Saturday, September 23, 2017

ശ്രീമദ്‌ ദേവീഭാഗവതം. 3. 26. നവരാത്രി പൂജാവിധി 


നവരാത്രേ തു സമ്പ്രാപ്തേ കിം കര്‍ത്തവ്യം ദ്വിജോത്തമ
വിധാനം വിധിവദ് ബ്രൂഹി ശരത്കാലേ വിശേഷത:
കിം ഫലം ഖലു കസ്തത്ര വിധി: കാര്യോ മഹാമതേ
ഏതദ്വിസ്തരതോ ബ്രൂഹി കൃപയാ ദ്വിജസത്തമ 

ജനമേജയന്‍ ചോദിച്ചു: നവരാത്രിക്കാലമായാല്‍ എന്തൊക്കെയാണ് നാം ചെയ്യേണ്ട പൂജകള്‍? പ്രത്യേകിച്ച് ശരത്ക്കാല നവരാത്രിയുടെ അനുഷ്ഠാനങ്ങളും പൂജാപദ്ധതികളും എന്തൊക്കെയാണ്? അവയുടെ ഫലപ്രാപ്തിയും എന്താണെന്നറിയാന്‍ താല്പര്യമുണ്ട്.  
 

വ്യാസന്‍ പറഞ്ഞു: ശരത്തിലും വസന്തത്തിലും ഉള്ള നവരാത്രിക്കാലത്ത്‌ വിശേഷാല്‍ ദേവീപൂജകള്‍ ചെയ്യണം. കാലദംഷ്ട്രങ്ങള്‍ എന്നതുപോലെ എല്ലാവരെയും ബാധിക്കുന്നതാണ് ഇവ. ഈ രണ്ടു കാലവും പ്രാണികള്‍ക്ക് തുലോം കഷ്ടം നിറഞ്ഞവയാണ്. അതിനാല്‍ ശുഭകാംഷികള്‍ ദേവീപൂജയില്‍ ആമഗ്നരാവാന്‍ ശ്രദ്ധിക്കണം. മാത്രമല്ല മനുഷ്യര്‍ക്ക് രോഗപീഡകള്‍ ഉണ്ടാവുന്ന രണ്ട് ഋതുക്കളാണിവ. മേടം, തുലാം മാസങ്ങളില്‍ ചണ്ഡികയെ പൂജിക്കുകയാണ് ഇതിനുള്ള ഏക പരിഹാരം. അമാവാസി ദിനത്തില്‍ 'ഒരിക്കല്‍' നോമ്പ് നോല്‍ക്കണം. അന്ന് ഹവിഷ്യാന്നം (വരിനെല്ലരിച്ചോറ്) മാത്രമേ കഴിക്കാവൂ. നിരപ്പായ വൃത്തിയുള്ള ഒരിടത്ത് പതിനാറു മുഴം നീളത്തില്‍ ഒരു മണ്ഡപം ഒരുക്കുക. കൊടിയും തോരണങ്ങളും അലങ്കാരപ്പണികളും ആകാം. വെള്ള മണ്ണും ചാണകവും കൊണ്ട് മെഴുകിയൊരുക്കിയ ഇതിന്റെ മദ്ധ്യത്തില്‍ നാലുമുഴം ചതുരത്തില്‍ ഒരുമുഴം ഉയരത്തില്‍ പീഠമുണ്ടാക്കി വേദിയൊരുക്കണം. ദേവീ തത്വനിപുണരും വേദപാരംഗതരുമായ ബ്രാഹ്മണരെ ആദരപൂര്‍വ്വം ക്ഷണിച്ചുവരുത്തണം. ആ ദിവസം ഒഴുക്കുള്ള വെള്ളത്തില്‍ കുളിച്ചു ശുദ്ധരായി നിത്യകര്‍മ്മങ്ങള്‍ അനുഷ്ഠിക്കുക. യജ്ഞത്തിനു വന്ന ബ്രാഹ്മണരെ വേണ്ട ഉപചാരങ്ങളോടെ മധുരം നല്‍കി സ്വീകരിച്ചു മണ്ഡപത്തിലേയ്ക്ക് ആനയിക്കണം. അവനവന്റെ കഴിവനുസരിച്ച് വസ്ത്രാദികള്‍ നല്‍കി വിപ്രരെ തൃപ്തരാക്കുക. ഒന്നോ, മൂന്നോ, അഞ്ചോ ഒന്‍പതോ ബ്രാഹമണരെ ഇങ്ങിനെ ആദരിക്കാം. 


പ്രശാന്തനായ ഒരു ബ്രാഹ്മണശ്രേഷ്ഠനെ ശാസ്ത്രഗ്രന്ഥപാരായണത്തിനായി ക്ഷണിക്കണം. അദ്ദേഹത്തെക്കൊണ്ട് സ്വസ്തി ചൊല്ലിക്കണം. ചണ്ഡിക, ശപ്തസതി എന്നിവയാണ് സാധാരണ പാരായണം ചെയ്യുക. ദേവീഭാഗവതവും പതിവുണ്ട്. ശുഭ്രമായ പീഠത്തിനു മുകളില്‍ വെള്ളപ്പട്ടുമൂടി അവിടെ നാലുതൃക്കയ്യുകളിലും ആയുധമേന്തിയ ദേവിയുടെ മനോജ്ഞമായ ഒരു വിഗ്രഹം സ്ഥാപിക്കുക. രത്നാഭരണങ്ങളും മുത്തുമാണിമാലകളും ദിവ്യാംബരങ്ങളും അണിഞ്ഞു ദേവി സിംഹാസനാരൂഢയായി അവിടെ വിരാജിക്കട്ടെ. ശംഖചക്രഗദാപത്മങ്ങള്‍ മുതലായവ ധരിച്ച, നിത്യസൌമ്യയായ ദേവിയെ പതിനെട്ടു കരങ്ങളോടെ പ്രതിഷ്ഠിക്കാം. എന്നാല്‍ വിഗ്രഹം ഇല്ലെങ്കില്‍ നവാര്‍ണ്ണവ മന്ത്രം ആലേഖനം ചെയ്ത യന്ത്രവും കലശസഹിതം പൂജയ്ക്കായി ഉപയോഗിക്കാം. കലശത്തില്‍ ജലം നിറച്ച് അതില്‍ സ്വര്‍ണ്ണം, പഞ്ചരത്നങ്ങള്‍ എന്നിവ നിക്ഷേപിച്ച് വേദമന്ത്രങ്ങളാല്‍ പരിശുദ്ധമാക്കണം. എന്നിട്ട് മംഗളഗീതങ്ങളും വാദ്യങ്ങളും മുഴക്കണം. ആദ്യ തിഥി അത്തം നക്ഷത്രമാണെങ്കില്‍ ആ ദിനത്തില്‍ പൂജിക്കുന്നത് മനുഷ്യര്‍ക്ക് ഉത്തമമാണ്. പൂര്‍ണ്ണോപവാസം, ഒരിക്കല്‍, രാത്രി ഉപവാസം ഇങ്ങനെ പലവിധത്തിലും വ്രതമെടുത്ത് ആദ്യം സങ്കല്‍പ്പപൂജയാണ് നടത്തേണ്ടത്. ‘അമ്മേ, ഭഗവതീ, ഞാന്‍ നവരാത്രി വ്രതം ആരംഭിക്കുന്നു. അതിനായി എല്ലാ സഹായങ്ങളും അമ്മ തന്നെ കനിഞ്ഞു നല്‍കണം’ എന്ന് പ്രാര്‍ത്ഥിക്കുക. വ്രതാനുഷ്ഠാനം അവരവരുടെ കഴിവുപോലെ ചെയ്യാവുന്നതാണ്. കര്‍പ്പൂരം, ചന്ദനം, അകില്‍, മന്ദാരം, മറ്റു സുഗന്ധപുഷ്പങ്ങള്‍, അശോകം, കരവീരം, ചെമ്പകം, പിച്ചി, പൂക്കുല, കൂവളത്തില, ധൂപദീപങ്ങള്‍, എന്നിവയാല്‍ ദേവിക്ക് അര്‍ച്ചന ചെയ്യാം. വാഴപ്പഴം, തേങ്ങ, ചക്ക, നാരങ്ങ, കൂവളക്കായ, നാളികേരം, മാതളം എന്നിവയെല്ലാം ദേവിക്കായി നിവേദിക്കാം. പിന്നെ ഭക്തിപുരസ്സരം അന്നവും നിവേദിക്കണം. സ്വയം മാംസം കഴിക്കുന്നവരാണെങ്കില്‍ പന്നി, പോത്ത്, ആട് ഇവയെ ബലി കൊടുക്കാം. ദേവീ പൂജക്കായി ചെയ്യുന്ന ഹിംസയ്ക്ക് പാപമില്ല. കാരണം ഹിംസയാണെങ്കിലും അങ്ങിനെയാ ജന്തുക്കള്‍ക്ക് സ്വര്‍ഗ്ഗപ്രാപ്തിയാണ് ലഭ്യമാകുന്നത്. ഹോമത്തിനായി മുക്കോണ്‍ ഹോമകുണ്ഡങ്ങള്‍ ഉണ്ടാക്കണം. ഒന്നുമുതല്‍ പത്തുവരെ മുഴമാണ് ഈ കോണിന്റെ അളവുകള്‍. വിവിധങ്ങളായ ആകര്‍ഷണീയ വസ്തുക്കള്‍ കൊണ്ട് ദിവസവും പൂജനടത്തണം. ഗീതവാദ്യങ്ങളോടെ ആഘോഷവും വേണം. പൂജയില്‍ പങ്കെടുക്കുന്നവര്‍ നിത്യവും തറയില്‍ക്കിടന്നുറങ്ങണം. 

നിത്യവും വസ്ത്രാലങ്കാരങ്ങള്‍ നല്‍കി കുമാരിമാരെ ആദരിക്കണം. ആദ്യദിവസം ഒരു കുമാരിയെ; രണ്ടാം ദിനം രണ്ടുപേരെ. ഇങ്ങിനെ ഒന്‍പതുദിവസം പൂജകള്‍ നടത്തണം. ഇതില്‍ പാഠഭേദങ്ങളും ഉണ്ട്. അവനവന്റെ കഴിവുപോലെ, എന്നാല്‍ ലുബ്ധില്ലാതെ വേണം ഈ പൂജകള്‍ നടത്താന്‍. ഗന്ധാദി കാര്യങ്ങള്‍ തിരിച്ചറിയാന്‍ കഴിയാത്തതുകൊണ്ട് ഒരു വയസ്സുള്ള കുട്ടിയെ പൂജയ്ക്ക് ഇരുത്തരുത്. രണ്ടുവയസ്സുള്ളവളാണ് കുമാരിക. മൂന്നു വയസ്സുകാരി ത്രിമൂര്‍ത്തി. നാലുവയസ്സില്‍ അവള്‍ കല്യാണി. അഞ്ചില്‍ രോഹിണി. ആറില്‍ കാളിക. എഴില്‍ ചണ്ഡിക. എട്ടില്‍ ശാംഭവിയും ഒന്‍പതില്‍ അവള്‍ ദുര്‍ഗ്ഗയുമാണ്. പത്തുവയസ്സുകാരി സുഭദ്രയാണ്. പത്തില്‍ കൂടുതല്‍ പ്രായമുള്ളവരെ പൂജയ്ക്ക് ഇരുത്താന്‍ പറ്റില്ല. കന്യകമാരെ ഇപ്പറഞ്ഞ പേരുകളിട്ടാണ് പൂജിക്കേണ്ടത്. 


ഓരോ പൂജകളുടെയും ഫലപ്രാപ്തി ഇനിപ്പറയാം. കുമാരീപൂജ കൊണ്ട് ദാരിദ്ര്യവും ശത്രുഭയവും ഇല്ലാതെയാവും. ത്രിമൂര്‍ത്തിപൂജയാല്‍ ആയുസ്സും ധനാഭിവൃദ്ധിയും, പുത്രലാഭം എന്നിവയാണ് ഫലം. വിദ്യാര്‍ത്ഥികള്‍ക്കും ജയകാംഷിയായ രാജാവിനും കല്യാണീപൂജയാണ് ഉത്തമം. ശത്രുനാശത്തിനു കാളികാ പൂജ. ചണ്ഡികാപൂജകൊണ്ട് ഐശ്വര്യം, ധനം എന്നിവയുണ്ടാവുന്നു. ശാംഭവിയെ പൂജിക്കുന്നതുകൊണ്ട് ദുഃഖദാരിദ്ര്യമോചനം ഫലം. പോരില്‍ ജയിക്കാനും വശ്യത്തിനായും ശാംഭവിയെ പൂജിക്കാം. ദുഷ്ട ശത്രു നിവാരണത്തിന് ദുര്‍ഗ്ഗാപൂജ. പരലോകസുഖപ്രാപ്തിക്കും ഉത്തമമാണിത്. സര്‍വ്വാഭീഷ്ടങ്ങള്‍ സാധിക്കാന്‍ സുഭദ്രയെ പൂജിക്കാം. രോഗശാന്തിക്കായി രോഹിണിയെയും പൂജിക്കാം. ‘ശ്രീരസ്തു’ മന്ത്രമോ, ശ്രീ ചേര്‍ത്ത മറ്റു മന്ത്രങ്ങളോ ജപിച്ച് ഇങ്ങിനെ സങ്കല്‍പ്പിക്കാം. “സ്കന്ദന്റെ തത്വങ്ങളെയും ബ്രഹ്മാദിദേവന്മാരെയും ആരാണോ വെറുമൊരു ലീലയായി സൃഷ്ടിക്കുന്നത്, ആ ദേവിയെ ഞാന്‍ ആരാധിക്കുന്നു. ത്രിമൂര്‍ത്തിയായ അമ്മ ത്രികാലയും ത്രിഗുണയുമാണ്. ആ ദേവിയെ ഞാന്‍ നമസ്കരിക്കുന്നു. സകലരുടെയും അഭീഷ്ടം നല്‍കുന്ന കല്യാണിയാണ് അമ്മ. അവളുടെ കാല്‍ക്കല്‍ ഞാന്‍ കുമ്പിടുന്നു. ജീവജാലങ്ങളില്‍ മുന്‍ജന്മ കര്‍മ്മഫലങ്ങള്‍ അങ്കുരിപ്പിച്ചു  വളര്‍ത്തുന്ന ‘രോഹിണി’ യെ ഞാന്‍ പൂജിക്കുന്നു. കല്‍പ്പാന്ത പ്രളയത്തില്‍ ചരാചരമാകെ കാലനം ചെയ്യുന്ന കാളിയെ ഞാനിതാ വണങ്ങുന്നു. ചണ്ഡമുണ്ഡന്മാരെ ഇല്ലാതാക്കിയ ചണ്ഡപാപനിവാരിണിയായ ചണ്ഡികയെ ഞാന്‍ പൂജിക്കട്ടെ. സുഖദാത്രിയായ ശാംഭവി സ്വയംഭുവയായ വേദസ്വരൂപിണിയാണ്. അകാരണജന്യയായ ദേവിയെ  ശാംഭവിയായി ഞാന്‍ വന്ദിക്കുന്നു. ഭക്തരക്ഷ ചെയ്യുന്ന ദുര്‍ഗ്ഗതി നാശിനിയായ, ദേവന്മാര്‍ക്ക് പോലും ദുര്‍ജ്ഞേയയായ ദുര്‍ഗ്ഗാദേവിയെ ഞാന്‍ നമസ്കരിക്കുന്നു. അഭദ്രമായ എല്ലാം നീക്കുന്ന ഭക്താഭയവരദയായ സുഭദ്രയെ ഞാനിതാ പൂജിക്കുന്നു.” ഇങ്ങിനെയുള്ള ഉചിത സങ്കല്‍പ്പങ്ങളാലും മന്ത്രങ്ങളാലും സാധകന്‍ നവ കന്യകമാരെ പൂജിക്കണം. സമുചിതസമ്മാനങ്ങളും, വസ്ത്രമാലാഗന്ധങ്ങളും നല്‍കി അവരെ പ്രീതിപ്പെടുത്തുകയും വേണം. .devibhagavathamnithyaparayanam

No comments: