Tuesday, September 19, 2017

ബലിപീഠങ്ങളും ബലിക്രിയകളും

പ്രിന്റ്‌ എഡിഷന്‍  ·  September 20, 2017
ക്ഷേത്രസങ്കല്‍പത്തെപ്പറ്റി പഠിക്കുമ്പോള്‍ അകത്തെ ബലിവട്ടത്തെയും പുറത്തെ ബലിവട്ടത്തെയും പറ്റി പറഞ്ഞിരിക്കും. ദേവന്റെ പുരോഭാഗത്ത് നാലമ്പലത്തിനുള്ളില്‍ കാണുന്ന പ്രധാന ബലിപീഠങ്ങള്‍ ഇന്ദ്രാദി ദിക്പാലന്മാരുടെയും ബ്രാഹ്മ്യാദി സപ്തമാതൃക്കളുടെയും സ്ഥാനങ്ങള്‍ ആണ്. ആ സങ്കല്‍പങ്ങളുടെ ഉള്ളടക്കത്തെപ്പറ്റി അല്‍പം ചിലത് നമുക്ക് മനസ്സിലാക്കേണ്ടതുണ്ട്.
ക്ഷേത്രശില്‍പത്തിന്റെ അവശ്യഭാഗങ്ങളാണ് പ്രാസാദത്തിന്റെ അഥവാ ശ്രീകോവിലിന്റെ ചുറ്റും കാണുന്ന ബലിപീഠങ്ങള്‍. ദേവശരീരത്തിന്റെ മുഖ്യഘടകങ്ങള്‍ തന്നെയാണ് ആ ബലിപീഠങ്ങള്‍. ശരിക്കും ഒരു പൂജ ചെയ്യണമെങ്കില്‍ ഈ ബലിപീഠസ്ഥദേവതകളെയും അര്‍ച്ചിച്ചേ മതിയാകൂ.
ഈ ക്രിയയാണ് ക്ഷേത്രത്തില്‍ കാണുന്ന ബലിദാനക്രമങ്ങള്‍. സാധാരണ വലിയ ഒരു പൂജ മുഴുമിപ്പിക്കണമെങ്കില്‍ ശ്രീഭൂതബലി എന്ന ബലിക്രിയാദികള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്. ഉത്‌സവാദ്യവസരങ്ങളില്‍ ഇതേ ക്രിയ കുറച്ചുകൂടി വിസ്തരിക്കുന്നത് മാത്രമാണ് ഉത്‌സവബലി എന്ന ക്രിയ.
ക്ഷേത്രസങ്കല്‍പത്തെപ്പറ്റി പഠിക്കുമ്പോള്‍ അകത്തെ ബലിവട്ടത്തെയും പുറത്തെ ബലിവട്ടത്തെയും പറ്റി പറഞ്ഞിരിക്കും. ദേവന്റെ പുരോഭാഗത്ത് നാലമ്പലത്തിനുള്ളില്‍ കാണുന്ന പ്രധാന ബലിപീഠങ്ങള്‍ ഇന്ദ്രാദി ദിക്പാലന്മാരുടെയും ബ്രാഹ്മ്യാദി സപ്തമാതൃക്കളുടെയും സ്ഥാനങ്ങള്‍ ആണ്. ആ സങ്കല്‍പങ്ങളുടെ ഉള്ളടക്കത്തെപ്പറ്റി അല്‍പം ചിലത് നമുക്ക് മനസ്സിലാക്കേണ്ടതുണ്ട്.
ഒരു മന്ത്രത്തിന്റെ സമൂര്‍ത്തമായ ശക്തിരൂപമാണല്ലോ ആ മന്ത്രത്തിന്റെ യന്ത്രം. വാസ്തവത്തില്‍ ക്ഷേത്രം തന്നെ എല്ലാ മന്ത്രങ്ങളെയും കുടിവെയ്ക്കുവാന്‍ തക്കവണ്ണമുള്ള ഒരു സര്‍വ്വമന്ത്രയന്ത്രംതന്നെയാണ്. അതില്‍ ദേവചൈതന്യമാകുന്ന മന്ത്രം പ്രതിഷ്ഠിച്ചിട്ടുള്ളത് അതിന്റെ ബിന്ദുസ്ഥാനത്തു വിരാജിക്കുന്ന പ്രതിഷ്ഠാവിഗ്രഹത്തിന്മേലാണ്. അതിനുചുറ്റും ദേവന്റെ ശിരസ്സ് അഥവാ സഹസ്രാരപത്മം തന്നെയായ ശ്രീകോവിലാണ് ഉണ്ടാവുക.
അതിനുശേഷം ഉള്ള മനോമയ ശരീരത്തിന്റെ അതിര്‍ത്തിയാണ് മേല്‍പറഞ്ഞ ഇന്ദ്രാദി ദിക്പാലന്മാരാല്‍ പരിവേഷ്ടിതമായ ചതുരം. ഏതൊരു മന്ത്രത്തിന്റെയും യന്ത്രസംവിധാനത്തില്‍ ഏറ്റവും പുറത്തെ ഭൂപുരം എന്നു പറയുന്ന സ്ഥാനംതന്നെയാണിത്. പാര്‍ത്ഥിവശരീരത്തിന്റെ ബീജരൂപമായി അതിനെ തൊട്ടുകിടക്കുന്ന മനോമയശരീരം തന്നെയാണിത്. ഏതു യന്ത്രത്തിലും ഇൗ ഭൂപുരമെന്ന ചതുരശ്രത്തില്‍ പൂജിക്കാനുള്ളത് ഇന്ദ്രാദി ദിക്പാലകന്മാരെയായിരിക്കും.
അഷ്ടദിക്പാലന്മാര്‍
കിഴക്ക് ഇന്ദ്രന്‍, തെക്കുകിഴക്ക് അഗ്‌നി, തെക്ക് യമന്‍, തെക്കുപടിഞ്ഞാറ് നിരൃതി, പടിഞ്ഞാറ് വരുണന്‍, വടക്കുപടിഞ്ഞാറ് വായു, വടക്ക് സോമന്‍, വടക്ക് കിഴക്ക് ഈശാനന്‍ എന്നീ ദേവതകള്‍ ആണല്ലോ പ്രസിദ്ധന്മാരായ അഷ്ടദിക്പാലകര്‍.
പക്ഷെ ഇതൊരു ദ്വിമാനകല്‍പന ആകുന്നതേയുള്ളൂ. ത്രിമാന കല്‍പനയെടുക്കുകയാണെങ്കില്‍ ഊര്‍ദ്ധ്വഭാഗവും അധോഭാഗവും ചേര്‍ന്ന് ദശദിക്കുകള്‍ ഉണ്ടാകും. പക്ഷെ ക്ഷേത്രമാകുന്ന ദ്വിമാനതലത്തില്‍ ഊര്‍ദ്ധ്വദ്വിക്കിനെയും അതിന്റെ അധിപനായ ബ്രഹ്മാവിനെയും പൂര്‍വ്വേശാന മദ്ധ്യത്തിലും (കിഴക്കിന്റെയും വടക്കുകിഴക്കിന്റെയും മദ്ധ്യം) അധോദിക്കിന്റെയും അതിന്റെ അധിപനായ അനന്തനെയും പശ്ചിമ നിരൃതിമദ്ധ്യത്തിലും (പടിഞ്ഞാറിന്റെയും തെക്കുപടിഞ്ഞാറിന്റെയും മദ്ധ്യത്തിലും) ആണ് സ്ഥാനസങ്കല്‍പം ചെയ്യാറുള്ളത്.
ദിക്കുകളുടെ കല്‍പന മാനസിക സങ്കല്‍പം മാത്രം
വാസ്തവത്തില്‍ ഈ ദിക്കുകളുടെയും വിദിക്കുകളുടെയും കാര്യങ്ങള്‍ സൂക്ഷ്മമായി ചിന്തിച്ചാല്‍ അവ നിരര്‍ത്ഥകങ്ങളാണെന്നും നമ്മുടെ മനസ്സങ്കല്‍പങ്ങള്‍ മാത്രമാണെന്നും കാണാന്‍ പ്രയാസമില്ല. ഒരു പ്രത്യേക സമയത്ത് നാം കിഴക്കോട്ട് എന്നു സങ്കല്‍പ്പിച്ച് വരക്കുന്ന രേഖ അല്‍പനിമിഷങ്ങള്‍ക്കുള്ളില്‍ അല്‍പം ചെരിയുന്നതായിട്ടാണ് വാസ്തവത്തില്‍ മാറുന്നത്. കാരണം സ്വന്തം അച്ചുതണ്ടിന്മേല്‍ കറങ്ങുന്ന നമ്മുടെ ഭൂഗോളത്തില്‍ ഒരു പ്രത്യേക സമയത്ത് നാം വരയ്ക്കുന്ന രേഖ അടുത്ത നിമിഷത്തില്‍ ആ ദിശയില്‍ത്തന്നെ പ്രപഞ്ചത്തില്‍ വര്‍ത്തിക്കുന്നില്ല.
കാലത്ത് 3 മണിക്ക് ഭൂമിയില്‍ അ എന്ന സ്ഥലത്ത് ശരിക്ക് കിഴക്കോട്ടായി വരച്ചതായ രേഖ 10 മണിക്കും ഭൂമിയില്‍ നിവസിക്കുന്ന നമ്മെ സംബന്ധിച്ചിടത്തോളം കിഴക്കോട്ടുതന്നെയാണ് എന്നു പറയാം. 10 മണിക്ക് ആ രേഖ കാണിക്കുന്നത് 8 മണിക്ക് കാണിക്കുന്ന ദിശയല്ല. പകല്‍ 8 മണിക്ക് നാം കിഴക്കോട്ട് എന്ന് സങ്കല്‍പ്പിച്ച് വരയ്ക്കുന്ന രേഖ 8 ന് നാം വരച്ച കിഴക്കു രേഖയുടെ നേരെ എതിര്‍വശമാണ് ചൂണ്ടുകയെന്നത് വളരെ വ്യക്തമാണ്.
വാസ്തവത്തില്‍ നമ്മുടെ കിഴക്ക് എന്ന സങ്കല്‍പദിശ നാം നിവസിക്കുന്ന ഭൂമിയുടെ കറക്കത്തോടൊപ്പം കറങ്ങുകയാണ്. കിഴക്കെന്നത് സൂര്യോദയത്തെ അപേക്ഷിച്ച് നമ്മുടെ ഒരു സങ്കല്‍പം മാത്രമാണ്. വാസ്തവത്തില്‍ സൂര്യന്‍ ഉദിക്കുന്നില്ലല്ലോ. ഭൂമി കറങ്ങുന്നതേ ഉള്ളൂവല്ലോ. അപ്പോള്‍ കിഴക്ക് എന്നത് സൂര്യോദയത്തെ സംബന്ധിച്ച നമ്മുടെ ആ ആപേക്ഷിക സങ്കല്‍പം മാത്രമാണ്.
ആത്യന്തികമായ ഒരു അസ്തിത്വം പ്രപഞ്ചത്തില്‍ നമ്മുടെ കിഴക്ക് എന്ന സങ്കല്‍പത്തിനില്ല. കിഴക്കും പടിഞ്ഞാറും മാറും; അതോടെ അഷ്ടദിക്കുകളും ഭൂമിയോടുകൂടി 24 മണിക്കൂറില്‍ ഒരു വട്ടം കറങ്ങിക്കൊണ്ടിരിക്കുന്ന നമ്മുടെ കറങ്ങിത്തിരിയുന്ന സങ്കല്‍പങ്ങള്‍ മാത്രമാണ്. അതുപോലെ നാം ഒരു പേടകത്തില്‍ കയറി ചന്ദ്രമണ്ഡലത്തില്‍ നേരെ ഇറങ്ങുകയാണെങ്കില്‍ ഇവിടെനിന്നു സങ്കല്‍പിക്കുന്ന ഊര്‍ദ്ധ്വം എന്ന ദിക്ക് അവിടെ അധോദിക്കായി തീരുമെന്ന് എളുപ്പത്തില്‍ കാണാവുന്നതേയുള്ളൂ.
ഭൂമിയുടെ പരിധി വിട്ട് പ്രപഞ്ചത്തില്‍ കിഴക്കും പടിഞ്ഞാറും മുകളിലും താഴെയും ഒന്നുമില്ല. അതാണല്ലോ ശൂന്യാകാശ സഞ്ചാരികളുടെ അനുഭവവും. അപ്പോള്‍ മനസ്സിന്റെ ചില സങ്കല്‍പങ്ങള്‍ മാത്രമാണ് സ്‌പേസ് എന്നതും അതിന്റെ ദിഗ്വിശേഷങ്ങളും എന്ന് വന്നുകൂടുന്നു.
ആധുനിക ശാസ്ത്രസിദ്ധാന്തങ്ങളും ഇവിടെയാണ് വന്നുനില്‍ക്കുന്നത്. പൗരാണിക ഋഷീശ്വരന്മാര്‍ കല്‍പിച്ച ദിക്പാലകന്മാര്‍ വാസ്തവത്തില്‍ നമ്മുടെ മനസ്സിന്റെ അതിര്‍ത്തികളെ കാത്തുസൂക്ഷിക്കുന്ന പ്രപഞ്ചശക്തികളാണ് എന്നതാണ് വാസ്തവം. അങ്ങനെയാണ് ദിക്പാലകന്മാരാല്‍ ആവൃതമായ ആ ചതുരം ദേവന്റെ മനോമണ്ഡലമായിത്തീരുന്നത്.
ദേവന്റെ സൂക്ഷ്മദേഹപരിധിയാണത്. വാസ്തവത്തില്‍ മനസ്സിന് പരിധികളില്ല. സൃഷ്ടിക്കപ്പെട്ട ബ്രഹ്മാണ്ഡത്തോടൊപ്പം വലിച്ചുനീട്ടാന്‍ കഴിയുന്ന ഒന്നാണ് മനസ്സ്. ആ അഖണ്ഡ ബ്രഹ്മാണ്ഡത്തിന്റെ പരിധികള്‍ തന്നെയാണ് ഏതൊരു താന്ത്രിക യന്ത്രത്തിന്റെയും ഏറ്റവും ബാഹ്യാതിര്‍ത്തിയായ ഭൂപുരം പ്രതിനിധാനം ചെയ്യുന്നത്.
ക്ഷേത്രത്തിന്റെ ഈ ഭൂപ്രദേശം ഒരു താന്ത്രികയന്ത്രത്തിന്റെ അതിര്‍ത്തി തന്നെയാണ്. അതാണല്ലോ അതിനു ചുറ്റുമുള്ള പരിക്രമണം പ്രാധാന്യമര്‍ഹിക്കുന്നത്. അകത്തെ ബലിവട്ടത്തെ പ്രദക്ഷിണം വയ്ക്കുന്നത് അതിനാല്‍ ദൃശ്യപ്രപഞ്ചത്തിന്റെ സൂക്ഷ്മാംശത്തെ ഒരുവട്ടം പ്രദക്ഷിണംവയ്ക്കുന്നതിന് തുല്യമാണ്.
ഇന്ദ്രാദി ദിക്പാലന്മാര്‍ അങ്ങനെ ഏതൊരു മന്ത്രദേവതയുടെയും അഥവാ ജീവന്റെയും മനോമണ്ഡലത്തിന്റെ അധിഷ്ഠാതൃദേവതകളാണ്. പഞ്ചഭൂത കല്‍പനയില്‍ ചതുരശ്രമെന്നത് ഭൂമി അഥവാ ഘനീഭൂതമായ സൃഷ്ടിയുടെ അവസാനത്തെ പടിയെ സൂചിപ്പിക്കുന്നു. സൂക്ഷ്മപ്രപഞ്ചവും സ്ഥൂലപ്രപഞ്ചവുമായി സമ്മേളിക്കുന്ന മനസ്സിന്റെ ഏറ്റവും അധോമയ തലങ്ങളാണിത്.
(മാധവജിയുടെ ക്ഷേത്രചൈതന്യ രഹസ്യം എന്ന ഗ്രന്ഥത്തില്‍ നിന്ന്)


ജന്മഭൂമി: 

No comments: