Saturday, September 23, 2017

ധര്‍മ്മത്തിന്‍റെ മൂലം സത്യം തന്നെയാണ്. ദേഹമെടുത്തവര്‍ക്ക് സത്യപരിപാലനം ബുദ്ധിമുട്ടു നിറഞ്ഞതാണ്‌. ത്രിഗുണാത്മികയായ മായയുടെ ശക്തി അപാരമാണ്. മൂന്നുഗുണങ്ങളും കൂട്ടിച്ചേര്‍ത്താണ് വിശ്വത്തെ സൃഷ്ടിച്ചിരിക്കുന്നത്. അതാണെങ്കില്‍ മായയുമാണ്. ദേഹമെടുത്തവര്‍ മായയെ ആശ്രയിച്ചു കഴിയുമ്പോള്‍ സത്യപരിപാലനം ക്ലേശകരം തന്നെയാണ്. രാജസഗുണമാണ് മനുഷ്യരില്‍ മുന്തിനില്‍ക്കുന്നത്. എന്നാല്‍ വൈഖാനസന്മാരും ആത്മനിഷ്ടരുമായ മുനിമാരില്‍ നിസ്സംഗതയാണ് മുന്നിട്ടു നില്‍ക്കുന്നത്. മാലോകര്‍ക്ക് മാതൃകകളായി കാണിക്കാന്‍മാത്രമാണ് ഈ ഋഷിമാരെ സൃഷ്ടിച്ചിരിക്കുന്നത്. മറ്റുള്ളവരെല്ലാം ഗുണദോഷസമ്മിശ്രരാണ്. അതാണ്‌ അവരുടെ പ്രവര്‍ത്തനങ്ങളില്‍ പ്രമാണഭിന്നമായ കര്‍മ്മങ്ങള്‍ കാണപ്പെടുന്നത്. ധര്‍മ്മശാസ്ത്രങ്ങളിലും വേദങ്ങളില്‍പ്പോലും ഈ മിശ്രഗുണങ്ങള്‍ കാണപ്പെടുന്നു. കാരണം ഈ വേദങ്ങള്‍ എല്ലാം രചിച്ചത് സഗുണന്മാരാണല്ലോ. അവരുടെ രചനകള്‍ നിര്‍ഗുണമാവുകയില്ല. ഈ ഗുണങ്ങള്‍ക്കാണെങ്കില്‍ ഒറ്റയ്ക്ക് നിലനില്‍പ്പില്ല താനും. അവയ്ക്ക് മിശ്രിതമായേ നിലകൊള്ലാനാവൂ. അതിനാല്‍ നിര്‍വ്യാജവും സ്ഥിരവുമായ ധര്‍മ്മത്തില്‍ ആരുടെ ഉള്ളവും ഉറയ്ക്കുന്നില്ല. സംസാരികള്‍ മായയ്ക്ക് അടിപ്പെടുന്നു എന്ന് നിശ്ചയം. ഇന്ദ്രിയങ്ങള്‍ പിടിച്ചു വലിക്കുമ്പോള്‍ ആടിയുലയുന്നതാണവരുടെ മനസ്സ്. മനസ്സ് ത്രിഗുണങ്ങളുടെ പ്രേരണയാല്‍ ഭാവങ്ങള്‍ ഉള്‍ക്കൊണ്ട് ബ്രഹ്മാവുമുതല്‍ പുല്‍ക്കൊടിവരെയുള്ള സൃഷ്ടികള്‍ക്ക് കാരണമാവുന്നു. അങ്ങിനെ ചരാചരങ്ങളായ പ്രാണിവര്‍ഗ്ഗങ്ങള്‍ ഉണ്ടാവുന്നു. എല്ലാം മായയ്ക്കധീനം. മായ പ്രപഞ്ചത്തെ മോഹിപ്പിച്ചു ലീലയാടുകയാണ്. അങ്ങിനെയവള്‍ ജഗത്തിനെ ഭ്രമിപ്പിക്കുന്നു.devibhagavathamnithyaparayanam

No comments: