ഭരതന് കേകയ രാജ്യത്തില്‍ നിന്നും തിരിച്ചെത്തിയ ശേഷം വനവാസത്തിനിറങ്ങാമെന്ന് ദാശരഥി പറഞ്ഞതില്‍ ആശങ്ക തോന്നിയ കൈകേയീ മാതാവ് അതനുവദിച്ചില്ല. ‘വിദ്ധി മാം ഋഷിഭിസ്തുല്യം വിമലം ധര്മ്മമാശ്രിതം’ (എന്നെ വിമലമായ ധര്‍മ്മത്തെ ആശ്രയിച്ച ഋഷിമാര്‍ക്കു തുല്യനായി അറിഞ്ഞാലും) എന്ന് ഗത്യന്തരമില്ലാതെ രഘുവരന് പ്രതികരിച്ചതും ചിന്തനീയമാണ്.
അയോദ്ധ്യയില്‍ തിരിച്ചെത്തിയ ഭരതന് സ്ഥിതിഗതികളറിഞ്ഞതും നിസ്സംശയം താന്‍ ചക്രവര്‍ത്തി കിരീടം ചൂടില്ലെന്നു പ്രഖ്യാപിച്ചു. ശ്രീരാമചന്ദ്രപ്രഭുവിനെ ഓര്‍ത്തുകൊണ്ട് മാതൃഭര്ത്സനത്തില് നിയന്ത്രണം പാലിക്കാന്‍ തയ്യാറായി. പിതൃകര്‍മ്മങ്ങള്‍ യഥാവിധി നിര്‍വ്വഹിച്ച ശേഷം ജ്യേഷ്ഠാനുസാരിയായ ഭരതന് കാനനയാത്രാനിശ്ചയം വിളംബരം ചെയ്തു. ശ്രീരാമചന്ദ്രപ്രഭുവിനെ വനത്തില്‍ വെച്ചു തന്നെ അഭിഷേകം ചെയ്ത് കൂട്ടിക്കൊണ്ടുവരാനാണ് സഹോദരന് നിശ്ചയിച്ചത്. അതിനുള്ള ചതുരംഗപ്പട സന്നാഹങ്ങളോടെയായിരുന്നു പുറപ്പാട്. കുലഗുരു വസിഷ്ഠര്‍ തുടങ്ങി പണ്ഡിതവര്യന്മാരും, വലിയ പൗരാവലിയും ഭരതനെ അഭിനന്ദിച്ച് യാത്രയില്‍ പങ്കുചേര്‍ന്നു.
കൗസല്യാമാതാവും, ഗുഹനും, ഭരദ്വാജമുനിയും, ലക്ഷ്മണനും ഒക്കെ ഭരതനെ സംശയിക്കുന്നതായി സംഭാഷണങ്ങളില്‍ ധ്വനിപ്പിച്ചിട്ടുണ്ട്. എന്നാല്‍ ശ്രീരാമചന്ദ്രപ്രഭു, സഹോദരന്റെ ഹൃദയവ്യവഹാരവും വ്യഥയും നന്നായി മനസ്സിലാക്കിയിരുന്നു. ലക്ഷ്മണന്റെ തെറ്റിദ്ധാരണ അകറ്റാന്‍ ദാശരഥി അത് പറയുന്നുമുണ്ട്.
കാട്ടില്‍ത്തന്നെ തേടിയെത്തിയ ഭരതകുമാരനോട് വിസ്തരിച്ചു കുശലമന്വേഷിച്ചെങ്കിലും മറുപടിക്ക് സാവകാശം നല്‍കാതെ ഭരണകാര്യങ്ങളില്‍ സുവ്യക്തവും സമഗ്രവുമായ സൂചനകള്‍ നല്‍കാനാണ് രഘുവരന് ഉദ്യമിച്ചത്. ഭരതന് ജടാവല്ക്കലധാരിയായാണ് ജ്യേഷ്ഠനെ കാണാന്‍ എത്തിയത്. പിതാവ് ജീവിച്ചിരിക്കുമ്പോള്‍ ഭരതന് കാനനത്തിലേയ്ക്ക് വരുന്നത് ന്യായമല്ലല്ലോ എന്ന ചോദ്യത്തോടെ ദാശരഥി ആരംഭിക്കുന്നു. അതിനര്‍ത്ഥം അഹിതവാര്ത്ത അറിയും മുമ്പ് ഭരണസംബന്ധിയായ രാജനൈതീക ഉദ്ബോധനം നിര്‍വ്വഹിക്കണമെന്ന് ശ്രീരാഘവന്‍ നിശ്ചയിച്ചു എന്നാണല്ലോ. കാരണം വരാനിരിക്കുന്നത് തികച്ചും വൈകാരികത കൊണ്ട് സങ്കീര്‍ണ്ണമായ അന്തരീക്ഷമാണെന്ന് ശ്രീരാമചന്ദ്രപ്രഭു ഊഹിച്ചിരിക്കണം.
വാല്മീകി രാമായണം അയോദ്ധ്യാകാണ്ഡം നൂറാം സര്‍ഗ്ഗം കച്ചിദദ്ധ്യായമെന്നും പ്രശസ്തമാണ്. ഈ അദ്ധ്യായത്തില്‍ ആറാം ശ്ലോകം മുതല്‍ അവസാനശ്ലോകം വരെ (എഴുപത്തിയാറാം ശ്ലോകം) ശ്രീരാമചന്ദ്രപ്രഭു ഭരണസംബന്ധിയായ ചോദ്യങ്ങള്‍ (കച്ചിത് എന്ന് ആവര്‍ത്തിച്ചുകൊണ്ട് !) ഭരതനോട് ചോദിക്കുന്നു. ഭരതന് പിതൃദത്ത ഭരണാധികാരം സ്വീകരിച്ച് ഭരണമാരംഭിച്ചിരിക്കുന്നു എന്ന നിലയിലാണ് ജ്യേഷ്ഠ ഭ്രാതാവ് ചോദ്യങ്ങള്‍ ഉന്നയിക്കുന്നത്.
രാമരാജ്യം ഉദാത്ത മാതൃകയായി ഗണിക്കപ്പെട്ടിട്ടുണ്ട്. രാമരാജ്യശൈലി എന്തായിരുന്നിരിക്കണമെന്നറിയാന് ഈ ചോദ്യാവലി പഠന വിധേയമാക്കിയാല്‍ മതിയാവും. ജ്യേഷ്ഠന് പരോക്ഷമായി നല്കിയ രാജധര്‍മ്മോപദേശം പ്രതിഭാശാലിയായ ഭരതന് പിന്നീട് പ്രയോഗത്തില്‍ വരുത്തിയിട്ടുണ്ടെന്നു കരുതണം. ഭരതന്റെ ഉചിത സമീപനം കൊണ്ട് അയോധ്യ അനാഥയായില്ലെന്നു മാത്രമല്ല ഭരണസ്ഥിരതയും ശ്രേയസ്സും കോസല പുരിക്കു കൈവരികയുണ്ടായി. ശ്രീ രാമചന്ദ്ര പ്രഭുവിന്റെ ചില ചോദ്യങ്ങള്‍ ഇവിടെ ശ്രദ്ധയില്‍പ്പെടുത്തട്ടെ.
ഭരണമെന്നതുകൊണ്ട് രാജ്യഭരണം മാത്രമേ ഉദ്ദേശിക്കപ്പെടുന്നുള്ളൂ എന്നു വരുന്നില്ല. പല തലങ്ങളില്‍, പല പ്രകാരത്തില്‍ നമ്മളെല്ലാവരും ഭരണ മേധാവികളാവാറുണ്ട്. നാം നമ്മുടെ വ്യക്തിത്വ തലങ്ങളെ ഭരിക്കേണ്ടുന്ന അവസ്ഥയും സംജാതമാകാറുണ്ട്. രാജ്യഭരണ വിഷയത്തില്‍ ശ്രീരാമന് ഉന്നയിക്കുന്ന ചോദ്യങ്ങള്‍ വിശകലന വിധേയമാക്കുന്നത് എല്ലാ പഠിതാക്കള്‍ക്കും ആ നിലയ്ക്ക് ഉപകാരമാവും.
ജന്മഭൂമി: http://www.janmabhumidaily.com/news686321#ixzz4pOTUpRkh
No comments:
Post a Comment