Friday, September 22, 2017

ശങ്കരാചാര്യര്‍ക്കു മുന്‍പുള്ള വേദാന്തികള്‍

ശങ്കരാചാര്യര്‍ക്കു മുമ്പ് ജീവിച്ചിരുന്ന വേദാന്തികളില്‍ ഭര്‍ത്തൃപ്രപഞ്ചന്‍, ദ്രാവിഡാചാര്യന്‍, ഭര്‍ത്തൃഹരി, ബ്രഹ്മദത്തന്‍, സുന്ദരപാണ്ഡ്യന്‍, കാശകൃത്സ്‍നന്‍, ഗൌഡപാദര്‍ എന്നിവര്‍ ഉള്‍പ്പെടുന്നു. ഇവരില്‍ ഭര്‍ത്തൃപ്രപഞ്ചന്‍ ഭേദാഭേദവാദത്തെയാണ് അദ്വൈതവേദാന്തത്തെയല്ല സ്വീകരിച്ചത്. ദ്രാവിഡാചാര്യര്‍ ഒരു പക്ഷേ ഒരു അദ്വൈതവാദിയായിരുന്നിരിക്കണം. എന്നാല്‍ ഏതു തരത്തിലുള്ള അദ്വൈതമാണ് അദ്ദേഹം ആവിഷ്കരിച്ചത് എന്നു പറയുക പ്രയാസമാണ്. അദ്ദേഹത്തിന്റേതായ ഉദ്ധരണികള്‍ അദ്വൈതഗ്രന്ഥങ്ങളിലും വിശിഷ്ടാദ്വൈതഗ്രന്ഥങ്ങളിലും ഒരുപോലെ കാണാം. ഭര്‍ത്തൃഹരിയും ബ്രഹ്മദത്തനും അദ്വൈതമതക്കാരായിരുന്നു. എന്നാല്‍ അവരിരുവരുടെയും സിദ്ധാന്തങ്ങള്‍ക്ക്, ശങ്കരാചാര്യരുടെ ഒരു സമകാലികനും ബ്രഹ്മസിദ്ധിയുടെ കര്‍ത്താവുമായ മണ്ഡനമിശ്രന്റെ അദ്വൈതത്തോടാണ് കൂടുതല്‍ അടുപ്പമുണ്ടായിരുന്നത്. ഭര്‍ത്തൃഹരി വൈയാകരണനും കൂടി ആയിരുന്നു. വാക്യപദീയം എന്ന വ്യാകരണഗ്രന്ഥത്തില്‍നിന്ന് അദ്ദേഹം ഒരു ശബ്ദാദ്വൈതവാദിയാണെന്ന് തെളിയുന്നു. സുന്ദരപാണ്ഡ്യനും കാശകൃത്സ്നനും ശങ്കരാചാര്യര്‍ സുപ്രസിദ്ധമാക്കിത്തീര്‍ത്ത അതേ അദ്വൈതമതത്തില്‍പ്പെട്ട ആചാര്യന്‍മാരായിരുന്നിരിക്കാനാണ് വഴി.

No comments: