Wednesday, September 20, 2017

ഗൃഹ്യസൂത്രങ്ങളും ആചാരങ്ങളും

പ്രിന്റ്‌ എഡിഷന്‍  ·  September 21, 2017
ചിന്താധാര
വേദ-വേദാംഗങ്ങള്‍ പഠിച്ചതിനുശേഷം ബ്രഹ്മചര്യാശ്രമത്തില്‍ നിന്നും ഗൃഹസ്ഥാശ്രമത്തിലേക്ക് പ്രവേശിക്കുന്ന വ്യക്തി അവശ്യം അറിഞ്ഞിരിക്കേണ്ട എല്ലാ ആചാരങ്ങളും ഗൃഹ്യസൂത്രഭാഗത്തില്‍പ്പെടുന്ന അനവധി ഗ്രന്ഥങ്ങളില്‍ വിവരിക്കുന്നു. മാതാവ്-പിതാവ്-പത്‌നി-ഭര്‍ത്താവ്-പുത്രന്‍-ഗൃഹം-സമൂഹം ഇവയുമായി ബന്ധപ്പെട്ട സമഗ്ര ആചാരാങ്ങളുമനുഷ്ഠാനങ്ങളും പ്രതിപാദിക്കുന്നത് ഈ ഗ്രന്ഥങ്ങളിലാണ്.
ആശ്വലായനം, സാംഖ്യായനം, കൗഷീതകം ഇവ മൂന്നും ഋഗ്വേദീയ ശാഖക്കാരായ കുടുംബാംഗങ്ങള്‍ അനുഷ്ഠിക്കേണ്ട ആചാരങ്ങള്‍ വിവരിക്കുന്നു. ബൗധായനം, മാനവം, ആപസ്തംബം, കാഠകം. അഗ്നിവേശ്യം, ഹിരണ്യകേശി, വാരാഹം, വൈഖാനസം എന്നിവ യജുര്‍വേദീയ ശാഖക്കാരായ കുടുംബങ്ങള്‍ അനുഷ്ഠിക്കേണ്ട ആചാരങ്ങള്‍ വിവരിക്കുന്നു. (ഓരോ പദത്തിനോടും ഗൃഹ്യസൂത്രം എന്നുകൂടി ചേര്‍ത്തുവായിക്കേണ്ടതാണ്. അതായത് ഹിരണ്യകേശി എന്നാല്‍ ഹിരണ്യകേശി ഗൃഹ്യസൂത്രം എന്നര്‍ത്ഥം).
യജുര്‍വേദത്തിലെ ഉപശാഖകളാണ് മേല്‍ വിവരിക്കുന്ന ഗ്രന്ഥങ്ങളോരോന്നും. ഗോഭിലം, ഖാദിരം, കൗഥുമീയം, ദ്രാഹ്യായണം, ജൈമിനീയം എന്നിവ സാമവേദശാഖക്കാരുടേയും, കൗശിക ഗൃഹ്യസൂത്രം അഥര്‍വ വേദിയ ശാഖക്കാരായ ഗൃഹസ്ഥര്‍ അനുശാസിക്കേണ്ടതുമായ ആചാരണവിവരണങ്ങളാണ് നല്‍കുന്നത്. മേല്‍വിവരിച്ച ചില ഗൃഹ്യസൂത്രങ്ങള്‍ സമ്പൂര്‍ണ കല്‍പശാസ്ത്രത്തിന്റെ ഭാഗമായി വരുന്നതല്ല. സ്വതന്ത്രമായി അതത് വൈദിക ശാഖക്കാരായ ഋഷിവര്യന്മാര്‍ എഴുതി സമൂഹത്തിന് സമര്‍പ്പിച്ചതാണീ ഗൃഹ്യസൂത്രങ്ങള്‍. ആപസ്തംബ-മാനവ-ഭരദ്വാജ-ബൗദ്ധായന-കാത്യായനാദി ഗൃഹ്യസൂത്രങ്ങള്‍ സമ്പൂര്‍ണ കല്‍പസൂത്രത്തിന്റെ ഭാഗങ്ങളാണെന്ന് പ്രത്യേകം ഓര്‍ക്കുക.
ഗൃഹ്യസൂത്രഗ്രന്ഥങ്ങളില്‍ വിവരിക്കുന്ന പ്രധാന ആചാരങ്ങള്‍ (അവ അനുഷ്ഠിക്കേണ്ട രീതിയും) യഥാക്രമം ഇപ്രകാരമാണ്. സകുടുംബം അനുഷ്ഠിക്കേണ്ട ഹോമവിധികള്‍, വിവാഹചടങ്ങുകള്‍, കുഞ്ഞിന്റെ ജനനം മുതല്‍ക്കുള്ള ഷോഡശ കര്‍മ്മങ്ങള്‍, ദാനങ്ങള്‍, വ്രതം, ഗൃഹനിര്‍മ്മാണ ചടങ്ങുകള്‍, തര്‍പ്പണങ്ങള്‍, ഓരോ കര്‍മ്മത്തിലും അതി നിഷ്‌കര്‍ഷമായ ശ്രദ്ധ ഉണ്ടായിരിക്കേണ്ടതിന്റെ ആവശ്യവും അതിന്റെ മഹത്വവും, കുളം-കിണര്‍-ഉദ്യാനം എന്നിവയുടെ നിര്‍മാണവുമായി ബന്ധപ്പെട്ട ചടങ്ങുകള്‍. ശകുനവും ഗുണദോഷ ഫലങ്ങളും, അപശകുനം വരുമ്പോള്‍ നടത്തേണ്ട പ്രായശ്ചിത്തങ്ങള്‍, ഗൃഹാലങ്കാരം, ഗൃഹപ്രവേശനം, സര്‍പ്പബലി, വാസ്തുബലി, അതിഥി പൂജ, സന്ധ്യോപാസന, ബ്രഹ്മചര്യവ്രതാനുഷ്ഠാനം വേദപഠനനിയമം, വിദ്യാര്‍ത്ഥി ലക്ഷണം, വധുവിന്റെ വരഗൃഹപ്രവേശനം, ധനലാഭത്തിനായുള്ള യജ്ഞം, പഞ്ചമഹായജ്ഞം, പുതിയ വാഹനത്തിലെ ആരോഹണം, ശൗച-സ്‌നാന-ശുദ്ധീകരണ-ഭോജന-ശയന-വിധികള്‍, ഗൃഹസ്ഥന്റെ വാനപ്രസ്ഥവിധി, ഗൃഹസ്ഥന് അവശ്യം ഉണ്ടായിരിക്കേണ്ട ആചാരാനുഷ്ഠാനഗുണങ്ങള്‍, രോഗചികിത്സകളുമായി ബന്ധപ്പെട്ട ചടങ്ങുകള്‍ എന്നിവയാണ് പൊതുവേയുള്ള ഗൃഹ്യസൂത്രത്തിലെ അതിപ്രധാനങ്ങളായ ആചാരധര്‍മ്മങ്ങള്‍.
കൂടാതെ ഗൃഹസ്ഥന്‍ പ്രതിദിനം, പ്രതിമാസം അല്ലെങ്കില്‍ വിശേഷദിനങ്ങളില്‍ നടത്തേണ്ട ചെറിയ യജ്ഞകര്‍മ്മങ്ങളും ഗൃഹ്യസൂത്രത്തിലെ വിവരണ വിഷയങ്ങളാകാറുണ്ട്. അച്ഛനമ്മമാരുടേയും ബന്ധുമിത്രാദികളുടേയും മരണചടങ്ങുകളില്‍ ഒരു ഗൃഹസ്ഥന്റെ പ്രത്യേക ആചാരങ്ങളും, പിതൃശ്രാദ്ധം തുടങ്ങിയ കര്‍മ്മങ്ങളും ഈ ഗ്രന്ഥങ്ങളുടെ വിവരണവിഷയങ്ങളുടെ ഭാഗമായിവരുന്നു.
ചുരുക്കത്തില്‍ ഇന്ന് ഗൃഹസ്ഥരായ നാം ആചരിക്കുന്നവയില്‍ ഏതാണ്ട് എല്ലാ ചടങ്ങുകള്‍ക്കും ആധാരഗ്രന്ഥമായിരിക്കുന്നത് ഗൃഹ്യസൂത്രഗ്രന്ഥങ്ങളാണ്. ഗൃഹ്യ-ശ്രൗത-പിതൃമേധം തുടങ്ങിയ ഗ്രന്ഥങ്ങളില്‍ ഓരോ കര്‍മ്മവും മൂന്നോ-നാലോ പദങ്ങളുള്ള ഒന്നോ രണ്ടോ വരിയിലാണ് വിവരിക്കുന്നത്. ഇപ്രകാരമുള്ള വരികളെയാണ് സൂത്രങ്ങളെന്ന് പറയുന്നത്. ഓരോ ഗ്രന്ഥവും ഈ സൂത്രങ്ങളുടെ സമാഹാരമാണ്. സാധാരണക്കാരന് ഈ സൂത്രഗ്രന്ഥത്തില്‍ നിന്നും ആചാരങ്ങള്‍ മനസ്സിലാക്കുവാന്‍ എളുപ്പം സാധ്യമല്ല.
സൂത്രഗ്രന്ഥങ്ങള്‍ക്കെല്ലാം വ്യാഖ്യാനങ്ങളുണ്ട്. ഈ വ്യാഖ്യാനങ്ങളിലൂടെയാണ് ചടങ്ങുകള്‍ അഥവാ ആചാരരീതികള്‍ മനസ്സിലാക്കി അനുശാസിക്കേണ്ടത്. വ്യാഖ്യാനങ്ങള്‍ ഓരോ ലഘു കര്‍മ്മംപോലും വ്യക്തമായി വിവരിക്കുന്നതിനാലാണ് സഹസ്രാബ്ദങ്ങളായി ചടങ്ങുകള്‍ വ്യത്യാസം വരാതെ നാം അനുഷ്ഠിച്ചുപോരുന്നത്.


ജന്മഭൂമി: http://www.janmabhumidaily.com/news708062#ixzz4tGBJbI4c

No comments: