Tuesday, September 19, 2017

 മഹാലയ അമാവാസി
******************************
കന്നിമാസത്തിലെ അമാവാസിയെ ‘മഹാലയ അമാവാസി’ എന്നു പറയുന്നു. പൗര്‍ണമികഴിഞ്ഞ് അമാവാസിവരെയുള്ള 15 ദിവസങ്ങള്‍ പിതൃക്കള്‍ ഭൂമിയിലിറങ്ങുന്ന ദിവസങ്ങളാണത്രെ! ആ കാലങ്ങളില്‍ പിതൃതര്‍പ്പണം ചെയ്യുന്നത് വളരെ വിശേഷമാണെന്ന് പറയുന്നു..
നിങ്ങൾ ലോകത്തിന്റെ ഏത് ഭാഗത്തും ജീവിക്കുന്ന ഹിന്ദുവോ, ക്രിസ്ത്യാനിയോ, മുസ്ലീമോ, നിരീശ്വരവാദിയോ ആരുമായിക്കൊള്ളട്ടെ, അഞ്ചു മിനിറ്റ് ചിലവാക്കി നിങ്ങളെ നിങ്ങളാക്കിയ, ഈ ലോകത്ത് ജീവിക്കുവാന്‍ അവകാശം തന്ന നിങ്ങളുടെ മരിച്ചു പോയ മാതാ പിതാക്കൾക്കും പൂർവികര്ക്കും വേണ്ടി, ബന്ധുക്കള്‍ ആയവര്‍ക്കും അല്ലാത്തവര്‍ക്കും വേണ്ടി, സമസ്ത ജീവജാലങ്ങല്ക്കും വേണ്ടി ഈ പ്രാര്‍ത്ഥന ചൊല്ലി സ്വല്പം പുഷ്പം, ഒരു മന്ത്രം, കുറച്ചു ജലം എന്നിവ ആത്മാര്‍ഥമായി അര്‍പ്പിക്കുക.
പിതൃബലി പ്രാർത്ഥന
ആബ്രഹ്മണോ യേ പിതൃവംശ ജാതാ മാതൃ തഥാ വംശ ഭവാ മദീയാ
വംശ ദ്വയെസ്മിൻ മമ ദാസ ഭൂത ഭൃത്യ തഥൈവ ആശ്രിത സേവകാശ്ച:
മിത്രാണി സഖ്യ പശവശ്ച വൃക്ഷാ ദൃഷ്ടാശ്ചദൃഷ്ടാശ്ച ക്രിതോപകാര
ജന്മാന്തരെ യെ മമ സംഗതാശ്ച തേഭ്യ സ്വയം പിണ്ഡ ബലിം ദദാമി
മാതൃ വംശേ മൃതായെശ്ച പിതൃവംശെ തഥൈവ ച
ഗുരു ശ്വശുര ബന്ധൂനാം യെ ചാന്യേ ബാന്ധവാമൃത
യേ മേ കുലേ ലുപ്ത പിണ്ഡാ പുത്ര ദാരാ വിവർജിതാ
ക്രിയാ ലോപാ ഹതാശ്ചൈവ ജാത്യന്താ പങ്കവസ്ഥതാ
വിരൂപാ ആമഗര്ഭാശ്ചാ ജ്ഞാതാജ്ഞാതാ കുലേ മമ
ഭൂമൗ ദത്തെന ബലിനാ തൃപ്തായാന്തു പരാം ഗതിം
അതീത കുല കുടീനാം സപ്ത ദ്വീപ നിവാസീനാം
പ്രാണീനാം ഉദകം ദത്തം അക്ഷയം ഉപ്തിഷ്ടതു
അർത്ഥം:
ഈ ലോകത്ത് എന്റെ അച്ഛന്റെയും അമ്മയുടെയും വംശത്തില്‍ ജനിച്ചവരും, ഞാനുമായി നേരിട്ടും അല്ലാതെയും ബന്ധമുള്ളവര്‍ക്കായും, എന്റെ കഴിഞ്ഞ രണ്ടു ജന്മങ്ങളിലായി എന്റെ ദാസന്മാര്‍ ആയവര്‍ക്കായും, എന്നെ ആശ്രയിച്ചവര്‍ക്കും, എന്നെ സഹായിച്ചവര്‍ക്കും, എന്റെ സുഹൃത്തുക്കള്‍ക്കും, ഞാനുമായി സഹകരിച്ചവര്‍ക്കും, ഞാന്‍ ആശ്രയിച്ച സമസ്ത ജീവജാലങ്ങള്‍ക്കും, ജന്തുക്കള്‍ക്കും, നേരിട്ടും അല്ലാതെയും എന്നെ സഹായിച്ച എല്ലാവര്ക്കും, കഴിഞ്ഞ പല ജന്മങ്ങളായി ഞാനുമായി സഹകരിച്ച എല്ലാവര്ക്കും വേണ്ടി ഞാന്‍ ഈ അന്നവും, പുഷ്പവും, ജലവും, പ്രാര്‍ഥനയും സമര്‍പ്പിക്കുന്നു എന്റെ അമ്മയുടെ കുലത്തില്‍ നിന്ന് വേര്‍പെട്ടുപോയ എല്ലാവര്ക്കും, എന്റെ അച്ഛന്റെ, ഗുരുവിന്റെ, ബന്ധുക്കളുടെ കുലത്തില്‍ നിന്ന് വേര്‍പെട്ടു പോയ എല്ലാവര്ക്കും, കഴിഞ്ഞ കാലത്തില്‍ പിണ്ഡസമര്പണം സ്വീകരിക്കാന്‍ കഴിയാതിരുന്ന എല്ലാവര്ക്കും മക്കളോ, ഭാര്യയോ, ഭര്‍ത്താവോ ഇല്ലാത്തത് കാരണം വിഷമിക്കേണ്ടി വന്ന എല്ലാവര്ക്കും, പലവിധ കാരണങ്ങളാല്‍ മറ്റുള്ളവര്‍ക്ക് വേണ്ടി നല്ലത് ചെയ്യുവാന്‍ സാധിക്കാതിരുന്ന എല്ലാവര്ക്കും പട്ടിണിയില്‍ ജനിക്കുകയും ജീവിക്കുകയും മരിക്കുകയും ചെയ്ത എല്ലാവര്ക്കും വേണ്ടിയും, അടുക്കാന്‍ പറ്റാത്തവര്‍ക്ക് വേണ്ടിയും, ആയുസെത്താതെ മരിച്ചവര്‍ക്ക് വേണ്ടിയും ഈ ലോകം കാണാനാകാതെ അമ്മയുടെ ഗര്‍ഭ പാത്രത്തില്‍ തന്നെ മരിച്ചവര്‍ക്ക് വേണ്ടിയും എന്റെ അറിവില്‍ പെട്ടതും, അറിയപ്പെടാത്തതുമായ ബന്ധുക്കള്‍ക്കും വേണ്ടിയും, ഇവര്‍ക്കെല്ലാം വേണ്ടിയും ഞാന്‍ ഈ പ്രാര്‍ഥനയും, അന്നവും, ജലവും പുഷ്പവും സമര്‍പിക്കുന്നു. ഞാന്‍ ഈ ലോകത്തിലുള്ളതെല്ലാം, ഇവരെ അവരുടെ ലോകത്തില്‍ സന്തോഷിപ്പിച്ചു നിര്ത്തുന്നതിനായി സമര്‍പ്പിക്കുന്നു.
ഇവിടെ ജീവിച്ചിരുന്നതായ എല്ലാ ജീവ ജാലങ്ങള്‍ക്കും ഈ ഏഴു ലോകത്തിലും അനേക ലക്ഷം വര്‍ഷങ്ങള്‍ ഇവിടെ ഉണ്ടായിരുന്ന, ജീവിച്ചിരുന്ന എല്ലാവര്ക്കും വേണ്ടി ഞാന്‍ ഈ പുഷ്പവും, അന്നവും, ജലവും അവരുടെ ആത്മാക്കളുടെ സന്തോഷത്തിനായി സമര്‍പ്പിക്കുന്നു അവര്‍ അവരുടെ ലോകത്തില്‍ സന്തോഷിചിരിക്കുന്നതിനായും അവിടെ ഇരുന്നു നമ്മളെ അനുഗ്രഹിക്കുന്നതിനായും ഞാന്‍ ഒരിക്കല്‍ കൂടി ഈ പുഷ്പവും, ജലവും, അന്നവും സമര്‍പ്പിക്കുന്നു!

No comments: