമറിവുണ്ടായി മുന്നമിതുകണ്ടാടുമംഗമകവുംകൊണ്ട് ആയിരംതരമിരുണ്ടാശയം പ്രതിചുരുണ്ടാമഹസ്സിൽ മറയും" എന്നാണ് ശ്രീനാരായണഗുരുസ്വാമികൾ 'ജനനീനവരത്നമഞ്ജരി'യിൽ പറയുന്നത്. ഉണ്ടായി നിലനിന്ന് മറയുന്നതാണ് സൃഷ്ടി സ്ഥിതി സംഹാരങ്ങൾ! എവിടെനിന്ന് ഉണ്ടാകുന്നു, എവിടെ നിലനിൽക്കുന്നു, എവിടേയ്ക്ക് മറയുന്നു? വ്യക്തമാകുന്നത് എവിടെ, അവ്യക്തമാകുന്നത് എവിടെ? മറയാകുന്നതും, അജ്ഞാനത്തിൻറെ ഇരുൾ പരക്കുന്നതും മായയാണ്! ഭൗതികമായതൊന്നും എന്നും ഒരുപോലെ നിലനിൽക്കുന്നതല്ല എന്ന അറിവിൽ നിന്നാണ് ഒരാൾ ആത്മസ്വരൂപത്തെ തിരയുവാൻ തുടങ്ങുന്നത്. ആ ഒരന്വേഷണത്തിൽ നിന്നാണ് സ്വരൂപജ്ഞാനം ഉണ്ടാകുന്നത്.
മാറിക്കൊണ്ടിരിക്കുന്നതിനെ കുറിച്ചുള്ള അറിവല്ല മാറ്റമില്ലാത്തതിനെ കുറിച്ചുള്ള അറിവാണ് ജ്ഞാനം! മറിക്കൊണ്ടിരിക്കുന്നതിനെ കുറിച്ചുള്ള അറിവ് അപരാവിദ്യ എന്നും മാറ്റമില്ലാത്തതിനെ കുറിച്ചുള്ള അറിവ് പരാവിദ്യ എന്നും ആത്മവിദ്യയെന്നും അറിയപ്പെടുന്നു.
ഓം.
ഓം.
krishnakumar kp
No comments:
Post a Comment