Saturday, September 02, 2017

ഋഗ്വേദത്തിലെ ഗായത്രീ മന്ത്രജപത്തോടെയാണ് ബ്രാഹ്മണര്‍ക്ക് ദ്വിജത്വം ലഭിക്കുന്നത് എന്നാണ് വിശ്വാസം. ഹിന്ദുക്കള്‍ സന്ധ്യാ സമയത്ത് ഗായത്രീ മന്ത്രം ജപിക്കുന്നത് ഉത്തമമെന്ന് കരുതുന്നു.
‘ഓം ഭുര്‍ ഭുവ: സ്വ:
തത് സവിതുര്‍ വരേണ്യം
ഭര്‍ഗോ ദേവസ്യ ധീമഹി
ധീയോ യോ ന: പ്രചോദയാത്’. ഇതാണ് ഗായത്രീ മന്ത്രം. പ്രണവ മന്ത്രമായ ഓങ്കാരം കൊണ്ട് നമസ്‌കരിച്ച്, ഭൂമി, പിതൃലോകം, സ്വര്‍ഗ്ഗം എന്നിവയെ പ്രകാശിപ്പിക്കുന്ന സൂര്യ തേജസ്സിനെ ഞാന്‍ ധ്യാനിക്കുന്നു. ആ തേജസ്സ് ഞങ്ങളുടെ ബുദ്ധിയെയും പ്രകാശിപ്പിക്കട്ടെ എന്നാണ് ഗായത്രീ മന്ത്രം അര്‍ത്ഥമാക്കുന്നത്.
പകല്‍ സമയത്ത് ഉണ്ടായിപ്പോയ ദോഷങ്ങള്‍ അകറ്റാന്‍ സന്ധ്യാ സമയത്തും തമസ്സിലാണ്ട മനസ്സിനെ പ്രകാശത്തിലേക്ക് നയിക്കാന്‍ പ്രഭാതത്തിലും ഗായത്രീ മന്ത്രം ജപിക്കുന്നു. നൂറ്റിയെട്ട് തവണ വരെ ഗായത്രീ മന്ത്രം ഉരുക്കഴിക്കാവുന്നതാണ്. കുറഞ്ഞത്, പത്തു തവണയെങ്കിലും ഉരുക്കഴിക്കണം.
ഈ മന്ത്രത്തിലെ ഭൂ: ശബ്ദം ഭൂമിയെ പ്രതിനിധാനം ചെയ്യുന്നു. ഭൂമി ഇഹലോക സുഖത്തെയും ഭുവര്‍ ലോകം പരലോക സുഖത്തെയും സ്വര്‍ഗ്ഗ ശബ്ദം മോക്ഷ സുഖത്തെയും ദ്യോതിപ്പിക്കുന്നു. ഇഹലോക സുഖവും പരലോക സുഖവും മോക്ഷവും നല്‍കുന്ന സൂര്യതേജസ്സ് പരമാത്മാവ് തന്നെയാണെന്നും ആ പരമാത്മാവിനെ ധ്യാനിച്ചാല്‍ ഈ സുഖങ്ങളെല്ലം ലഭിക്കുമെന്നും ഗായത്രീ മന്ത്രത്തിന് ആന്തരീകാര്‍ത്ഥവും നല്‍കാം.
സ്ത്രീകള്‍ക്കും ഗായത്രീ മന്ത്രജപം നടത്താമെന്നാണ് പണ്ഡിതമതം. പ്രഭാത സന്ധ്യയിലും പ്രദോഷ സന്ധ്യയിലും ഗായത്രീ മന്ത്ര ജപം നടത്താം. എന്നാല്‍ രാത്രികാലങ്ങളില്‍ പാടില്ല. നിത്യവും ഗായത്രീ മന്ത്രജപം നടത്തുന്നവര്‍ക്ക് ഗ്രഹദോഷങ്ങളില്‍ നിന്ന് മുക്തി ലഭിക്കുമെന്നാണ് വിശ്വാസം.


ജന്മഭൂമി: http://www.janmabhumidaily.com/news698696#ixzz4rZY9spmy

No comments: