ഗൌഡപാദാചാര്യര്‍
ശങ്കരനു മുന്‍പുള്ള അദ്വൈതികളില്‍ അഗ്രഗണ്യനാണ് ഗൌഡപാദാചാര്യര്‍. അദ്വൈതവേദാന്തത്തെ ശാസ്ത്രീയ രീതിയില്‍ ആവിഷ്കരിച്ച ആദ്യത്തെ ആചാര്യന് അദ്ദേഹമാണ്. ശങ്കരാചാര്യരുടെ പരമഗുരു (ഗുരുവിന്റെ ഗുരു) എന്ന മഹനീയ പദവിയും അദ്ദേഹം അലങ്കരിച്ചതായി പറയപ്പെടുന്നു. ഗൌഡപാദര്‍ രചിച്ച മാണ്ഡൂക്യകാരിക മാണ്ഡൂക്യോപനിഷത്തിന്റെ പദ്യരൂപത്തിലുള്ള വെറും വ്യാഖ്യാനമല്ല, ഏറെക്കുറെ ഒരു സ്വതന്ത്ര കൃതിയാണ്; അദ്വൈതവേദാന്തത്തിന്റെ സാരാംശം മുഴുവന്‍ അത് ഉള്‍ക്കൊള്ളുന്നുണ്ട്. ശങ്കരാചാര്യര്‍ മാണ്ഡൂക്യോപനിഷത്തിനും മാണ്ഡൂക്യകാരികയ്ക്കും വ്യാഖ്യാനം എഴുതിയിട്ടുണ്ട്. മാണ്ഡൂക്യകാരികയില് നാല് അധ്യായങ്ങളും 215 ശ്ളോകങ്ങളുമുണ്ട്. ആദ്യത്തെ അധ്യായമായ ആഗമപ്രകരണത്തില് അവസ്ഥാത്രയമായ ജാഗ്രത്, സ്വപ്നം, സുഷുപ്തി എന്നിവയെ അപഗ്രഥനം ചെയ്യുന്നു. ജാഗ്രദാവസ്ഥയില്‍ ആത്മാവിനെ 'വിശ്വന്' എന്നും സ്വപ്നാവസ്ഥയില് 'തൈജസന്‍' എന്നും സുഷുപ്ത്യാവസ്ഥയില്‍ 'പ്രാജ്ഞന്‍' എന്നും വിളിക്കുന്നു. ഇവയിലെല്ലാം അന്തര്‍ലീനവും എന്നാല്‍ ഇവയ്ക്കെല്ലാം ഉപരിയായി തുരീയാവസ്ഥയില്‍ വര്‍ത്തിക്കുന്നതുമായ ഒന്നാണ് ആത്മാവ്. രണ്ടാമത്തെ അധ്യായമായ വൈതഥ്യപ്രകരണത്തില്‍ ജാഗ്രദാവസ്ഥയെ സ്വപ്നാവസ്ഥയ്ക്കു സമാനമായി കരുതി അപഗ്രഥനം ചെയ്ത് രണ്ടും ഒന്നുപോലെ മിഥ്യയാണെന്ന് (ഗൌഡപാദന്റെ ഭാഷയില്‍ വിതഥമാണെന്ന്) സമര്‍ഥിക്കുന്നു. സ്വപ്നാവസ്ഥയില് എന്നപോലെ ജാഗ്രദാവസ്ഥയിലും മിഥ്യാത്വത്തിനുള്ള ഉദാഹരണങ്ങള്‍ ധാരാളം കാണാം. മങ്ങിയ വെളിച്ചത്തില്‍ കയറിനെ പാമ്പായി തെറ്റിദ്ധരിക്കുന്നതുപോലെ, ആത്മാവിനെ ജീവനായി (മറ്റു പലതായും) തെറ്റിദ്ധരിക്കുന്നു. ഒരു ഗന്ധര്‍വനഗരം പോലെ പ്രപഞ്ചം കാണപ്പെടുന്നു. എന്നാല്‍, അത് യഥാര്‍ഥമല്ല താനും. യഥാര്‍ഥത്തില്‍ സൃഷ്ടിസംഹാരങ്ങളോ ബന്ധമോക്ഷങ്ങളോ മുമുക്ഷുവോ മുക്തനോ ഒന്നും തന്നെയില്ലെന്നും ഇവയ്ക്കെല്ലാം ദ്വൈതലോകത്തില്‍ മാത്രമേ പ്രസക്തിയുള്ളുവെന്നും അദ്വൈതസത്യത്തെ സാക്ഷാത്കരിച്ച ഒരാള്‍ക്ക് ഇവയെല്ലാം അയഥാര്‍ഥങ്ങളാണെന്നും ഗൌഡപാദര്‍ സമര്‍ഥിക്കുന്നു. മൂന്നാമത്തെ അധ്യായമായ അദ്വൈതപ്രകരണത്തില് അദ്വൈതമാണ് പരമാര്ഥസത്യമെന്ന് തെളിയിക്കുവാനുള്ള ന്യായങ്ങളെയും ശ്രുതിവാക്യങ്ങളെയും അണിനിരത്തുകയും ആ സത്യത്തിന്റെ സാക്ഷാത്കാരത്തിന് അസ്പര്ശയോഗത്തെ ശുപാര്‍ശ ചെയ്യുകയും ചെയ്യുന്നു. നാലാമത്തെ അധ്യായമായ അലാതശാന്തിപ്രകരണത്തില്‍ മുന്‍ അധ്യായങ്ങളില്‍ കൊടുത്തിട്ടുള്ള ചില യുക്തികളെ വീണ്ടും കൊണ്ടു വരികയും ദ്വന്ദ്വാത്മകവിമര്ശനത്തിലൂടെ 'കാരണത' എന്ന സങ്കല്പത്തെ തന്നെ ചോദ്യം ചെയ്യുകയും ചെയ്യുന്നു. ഒരു തീക്കൊള്ളിയെ അതിവേഗം ചുഴറ്റുമ്പോള്‍ അത് ചിലപ്പോള്‍ വൃത്താകാരമായും ചിലപ്പോള്‍ നേര്‍വരയായും ചിലപ്പോള്‍ വക്രരേഖയായും അനുഭവപ്പെടുന്നതുപോലെ ഏകവും അദ്വിതീയവുമായ ആത്മാവ് അവിദ്യയുടെ വിക്ഷേപശക്തികൊണ്ട് ചലിക്കുന്നതായും വിവിധ രൂപങ്ങളോട് കൂടിയതായും കാണപ്പെടുന്നു. നോ: അലാതചക്രം
ഗൌഡപാദരില് ബൌദ്ധരുടെ സിദ്ധാന്തങ്ങളും യുക്തികളും കൂടുതല്‍ സ്വാധീനം ചെലുത്തിയിട്ടുണ്ട്. തന്നിമിത്തം ഒരു നിഷേധാത്മകപ്രവണത അദ്ദേഹത്തില്‍ പ്രകടമായി കാണാം. ശങ്കരാചാര്യര്‍ ഭൌതികവും മാനസികവുമായ ലോകത്തെ വ്യത്യസ്തമായി കണക്കാക്കുമ്പോള്‍ ഗൌഡപാദര്‍ യോഗാചാര-ആശയവാദികള്‍ പ്രയോഗിച്ച അതേ യുക്തികള്‍ തന്നെ ഉപയോഗപ്പെടുത്തി ബാഹ്യവസ്തുക്കളെ വെറും ആശയങ്ങളായി കരുതി അവ അയഥാര്ഥങ്ങളാണെന്നു സമര്‍ഥിക്കുന്നു. കൂടാതെ, മായ എന്ന പദത്തിനു ഗൌഡപാദര്‍ (1) ആത്മാവും പ്രപഞ്ചവും തമ്മിലുള്ള ബന്ധത്തിന്റെ അനിര്വചനീയത്വം, (2) ഈശ്വരന്റെ പ്രകൃതി അഥവാ ശക്തി, (3) പ്രപഞ്ചത്തിന്റെ പ്രാതിഭാസികവും സ്വപ്ന സദൃശവുമായ സ്വഭാവം എന്നിങ്ങനെ മൂന്നു വ്യത്യസ്താര്‍ഥങ്ങള്‍ കല്പിച്ചിട്ടുണ്ട്. ഇവയില്‍ ആദ്യത്തെ അര്‍ഥത്തിലാണ് ശങ്കരാചാര്യര്‍ മായയെ എടുത്തത്. മൂന്നാമത്തെ അര്‍ഥത്തില്‍ മായയെ സങ്കല്പിക്കുന്നതില് അദ്ദേഹം തികച്ചും ഉദാസീനനായിരുന്നു.
No comments:
Post a Comment