Friday, November 24, 2017

നമുക്കുള്ളതെല്ലാം ഉള്ളപ്പോള്‍ തന്നെ മനസ്സുകൊണ്ട് ഉപേക്ഷിക്കുന്നതാണ് നല്ലത്. ചിന്തിച്ചു നോക്കു ഒരേ കാര്യം തന്നെ നമുക്ക് പല തവണ നഷ്ടപ്പെടുമോ? ജീവിതം മുഴുവന്‍ പരിശോധിച്ചാലും അതു തന്നെയാണ് കാണുന്നത്. നേടുന്നു നഷ്ടപ്പെടുന്നു വീണ്ടും നേടുന്നു നഷ്ടപ്പെടുന്നു. നേടുന്നതും നഷ്ടപ്പെടുന്നതും എന്തുതന്നെയായാലും ഫലം ഒന്നുതന്നെയാണ്- സുഖവും ദുഃഖവും. ഇതെങ്ങനെ സംഭവിക്കുന്നു? ഒരു കാര്യം രണ്ടോ മൂന്നോ തവണ നഷ്ടപ്പെടാം. എപ്പോഴും അതു തന്നെ സംഭവിച്ചാല്‍ മനസ്സുകൊണ്ട് ആ വിഷയത്തെ ഉപേക്ഷിക്കേണ്ടതാണ്. തിരികെ വരുന്ന ബന്ധങ്ങളിലും സുഖങ്ങളിലും ഇനിയൊരിക്കലും ബന്ധിതരാകാതിരിക്കണം. നമ്മുടെ കൈയിലുള്ളപ്പോഴെ നമുക്ക് ഒരു സുഖത്തെ ഉപേക്ഷിക്കാന്‍ സാധിക്കു. എന്നാലേ നമുക്ക് നമ്മുടെ സ്വാതന്ത്ര്യത്തെ കുറിച്ച് ആത്മവിശ്വാസം ഉള്ളവരായിരിക്കാന്‍ സാധിക്കു. ഉദാഹരണത്തിന് യൗവ്വനത്തിന്‍റെ സുഖങ്ങളെ ഒന്നാകെ പരിഗണിക്കാം. എല്ലാ സുഖങ്ങളുടേയും അസ്ഥിരത പല നഷ്ടങ്ങളിലൂടെ ബോധിക്കുമ്പോള്‍ ഓരോ സുഖത്തെയും യൗവ്വനത്തില്‍ തന്നെ മനസ്സാല്‍ ഉപേക്ഷിക്കണം. അല്ല എങ്കില്‍ വാര്‍ദ്ധക്യത്തില്‍ എല്ലാം സ്വാഭാവികമായി നമ്മെ വിട്ടകലും. അപ്പോള്‍ നമ്മെ നിരാശയും അടങ്ങാത്ത മോഹങ്ങളും നഷ്ടബോധങ്ങളും വല്ലാതെ ദുഃഖിപ്പിക്കും. വാര്‍ദ്ധക്യത്തില്‍ നമുക്ക് ഒന്നും ഉപേക്ഷിക്കാന്‍ സാധിക്കില്ല. എല്ലാം നമ്മുടെ അനുവാദം കൂടാതെ നമ്മില്‍ നിന്നും നഷ്ടപ്പെടുകയാണല്ലോ! നോക്കു ഇതാണ് മനുഷ്യന്‍റെ അവസ്ഥ. എന്നാല്‍ യൗവ്വനത്തില്‍തന്നെ കൈയിലുള്ള സുഖങ്ങളെ കൈയില്‍ വച്ചുകൊണ്ടുതന്നെ ഉപേക്ഷിക്കുന്നവര്‍ക്ക് ആത്മവിശ്വാസത്തോടെ മുന്നോട്ടു പോകാം. അവരാണ് ധീരര്‍. നഷ്ടപ്പെടുന്നതല്ല ത്യാഗം, കൈയിലിരിക്കെ മനസ്സാല്‍ ഉപേക്ഷിക്കുന്നതാണ് ത്യാഗം.
ഭൗതികസുഖങ്ങളില്‍ സുഖികളായി കഴിയുന്ന നിത്യ ബന്ധിതരായ മനുഷ്യര്‍ ഒരു തെറ്റിദ്ധാരണ വച്ചു പുലര്‍ത്താറുണ്ട്. സുഖങ്ങളെ ത്യജിക്കുന്നതെന്തിനാണ് ജീവിതസുഖങ്ങളെ ഇങ്ങനെതന്നെ അനുഭവിച്ചു പോയാല്‍ പോരെ, ഇതെല്ലാം വാസനാപ്രേരിതമല്ലേ, പ്രകൃതിയുടെ ഒഴുക്കിനങ്ങു സുഖമായി ജീവിച്ചാല്‍ പോരെ. മനസ്സ് താനേ തന്നെ വിഷയങ്ങളിലുള്ള വാസനയെ ഉപേക്ഷിക്കുമല്ലോ എന്ന്. ഈ ആശയം സൈദ്ധാന്തികമായി നോക്കുമ്പോഴും അനുഭവം കൊണ്ടു പരിശോധിക്കുമ്പോഴും ശരിയല്ല എന്ന് ഒരാള്‍ക്ക് മനസ്സിലാക്കാന്‍ സാധിക്കും. മനസ്സിലുള്ള വാസനയുടെ പ്രേരണയാല്‍ ഒരു സുഖത്തില്‍ നാം ആസക്തരായി തീരുന്നു എന്നു വിചാരിക്കുക. ആയത് എത്രആവര്‍ത്തി നാം ശീലിക്കുന്നുവോ അത്രയും തീവ്രമായി പ്രസ്തുത വിഷയത്തിലുള്ള വാസന വര്‍ദ്ധിക്കുകയല്ലേ ഉള്ളു. മോചനം ലഭിക്കുന്നതെങ്ങനെ! വാസന അടങ്ങിയില്ല എങ്കില്‍ മനുഷ്യന് ജീവിതത്തില്‍ സ്വാതന്ത്ര്യമെന്താണ്?
വിവേകവിചാരംകൊണ്ട് സത്യം തിരിച്ചറിയേണ്ടതുണ്ട്. യോഗസൂത്രത്തില്‍ പറയുന്നത് നാം എപ്പോഴും ദുഃഖത്തെയും സുഖത്തെയും പിന്തുടര്‍ന്നുകൊണ്ടിരിക്കുന്നു എന്നാണ്. അങ്ങനെ സുഖത്തില്‍ നിന്നും രാഗവും ദുഃഖത്തില്‍ നിന്ന് ദ്വേഷവും നമ്മെ തപിപ്പിക്കുന്നു.
'സുഖാനുശയീ രാഗഃ'
'ദുഃഖാനുശയീ ദ്വേഷഃ'
ഒരേ കാര്യം തന്നെ ആവര്‍ത്തിച്ചാവര്‍ത്തിച്ചു സംഭവിക്കുമ്പോള്‍ യുക്തികൊണ്ട് അതിനെ തരണം ചെയ്യാനുള്ള ഉപായത്തെ കണ്ടെത്തേണ്ടതാണ്. അതിനാല്‍ ശാസ്ത്രബോധം ഇല്ലാതെ ആരെങ്കിലും ജീവിതസുഖങ്ങളില്‍ ബന്ധിതരായി ഇങ്ങനെയങ്ങ് സുഖിയായി ജീവിച്ചാല്‍ മതി, ഇവിടെ ഈ ബന്ധനത്തില്‍ നിന്നും നിവൃത്തിമാര്‍ഗ്ഗം തേടേണ്ടതില്ല എന്നു പറഞ്ഞാല്‍ അതിലെ അജ്ഞതയും യുക്തിഹീനതയും
അശാസ്ത്രീയതയും നാം മനസ്സിലാക്കണം.
krishnakumar

No comments: