Tuesday, December 17, 2019

ഗുരുവായൂരപ്പനും, ചേലപ്പറമ്പനും
*********************************
ശ്രീമദ്ഭാഗവതത്തിൽ പറയുന്ന പ്രസിദ്ധമായ ഒരു കഥയാണ് അജാമിളമോക്ഷം. ബ്രാഹ്മണകുലത്തിൽ ജനിച്ചിട്ടും തന്റെ ജീവിതത്തിന്റെ സിംഹഭാഗവും എല്ലാവിധ ദുഷ്ടതകളോടും ജീവിച്ച അജാമിളൻ എന്നയാൾ, ജീവിതാവസാനത്തിലെ ഒരു നിമിഷം തന്റെ പുത്രനായ നാരായണനെ വിളിച്ചപ്പോൾ സാക്ഷാൽ നാരായണൻ തന്നെ വിളികേട്ടതും അയാളെ വൈകുണ്ഠത്തിലേയ്ക്ക് കൊണ്ടുപോയതുമാണ് ഈ കഥയിലെ സാരം. ഗുരുവായൂർ ക്ഷേത്രവുമായി ബന്ധപ്പെട്ടും സമാനമായ ഒരു കഥ പറഞ്ഞുകേൾക്കുന്നുണ്ട്. ചേലേപ്പറമ്പ് എന്ന് ഇല്ലപ്പേരുണ്ടായിരുന്ന ഒരു നമ്പൂതിരിയാണ് ഈ കഥയിലെ പ്രധാന കഥാപാത്രം. തന്റെ ജീവിതത്തിന്റെ സിംഹഭാഗവും പലതരം ഹീനപ്രവൃത്തികളിലും ഏർപ്പെട്ട ചേലേപ്പറമ്പ്, വാർദ്ധക്യത്തിൽ ഗുരുവായൂരിലെത്തിയതും തുടർന്നുള്ള സംഭവവികാസങ്ങളുമാണ് ഈ കഥയുടെ ആകെത്തുക. കഥ ഇങ്ങനെ:

ബ്രാഹ്മണകുലത്തിൽ ജനിച്ചെങ്കിലും, ചെറുപ്പത്തിൽ തന്നെ വേദപുരാണാദികളിൽ പ്രാവീണ്യം നേടിയെങ്കിലും, വളരെ കുത്തഴിഞ്ഞ ഒരു ജീവിതമാണ് ചേലേപ്പറമ്പ് നയിച്ചിരുന്നത്. സ്ത്രീസേവയിലും മദ്യപാനത്തിലും താത്പര്യം കിട്ടിയ അദ്ദേഹം സകലമാന തിന്മകളിലും വ്യാപരിച്ചു. ഒരുപാട് സ്ഥലങ്ങളിൽ നിന്ന് വിവാഹം കഴിച്ചു, അവയിലെല്ലാം സന്തതികളുണ്ടായി. പലരും അച്ഛനെ അറിയാതെ കാലം കഴിച്ചുകൂട്ടി. കാലം അങ്ങനെ കുറേ കടന്നുപോയി. അങ്ങനെയിരിയ്ക്കേ ഒരു ദിവസമാണ് ചേലേപ്പറമ്പ് ഗുരുവായൂരിലെത്തുന്നത്. എന്നാൽ ഗുരുവായൂരിൽ താമസമാക്കിയ ശേഷവും അദ്ദേഹത്തിന്റെ സ്വഭാവത്തിൽ വ്യത്യാസമൊന്നും കണ്ടില്ല. പരസ്ത്രീഗമനവും മോഷണവും മദ്യപാനവും അദ്ദേഹത്തിന്റെ നിത്യവൃത്തിയായിരുന്നു. ക്ഷേത്രമിരിയ്ക്കുന്ന ഭാഗത്തേയ്ക്ക് അദ്ദേഹം തിരിഞ്ഞുനോക്കിയതുപോലുമില്ല. പരദൂഷണം മാത്രമായിരുന്നു അദ്ദേഹത്തിന്റെ വായിൽ നിന്ന് പുറത്തുവന്നിരുന്നത്. അങ്ങനെ നാട്ടുകാരുടെ മൊത്തം സ്വൈരം കെടുത്തുന്ന ഒരാളായി അദ്ദേഹം മാറി.

കാലം പിന്നെയും കടന്നുപോയി. ചേലേപ്പറമ്പിന് തൊണ്ണൂറു വയസ്സ് കഴിഞ്ഞു. എങ്കിലും സ്വഭാവത്തിൽ വലിയ വ്യത്യാസമൊന്നും കണ്ടില്ല. അങ്ങനെയിരിയ്ക്കേ ഒരു ദിവസമാണ് ആ സംഭവം നടക്കുന്നത്. അതിങ്ങനെ: ഒരു ദിവസം ഉച്ചയ്ക്ക് ക്ഷേത്രത്തിലെ പ്രസാദ ഊട്ട് കഴിഞ്ഞ് ബ്രാഹ്മണർ ക്ഷേത്രത്തിൽ കൈ കഴുകുന്ന തിരക്കിലിരിയ്ക്കേ ചേലേപ്പറമ്പ് സമൃദ്ധമായി എണ്ണയും ഇഞ്ചയും തേച്ച് കുളത്തിൽ കുളിയ്ക്കുകയായിരുന്നു. ചേലേപ്പറമ്പിന്റെ പ്രവൃത്തികൾ കണ്ട് കുപിതനായ ബ്രാഹ്മണരിലൊരാൾ അദ്ദേഹത്തോട് പറഞ്ഞ കാര്യം ഇങ്ങനെയായിരുന്നു:

ഹേ ചേലേപ്പറമ്പേ, ഇതെന്താണ് അങ്ങ് കാണിയ്ക്കുന്നത്? എത്രയോ കോടി ജന്മങ്ങളിൽ അങ്ങു ചെയ്ത മഹാപുണ്യത്തിന്റെ ഫലമാണ് ഇപ്പോഴത്തെ ഈ ബ്രാഹ്മണജന്മം. അതും പോരാതെ ഇപ്പോൾ ഭൂലോകവൈകുണ്ഠത്തിലും എത്തിച്ചേർന്നിരിയ്ക്കുന്നു. എന്നിട്ടും എന്തേ മനസ്സുമാറുന്നില്ല? ദുഷ്ചിന്തകൾ പോകുന്നില്ല? കലികാലത്ത് മോക്ഷത്തിന് നാമജപം മാത്രമേ ഫലം ചെയ്യൂ എന്ന കാര്യം അങ്ങ് മറന്നുപോയോ? ഇനിയെങ്കിലും ഈ ദുഷ്പ്രവൃത്തികൾ മതിയാക്കൂ. ഭഗവദ്പാദങ്ങളെ ആശ്രയിയ്ക്കൂ. അങ്ങേയ്ക്ക് മോക്ഷം ലഭിയ്ക്കും.

ഈ വാക്കുകൾ ചേലേപ്പറമ്പിനെ ഇരുത്തിച്ചിന്തിപ്പിച്ചു. അതുവരെയുള്ള തന്റെ ജീവിതം മുഴുവൻ അദ്ദേഹത്തിന്റെ മനസ്സിലൂടെ കടന്നുപോയി. താൻ എത്രമാത്രം അധഃപതിച്ചുകഴിഞ്ഞെന്ന് അദ്ദേഹത്തിന് മനസ്സിലായി. കുളി കഴിഞ്ഞ് ഈറനോടെത്തന്നെ ചേലേപ്പറമ്പ് ക്ഷേത്രത്തിലേയ്ക്ക് നടന്നു. ചേലേപ്പറമ്പ് ക്ഷേത്രത്തിനകത്ത് കയറുന്നത് അവിടെയുണ്ടായിരുന്ന ഭക്തർ അദ്ഭുതത്തോടെ നോക്കിനിന്നു. നാലമ്പലത്തിനകത്ത് കയറി ഭഗവാനെ തൊഴുത ശേഷം ചേലേപ്പറമ്പ് ശ്രീകോവിലിനുമുന്നിലെ മണ്ഡപത്തിൽ കയറി സാഷ്ടാംഗം നമസ്കരിച്ചു. ഏറെ നേരം കഴിഞ്ഞിട്ടും ചേലേപ്പറമ്പ് അങ്ങനെത്തന്നെ കിടക്കുന്നത് ശ്രദ്ധിച്ച ഭക്തർ അദ്ദേഹത്തിനടുത്തേയ്ക്ക് ഓടിയെത്തി. ചേലേപ്പറമ്പിന്റെ നാഡീസ്പന്ദനം നോക്കിയ അവർ, അദ്ദേഹം മരിച്ചുകഴിഞ്ഞെന്ന് മനസ്സിലാക്കി. അവസാനനിമിഷം സദ്ബുദ്ധി തോന്നിയ ചേലേപ്പറമ്പ്, ഭഗവാനിൽ ലയിച്ചുചേർന്നു എന്നാണ് വിശ്വാസം.
കടപ്പാട് :

No comments: