Saturday, September 02, 2017

പഴയകാലത്ത് നമ്മുടെ ഈ ഭാരതഭൂമിയില്‍ രാജാക്കന്മാര്‍ പ്രജകളെ സ്വന്തം മക്കളെയെന്നപ്പോലെ സ്‌നേഹത്തോടെയാണ് ഭരിച്ചിരുന്നത്. ഭരണകാര്യവും വൈദികയജ്ഞങ്ങളും ആധ്യാത്മിക കാര്യങ്ങളും ചെയ്യുമ്പോള്‍ പുരോഹിതന്മാരുടെ അനുവാദം വാങ്ങിയിരുന്നു. തങ്ങളുടെ കര്‍മ്മങ്ങള്‍ ശാസ്ത്രങ്ങള്‍ക്ക് വിരുദ്ധമല്ല എന്ന് ഉറപ്പുവരുത്താനാണ് അങ്ങനെ ചെയ്തിരുന്നത്. ആചാര്യന്മാര്‍ അക്കാലത്ത് ഒരുപാട് ഉണ്ടായിരുന്നു. അവരിലെല്ലാംവച്ച് മുഖ്യന്‍ ഇന്ദ്രന്റെ പുരോഹിതനായ ബൃഹസ്പതിയാണ്. ആ ബൃഹസ്പതി എന്റെ വിശേഷവിഭൂതിയാണ്.
ജ്യോതിശാസ്ത്രപ്രകാരം എല്ലാ ഗ്രഹങ്ങളുടെയും അധിപതിയാണല്ലോ വ്യാഴം. ആ വ്യാഴഗ്രഹത്തില്‍ ദേവഗുരു- ബൃഹസ്പതി അധിഷ്ഠാനം ചെയ്യുന്നു. ഉച്ചക്ഷേത്രത്തിലോ സ്വക്ഷേത്രങ്ങളിലോ ആയി, ഇഷ്ടഭാവങ്ങളിലായി നില്‍ക്കുന്ന വ്യാഴം-ഗുരു- മറ്റു ഗ്രഹങ്ങള്‍ നല്‍കുന്ന ദുഷ്ഫലങ്ങള്‍ നശിപ്പിച്ച് സത്ഫലം നല്‍കുകയും ചെയ്യുന്നു.
പാര്‍ഥ, ബൃഹസ്പതിംമാം സിദ്ധി-
അര്‍ജുനാ, ബൃഹസ്പതി ഞാന്‍ തന്നെയാണെന്ന് നീ അറിയണം എന്ന് ഭഗവാന്‍ പറയാന്‍ കാരണം ഇതാണെന്ന് ആചാര്യന്മാര്‍ പറയുന്നു.
”വ്യാഴം തെളിഞ്ഞാല്‍ സകലം തെളിഞ്ഞു
എന്ന് ഒട്ടൂര്‍ ഉണ്ണിനമ്പൂതിരിപ്പാടും നമ്മോടു പറയുന്നു.
സേനാനീനാം സ്‌കന്ദഃ അഹം (14)
ഏത് രാജ്യത്തിനും ശത്രുക്കളുടെ ആക്രമണത്തില്‍ നിന്ന് രക്ഷനേടാന്‍ യുദ്ധം ചെയ്യേണ്ടിവരും. ഇല്ലെങ്കില്‍ രാജ്യം നിലനില്‍ക്കുകയില്ല. അങ്ങനെ എത്രയോ രാജ്യങ്ങള്‍ ഈ ഭൂലോകത്തില്‍ നശിച്ചുപോയിട്ടുണ്ട്. അതിനു കാരണം സൈന്യത്തെ നയിക്കാന്‍ തന്ത്രവും കെല്‍പും ഇല്ലാത്ത സേനാനികളാണ്. ദേവലോകങ്ങളിലും ധാരാളം യുദ്ധം നടന്നതായി വേദങ്ങളും പുരാണങ്ങളും വ്യക്തമാക്കുന്നു. ചിലപ്പോള്‍ ദേവന്മാര്‍ തോല്‍ക്കുന്നു, ചിലപ്പോള്‍ അസുരന്മാര്‍ തോല്‍ക്കുന്നു. സൈന്യാധിപന്മാരുടെ കഴിവുകേടാണ് തോല്‍ക്കാന്‍ കാരണം.
ജയിക്കുന്ന സേനാനായകന്മാരില്‍ ഭഗവാന്റെ ചൈതന്യം കുടികൊള്ളുന്നു. ജയിച്ച ചരിത്രം മാത്രമുള്ള ദേവസേനാനായകനാണ് ശിവന്റെയും പാര്‍വ്വതിയുടെയും പുത്രനായ സ്‌കന്ദന്‍- സുബ്രഹ്മണ്യന്‍. ആ ദേവന്‍ ശ്രീകൃഷ്ണഭഗവാന്റെ വിഭൂതിയാണ്.


ജന്മഭൂമി: http://www.janmabhumidaily.com/news698705#ixzz4rZYKxuM0

No comments: