Wednesday, March 04, 2020

വിവേകചൂഡാമണി -- 194

      അഹങ്കാരാദിദേഹാന്താഃ 
      വിഷയാശ്ച സുഖാദയഃ 
      വേദ്യന്തേ ഘടവത് യേന
      നിത്യബോധസ്വരൂപിണാ.  (130)

     അഹങ്കാരം തൊട്ട് ദേഹം വരെയുള്ള സർവ്വോപാധികളും വിഷയങ്ങളും സുഖാദ്യനുഭവങ്ങളുമെല്ലാം ഘടം പോലെ, പ്രത്യക്ഷമായി അറിയാൻ കഴിയുന്നത് നിത്യബോധസ്വരൂപിയായ ആത്മാവിന്റെ പ്രകാശത്താലാണ്.

       സൂക്ഷ്മതമമായ അഹങ്കാരം തുടങ്ങി, സ്ഥൂലതമമായ ദേഹം വരെയുള്ള ഉപാധികളും, അവയുടെ വിഷയങ്ങളും സൂക്ഷ്മശരീരവും നമ്മിൽ 'ജ്ഞാതാവാ'യി വർത്തിച്ചു കൊണ്ട് 'ഒരാൾ' അറിയുന്നു. സ്ഥൂലശരീരവും അതിന്റെ ചുറ്റുമുള്ള ലോകത്തിലെ വിഷയ
പദാർത്ഥങ്ങളും സൂക്ഷ്മശരീരവും അവയുടെ വിഷയങ്ങളായ
സുഖ-ദുഃഖ-രാഗ-ദേഷ്വാദികൾ നമുക്ക് അറിയാൻ കഴിയുന്നുണ്ട്. കൺമുമ്പിലുള്ള ഒരു ഘടത്തെ  ദൈനംദിനജീവിതത്തിൽ നാം  സ്പഷ്ടമായി കാണുന്നതുപോലെയാണ് ഇതും.

      ഒരു ഘടം അഥവാ പാത്രത്തിന് അതിന്റേതായ ഒരു പ്രകാശമില്ല. മറ്റൊന്നിന്റെ പ്രകാശത്തിലാണ് നാമതിനെ കാണുന്നത്. വസ്തുക്കളെല്ലാം ദൃശ്യമായിത്തീരുന്നത്, അവയിൽനിന്ന് ഭിന്നമായ സൂര്യ പ്രകാശത്തിലാണ്. അതുപോലെ, ആത്മചൈതന്യത്തിന്റെ പ്രകാശത്താലാണ്, ദൃശ്യവസ്തുക്കളെ നമുക്കറിയാൻ കഴിയുന്നത്. 'നിത്യബോധ'മാണ് ആത്മസ്വരൂപം.

       സർവ്വോപാധികളേയും, അവയുടെ വിഷയങ്ങളേയും, അവയിലൂടെയുള്ള അനുഭവങ്ങളേയുമെല്ലാം എപ്പോഴും പ്രകാശിപ്പിച്ചു കൊണ്ടിരിക്കുന്നു, നിത്യവും ബോധസ്വരൂപവുമായ ആത്മാവ്.*

* [യവൈ തന്നപശ്യതി
   പശ്യന്ന്വൈ തന്നപശ്യതി
   നഹി ദൃഷ്ടു ദൃഷ്ടേർ 
   വിപരിലോപോ
   വിദ്യതേऽഅവിനാശിത്വാത്
   നതു തദ്ദ്വിതീയമസ്തി 
   തതോऽന്യവിഭക്തം
   യത്പശ്യേത്

    ബൃഹദാരണ്യകോപനിഷത്ത് 14-3-23].

ഓം. സ്വാമി ചിന്മയാനന്ദ.
തുടരും.

No comments: