Wednesday, March 04, 2020

*🎼വിവേകചൂഡാമണിയില്‍ നിന്നും*

ഏതൊന്നാണോ എല്ലാം കാണുന്നത് എന്നാൽ ഏതൊന്നിനെയാണോ ആർക്കും കാണാത്തത് ഏതൊന്നാണോ ബുദ്ധി മുതലായവയെ പ്രകാശിപ്പിക്കുന്നത് എന്നാൽ ഏതൊന്നിനെയാണോ വേറെ ഒന്നിനും പ്രകാശിപ്പിക്കുവാൻ കഴിയാത്തത് അതുതന്നെയാണ്....

ജ്ഞാനസ്വരൂപിയായ ആത്മാവ് സ്വപ്രകാശത്താൽ സർവ്വത്തേയും എല്ലാ സമയങ്ങളിലും കാണുന്നു. എല്ലാ ശരീരങ്ങളിലും ഈ ഒരേ ഒരു ചൈതന്യം തന്നെയാണ് വർത്തിക്കുന്നത്. ആര് എന്തറിയുന്നതും
ഈ ചൈതന്യത്താൽ മാത്രമാണുതാനും. അതിനാൽ ജ്ഞാനസ്വരൂപിയായ ആത്മാവിനെ സർവ്വദ്രഷ്ടാവെന്നു പറയുന്നു. എന്നിലൂടെ എന്റെ അനുഭവങ്ങളും, നിങ്ങളിലൂടെ നിങ്ങളുടെ അനുഭവങ്ങളും അയാളിലൂടെ അയാളുടെ അനുഭവങ്ങളും അറിയുന്നത് ഒരേ ചൈതന്യം തന്നേയാണ്. ഇങ്ങനെ ഏതു കാലത്തും എല്ലാ ശരീരമനോബുദ്ധ്യുപാധികളിലൂടെയും സർവ്വത്തേയും സ്വപ്രകാശത്താൽ പ്രകാശിപ്പിക്കുന്നു ഈ ആത്മാവ്. എന്നാൽ ശുദ്ധബോധാത്മകമായ ആത്മാവിനെ ഈ ഉപകരണങ്ങൾ  കൊണ്ടോന്നും അറിയുവാൻ കഴിയുകയുമില്ല.
 ഇന്ദ്രിയമനോബുദ്ധികളെല്ലാം ജഡങ്ങളാണ്, സ്വയം പ്രവർത്തനശക്തിയില്ലാത്ത ഇവ പ്രവർത്തനക്ഷമങ്ങളാവുന്നത് ആത്മചൈതന്യത്തെ ആശ്രയിച്ചാണ്. ജഡമായ ബുദ്ധിയെ ആർ ചൈതന്യവത്താക്കിത്തീർക്കുന്നുവോ യാതൊരു ചൈതന്യത്തെ ബുദ്ധിക്ക് അറിയുവാൻ കഴിയുകയില്ലയോ അതാണ് ഈ  ആത്മാവ്. എല്ലാ ചേതനയുടേയും ഉറവിടമാണ് ആത്മാവ്. ഈ മഹത് സത്യം എല്ലാ ജഡപദാർത്ഥങ്ങൾക്കും സാന്നിദ്ധ്യം കൊണ്ട് ചൈതന്യത്തെ അവയിലേക്ക് പ്രദാനം ചെയ്യുകയാണ്. എന്നാൽ ജഡപദാർത്ഥങ്ങൾക്ക് ആത്മാവിന് പ്രദാനം ചെയ്യുവാൻ അവരുടേതായ ചേതനത ഇല്ലതാനും.

കേനോപനിഷത്ത്
01to 06
*🎼യത് ചക്ഷുക്ഷാ ന പശ്യതി....*

മുണ്ഡകോപനിഷത്ത് 11-2-10

ന തത്ര സൂര്യോഭാതി നചന്ദ്രതാരകം
നേമാ വിദ്യുതോ ഭാന്തി കുതോfയമഗ്നിഃ
തമേവ ഭാന്തമനുഭാതി സർവ്വം തസ്യ ഭാസാ സർവ്വമിദം വിഭാതി.

(സ്വാമി ചിന്മയാനന്ദ)

No comments: