Friday, November 24, 2017

ആരാണ് ബ്രാഹ്മണൻ ….?
ഒരുപാടു പേരു ചോദിച്ച ചോദ്യങ്ങളിലൊന്നാണ് ബ്രാഹ്മണശബ്ദത്തിന്റെ അര്ഥം എന്താണെന്നും ശ്രുതിയിലെ ഇതിന്റെ ശരിക്കുള്ള നിർവചനം എന്താണെന്നും. അതുകൊണ്ട് ഉപനിഷത് പ്രമാണമായ ബ്രാഹ്മണശബ്ദനിർവചനം ഇവിടെ എഴുതുകയാണ്.
ജാതിയാണോ ബ്രാഹ്മണൻ എന്ന് ചോദിച്ചാൽ ജാതിയായിരിക്കുന്ന ബ്രാഹ്മണൻ സാധ്യമല്ല, കാരണം ഭിന്നജാതിയിൽപ്പെട്ട ജീവിയിൽ നിന്നും അനേക മഹര്ഷിമാർ ജനിച്ചിട്ടുണ്ടെന്ന് പറയപ്പെടുന്നു. മാൻപേടയിൽ നിന്ന് ഋഷ്യശൃംഗനും, കുശയിൽ നിന്ന് കൌശികനും, ജംബൂകനിൽ നിന്ന് ജാംബൂകനും, വൽമീകത്തിൽ നിന്ന് വാത്മീകിയും, മുക്കുവകുമാരിയിൽ നിന്ന് വ്യാസനും, ശശപൃഷ്ഠത്തിൽ നിന്ന് ഗൌതമനും, ഉർവശിയിൽ നിന്ന് വസിഷ്ഠനും, കുടത്തിൽ നിന്ന് അഗസ്ത്യനും ജനിച്ചു എന്ന് പറയപ്പെടുന്നു. ഈ മഹര്ഷിമാരെല്ലാവരും ജാതികൂടാതെ തന്നെ മുന്പിനാൽ തന്നെ ജ്ഞാനികളായിരുന്നു. അതുകൊണ്ട് ജാതിയാണ് ബ്രാഹ്മണനെന്ന് പറയാൻ നിവൃത്തിയില്ല.
ദേഹമാണോ ബ്രാഹ്മണൻ എന്ന ചോദ്യം ഉദിക്കാവുന്നതാണ്, അതു സാധ്യമല്ല. ചണ്ഡാളൻ മുതൽ സകല മനുഷ്യരുടേയും ശരീരം ഒന്നുപോലെ തന്നെ പഞ്ചഭൂതാത്മകമാണ്. അവരിൽ വാര്ദ്ധക്യം മരണം ധര്മം അധര്മം എന്നിവയെല്ലാം ഒന്നുപോലെയാകുന്നു. ബ്രാഹ്മണൻ വെളുത്ത നിറമുള്ളവനും ക്ഷത്രിയൻ ചുവന്ന നിറമുള്ളവനും, വൈശ്യൻ മഞ്ഞ നിറമുള്ളവനും ശൂദ്രൻ കറുത്ത നിറമുള്ളവനെന്നും ആയിരക്കണമെന്ന് യാതൊരു നീയമവുമില്ല. മാത്രമല്ല, പിതാവിന്റേയും സഹോദരന്റേയും ശരീരദാഹക്രിയകൾ ചെയ്യുന്നതുകൊണ്ട് പുത്രാദികള്ക്ക് ബ്രഹ്മഹത്യാദി ദോഷങ്ങൾ സംഭവിക്കുന്നില്ല. അതുകൊണ്ട് ദേഹവും ബ്രാഹ്മണനാണെന്ന് പറയുവാൻ സാധ്യമല്ല.
പിന്നെയാരാണ് ബ്രാഹ്മണൻ ?
അദ്വിതീയമായും ജാതിഗുണക്രിയാ രഹിതമായും ഷഡൂര്മ്മിഷഡ്ഭാവാദി സർവദോഷരഹിതമായും (മനോവൃത്തികൾ) സത്യജ്ഞാനാനന്ദസ്വരൂപമായും സ്വയം വികല്പഹീനനായും സകല കല്പങ്ങള്ക്കും ആധാരഭൂതമായും സകല ഭൂതങ്ങളിലും അന്തര്യാമിയായും ആകാശമെന്നോണം ഉള്ളിലും പുറത്തും വ്യാപിച്ചിരിക്കുന്നതായും അഖണ്ഡാനന്ദസ്വരൂപമായും അപ്രമേയമായും അനുഭവൈകവേദ്യമായും പ്രത്യക്ഷത്വേന ശോഭിക്കുന്നതായും ഉള്ള ആത്മാവിനെ കൈത്തലത്തിലിരിക്കുന്ന നെല്ലിക്കപോലെ സാക്ഷാത്ക്കരിച്ച് കൃതാര്ഥനായും കാമരാഗാദി ദോഷരഹിതനായും ശമദമാദി സമ്പന്നനായും മാത്സര്യം, തൃഷ്ണ, ആശ ഇവ വെടിഞ്ഞവനായും ദംഭം, അഹങ്കാരം ഇവ കൈവിട്ടവനായും യാതൊരാൾ കഴിയുന്നുവോ അവൻ തന്നെയാണ് ബ്രാഹ്മണൻ. ഒന്നു കൂടി വിശധീകരിച്ചാൽ ആത്മാവു തന്നെയാണ് സച്ചിദാനന്ദസ്വരൂപമെന്നും അദ്വിതീയമെന്നും ധരിക്കണം എന്നര്ഥം.
ബ്രഹ്മാവു മുതൽ പുൽകൊടിയിൽ വരെ ഏകാത്മഭാവം ദര്ശിക്കുന്നവരാണ് ബ്രാഹ്മണർ എന്ന് ബൃഹദാരണ്യകം പറയുന്നു. സത്യാദിലക്ഷഷണമായ ബ്രഹ്മത്തിൽ നിന്നും അകലാത്തവനും സ്വാഭാവിക ചിത്സദാനന്ദ അദ്വിതീയ ബ്രഹ്മാത്മനാ സ്ഥിതി ചെയ്യുന്നവനാണ് ബ്രാഹ്മണന്‍, അവനാണ് ഉത്തമ ബ്രാഹ്മണന്‍ എന്നറിയുക. അല്ലാതെ സത്യത്തിൽ നിന്നും പ്രച്യുതനും അകൃതാര്‍ത്ഥനുമായി കര്‍മ്മം അനുഷ്ഠിക്കുന്നവൻ അല്ല. ബ്രഹ്മവിത്തു മാത്രമാണ് ബ്രാഹ്മണൻ എന്ന് ശ്രുതിയും കാണിച്ചു തരുന്നു. “ മൌനവും അമൌനവും അറിയുന്നവനാണ് ബ്രാഹ്മണന്‍. വിപാപനും വിരജനും അവിചികത്സനും ബ്രാഹ്മണനാകുന്നു എന്ന് ആചാര്യസ്വാമികൾ സനത്സുജാതീയഭാഷ്യത്തിൽ പറയുന്നു. ഇപ്രകാരം ബ്രാഹ്മണൻ എന്ന പദം ബ്രഹ്മവാചകസ്വരൂപം തന്നെയാണ് എന്ന് ശ്രുതി തന്നെ പ്രമാണം.

No comments: