Wednesday, March 04, 2020

വിവേകചൂഡാമണി - 81
വ്യാഖ്യാനം - സ്വാമി അഭയാനന്ദ
******************************

ഈശ്വരാനുഭൂതി - ആഗ്രഹങ്ങളില്ലാത്ത പരിപൂർണത .

ശ്ലോകം 119
വിശുദ്ധസത്വസ്യ ഗുണാഃ പ്രസാദാഃ
സ്വാത്മാനുഭൂതി പരമാ പ്രശാന്തിഃ
തൃപ്‌തിഃ പ്രഹർഷഃ പരമാത്മനിഷ്ഠാ
യയാ സദാനന്ദരസം സമൃച്ഛതി

പ്രസന്നത, സ്വാത്മാനുഭൂതി, പരമപ്രശാന്തി, തൃപ്തി, പ്രഹർഷം, പരമാത്മനിഷ്ഠ എന്നിവയാണ് ശുദ്ധസത്വത്തിന്റെ ഗുണങ്ങൾ. ഇവയിൽ ശാശ്വതമായ ആനന്ദം അനുഭവിക്കാം.

വിശുദ്ധസത്വത്തക്കുറിച്ചാണ് ഇവിടെ പറയുന്നത്. ഒരുതരത്തിലുള്ള മാലിന്യവുമേൽക്കാത്തതും കലർപ്പില്ലാത്തതുമാണ് വിശുദ്ധസത്വം.

രജസ്സും തമസ്സുമാകുന്ന മാലിന്യം നീക്കിയാൽ സാധകൻ പരിശുദ്ധനാകും, ഉള്ളം ശുദ്ധസത്വമാകും.

സത്വാവസ്ഥയെ കൈവരിച്ച യോഗി ആത്മസാക്ഷാത്കാരം നേടി പരമാനന്ദമനുഭവിക്കും. അയാൾക്ക് ഒരുതരത്തിലുള്ള ദുഃഖവും ഉണ്ടാകില്ല. ശാശ്വതമായ, എന്നും ഒരു മാറ്റവും ഇല്ലാതെ നിലനിൽക്കുന്നതാണ് പരമാനന്ദം.

പ്രസാദം മനഃപ്രസാദമാണ്. മനസ്സിന്റെ നിർമ്മലത, മനസ്സിന്റെ പ്രസന്നത തന്നെ. മനസ്സ് ശാന്തവും സ്വസ്ഥവുമായിരിക്കണം. ഒരുതരത്തിലുള്ള വിക്ഷേപങ്ങളും കലുതകളും മനസ്സിൽ ഉണ്ടാകാൻ പാടില്ല. ചിന്താപ്രവാഹങ്ങളൊന്നുമില്ലാതെ മനം തെളിഞ്ഞിരിക്കണം.  ഇളകാതിരിക്കുന്ന തെളിഞ്ഞ വെള്ളംപോലെയായിരിക്കും അപ്പോൾ മനസ്സ്.

സ്വാത്മാനുഭൂതി അവനവന്റെ ആത്മസ്വരൂപത്തെ തന്നിൽ തന്നെ അനുഭവിക്കലാണ്. ബുദ്ധി തെളിഞ്ഞതും പരിശുദ്ധവുമായാൽ ആത്മാനുഭൂതി ഉണ്ടാകും.

പരമ പ്രശാന്തി; പരമമായ, ഏറ്റവും ഉത്‌കൃഷ്ടമായ ശാന്തിയാണിത്. പ്രകർഷേണയുള്ള, വളരെ നല്ലതായ ശാന്തിയാണിത്.  യാതൊരു തരത്തിലുള്ള വികാര വിക്ഷോഭങ്ങളുമില്ലാത്തതായ മനസ്സിന്റെ അവസ്ഥയാണിത്. സ്വാത്മാനുഭൂതിയിൽ ഇരിക്കുമ്പോൾ മനസ്സ് പൂർണ്ണമായും ശാന്തമാണ്.

അശാന്തിയെ സൃഷ്ടിക്കുന്ന രജോഗുണത്തിന് ഒരു സ്ഥാനവും ഇവിടെയില്ല.

തൃപ്തി; എല്ലാ ആഗ്രഹങ്ങളും പൂർത്തീകരിക്കുമ്പോഴാണ് തൃപ്തിയുണ്ടാവുക. ഇനിയൊന്നും നേടാനില്ല എങ്കിൽ സമ്പൂർണ്ണ തൃപ്തനാകും. ഏറ്റവും ശ്രേഷ്ഠമായതിനെ കൈവരിച്ചാൽ പിന്നെ ചെറിയ ചെറിയ ആഗ്രഹങ്ങൾക്ക് ഒട്ടും വിലയില്ല.  താൻ പൂർണ്ണനല്ലാ എന്ന തോന്നലിനെത്തുടർന്നാണ് ആഗ്രഹങ്ങൾ ഉണ്ടാകുന്നത്.

ആഗ്രഗങ്ങളൊന്നുമില്ലാത്ത പരിപൂർണ്ണതയാണ് ഈശ്വരാനുഭൂതി. അപ്പോൾ നിറഞ്ഞ തൃപ്തിയായി സംതൃപ്തനാണ്.

പ്രഹർഷം; ആത്മസാക്ഷാത്കാരത്തിലെ ആനന്ദമാണിത്.  വിഷയങ്ങളിൽ നിന്ന് ലഭിക്കുന്ന ആനന്ദത്തേക്കാൾ എത്രയോ ആയിരക്കണക്കിന് മടങ്ങ് വലുതാണ് ഇത്. വിഷയാനന്ദം അത് ലഭിക്കുന്ന സമയത്ത് മാത്രമേയുള്ളൂ. ആത്മാനന്ദത്തിലെത്തിയാൽ പിന്നെ എന്നും എപ്പോഴും ആ അവസ്ഥയിലായിരിക്കും.

പരമാത്മനിഷ്ഠ; പരമാത്മാവിൽ ഉറച്ചിരിക്കുന്നതാണിത്.  ഞാൻ പരമാത്മാവാണ് എന്ന ബോധമുണ്ടാകണമെങ്കിൽ ശുദ്ധസത്വഗുണം കൂടിയേ തീരൂ. പരമാത്മാവിൽ നിന്നും വ്യതിചലിക്കാത്ത വിധത്തിൽ മനസ്സിനെ ഉറപ്പിച്ച് നിർത്തുക തന്നെ വേണം.  അതിന് അന്തഃകരണം സംശുദ്ധമായിരിക്കണം.

മനസ്സ് പ്രസന്നമായാൽ സ്വാത്മാനുഭൂതിയുണ്ടാകും. അതിൽ നിന്ന് നിരതിശയമായ പരമശാന്തിയും നിത്യ തൃപ്തിയും ആനന്ദവും ആത്മനിഷ്ഠയുമുണ്ടാകും.  അപ്പോൾ സദാ ആനന്ദ രാസത്തിൽ മുഴുകും.
Sudha Bharath 

No comments: