Wednesday, November 22, 2017

ശ്രീഗണേശന് ആഹാരം വിളമ്പിക്കൊണ്ടിരുന്നപ്പോഴും ധനേശന്‍ അഹങ്കാരത്തോടെ വീരവാദങ്ങള്‍ മുഴക്കിക്കൊണ്ടിരുന്നു.
ഇത് സ്വര്‍ഗലോകത്തില്‍ മാത്രം ലഭിക്കുന്ന വിഭവങ്ങളാണ്. അവിടെ അഗ്നിദേവന്റെ നേതൃത്വത്തില്‍ പാചകം ചെയ്യുന്ന വിഭവങ്ങളാണ്.
കലിംഗരാജ്യത്ത് കിട്ടുന്ന ആഹാരങ്ങള്‍ അത്. അതിനങ്ങേപ്പുറത്തേത് വംഗനാട്ടിലാണ്. പിന്നെ അംഗരാജ്യത്തിലെ ഗാന്ധാരത്തിലും ഗാന്ധര്‍വത്തിലും പാഞ്ചാല ദേശത്തും ദ്രാവിഡ ദേശത്തും കിട്ടുന്നവയൊക്കെയുണ്ട്. ഓരോന്നിനെക്കുറിച്ചും ധനേശന്‍ വിവരിച്ചുകൊണ്ടിരുന്നു.
ഈ ഓരോ ദേശത്തേക്കും പ്രത്യേകം ആളെ അയച്ച് ഞാന്‍ വരുത്തിയതാണിതൊക്കെ. ഞാന്‍ വിചാരിച്ചാല്‍ ഏതു ദേശത്തില്‍നിന്നുള്ള ഏതു വിഭവങ്ങളും ഇവിടെയെത്തും. ഗണേശാ, അങ്ങ് കഴിച്ചു തുടങ്ങിക്കോളൂ. അപ്പോഴേക്കും മറ്റു വിഭവങ്ങളും മുന്നിലെത്തും. മുപ്പത്തിമുക്കോടി ദേവകളും വന്നാലും അവരുടെയൊക്കെ കുംഭ നിറക്കാന്‍ പാകത്തിനുള്ളവ തയ്യാറാക്കിവക്കാന്‍ എനിക്ക് സാധിച്ചു. ഗണേശന്‍ തന്നെ വിചാരിച്ചാല്‍ ഇത്രയും ഭക്ഷണങ്ങള്‍ കാണാനോ ആസ്വദിക്കാനോ എത്രകാലമെടുത്താലും സാധ്യമാകില്ലെന്നറിയാം. ഞാനായതുകൊണ്ട് ഇത്രയും സംഘടിപ്പിക്കാന്‍ തന്നെ സാധ്യമായത്.
ഗണേശാ, അങ്ങ് കഴിച്ചു തുടങ്ങിക്കോളൂ. ഇന്നേവരെ കണ്ടിട്ടും കേട്ടിട്ടുമില്ലാത്തത്ര ആഹാരങ്ങളല്ലേ. ഇന്ന് അങ്ങയുടെ വയറുനിറച്ചാഹാരം തന്നിട്ടു തന്നെ കാര്യം. ഈ ഉണ്ണിക്കുടവയറും നിറച്ച് ഏമ്പക്കം വിട്ടുകൊണ്ടല്ലാതെ ഇവിടെ നിന്നെഴുന്നേല്‍ക്കാന്‍ ഞാന്‍ സമ്മതിക്കില്ല. എന്റെ അനുവാദമില്ലാതെ ഒരു ഇലപോലും ഇവിടെ അനങ്ങുകില്ല. അങ്ങ് കഴിക്കൂ.
ശ്രീഗണേശന്‍ തന്റെ തുമ്പിക്കൈകൊണ്ട് മൊത്തത്തിലൊന്ന് പരതി മണത്തുനോക്കി. വിളമ്പിയ വിഭവങ്ങളെല്ലാം കാലി.
വൈശ്രവണാ, അങ്ങിവിടെ വിളമ്പിച്ച ആഹാരങ്ങള്‍ എനിക്ക് ഒന്നു മണക്കാന്‍ പോലുംതികഞ്ഞില്ല. ബാക്കി ആഹാരങ്ങളെല്ലാം വിളമ്പാന്‍ പറയൂ.
ശരി. ഗണേശ. ഇനിയും ഭക്ഷണംകൊണ്ടുവരാന്‍ ഏര്‍പ്പാടാക്കുകയാണ്. അളകാപുരിയില്‍ ഒന്നിനും ഒരു കുറവുമുണ്ടാകില്ല.
ആരവിടെ, ഇനിയും ആഹാരം കൊണ്ടുവന്നു വിളമ്പൂ-വൈശ്രവണന്‍ കല്‍പ്പിച്ചു.
കുറേ യക്ഷിമാരും യക്ഷന്മാരും അനേകം പാത്രങ്ങളിലായി കുറേ ആഹാരംകൂടി കൊണ്ടുവന്നു വിളമ്പി. അനേകതരത്തിലുള്ള ഒരായിരം വിഭവങ്ങള്‍. ഓരോന്നും ഒന്നിനൊന്നു മെച്ചം. അവയുടെ സുഗന്ധം അന്തരീക്ഷത്തില്‍ ആകെ പരന്നു.
ആഹാരം വിളമ്പുന്നതുമാത്രമേ കണ്ടുള്ളൂ. എന്നാല്‍ വിളമ്പിയ ആഹാരം ഇലയില്‍ വീഴും മുമ്പുതന്നെ അപ്രത്യക്ഷമായി.
ധനേശ, എവിടെ എനിക്കുള്ള ആഹാരം എനിക്ക് വയറുനിറച്ച് ആഹാരം തരാമെന്ന് പറഞ്ഞല്ലേ വിളിച്ചോണ്ടുവന്നത്. ഗണേശന്‍ ചോദിച്ചു.

ജന്മഭൂമി: http://www.janmabhumidaily.com/news741722#ixzz4zD0VJfSj

No comments: