വിഷ്ണുവിന് ഒളിച്ചിരിക്കാന്‍ ഹൃദയത്തില്‍ മാത്രം ഇടം
Monday 16 December 2019 7:28 am IST
അശ്വമേധത്തിനെത്തിയ ബ്രാഹ്മണകുമാരന് മഹാബലിയും മറ്റ് ഋത്വിക്കുകളും ചേര്‍ന്ന് ആചാരമര്യാദകള്‍ അനുസരിച്ചു തന്നെ സ്വാഗതമരുളി. മഹാബലി ആ പാദങ്ങള്‍ കഴുകി. ധര്‍മവിജ്ഞാനയായ അദ്ദേഹം ആ പാദതീര്‍ഥം സ്വീകരിച്ച് ഭക്തിപൂര്‍വം നെറുകയില്‍ ധരിച്ചു.
സ്വാഗതം തേ നമസ്തുഭ്യംബ്രഹ്മന്‍ കിം കരവാമതേ
ബ്രഹ്മര്‍ഷീണാം തപഃസാക്ഷാല്‍ മന്യേത്വാര്യ വപുര്‍ധരം
മനസ്‌തേ ബ്രഹ്മന്‍, അടിയന്‍ അങ്ങേയ്ക്കു വേണ്ടി എന്താണു ചെയ്യേണ്ടത്? അങ്ങയെ കാണുമ്പോള്‍ ബ്രഹ്മര്‍ഷിമാരുടെ തപശ്ശക്തി മുഴുവന്‍ ശരീരരൂപം കൈക്കൊണ്ട് മുന്നില്‍ വന്നിരിക്കുകയാണെന്ന് കണക്കാക്കുന്നു.അങ്ങയുടെ പാദതീര്‍ഥം ശിരസ്സില്‍ ധരിക്കാന്‍ കഴിഞ്ഞത് എന്റെ ഭാഗ്യം.
അദ്യാഗ്നയോ മേ സുഹതാ യഥാവിധി
ദ്വിജാത്മജ ത്വച്ചരണാവനേ ജനൈഃ
ഹതാംഹസോ വാര്‍ഭിരിയം ച ഭൂരഹോ
തഥാ പുനീതാ തനുഭിഃപദൈസ്തവ
ഹേ ബ്രാഹ്മണ കുമാരാ, ഞാന്‍ ഇതുവരെ ചെയ്ത യാഗങ്ങളെല്ലാം യഥാവിധി പൂര്‍ത്തിയായി. അങ്ങയുടെ പാദം കഴുകിയ തീര്‍ഥം തലയില്‍ ധരിക്കാന്‍ കഴിഞ്ഞതിനാല്‍ എന്റെ എല്ലാ പാപങ്ങളും തീര്‍ന്ന് ഞാന്‍ പരിശുദ്ധനായി. എന്റെ ഈ ഭൂമിയും അങ്ങയുടെ പാദസ്പര്‍ശത്താല്‍ പൂര്‍ണശുദ്ധമായി.
മഹാബലിയുടെ സ്വീകരണത്തെ വാമനനന്‍ സ്‌നേഹാദരങ്ങളോടെ വാഴ്ത്തി. മഹാത്മാവായ മഹാബലിയുടെ ഈ ധര്‍മാചരണശീലത്തില്‍ ഒട്ടും അതിശയമില്ല. മഹാബലിയുടെ കുലം തന്നെ പലവിധത്തിലുള്ള മഹത്വങ്ങള്‍ കൊണ്ട് പ്രസിദ്ധമാണ്. അവര്‍ വാക്കുപാലിക്കുന്നതിലും സ്ഥിരത പുലര്‍ത്തി വന്നിരുന്നു. യുദ്ധത്തില്‍ ആ കുലത്തിനുണ്ടായിരുന്ന വീര്യവും ശൗര്യവുമെല്ലാം ഏറെ പ്രസിദ്ധി നേടിയിട്ടുണ്ട്.
പിതാമഹനായിരുന്ന പ്രഹ്ലാദന്‍ അടുയുറച്ച ഭക്തികൊണ്ട് ദേവകളെപ്പോലും പിന്നിലാക്കിയതാണ്. പ്രഹ്ലാദന്റെ പിതൃസഹോദരനായിരുന്ന ഹിരണ്യാക്ഷന്റെ യുദ്ധ നൈപുണ്യവും ശൗര്യവും കണ്ട് മഹാവിഷ്ണുവിന്റെ അവതാരമായ യജ്ഞവരാഹമൂര്‍ത്തി തന്നെ അംഗീകരിച്ചതാണ്.
ഹിരണ്യാക്ഷനെ വധിച്ച മഹാവിഷ്ണുവിനെ കണ്ട് പകരം വീട്ടുമെന്നുറച്ച് സഹോദരനായ ഹിരണ്യകശിപു നാടാകെ കറങ്ങി നടന്നു. നാരായണനെ അന്വേഷിച്ച് ചുറ്റാത്ത നാടുകളില്ല. വൈകുണ്ഠത്തിലും ഭഗവാനെ തേടി ചെന്നു. എന്നാല്‍ ഹിരണ്യകശിപുവിന്റെ ദൃഷ്ടിയില്‍ പെടാതെ ഒളിക്കാന്‍ വൈകുണ്ഠത്തില്‍ സ്ഥലമില്ലായിരുന്നു. ഹിരണ്യകശിപു അന്വേഷിക്കാത്ത ഒരു സ്ഥാനം മഹാവിഷ്ണു കണ്ടെത്തി.
ഹിരണ്യ കശിപുവിന്റെ ഹൃദയത്തില്‍ ഏതായാലും ഹിരണ്യകശിപു അനേ്വഷിക്കില്ല. അതിനാല്‍ വിഷ്ണു അദ്ദേഹത്തിന്റെ ഉള്ളില്‍ തന്നെ സ്ഥിരവാസമാക്കി. അങ്ങനെ വിഷ്ണുവിനെ മറികടക്കാന്‍ അദ്ദേഹത്തിന് ആയില്ല. പ്രഹ്ലാദപിതാവിന്റെ ശ്വാസത്തില്‍ കൂടി അകത്തു കടന്ന വിഷ്ണുവിനെ അദ്ദേഹം കണ്ടില്ല. എന്നാല്‍ താനറിയാതെ തന്നെ ഹിരണ്യകശിപു വിഷ്ണു ചിന്തയെ പോഷിപ്പിച്ചു.
നിന്റെ വിഷ്ണു എവിടെ എന്ന് അദ്ദേഹം പ്രഹ്ലാദനോടും അന്വേഷിച്ചു. സര്‍വവ്യാപിയായ വിഷ്ണു തൂണിലും തുരുമ്പിലും ഉണ്ട് എന്ന് മഹാഭക്തനായ പ്രഹ്ലാദന്‍ പറഞ്ഞിട്ടും ഹിരണ്യകശിപുവിന് ബോധ്യപ്പെട്ടില്ല.
ഈവംശത്തില്‍ പിറന്ന മഹാബലിയും ഒട്ടും പിന്നിലല്ല. എന്തു വേണമെങ്കിലും ചോദിച്ചു കൊള്ളൂ എന്ന് ബലി നിര്‍ദേശിച്ചുവെങ്കിലും മൂന്നടി മണ്ണുമാത്രമാണ് വാമനമൂര്‍ത്തി ആവശ്യപ്പെട്ടത്.
നാന്യത് തേ കാമയേ രാജന്‍ വദന്യാജ്ജഗദീശ്വരാത്
നൈനഃ പ്രാപ്‌നോതി വൈവിദ്വാന്‍ യാവദര്‍ഥ പ്രതിഗ്രഹഃ
ജഗത്തിന്റെ മുഴുവന്‍ നാഥനായിരിക്കുന്ന ഹേ, മഹാരാജന്‍, ഞാന്‍ അങ്ങയില്‍ നിന്ന് എനിക്ക് അത്യാവശ്യമുള്ളതേ വാങ്ങാന്‍ ഉദ്ദേശിക്കുന്നുള്ളൂ. എനിക്ക് യാതൊന്നും തന്നെ കൂടുതലായി വേണ്ട.
No comments:
Post a Comment