Tuesday, November 28, 2017

ഗായത്രീ മാഹാത്മ്യം -3
********************************
ഗായത്രീസാരം
*****************
ഗായത്രീ മന്ത്രത്തെ എട്ടെട്ട് അക്ഷരങ്ങൾ വീതമുള്ള മൂന്ന് ഖണ്ഡങ്ങളായി തിരിച്ചിരിക്കുന്നു. ആദ്യത്തെ പദത്തിന് "ഭൂഃ" എന്ന വ്യഹൃതിയും, രണ്ടാമത്തെ പദത്തിന് "ഭുവഃ" എന്ന വ്യാഹ്രതിയും, മൂന്നാമത്തെ പദത്തിന് "സുവഃ" എന്ന വ്യാഹൃതിയും ആയി ക്ലിപ്ത പെടുത്തിരിക്കുന്നു.
എല്ലാ വസ്തുക്കളുടെയും സൃഷ്ടിസ്ഥിതിസംഹാരകാരണമായി വിളങ്ങുന്ന പരംപൊരുളിനെ (പരംബ്രഹ്മത്തെ) ധ്യനാതീതമെങ്കിലും ആദിത്യ മണ്ഡലത്തിൽ ചൈതന്യസ്വരൂപമായി പരബ്രഹ്മ(ബൃഹച്ചൈതന്യം)ത്തിന്റെ സദാനന്ദസത്തയെ ആദിത്യമണ്ഡലത്തിൽ ധ്യാനിക്കാൻ ഏറ്റവും യോഗ്യമാണ്. സർവ്വജീവരാശികൾക്കും ഉല്പത്തികാരണമാകയാൽ എല്ലാവരാലും സ്വീകാര്യനും ഭജിക്ക പെടേണ്ടവനും ഉപാസിക്കപ്പെടേണ്ടവനും പ്രാർത്ഥിക്കപ്പെടേണ്ടവനും ആണ് ആദിത്യൻ. ആദിത്യ മണ്ഡലസ്ഥിതമായ ഈ ചൈതന്യഭണ്ഡാരം എല്ലാവരുടെയും പാപങ്ങളെ (അജ്ഞാനത്തെ) നശിപ്പിക്കുന്നതിനാൽ ഭർഗ്ഗനെന്ന് അറിയപ്പെടുന്നു. ഭക്തരിൽ ഭർഗ്ഗൻ അത്യന്തം ദയാലുവാണ്. പ്രഭൂതമായ തേജസ്സിനാൽ വെട്ടിതിളങ്ങുന്ന ഈ ഭർഗ്ഗചൈതന്യത്തെ കുറിച്ച് ചിന്തിക്കുകയും ധ്യാനിക്കുകയും ചെയ്യേണ്ടതാണ്. വേദങ്ങൾ തുടങ്ങിയ എല്ലാവിധ ജ്ഞാനശാഖകൾ കൊണ്ടും ഋഷീശ്വരന്മാരുടെ ദിവ്യദൃഷ്ടികളാലും (നിഗമാദ്യേന ദിവേന, വിദ്യാരൂപേണ ചക്ഷുഷാ) മാത്രം അറിയാൻ കഴിയുന്ന ഹിരണ്മയനായ(നിത്യശുദ്ധചൈതന്യനും) ദേവൻ ആദിത്യമണ്ഡലത്തിൽ ചിരസ്ഥായിയായി നിലകൊള്ളുന്നു. ഏറ്റക്കുറച്ചിലില്ലാത്ത ചൈതന്യമാണ് ദേവന്റെ യഥാർത്ഥസത്ത. സൂര്യമണ്ഡലമദ്ധ്യവർത്തിയായ ഈ അനശ്വരചൈതന്യവും, തന്റെ സൂക്ഷ്മസത്തയായ ജീവചൈതന്യവും ഒന്നാണെന്ന് ചിന്തിച്ചുറപ്പിക്കണം (സോഹം).
"യഃ സൂക്ഷ്മ്ഃ സോഹമിത്യേവം ചിന്തയാമ സദൈവ തൂ
ഭർഗ്ഗഃ ഭജതാം പാപനാശസ്യ ഹേതുഭൂത ഇഹോച്യതേ".
ഭജിക്കുന്നവരുടെ പാപത്തെ (അജ്ഞാനത്തെ) ഇല്ലാതാക്കുന്നവൻ.
'ധിയഃ' = ബുദ്ധി എന്നർത്ഥം. മനോബുദ്ധിരഹംകാരച്ചിത്തങ്ങൾ (അന്തഃകരണങ്ങൾ എന്നർത്ഥം).
'നഃ' = അസ്മാകം, ഞങ്ങളുടെ.
വരേണ്യം = പ്രാർത്ഥനയാം.
പ്രചോദയാൽ = പ്രാർത്ഥനകൊണ്ട് പ്രസാദിക്കുന്നവൻ, പ്രചോദിപ്പിക്കുന്നവൻ.
ഇപ്രകാരം സർവ്വഭൂതങ്ങളുടെ ഏകദൈവവും സവിതാവും ( സർവ്വഭവാൻ പ്രസൂയതേ = എല്ലാഭവങ്ങളെയും സൃഷ്ടിക്കുന്നവൻ ) വിഭുവും ആരാദ്ധ്യനും ഭജിക്കുന്നവരുടെ അജ്ഞാനഭണ്ഡാകാരത്തെ നിർമ്മൂലം ചെയ്യുന്നവനും ചൈതന്യസ്വരൂപനുമായ അങ്ങയെ ധ്യാനിഉക്കുകവഴി ഞങ്ങളുടെ ബാഹ്യാഭ്യന്തരങ്ങളായ കാരണങ്ങളെല്ലാം വഴിപോലെ പ്രചോദിപ്പിക്കട്ടെ.
‘ബൃഹത്ത്വാൽ ബ്രഹ്മ ഉച്യതേ' അതിബൃഹത്തായതിനാൽ ബ്രഹ്മമെന്നറിയപെടുന്നു. ബ്രഹ്മം ഞാനെന്ന ("അഹം ബ്രഹ്മാസ്മി ഇതി വിജ്ഞാനാൽ അജ്ഞാനവിലയോ ഭവേത് " = അഹം ബ്രഹ്മാസ്മി എന്ന ബോധമുദിക്കുന്നതോടുകൂടി സമസ്ത അജ്ഞനങ്ങളും വിലയം പ്രാപിക്കും .(നശിക്കും). ---- ശക്താനന്ദതരംഗിണി) കാഴ്ചയോടും ഭാവത്തോടും കൂടി ജപിക്കൂ . ശ്രീ ശങ്കരചര്യരുടെ അദ്വൈതദർശനത്തിന്റെ സാരാംശം തന്നെ 'ജീവോ ബ്രഹ്മൈവ നാപരഃ' (ജീവചൈതന്യം ബ്രഹ്മചൈതന്യം തന്നെയല്ലാതെ മറ്റൊന്നല്ല.)എന്നതാണ്.
ആദിത്യനഭിമുഖനായി ആത്മാവും ദൃഷ്ടിയും ആദിത്യനിൽ നിക്ഷിപ്തമാക്കി (പ്രഞ്ചവിജ്ഞാനം സൂര്യേ സംയമനാത് - പതഞ്ജലി ) ആദിത്യമണ്ഡലമദ്ധ്യവർത്തിയായ പരമാത്മാജ്യോതിസ്സും എല്ലാ ജീവജാലങ്ങളുടെയും ഹൃദായാന്തർഭാഗത്ത് ജ്വലിക്കുന്ന ജീവജ്യോതിസ്സും ഒന്നാണെന്ന ഭാവേന വേദസാരമായ ഗായത്രീ മന്ത്രം ജപിക്കൂ... (ആദിത്യചൈതന്യവും, ജീവചൈതന്യവും തമ്മിൽ അളവിൽ മാത്രമേ വ്യത്യാസമുള്ളൂ എന്ന് ധരിക്കണം)...rajeev kunnekkat

No comments: