Thursday, March 05, 2020

ലോക വനിതാ ദിനാഘോഷം മാർച്ച് എട്ടിന് നടക്കുമ്പോൾ കേരളപുത്രിയായ *അഭിനവ നിവേദിതയെ* സാദരം നമിക്കാം.

1936 മാർച്ച് 1ന് (കുംഭമാസത്തിലെ രോഹിണീ നക്ഷത്രത്തിൽ) തൃശ്ശിവപേരൂരിലാണ് വിവേകാനന്ദഗത പ്രാണയായ *ഡോ. ലക്ഷ്മീ കുമാരി അമ്മ* ഭൂജാതയായത്. 
അച്ഛൻ പ്രശസ്ത സാഹിത്യകാരനും സഹൃദയ വന്ദ്യനുമായ ശ്രീ പൂത്തേഴത്ത് രാമൻ മേനോൻ. അമ്മ ശ്രീമതി . ജാനകി. തത്വചിന്തയിലും, ആചാരാനുഷ്ഠാനങ്ങളിലും ശ്രദ്ധയുള്ള തറവാട്ടിൽ പിറന്നതു കൊണ്ട് ഡോ. ലക്ഷ്മീകുമാരിയമ്മ ആദ്ധ്യാത്മിക പാരമ്പര്യ സ്വത്തു കൊണ്ട് സമ്പന്നയായിരുന്നു. ചെറുപ്പത്തിൽത്തന്നെ വിവേകാനന്ദ സ്വാമിജിയുടെ ഛായാചിത്രം കുഞ്ഞു മനസ്സിനെ ഹഠാദാകർഷിച്ചിരുന്നുവത്രേ. (അത് പിന്നീടുള്ള മൂല്യാധിഷ്ഠിത സമർപ്പിത ജീവിത വഴിത്തിരിവിന് കാരണമായെന്ന് അമ്മ തന്നെ പറഞ്ഞു കേട്ടിട്ടുണ്ട്.)

സ്ത്രീ ജനങ്ങളേയും, കുടുംബ സദസ്സുകളേയും അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോൾ ഡോ. ലക്ഷ്മീകുമാരിയമ്മ ലളിതാ സഹസ്രനാമങ്ങളിലെ ഏതാനും ചില നാമങ്ങൾ വിശദീകരിക്കുന്നത് കേട്ടിട്ടുണ്ട്. അവരവരുടെ ഉറവിടത്തെക്കുറിച്ചും, നിർവ്വഹിക്കേണ്ട ദൗത്യങ്ങളെക്കുറിച്ചും സ്ത്രീകൾ ആലോചിച്ചുറപ്പിക്കണം.  ' *ചിദഗ്നികുണ്ഡ സംഭൂതാ ദേവകാര്യ സമുദ്യതാ*' ഇത് വിശദീകരിച്ചു കൊണ്ട് അമ്മ മാർഗ്ഗദർശനം നൽകുമ്പോൾ ആർക്കും അത് സ്വീകരിക്കാതിരിക്കാൻ പറ്റില്ല. കാരണം സ്വന്തം ജീവിതത്തിൽ ചിദഗ്നികുണ്ഡ സംഭൂതയാണ് താനെന്ന് അമ്മ എപ്പോഴും ധ്യാനിച്ചുറപ്പിക്കാറുണ്ടെന്നത് അമ്മയുടെ ജീവിത സരണി പരിശോധിച്ചാൽ ഏവർക്കും മനസ്സിലാവും. ഒരു ബാഹ്യശക്തിക്കും തകർക്കാൻ കഴിയാത്ത ആത്മവിശ്വാസവും, അതിന് മാറ്റുകൂട്ടുന്ന വിനയവും അമ്മയിൽ എന്നും നിറഞ്ഞു പരിലസിച്ചിരുന്നു. ദേവകാര്യനിർവ്വഹണമാണ് സ്വ ദൗത്യമെന്നു തിരിച്ചറിഞ്ഞപ്പോൾ ഉന്നത ഉദ്യോഗവും, ബഹുമതികളും ഉപേക്ഷിച്ചിറങ്ങാൻ സങ്കോചം കാണിച്ചിട്ടില്ല.
1961 സസ്യ ശാസ്ത്രത്തിൽ Ph.D നേടിയ നേടിയ ശേഷം രണ്ടു വർഷം റഷ്യയിൽ Institute  of Micro Biology യിൽ ഗവേഷണം നടത്തി.
1970 ൽ ദൽഹിയിൽ കേന്ദ്ര കാർഷിക ഗവേഷണ കേന്ദ്രത്തിലെ ശാസ്ത്രജ്ഞയായി ഔദ്യോഗിക ജീവിതം ആരംഭിച്ചു. അതിനിടെ സമയലഭ്യതയനുസരിച്ച് വിവേകാനന്ദ കേന്ദ്രത്തിൻ്റെ പ്രവർത്തനങ്ങളിൽ വ്യാപൃതയായിരുന്നു.
1981ൽ വിവേകാനന്ദ കേന്ദ്ര സ്ഥാപകൻ ശ്രീ ഏകനാഥ് റാനഡേ എന്ന ഉജ്ജ്വല കർമ്മയോഗിയുടെ 
പ്രേരണയിൽ കന്യാകുമാരി വിവേകാനന്ദ കേന്ദ്രത്തിലെ അന്തേവാസിനിയായി. തുടർന്ന്  വിവേകാനന്ദ ശിലാസ്മാരകം, വിവേകാനന്ദ കേന്ദ്രം എന്നീ സ്ഥാപനങ്ങളുടെ അഖിലേന്ത്യാ അദ്ധ്യക്ഷയായി ചുമതലയേറ്റു.

ഉത്തരവാദിത്വങ്ങൾ നിർവിഘ്നം നിർവ്വഹിക്കാൻ അനുഗ്രഹമുണ്ടാവണമെന്ന് അമ്മ *ശ്രീമദ് ചിന്മയാനന്ദ ഗുരുദേവനെ* പ്രാപിച്ച് പ്രാർത്ഥിച്ചുവത്രേ. (ഗുരുദേവനുമായി പൂർവ്വാശ്രമ ബന്ധുത്വമുണ്ടെന്നുള്ള അഭിമാനത്തിനപ്പുറത്ത് അമ്മക്ക് പ്രത്യക്ഷ വിവേകാനന്ദ മൂർത്തിയായിരുന്നു ചിന്മയാനന്ദ പ്രഭു.) ഗുരുദേവൻ നന്നായി അനുഗ്രഹിച്ചു. " *പ്രവർത്തനങ്ങൾക്കിടയിൽ പ്രശ്നങ്ങൾ ഉണ്ടാവുന്നത് സ്വാഭാവികം. അങ്ങിനെ വലിയ സമ്മർദ്ദങ്ങളുണ്ടാവുമ്പോൾ, ഭയാശങ്കകൾ അനുഭവപ്പെടുമ്പോൾ ഒരു മുറിയിൽ ഒറ്റക്കു ചെന്നിരിക്കണം. പാർത്ഥസാരഥിയുടെ വിശ്വരൂപം ധ്യാനിച്ചുകൊണ്ട് ഭഗവദ് ഗീത പതിനൊന്നാം അദ്ധ്യായം ചൊല്ലണം. ഞാനൊരു നിമിത്തമെന്നഭാവം പുലർത്താനുള്ള ഭഗവദാദേശം സ്വീകരിക്കണം.*  "ഗുരുദേവൻ്റെ ഈ മാർഗ്ഗദർശനം അമ്മ ഇന്നും പ്രയോജനപ്പെടുത്തി വരുന്നുണ്ടത്രേ.

1992- വിവേകാനന്ദ സ്വാമികളുടെ ഭാരത പരിക്രമ എന്ന പരിവ്രാജനസപര്യയുടെ അനുസ്മരണാർത്ഥം ഒരു സംവത്സരം നീണ്ടു നിന്ന യാത്ര നടത്തിയത് ശ്രദ്ധേയമായി.

1893 ശ്രീമദ് വിവേകാനന്ദ സ്വാമികൾ ഷിക്കാഗോവിൽ നിയോഗം പോലെ എത്തിപ്പെട്ടു. ലോക മതസമ്മേളന വേദിയിൽ ഭാഷണം ചെയ്യാൻ പൂജ്യ സ്വാമിജിക്ക് അവസരം ലഭിച്ചത് അത്ഭുതമായിരുന്നു. ലഭിച്ച അവസരവരത്തെ സരസ്വതീ കടാക്ഷം പ്രാർത്ഥിച്ചുണർത്തിക്കൊണ്ട് ആ ഭാരത പുത്രൻ പ്രയോജനപ്പെടുത്തി. ഒറ്റ പ്രഭാഷണം കൊണ്ട് വിവേകാനന്ദൻ വിശ്വ വിജയിയായി. ലോകസമക്ഷം ഭാരതീയ തത്വചിന്താ സൗകുമാര്യതയെ, ആഴത്തിലും, വ്യാപ്തിയിലും പരിചയപ്പെടുത്തിയ ഉജ്ജ്വല വക്താവായി.   *അമേരിക്കയിലെ എൻ്റെ സഹോദരീ സഹോദരന്മാരേ* എന്ന സുപ്രസിദ്ധ അഭിസംബോധനയിലെ വിശ്വ സാഹോദര്യ സന്ദേശ ധ്വനി  ആയിരങ്ങളെ കോരിത്തരിപ്പിച്ച കാര്യം ലോക പ്രശസ്തമാണ്. " *ഈ അഭിസംബോധനയുടെ അർത്ഥവും, ധർമ്മ സന്ദേശവും വ്യാഖ്യാനിക്കുന്ന പ്രകാരമുള്ള ജീവിതമാണ് വിവേകാനന്ദ സ്വാമികൾ പിന്നീട് നയിച്ചത്* " ഈ നിരീക്ഷണം ഡോ. ലക്ഷ്മീ കുമാരി അമ്മയിൽ നിന്നും കേട്ടിട്ടുള്ളത് എന്നും ഓർക്കാറുണ്ട്. അതിൻ്റെ സാര ഗൗരവം ചിന്തിക്കാറുണ്ട്.

ഷിക്കാഗോ മത സമ്മേളനത്തിൻ്റെ ശതവാർഷികം പ്രമാണിച്ച് ഷിക്കാഗോ, വാഷിംഗ്ടൺ, കൊൽക്കത്ത എന്നീ സ്ഥലങ്ങളിൽ നടന്ന ലോകമത സമ്മേളനങ്ങളിൽ അമ്മ സജീവ പങ്കാളിത്തം വഹിച്ചു.
1995- ദക്ഷിണാഫ്രിക്കയിലും (ഹൈന്ദവ ലോക മഹാസമ്മേളനം)
1990 ക്യാപ്ടൗണിലും (ലോകമത മഹാസമ്മേളനം) വിവിധ സ്ഥലങ്ങളിൽ നടന്ന ശതാബ്ദി ആഘോഷങ്ങളിലുമെല്ലാം ഡോ. ലക്ഷ്മീ കുമാരി അമ്മ നിറ സാന്നിധ്യമായിരുന്നു. ഇങ്ങിനെ അമ്മയുടെ അവിശ്രമ യാത്രകളും സേവന ചര്യകളും വിസ്തരിച്ചാൽ തീരില്ല.

*വിവേകാനന്ദ ചരണങ്ങളിൽ* (എന്ന അമ്മ എഴുതിയ കൊച്ചു പുസ്തകം കൗമാരക്കാരെ വളരെ സ്വാധീനിക്കും.)
Snake & Ladder, *Sita must live* (സ്ത്രീ ജനസമുദ്ധാരണത്തിനു വേണ്ടി ചിന്തിക്കുന്നവരും, പ്രവർത്തിക്കുന്നവരും അവശ്യം പഠിക്കേണ്ട ഗ്രന്ഥമാണ്), Vande matharam , *Incredible India- Love India as Swamiji loved her* (സ്വാമിജിയുടെ തത്വചിന്തയും, ദേശ സ്നേഹവും ഒക്കെ പ്രതിഫലിക്കുന്ന ചിന്തകളുടെ സമാഹാരം - മലയാളത്തിലും തർജ്ജിമ ചെയ്യപ്പെട്ടിരിക്കുന്നു - പഠിതാക്കളുടെ വ്യക്തിത്വ വികാസവും, രാഷ്ട്ര ഭക്തിയും ഉറപ്പാക്കുന്ന ഉത്തമ രചനയാണ് ),
വിവേകാനന്ദനും ഭഗവദ് ഗീതയും ഇങ്ങിനെ പ്രസിദ്ധീകരിക്കപ്പെട്ട പുസ്തകങ്ങൾക്കു പുറമെ അനവധി ലേഖനങ്ങളും ഡോ. ലക്ഷ്മീ കുമാരി അമ്മയുടേതായിട്ടുണ്ട്.

1995 വിവേകാനന്ദ കേന്ദ്രത്തിൻ്റെ പ്രസിഡണ്ട് പദവിയിൽ നിന്ന് വിരമിച്ചു . അതിനു ശേഷം കൂടുതൽ സാധനാ പ്രധാനമായ ജീവിതം നയിക്കാൻ നിശ്ചയിച്ചിറങ്ങിയ അമ്മ ജീവിത സായാഹ്നത്തിൽ മറ്റൊരു പ്രസ്ഥാനത്തിനും ബീജാവാപം നൽകി. വിവേകാനന്ദ കേന്ദ്ര വേദിക് വിഷൻ ഫൗണ്ടേഷൻ ട്രസ്റ്റ്. യോഗ- ധ്യാന പരിശീലനങ്ങൾ, സംസ്കൃതം & ഭഗവദ് ഗീതാപഠനം, ശിബിരങ്ങൾ എന്നിങ്ങനെ കൊടുങ്ങല്ലൂരിൽ സ്ഥാപിതമായ ട്രസ്റ്റിൻ്റെ ആശ്രമത്തിൽ (ആനന്ദധാമം) അനവധി കാര്യങ്ങൾ നടന്നുവരുന്നു. അവിടെ സന്ദർശകർക്കായി ഒരുക്കിവെച്ച *വിശ്വഭാനു* പ്രദർശനം അത്യുജ്വലമാണ്. കൊടുങ്ങല്ലൂർ പ്രവർത്തനങ്ങളിൽ വിശേഷിച്ചും സ്ത്രീ ജനസമുദ്ധാരണത്തിന് അമ്മ ഊന്നൽ നൽകുന്നു. (കാരണം ശ്രീമദ് വിവേകാനന്ദ സ്വാമികളുടെ ചരണ സ്പർശത്താൽ അനുഗൃഹീതമാണ് കൊടുങ്ങല്ലൂർ ദേശം. പരംപൂജ്യ സ്വാമികളുടെ സന്ദർശനവേളയിൽ കൊട്ടാരത്തിലെ സ്ത്രീ ജനം സ്വാമിജിയോട് സംസ്കൃതത്തിൽ സംഭാഷണം ചെയ്തിരുന്നത്രേ. )

സനാതന ധർമ്മ പരിഷത്ത് നൽകിയ - ധർമ കീർത്തി പുരസ്ക്കാരം
2017 ശ്രീമദ് അമൃതാനന്ദമയി മഠം നൽകിയ അമൃത കീർത്തി പുരസ്കാരം ഉൾപ്പെടെ അനേകം അംഗീകാരങ്ങളും ആദരവും ഡോ. ലക്ഷ്മീ കുമാരി അമ്മയെത്തേടിയെത്തിയിട്ടുണ്ട്.

കഴിഞ്ഞ മൂന്നാം തിയതി (മാർച്ച്) ഡോ. ലക്ഷ്മീ കുമാരി അമ്മയുടെ എൺപത്തിനാലാം ജന്മദിനം സമുചിതം ആഘോഷിക്കപ്പെട്ടു. ശതാഭിഷിക്തയായ അമ്മയുടെ
ജ്ഞാന, തപോ, വയോ, വാത്സല്യ വൃദ്ധത്വങ്ങൾക്കു മുമ്പിൽ സാദര പ്രണാമം അർപ്പിക്കുന്നു.

ജനസഹസ്രത്തിന് അനുഗ്രഹം ചൊരിഞ്ഞ്, പ്രചോദനവും, മാർഗ്ഗദർശകയും ആയി അമ്മ  ആയുരാരോഗ്യ സൗഖ്യത്തോടെ വാഴട്ടെ എന്ന് പ്രാർത്ഥിച്ചു കൊണ്ട് നിർത്തുന്നു.

*ജയ് സ്ത്രീശക്തി*

06th March 2020

[ മാർച്ച് മൂന്നിന് അമ്മയെക്കുറിച്ച് എഴുതി സമർപ്പിച്ച വരികളും ഒപ്പം ചേർക്കുന്നു.]

*നീണാൾ വാഴ്ക തായേ ശ്രിത ജന രക്ഷകേ*

വിവേകാനന്ദഗത പ്രാണേ
ദേവി മാതേ മനോഹരീ
ശതാഭിഷിക്തയായ്ത്തീർന്ന
ശോഭനേ ശ്രിത രക്ഷകേ

നമോവാകങ്ങളർപ്പിപ്പൂ
സാദരം സുര വന്ദിതേ
കലികാലുഷ്യമേശാത്ത
നിർമ്മലേ സഗുണേശ്വരീ

സസ്യ ലോക രഹസ്യത്തെ
തേടും കൗതുക യാത്രയിൽ
മർത്യലോക പ്രയാണത്തിൽ -
അനുകമ്പയുണർന്നതും

പഥ്യമായ് കണ്ടതും പാരിൽ
വിവേകാനന്ദ രഥ്യയിൽ
ശ്രദ്ധയോടെ ചരിച്ചീടാൻ
നിശ്ചയിച്ചങ്ങുറച്ചതും

വിവേകാനന്ദ കേന്ദ്രത്തി-
ന്നാധാര ശില്പി റാനഡേ
ചെയ്തു വന്ന തപസ്സിൻ്റെ
പ്രസാദം സ്വീകരിച്ചതും

അദ്ധ്യക്ഷയായി കേന്ദ്രത്തെ
സേവനത്തിൻ്റെ പാതയിൽ
പ്രോജ്ജ്വലം സർഗ്ഗസമ്പന്നം
ആനയിച്ചൊരു ദൗത്യവും

നിമിത്തം മാത്രമായ്ത്തീർന്നാൽ
ജഗദീശൻ നയിച്ചിടും
ചിന്മയാനന്ദ ഗുരുവേകീ
മാർഗ്ഗദർശനമാവിധം

ഏറ്റെടുത്തോരു കാര്യത്തിൽ
ഗുരുവാക്യ പ്രചോദിതേ
സുവ്രതേയംബ നീയേറെ
വിസ്മയങ്ങൾ രചിച്ചതും

ഭാരതത്തിൻ്റെ ഹൃത്സ്പന്ദം
നന്നായിട്ടു ഗ്രഹിക്കുവാൻ
പ്രസിദ്ധമടനം ചെയ്തു
വിവേകാനന്ദ യോഗിയും

പരിവ്രാജക യാത്രക്കായ്
നൂറാം വാർഷിക വേളയിൽ
കാരുണ്യത്തോടൊരുമ്പെട്ടു
സഞ്ചാരാവർത്തനോത്സവം

വർഷമൊന്നീ ഭാരതത്തിൻ
വിവേകാനന്ദ സൂര്യനെ
വിസ്തരിച്ചറിയിപ്പാനായ്
തായേ നീ സഞ്ചരിച്ചതും

അറനൂറിലേറേയാണല്ലോ
യാത്രയിൽ സംവദിച്ചതും
സുസ്ഥിരം ഭക്തി ഭാവത്താൽ
പൂജ ചെയ്തതുമീശ്വരീ

കന്യാകുമാരിയിൽ നിന്നും
വിരമിച്ചെങ്കിലുമംബികേ
കൊടുങ്ങല്ലൂർ മഹത്വത്തെ
വിസ്മരിക്കാതിരുന്നതും

ദേവഭാഷക്കു പ്രാധാന്യം
കല്പിച്ചീടാനുറച്ചതും
വിവേകാനന്ദ വൈദീക
കാഴചക്കൊത്തൊരു സ്ഥാപനം

ആനന്ദധാമമാം നാമം
ചേരും പോലതു ചേർത്തതും
സ്ത്രീജനോദ്ധാരണം ദൗത്യം
മുഖ്യമെന്നു ഗണിച്ചതും

ഒട്ടല്ലയെണ്ണിത്തീർന്നീടാ
അമ്മേ പ്രേമ സപര്യകൾ
വിവേകാനന്ദ തൃപ്പാദ
ധ്യാന സൗഗന്ധ പുഷ്പമേ

അംബേ നിൻ കരുണാ പൂരം
മക്കൾക്കെന്നും പ്രചോദനം
ആയുരാരോഗ്യ സൗഖ്യത്താൽ
വാഴ്ക തായേ മഹേശ്വരീ

കൃതജ്ഞതാപൂർവ്വമമ്മേ
നേരുന്നൂ ജ്ഞാന നിഷ്ഠയും
ഗുരുകാരുണ്യ സന്തോഷ
ശാന്തിയും ജന്മമുക്തിയും

പ്രേമാദരപൂർവ്വം
സ്വാമി അദ്ധ്യാത്മാനന്ദ
03/മാർച്ച് / 2020

No comments: